Sorry, you need to enable JavaScript to visit this website.

വേണം കളിക്കളത്തിൽ  വർണ്ണനീതിക്കൊപ്പം ലിംഗനീതിയും

കോഴിക്കോട് സൗത്ത് ബീച്ചിൽ കണ്ണംപറമ്പ് ഖബർസ്ഥാൻ മതിലിനടുത്ത് ഉയർത്തിയ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട്. 
കോഴിക്കോട് മിഠായി തെരുവിലെ ലോകകപ്പ് ആവേശം
കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച നെയ്മർ, മെസ്സി,  ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ കട്ടൗട്ടുകൾ. 

കളിയിൽ രാഷ്ട്രീയമില്ലെന്ന് നാമൊക്കെ പറയുമെങ്കിലും, ആഗ്രഹിക്കുമെങ്കിലും ചരിത്രം അതിനെ സാധൂകരിക്കുന്നില്ല. ഫുട്ബോളിലും അതിരൂക്ഷമായ വർണ്ണസമരം നടന്നിട്ടുണ്ട്. ആ പോരാട്ടത്തിൽ കറുത്തവന്റെ എത്രയോ കണ്ണീർ കളിക്കളത്തിൽ വീണിരിക്കുന്നു. ആഫ്രിക്കയിൽ കുടിയേറി പ്രകൃതി വിഭവങ്ങൾ കൊള്ളയടിച്ച യൂറോപ്പ് പകരം അവർക്കു നൽകിയ ഏക അനുഗ്രഹം ഫുട്ബോൾ ആയിരുന്നു. എന്നാൽ ആഫ്രിക്കയും കറുത്തവർ മുഴുവനും ഫുട്ബോളിൽ കണ്ടത് അവരുടെ അതിജീവനത്തിന്റേയും തൃഷ്ണകളുടേയും ലോകമായിരുന്നു. 


നാലുവർഷത്തെ കാത്തിരിപ്പിനുശേഷം ലോകം ഒരു പന്തിലേക്ക് കേന്ദ്രീകരിക്കുകയാണ്. ചരിത്രത്തിലാദ്യമായി ഒരു അറബ് രാഷ്ട്രത്തിൽ ലോകകപ്പ് ഫുട്‌ബോൾ അരങ്ങേറുന്നു. ലോകകപ്പിനെ ഒരു ചരിത്രസംഭവമാക്കാൻ അരയും തലയും മുറുക്കി ഖത്തർ ഒന്നടങ്കം രംഗത്തുണ്ട്. അതേസമയം അവസാന നിമിഷത്തിലും മേളയുമായി ബന്ധപ്പെട്ട് ന്യായവും അന്യായവുമായ നിരവധി വിവാദങ്ങളും ഉയരുന്നുണ്ട്. 2010ൽ ഖത്തറിന് വേദി അനുവദിച്ചതുമുതൽ ആരംഭിച്ച വിവാദങ്ങളുടെ തുടർച്ചയാണിത്.
ഗൾഫിലും ഇന്ത്യയടക്കമുള്ള സൗത്ത് ഏഷ്യൻ രാഷ്ട്രങ്ങളിലും ഫുട്‌ബോളോ ഫുട്‌ബോൾ പ്രേമികളോ ഇല്ലെന്നും ആരാധകരേയും കാണികളേയും പണം കൊടുത്ത് ഇറക്കുകയാണെന്നുമുള്ള ആരോപണമാണ് അവസാനനിമിഷങ്ങളിൽ ഉയരുന്നത്. ഇതിനു പുറകിൽ ചില യൂറോപ്യൻ രാഷ്ട്രങ്ങൾ തന്നെ. ഖത്തറടക്കമുള്ള അറബ് രാഷ്ട്രങ്ങളിൽ ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളിൽനിന്ന് എത്രയോ ലക്ഷങ്ങളാണ് ജീവിക്കുന്നതെന്നും അവരിൽ വലിയൊരു വിഭാഗം ഫുട്‌ബോൾ പ്രേമികളാണെന്നും അറിയാത്തവരാണോ അവർ? ലോകനിലവാരത്തിൽ തന്നെ ഫുട്‌ബോൾ പ്രേമികളുള്ള പ്രദേശമാണ് കേരളമെന്നും യൂറോപ്പിന് അറിയാത്തതാണോ? തീർച്ചയായും ലോകോത്തര ടീമുകൾ ഈ മേഖലയിൽ ഇല്ലായിരിക്കാം. അതിന് സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ടല്ലോ. എന്നാലത് അവരുടെ ഫുട്‌ബോൾ പ്രണയത്തെ ബാധിക്കുന്നില്ല. പ്രത്യേകിച്ച് ലോകം ഒരു വിരൽത്തുമ്പിലൊതുങ്ങുന്ന ആധുനികകാലത്ത്. അതിനാൽ തന്നെ ഈ ആരോപണങ്ങൾ മുഖവിലക്കെടുക്കേണ്ടതില്ല. സ്‌റ്റേഡിയങ്ങളും മറ്റു സൗകര്യങ്ങളുമൊരുക്കുന്ന തൊഴിലാളികൾ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു.
അതേസമയം ഉയർന്നുവന്നിരിക്കുന്ന മറ്റൊരു വിവാദം തള്ളിക്കളയാവുന്നതല്ല. അതാകട്ടെ യൂറോപ്പും അറബ് രാഷ്ട്രങ്ങളുമായുള്ള രാഷ്ട്രീയ - സാംസ്‌കാരിക വൈരുദ്ധ്യങ്ങളിൽ നിന്നു ഉടലെടുത്തതാണ്. അതിലേറ്റവും പ്രധാനം ലിംഗനീതിയുമായി ബന്ധപ്പെട്ടതാണ്. സ്ത്രീകളെന്നോ പുരുഷനെന്നോ മറ്റേതു ജെൻഡറെന്നോ വ്യത്യാസമില്ലാതെ, പരിപൂർണ്ണമായ തുല്യതയും അവകാശങ്ങളുമുള്ള ലോകമാണ് നമുക്കാവശ്യം. കറുത്തവരെന്നോ വെളുത്തവരെന്നോ യൂറോപ്യരെന്നോ ആഫ്രിക്കരെന്നോ വ്യത്യാസമില്ലാതെ കളിക്കളത്തിലെ തുല്ല്യതക്കായി നടന്ന പല മുന്നേറ്റങ്ങൾക്കും ഫുട്‌ബോൾ സാക്ഷിയാണല്ലോ. അതിന്റെ തുടർച്ച തന്നെയാണ് ലിംഗനീതിക്കായുള്ള നിലപാടും പോരാട്ടവും. അക്കാര്യത്തിൽ തങ്ങളുടേതായ കാരണങ്ങളാൽ അറബ് രാഷ്ട്രങ്ങൾ പുറകിലാണെന്ന യാഥാർത്ഥ്യത്തിനു നേരെ കണ്ണടക്കാനാവില്ല. ഇക്കാര്യത്തിൽ ഇവിടെ വരുന്നവർ തങ്ങളുടെ നിയമങ്ങൾ അനുസരിക്കണമെന്നാണ് ഖത്തർ പറയുന്നത്. തീർച്ചയായും അവർക്കത് പറയാം. എന്നാൽ അതിൽ പ്രതിഷേധം രേഖപ്പെടുത്താനുള്ള അവകാശം ആർക്കുമുണ്ട്. വർണ്ണവിവേചനവുമായി ബന്ധപ്പെട്ട് അത്തരം പ്രതിഷേധങ്ങൾ ഫുട്‌ബോൾ കളിക്കളങ്ങൾ ഏറെ കണ്ടതാണല്ലോ. അതുപോലെ തന്നെയാണ് ഇതും. അതിനാൽ തന്നെ ലിംഗനീതിക്കായി മഴവിൽ നിറമുള്ള ആം ബാൻഡുകൾ കെട്ടി കളിക്കുമെന്ന ചില ടീമുകളുടെ പ്രഖ്യാപനം തള്ളിക്കളയാവുന്നതല്ല. അത് അനിവാര്യമാണ്. അപ്പോഴും അവരുടെ ഫുട്‌ബോളിലും ഇപ്പോഴും ലിംഗനീതിയുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. ഉണ്ടായിരുന്നെങ്കിൽ ആണും പെണ്ണും മറ്റു ലിംഗ - ലൈംഗിക വിഭാഗങ്ങളും ഒന്നിച്ചു കളിക്കുന്ന ലോകകപ്പ് ഉണ്ടാകുമല്ലോ? അല്ലെങ്കിൽ പുരുഷലോകകപ്പിനൊപ്പം പ്രാധാന്യമുള്ള വനിതാ ലോകകപ്പെങ്കിലും ഉണ്ടാകുമായിരുന്നല്ലോ.
ഇത്തരമൊരു വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഫുട്‌ബോളിലെ വർണ്ണവിവേചന ചരിത്രം ഓർക്കുന്നത് നന്നായിരിക്കും. ലാറ്റിനമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലുമെല്ലാം ഫുട്ബോൾ വളർന്നത് വ്യത്യസ്ത ശൈലിയിലായിരുന്നല്ലോ. കളിയിൽ രാഷ്ട്രീയമില്ലെന്ന് നാമൊക്കെ പറയുമെങ്കിലും, ആഗ്രഹിക്കുമെങ്കിലും ചരിത്രം അതിനെ സാധൂകരിക്കുന്നില്ല. ഫുട്ബോളിലും അതിരൂക്ഷമായ വർണ്ണസമരം നടന്നിട്ടുണ്ട്. ആ പോരാട്ടത്തിൽ കറുത്തവന്റെ എത്രയോ കണ്ണീർ കളിക്കളത്തിൽ വീണിരിക്കുന്നു. ആഫ്രിക്കയിൽ കുടിയേറി പ്രകൃതി വിഭവങ്ങൾ കൊള്ളയടിച്ച യൂറോപ്പ് പകരം അവർക്കു നൽകിയ ഏക അനുഗ്രഹം ഫുട്ബോൾ ആയിരുന്നു. എന്നാൽ ആഫ്രിക്കയും കറുത്തവർ മുഴുവനും ഫുട്ബോളിൽ കണ്ടത് അവരുടെ അതിജീവനത്തിന്റേയും തൃഷ്ണകളുടേയും ലോകമായിരുന്നു. ലോകത്തെമ്പാടുമുള്ള കറുത്ത കളിക്കാർക്ക് പൊതുകളിസ്ഥലം പോലും ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു. യൂറോപ്പ് അവരെ അപമാനിക്കാൻ ഒന്നിച്ചപ്പോൾ ലാറ്റിനമേരിക്കയായിരുന്നു അവർക്കു അവസരങ്ങൾ നൽകിയത്. ലാറ്റിനമേരിക്കക്ക് ഫുട്ബോൾ ജീവവായുവായിരുന്നു. ഇന്നുമതെ. അങ്ങനെയാണ് ഉറൂഗ്വെക്ക് വേണ്ടി ലോകകപ്പ് ഉയർത്തിപിടിച്ച ആദ്യ കറുത്ത കളിക്കാരനായി വരേല മാറിയത്.  തുടർന്നാണ് പെലെ വരെയെത്തിയ കറുത്തവരുടെ ഫുട്ബോൾ മുന്നേറ്റം ലോകം കണ്ടത്.
പിന്നീട് ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും യൂറോപ്യന്മാർ കൂട്ടത്തോടെ കുടിയേറി. പിന്നീട് കറുത്തവർ ധാരാളം യൂറോപ്പിലുമെത്തി.  ഫ്രാൻസും ജർമനിയും ഹോളണ്ടും ബൽജിയവുമൊക്കെ കറുത്ത കളിക്കാരെ റിക്രൂട്ട് ചെയ്യാൻ തയ്യാറായി. ലോകഭൂപടത്തിൽ മാന്യമായ സ്ഥാനം ലഭിക്കാനുള്ള ഉപാധിയായിട്ടായിരുന്നു നാസി ജർമ്മനിയിൽ ഫുട്ബോൾ വളർന്നത്. ഹിറ്റ്ലർ അതിനായി ഒരുപാട് ശ്രമങ്ങൾ നടത്തിയിരുന്നു. ആ അടിത്തറ ഇന്നും ജർമ്മനിക്കുണ്ട്.
ഇത്രയൊക്കെയായിട്ടും ഗ്രൗണ്ടിലെ വർണ്ണവെറി അവസാനിച്ചില്ല എന്നത് വേറെ കാര്യം. 2006ലെ സ്പാനിഷ് ലീഗിൽ റിയൽസരഗോസ ബാർസലോണയും കാമറൂണും കളിക്കുമ്പോൾ ഉണ്ടായ ഒരു സംഭവം ഇങ്ങനെ.. കളി തീരാൻ 15 മിനിട്ടുള്ളപ്പോൾ കാമറൂൺ സ്ട്രൈക്കർ സാമുവൽ ഏറ്റുവിനെ വർണവെറി പൂണ്ട കാണിക്കൂട്ടങ്ങൾ അധിക്ഷേപിക്കാൻ തുടങ്ങി. സഹികെട്ട ഏറ്റു ഗ്രൗണ്ടിൽനിന്നു തിരിഞ്ഞുനടന്നു. കാണികൾ ആക്രമിച്ചത് എന്റെ നിറത്തെയാണ്, എന്റെ അഭിമാനത്തെയാണ് എന്നായിരുന്നു പിന്നീട് പത്രസമ്മേളനത്തിൽ ഏറ്റു പറഞ്ഞത്. കാണികളുടെ മനുഷ്യകുരങ്ങെന്ന അധിക്ഷേപങ്ങൾക്കിടയിൽ സരഗോസയുടെ വലയിലേക്ക് ഗോളടിച്ച് കുരങ്ങനെപോലെതന്നെ നൃത്തംചയ്ത് ഏറ്റു കളിക്കളം വിട്ട സംഭവവുമുണ്ടായിട്ടുണ്ട്. ഇന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലും  ലോകകായികരംഗത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. എങ്കിൽ കൂടി വർണ്ണവിവേചനത്തിനെതിരെ പ്രതിജ്ഞയെടുത്ത്  ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോൾ ഇന്നു ലോകത്തെ ഏകീകരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. അത്തരം മുന്നേറ്റം ലിംഗനീതിയിലും ഉണ്ടാകണം.
ഇന്നു ലോകത്തെ എല്ലാ ടീമുകളും സങ്കര ടീമുകളാണ്. യൂറോപ്പിലെ എല്ലാ ലീഗ് ടീമുകളിലും കറുത്തവരുണ്ട്. 1500 ഓളം ആഫ്രിക്കക്കാർ യൂറോപ്പിൽ പന്തു കളിച്ചു ജീവിക്കുന്നണ്ട്. ആഫ്രിക്കയിലെ അക്രയിലെ തെരുവുകളിൽ കുട്ടികളോട് പന്തുകളിക്കാൻ മാതാപിതാക്കൾ നിർബന്ധിക്കുന്നു. എന്തിനാണെന്നോ.. അവരെ കണ്ടെത്തുന്ന ഏതെങ്കിലും ഏജന്റ് അവർക്ക് മികച്ച കളിക്കുള്ള അവസരം ഉണ്ടാക്കികൊടുക്കും. അതിൽനിന്ന് മികച്ചവർ യൂറോപ്യൻ ലീഗുകളിലെത്തും. പട്ടിണി കിടക്കാതെ ജീവിക്കാനൊരു മാർഗ്ഗം. അപൂർവ്വം ദ്രോഗ്ബെമാർ ലോകകപ്പാകുമ്പോൾ സ്വന്തം നാടിനുവേണ്ടി കളിക്കാനെത്തും...
ഫുട്ബോൾ ശൈലിയിലെ വേർത്തിരിവുകൾക്ക് ഇന്ന് കാതലായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഒരു കാലത്ത് യൂറോപ്പിന് കരുത്തിന്റെ കളിയായിരുന്നു ഫുട്ബോൾ. ജയിക്കുക എന്നതിനപ്പുറം കളിയുടെ മനോഹാരിതയൊന്നും അവർക്കൊരു പ്രശ്നമല്ല.  മറുവശത്ത് ലാറ്റിനമേരിക്കക്കാർക്ക് കളി ജീവിതമായിരുന്നു, കവിതയായിരുന്നു, എല്ലാമായിരുന്നു. ലോകം ലാറ്റിനമേരിക്കൻ ഫുട്ബോളിനെ സ്നേഹിക്കാനുള്ള പ്രധാന കാരണവും അതുതന്നെ. പെലെയും മറഡോണയും ഉണ്ടാകാനുള്ള കാരണവും മറ്റെവിടേയും തിരയേണ്ട. എന്നാൽ ഇന്ന് ആ അവസ്ഥ മാറി.  ലോകത്തെ പ്രധാന ടീമുകളിലെല്ലാം എല്ലാ രാജ്യക്കാരും കളിക്കുന്നു. അതോടെ ശൈലിയിലെ വ്യത്യാസവും ഏറെക്കുറെ ഇല്ലാതായി. നിർഭാഗ്യവശാൽ കയ്യൂക്കിന്റെ യൂറോപ്യൻ ശൈലിക്കാണ് പ്രചാരം കൂടിയത്. എങ്ങനേയും ജയിക്കുക എന്നതുമാത്രമായി കളിയുടെ ലക്ഷ്യം. കളിക്കളത്തിൽ ഫൗളുകൾ കൂടുന്നതിന്റേയും  കാരണം മറ്റെവിടേയും തിരയേണ്ടതില്ല. കളിക്കളത്തിനു പുറത്തും അവർക്ക് ആ അക്രമോത്സുകതയണ്ട്. അതുപക്ഷെ കളിക്കളത്തേയും പുറത്തേയും ലിംഗനീതി എന്ന ആശയത്തെ തമസ്‌കരിക്കാനുള്ള കാരണമല്ല. 

Latest News