ദോഹ - ബ്രസീലോ അര്‍ജന്റീനയോ ഫ്രാന്‍സോ? ആര് ജയിച്ചാലും പി.എസ്.ജിക്ക് ആഘോഷം. അര്‍ജന്റീനയെ നയിക്കുന്നത് ലിയണല്‍ മെസ്സിയാണ്, ബ്രസീലിന്റെ ആക്രമണം നയിക്കുന്നത് നെയ്മാറും. ഫ്രാന്‍സിന്റെ പ്രതീക്ഷകള്‍ കീലിയന്‍ എംബാപ്പെയുടെ ചുമലിലാണ്. ഇവര്‍ മൂവരുമാണ് പി.എസ്.ജിയുടെ അച്ചുതണ്ട്. 2017 ല്‍ ലോക റെക്കോര്‍ഡ് തുകക്കാണ് നെയ്മാറും എംബാപ്പെയും പി.എസ്.ജിയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം മെസ്സി അവര്‍ക്കൊപ്പം ചേര്‍ന്നു.
മുപ്പത്തഞ്ചുകാരനായ മെസ്സിക്ക് ഇനിയൊരു ലോകകപ്പ് ഉണ്ടാവില്ല. മുപ്പതുകാരനായ നെയ്മാര്‍ക്ക് ഇത് അവസാനത്തേതാവണമെന്നില്ല. താരം അങ്ങനെ സൂചന നല്‍കിയിട്ടുണ്ടെങ്കിലും. ഇരുവരും ഈ സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ്. എംബാപ്പെ പത്തൊമ്പതാം വയസ്സില്‍ ലോകകപ്പ നേടിക്കഴിഞ്ഞു. ഇനിയുമൊരുപാട് ലോകകപ്പുകള്‍ കളിക്കാനായേക്കും. 2018 ലെ ലോകകപ്പ് കിരീടത്തിലേക്കുള്ള വഴിയില്‍ മെസ്സിയുടെ അര്‍ജന്റീനയെ ഫ്രാന്‍സ് വകവരുത്തിയിരുന്നു. ഇത്തവണയും ഫ്രാന്‍സ്-അര്‍ജന്റീന പ്രി ക്വാര്‍ട്ടറിനും അര്‍ജന്റീന-ബ്രസീല്‍ സെമി ഫൈനലിനും സാധ്യതയുണ്ട്. ലോകകപ്പ് അധികം തങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെങ്കിലും ചിലപ്പോള്‍ തമാശ പറയാറുണ്ടെന്ന് നെയ്മാര്‍ വെളിപ്പെടുത്തി.






