രാഷ്ട്രീയം കളയിലേക്ക്,ഡച്ച് വെല്ലുവിളിക്കുന്നു, ഫിഫ ഇടപെടുമോ?

സെനഗാല്‍-നെതര്‍ലാന്റ്‌സ്
തിങ്കളാഴ്ച വൈകു: 7.00


ദോഹ - തിങ്കളാഴ്ചയിലെ സെനഗാല്‍-നെതര്‍ലാന്റ്‌സ് മത്സരം ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരെ നിര്‍ണയിക്കുന്ന മത്സരമാവും എന്നായിരുന്നു കരുതപ്പെട്ടത്. എന്നാല്‍ ക്യാപ്റ്റന്‍ സാദിയൊ മാനെ പരിക്കു കാരണം പിന്മാറിയത് സെനഗാലിനെ എങ്ങനെ ബാധിക്കുമെന്ന് പറയാനാവില്ല. റഷ്യയിലെ കഴിഞ്ഞ ലോകകപ്പില്‍ യോഗ്യത നേടാനാവാത്ത ടീമെന്ന നിലയില്‍ ഇത്തവണ കിരീടപ്രതീക്ഷയില്‍ അധികം പറഞ്ഞുകേട്ടില്ലാത്ത പേരാണ് നെതര്‍ലാന്റ്‌സ്. എന്നാല്‍ യൂറോപ്പിലെ മുന്‍നിരക്കാരില്‍ ഡച്ച് ടീമുണ്ട്. ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീം തന്നെയാണ് നെതര്‍ലാന്റ്‌സെന്നും ധൈര്യത്തോടെ തന്നെയാണ് അതു പറയുന്നതെന്നും കോച്ച് ലൂയിസ് വാന്‍ഹാല്‍ പറഞ്ഞു. 
ലൈംഗികന്യൂനപക്ഷത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന വണ്‍ ലവ് മാരിവില്‍ ആംബാന്റ് ധരിക്കുമെന്ന് ഡച്ച് നായകന്‍ വിര്‍ജില്‍ വാന്‍ഡെക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയം കളിയിലേക്ക് കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഫിഫക്ക്. ഫിഫ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. ഇംഗ്ലണ്ട്, വെയ്ല്‍സ് ക്യാപ്റ്റന്മാരും ഇതേ തീരുമാനമാണ് എടുത്തിരിക്കുന്നത്. 
1974, 1978, 2010 ലോകകപ്പുകളില്‍ നെതര്‍ലാന്റ്‌സ് ഫൈനല്‍ കളിച്ചിരുന്നു. വാന്‍ഹാലിന്റെ തന്നെ കീഴില്‍ 2014 ലെ ലോകകപ്പില്‍ സെമിയിലെത്തി. സെനഗാലിനെതിരായ മത്സരം ഇത്തവണ ഓറഞ്ച് പട എത്ര ദൂരം പോവുമെന്നതിന്റെ സൂചനയായിരിക്കും. കഴിഞ്ഞ 15 കളികളില്‍ അവര്‍ അജയ്യരാണ്. സ്‌ട്രൈക്കര്‍ മെംഫിസ് ഡിപായ് പരിക്കില്‍ നിന്ന് മുക്തനായത് അവര്‍ക്ക് ആശ്വാസം പകരും. 
മാനെക്കു പകരം ഇരുപതുകാരന്‍ ഡിഫന്റര്‍ മൂസ എന്‍ദിയായെയാണ് സെനഗാല്‍ ടീമിലുള്‍പെടുത്തിയത്. മാനെക്കു പകരം പ്ലേയിംഗ് ഇലവനിലെത്തുക മിക്കവാറും ഇരുപത്തിമൂന്നുകാരന്‍ ക്രെപിന്‍ ദിയാറ്റയായിരിക്കും.

Latest News