ഏകമാനവികതയും സ്‌നേഹവും ഉദ്‌ഘോഷിച്ച് ലോകകപ്പ് ഉദഘാടന വേദി

ദോഹ- ഏകമാനവികതയും മാനവ സ്‌നേഹവും ഉദ്‌ഘോഷിച്ച് ഫിഫ 2022 ലോകകപ്പ് ഉദ്ഘാടന വേദി. രാജ്യങ്ങളേയും സമൂഹങ്ങളേയും ഏകോപിപ്പിക്കുന്നതില്‍ ഫുട്‌ബോളിന്റെ പങ്ക് അടയാളപ്പെടുത്തിയ ചടങ്ങ് വംശീയതയും വിഭാഗീതയും ഒഴിവാക്കാനും മാനവിക ഐക്യത്തിനായി ഒരുമിക്കാനും ആഹ്വാനം ചെയ്താണ് ശ്രദ്ധേയമായത്.
ഖത്തറിലെ അല്‍ഭുത ബാലനായ ഗാനിം അല്‍ മുഫ്താഹ് ഏകമാനവികതയും സാഹോദര്വും ഉദ്‌ഘോഷിക്കുന്ന ഖുര്‍ആനിലെ വചനങ്ങള്‍ ഓര്‍മപ്പെടുത്തിയപ്പോള്‍ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലെ നിറഞ്ഞ സദസ്സും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചടങ്ങ് വീക്ഷിക്കുന്ന കോടിക്കണക്കിനാളുകളും ഒരു നിമിഷമെങ്കിലും ഈ മഹത്തായ ആശയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിച്ചു. പ്രമുഖ അമേരിക്കന്‍ നടനും ഡയറക്ടറും നറേറ്ററുമായ മോര്‍ഗാന്‍ ഫ്രീമാനും ഗാനിം അല്‍ മുഫ്തയും തമ്മിലുള്ള സംഭാഷണം മാനവികതയുടെ ശക്തമായ അടയാളപ്പെടുത്തലായി

ഫിഫ 2022 ഭാഗ്യ ചിഹ്നമായ ലഈബ് സ്വാഗതമോതിയോതെയാണ് പരിപാടികള്‍ തുടങ്ങിയത്. അറേബ്യന്‍ പാരമ്പര്യവും സാംസ്‌കാരിക ജീവിതവും കോര്‍ത്തിണക്കിയ ചലചിത്രം കണക്കെ സീനുകള്‍ മിന്നിമറഞ്ഞപ്പോള്‍ മുത്തുപെറുക്കിയും വഞ്ചികളിലൂടെ വ്യാപാരം നടത്തിയും ജീവിച്ച പരമ്പരാഗത അറേബ്യന്‍ ജീവിതം പുനര്‍ജനിക്കുകയായിരുന്നു.

അറേബ്യന്‍ കൂടാരത്തിന്റെ മാതൃകയില്‍ സൃഷ്ടിച്ച അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിന്റെ പശ്ചാത്തലത്തില്‍ അറദ ഡാന്‍സും മരുഭൂമിയിലെ ജീവിത കാഴ്ചകളുമൊക്കെ ഹൃദ്യമായ അനുഭവമായി. തുറന്ന മനസ്സോടെ ലോകത്തെ മുഴുവന്‍ സ്വാഗതം ചെയ്ത് ഖത്തര്‍ അമീര്‍ നടത്തിയ ഹ്രസേവവും ഉജ്വലവുമായ ഉദ്ഘാടന ഭാഷണവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

 

Latest News