Sorry, you need to enable JavaScript to visit this website.

കൈരേഖയില്ലാത്ത പ്രൊഫസർ 

കേരളത്തിലെ ഗവർണർ സ്പീഡ് ഗവർണറായത് ഇപ്പോഴാണ്. സർവകലാശാലകളിലെ ബന്ധു നിയമനം ഒരു വഴിക്കാക്കിയ മൂപ്പരുടെ അടുത്ത ലക്ഷ്യം കേരള ഖജനാവ് ചോർത്തുന്ന മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിനെതിരാണ്. ഇതൊരു വലിയ കൃഷിയാണ്. ഏതെങ്കിലും പാർട്ടിക്കാരനായി ഭാവിച്ച് മന്ത്രിയുടെ പി.എ ആയി രണ്ട് കൊല്ലം കഴിയുമ്പോൾ ഒഴിയുക. അതോടെ പെൻഷന് ക്ലെയിമായി. അടുത്ത ബാച്ച് കയറുക. ആയുഷ്‌കാലം മുഴുവൻ വൻതുക പെൻഷൻ പറ്റുക. പാർട്ടി വളർത്താൻ കൂടി സഹായകമായ ഈ ഏർപ്പാട് കേരളത്തിൽ മാത്രമേയുള്ളു. ഇതിന്റെ കാര്യം ഖാൻ ദൽഹിയിൽ ചെന്ന് പറഞ്ഞത് റിപ്പബ്ലിക്കും ടൈംസ് നൗവും ആഘോഷിച്ചിട്ടുണ്ട്. കേരളത്തിന്റെ ചീഫ് വിപ്പിന് പോലുമുണ്ട് ഇരുപത്തിയഞ്ച് സ്റ്റാഫ്. പാവപ്പെട്ടവന്റെ നികുതി പണം കൊണ്ടാണീ ധൂർത്ത്. 
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് രണ്ട് വർഷം സർവീസുണ്ടെങ്കിൽ ആജീവനാന്ത പെൻഷൻ നൽകുന്ന വിഷയത്തിൽ നടക്കുന്നത് തട്ടിപ്പാണെന്ന് ഗവർണർ പറഞ്ഞു. 
നിയമത്തെ കൊഞ്ഞനം കാട്ടുകയാണ്. യുവാക്കൾ ജോലി തേടി വിദേശത്ത് പോകേണ്ടിവരുമ്പോഴാണ് പൊതുപണം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നത്. പാർട്ടി പ്രവർത്തകർക്കാണ് ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്നത്. സാധാരണക്കാർക്ക് ആജീവനാന്ത പെൻഷൻ ലഭിക്കാൻ എത്രകാലം ജോലി ചെയ്യേണ്ടിവരുമെന്നും അദ്ദേഹം ചോദിച്ചു.
ഓരോ മന്ത്രിമാരും 25ഓളം പേരെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കുന്നു. രണ്ട് വർഷത്തിനുശേഷം അവരോട് രാജിവെക്കാൻ നിർദ്ദേശിക്കുന്നു. അവർക്ക് ആജീവനാന്ത പെൻഷൻ ലഭിക്കുന്നു. തട്ടിപ്പാണ് നടക്കുന്നത്. അത് നിർത്തലാക്കാൻ തനിക്ക് നിർദേശിക്കാനാകില്ല. ദേശീയ തലത്തിൽ ചർച്ചചെയ്യപ്പെടുന്ന വിഷയമായി വരും നാളുകളിൽ മാറുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ ഏറ്റെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യു.ജി.സി. നിഷ്‌കർഷിക്കുന്ന അധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എല്ലാം ഒന്ന് കലങ്ങി തെളിയട്ടെ.

***  ***  ***

കേരളത്തിൽ കഴിഞ്ഞ ആഴ്ച വിചിത്രമായ ഒരു സമരം നടന്നിരുന്നു. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ബാനറിൽ രാജ്ഭവൻ ഉപരോധം. ഇതിനെതിരെ  പരിഹാസവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. 25,000 പേരാണ് ഉപരോധത്തിൽ പങ്കെടുത്തതെന്നും കേരളത്തിൽ മൂന്നര കോടി ജനങ്ങളുണ്ടെന്നും മഹാ ഭൂരിപക്ഷവും തനിക്കൊപ്പമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. മൂപ്പർക്ക് നമ്മുടെ സിനിമാ നടി ഗായത്രി സുരേഷിന്റെ സ്വാധീനമുണ്ടെന്ന് വേണം കരുതാൻ.  കൊച്ചിയിൽ കാറപകടത്തിൽ പെട്ട വേളയിൽ ഗായത്രിയും കേരളത്തിലെ മൂന്ന് കോടി ജനങ്ങളുടെ കണക്ക് പറഞ്ഞ് ട്രോളന്മാർക്ക് വഴിയുണ്ടാക്കിയിരുന്നു.  ഗവർണറുമായി ഇടഞ്ഞുനിൽക്കുന്ന സർക്കാരിന് നേതൃത്വം നൽകുന്ന ഇടത് മുന്നണി ഉപരോധം സംഘടിപ്പിക്കാതെ ഉന്നത വിദ്യാഭ്യാസ സമിതി എന്ന പേരിൽ കൂട്ടായ്മയുണ്ടാക്കിയാണ് നേതാക്കൾ തിരുവനന്തപുരത്ത് ഉപരോധിച്ചത്. മുഖ്യമന്ത്രിയോ മന്ത്രിമാരോ എൽഡിഎഫ് കൺവീനറോ പരിപാടിയിൽ പങ്കെടുത്തില്ല. രാജ്ഭവന് പുറമേ  ജില്ലാ കേന്ദ്രങ്ങളിലും പതിനായിരക്കണക്കിന് അണികൾ പങ്കെടുത്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതെന്തിനായിരുന്നുവെന്ന് ആലോചിക്കുമ്പോഴാണ് ബഹുരസം. നമ്മൾ നമുക്കിഷ്ടമുള്ളവരെ സർവകലാശാലകളിലും മറ്റും നിയമിക്കും. അത് ചോദ്യം ചെയ്യാൻ നിങ്ങളാര് എന്നാണ് ഇതിന്റെ മലയാളമെന്ന് അരിയാഹാരം കഴിക്കാതെയും മനസ്സിലാക്കാം. 

***  ***  ***

കേരളത്തിൽ കുറ്റിയറ്റ് പോയ ഒരു വിഭാഗമാണ് റോഡരികിൽ പണ്ടു കാലത്ത് കണ്ടിരുന്ന ഹസ്തരേഖാ ശാസ്ത്രജ്ഞന്മാരായ പ്രൊഫസർമാർ. ഇവരെല്ലാം കൂട്ടത്തോടെ ഓൺലൈനിലേക്ക് ചേക്കേറിയതാണോ എന്നുമറിയില്ല. കേരള ഹൈക്കോടതി സർവകലാശാല നിയമന തട്ടിപ്പുകളിൽ ഇടപെട്ടത് ശ്രദ്ധേയമായി. സൈബർ പോരാളികൾ പോലും നിശബ്ദരായ അവസ്ഥ. വിധി പറഞ്ഞ ജസ്റ്റിസ് മുമ്പൊരു ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്തുവെന്നത് അദ്ദേഹം ചെയ്ത മഹാ അപരാധമായി ചില കേന്ദ്രങ്ങൾ പറഞ്ഞുവെച്ചെങ്കിലും ഏറ്റുപിടിക്കാൻ ആളെ കിട്ടിയില്ല. പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ സദാ ഇടപെട്ട് സാധാരണക്കാരായ മലയാളികളുടെ ഇഷ്ട പാത്രമാണ് ഈ ന്യായധിപനെന്നത് സൈബർ ഗില്ലറ്റിനിംഗിന് ഇറങ്ങിയവർക്ക് അന്വേഷിക്കേണ്ട കാര്യമില്ലല്ലോ. ഏതായാലും പ്രിയ വർഗീസിന്റെ ഡയലോഗുകൾ കണ്ടിട്ട് പാർട്ടി ഇതെല്ലാം ചുമക്കുമോ എന്നതിൽ സംശയമുണ്ട്. 
കണ്ണൂർ സർവകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വർഗീസ്. യഥാർത്ഥത്തിൽ നടക്കുന്നത് ജോസഫ് സ്‌കറിയയും ഒരു പ്രിയ വർഗീസും തമ്മിൽ ഒരു അപ്പക്കഷ്ണത്തിന് വേണ്ടിയുള്ള പോര് മാത്രമാണെന്നാണ് പ്രിയ വർഗീസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. കെ കെ രാഗേഷിനെ പാർട്ടി പുറത്താക്കിയാലോ തങ്ങൾ ബന്ധം അവസാനിപ്പിച്ചാലോ തീരാവുന്ന വിവാദം മാത്രമാണ് ഇപ്പോഴത്തേതെന്നും പ്രിയ പറയുന്നു. ഇപ്പോഴത്തെ തർക്കം നിയമനമോ നിയമന ഉത്തരവോ പോലും സംഭവിച്ചിട്ടില്ലാത്ത റാങ്ക് ലിസ്റ്റിനെ ചൊല്ലിയാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചിട്ടുണ്ട്. ഇതിലെ ഭാഷ അതിഗംഭീരം. ന്യൂജെൻ പിള്ളേർക്ക് വളരെ ഇഷ്ടമാവുമെന്നതിൽ സംശയമില്ല. 
ഉദാഹരണം--- എന്റെ പൊലിപ്പീരുകാരെ ഒറ്റ ഒരു കാര്യം ചോദിച്ചോട്ടെ ഞാനും കെ. കെ. രാഗേഷും തമ്മിൽ ഉള്ളത് അച്ഛൻ മകൾ ബന്ധമൊന്നുമല്ല. ഒന്നിച്ചു ജീവിക്കാം എന്നൊരു കരാർ മാത്രമാണ്. ആ കരാർ ഞങ്ങളിൽ ആരെങ്കിലും ഒരാൾ അവസാനിപ്പിച്ചാൽ പിന്നെ നിങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യ എന്ന് സ്റ്റോറി കൊടുക്കാനുള്ള സ്‌കോപ്പ് അതോടെ അവസാനിക്കും. അല്ലെങ്കിൽ അത്രയേ ഉള്ളൂ നിങ്ങടെ സ്റ്റോറിക്ക് കെട്ടുറപ്പ്.
ഇനി അതല്ല കെ. കെ. രാഗേഷ് എന്ന പാർട്ടി അംഗത്തെ പാർട്ടി അങ്ങ് പുറത്താക്കി എന്ന് വെക്കുക. അപ്പോഴും സ്റ്റോറിലൈൻ പൊട്ടും. പാലോറ മാത മുതൽ പുഷ്പൻ വരെയുള്ള ഈ പ്രസ്ഥാനത്തിൽ കെ. കെ. രാഗേഷ് എന്നത് എപ്പൊ വേണമെങ്കിലും ഒരു പൂവ് വീഴുമ്പോലെ വീഴാവുന്ന ഒരാളാണെന്ന് കാണാൻ നിങ്ങൾ പഠിച്ച സ്‌കൂളുകളിൽ ഒന്നും വാങ്ങാൻ കിട്ടുന്ന കണ്ണട വെച്ചാൽ പറ്റില്ല എന്നറിയാം. എങ്കിലും യഥാർത്ഥ കാഴ്ച ഇല്ലാതാവുന്നില്ല. അത് പറഞ്ഞു എന്ന് മാത്രം.
തള്ളിമറിക്കുന്നവരെ മാന്താൻ എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു എന്നതാണ്. റിട്ടയർ ചെയ്യാൻ കാലും നീട്ടി ഇരിക്കുമ്പോഴും അസോസിയേറ്റ് പ്രൊഫസർ പോലും ആകാത്ത ഒരാൾ ചാനലിൽ വന്നിരുന്നു എന്റെ ചരിത്രപ്രബന്ധം വായിക്കാത്ത ചരിത്രകാരന്മാർ ഭൂമിമലയാളത്തിൽ ഉണ്ടാവില്ല എന്നൊക്കെ ഗീർവാണമടിക്കുന്നത് കേട്ടപ്പോൾ, ആഹാ കൊള്ളാല്ലോ എന്ന് തോന്നിയ ഒരു തോന്നൽ. ആഹാ.. സൂപ്പർ. 

***  ***  ***

ഒരു സിനിമയ്ക്ക് ലാഗുണ്ടെന്ന് പറഞ്ഞ് കേൾക്കുമ്പോൾ എനിക്ക് ചിരിയാണ് വരാറുള്ളത്. ഇത്തരം അഭിപ്രായങ്ങൾ പറയുമ്പോൾ അവർ എഡിറ്റിങ്ങിനെ കുറിച്ച് ആദ്യം അറിഞ്ഞിരിക്കണം. സംവിധായകർ അവരുടെ സിനിമയ്ക്ക് ഒരു ഒഴുക്ക് എങ്ങനെയാകണമെന്ന് തീരുമാനിച്ചിട്ടുണ്ടാകുമല്ലോ, അതും സിനിമയുടെ പ്രമേയത്തെ കുറിച്ചും മനസ്സിലാക്കണം- അഞ്ജലി മേനോൻ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിനിമ നിരൂപണം ചെയ്യുന്നതിന് മുമ്പ് അത് എങ്ങനെ നിർമിക്കുന്നുവെന്ന് നിരൂപകർ മനസ്സിലാക്കണം. എഡിറ്റിങ്ങിനെ കുറിച്ച് ഒന്നും അറിയാത്തവരാണ് സിനിമയ്ക്ക് ലാഗുണ്ടെന്ന് പറയുന്നത്, ഇത് നിരുത്തരവാദപരമായ ഒരു ശൈലിയാണ്. നേരത്തെ മാധ്യമങ്ങളിൽ നിരൂപണം തയ്യാറാക്കുന്നവർക്ക് അവരുടെ മേധാവികൾ ഒരു സിനിമ ഉടലെടുക്കുന്ന ഘട്ടങ്ങളെ കുറിച്ച് പഠിക്കാൻ വിടുമായിരുന്നുവെന്ന് സംവിധായിക തന്റെ അഭിമുഖത്തിൽ പറഞ്ഞു. അതിനായി മാധ്യമ സ്ഥാപനത്തിലെ മേധാവികൾ നിരൂപണം ചെയ്യുന്നവരെ രാജ് കപൂറിന്റെ സിനിമ സെറ്റിലേക്കും ഋഷികേശ് മുഖർജിയുടെ എഡിറ്റിങ് ലാബിലേക്കും പറഞ്ഞുവിടും. അവിടെ നിന്ന് സിനിമയുടെ ഘട്ടങ്ങളെ പഠിച്ച് മനസ്സിലാക്കിയതിന് ശേഷമാകും അവർ റിവ്യൂ ചെയ്യാറുള്ളതെന്നും അഞ്ജലി മേനോൻ പറഞ്ഞു. 
ഒരു സിനിമ കണ്ടാൽ നല്ല അഭിപ്രായവും വിമർശനവും പറയാൻ പ്രേക്ഷകർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ പ്രതികരിച്ചു.  ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിട്ട്, ഭക്ഷണം കൊള്ളാം, കൊള്ളില്ല എന്ന് പറയാൻ ഹോട്ടൽ മാനേജ്മെന്റ് പഠിക്കണം എന്നുപറഞ്ഞാൽ എന്തു ചെയ്യുമെന്ന് സലിം പി. ചാക്കോ അഞ്ജലി മേനോനെ പരിഹസിച്ചു കൊണ്ട് ചോദിച്ചു.
സംവിധായിക അഞ്ജലി മേനോന്റെ അഭിപ്രായത്തിന് മറുപടിയുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ് രംഗത്തെത്തി. താൻ ചിത്രം സംവിധാനം ചെയ്യാൻ വേണ്ടി പോലും സിനിമയെ കുറിച്ച് പഠിച്ചിട്ടില്ല, പിന്നെയാണ് അഭിപ്രായം പറയാൻ എന്ന് ജൂഡ് ആന്റണി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 
സിനിമയെക്കുറിച്ച് അഭിപ്രായം പറയാൻ സിനിമ എന്തെന്നു പഠിക്കണമെന്ന സംവിധായിക അഞ്ജലി മേനോന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഞ്ജലി. താൻ പ്രേക്ഷകരെക്കുറിച്ചല്ല പ്രൊഫഷണൽ സിനിമാ നിരൂപകരെക്കുറിച്ചാണ് പറഞ്ഞത് എന്നാണ് വ്യക്തമാക്കിയത്.

***  ***  ***

പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഷറഫുദ്ദീൻ. ഏതാനും സീനുകളിൽ മാത്രമേ താരം എത്തുന്നുള്ളൂ എങ്കിലും പ്രേമത്തിലെ ഷറഫുദ്ദീന്റെ കഥാപാത്രം മലയാളികൾ മറക്കില്ല. തനിക്ക് ഇത്തരം കഥാപാത്രങ്ങൾ ലഭിച്ചാൽ ഇനിയും അഭിനയിക്കുമെന്നും സിനിമ തെരഞ്ഞെടുക്കുമ്പോൾ മുഴുനീള കഥാപാത്രം വേണമെന്നില്ലെന്നും ഷറഫുദ്ദീൻ പറയുന്നു. സമീപ കാലത്ത് ചർച്ചകളിൽ ഏറെ നിറഞ്ഞുനിന്ന നടിമാരാണ് പാർവതി തിരുവോത്ത്, ഭാവന തുടങ്ങിയ താരങ്ങൾ. ഇവർക്കൊപ്പം അഭിനയിച്ചിട്ടുള്ള ഷറഫുദ്ദീൻ നടിമാരുടെ രാഷ്ട്രീയ നിലപാടുകളോടുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലെ ചോദ്യത്തിനാണ് ഷറഫുദ്ദീൻ പ്രതികരിച്ചത്.  സിനിമാ മേഖലയിലെ പുരുഷ മേൽക്കോയ്മക്കെതിരെ നിരന്തരം ശബ്ദിച്ചിരുന്ന നടിമാരാണ് പാർവതിയും റിമ കല്ലിങ്കലും പത്മപ്രിയയുമുൾപ്പെടെയുള്ള താരങ്ങൾ. ഇതാകട്ടെ, സിനിമാ ലോകത്ത് വലിയ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. അശ്ലീലം കലർന്ന ഹാസ്യങ്ങൾ ഒഴിവാക്കുന്നതിനും ബോഡി ഷെയ്മിങ് ഉൾപ്പെടെയുള്ള ആക്ഷേപങ്ങൾ ഇല്ലാതാക്കുന്നതിലും ഇവരുടെ പ്രതികരണങ്ങൾ കാരണമായി എന്ന് പറയാം-ഷറഫുദ്ദീൻ പറഞ്ഞു. 

***  ***  ***

എനിക്ക് മാനസികപ്രശ്‌നം ഉണ്ടായിട്ടുണ്ട്, അപ്പോഴെല്ലാം ദൈവം രക്ഷിച്ചിട്ടുണ്ട്. 
നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അർച്ചന കവി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തനിക്ക് മെന്റൽ ഹെൽത്ത് ഡിസോർഡർ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ.
'ഞാൻ ദൈവത്തിന് പ്രിയപ്പെട്ട കുട്ടിയാണെന്ന് തോന്നാറുണ്ട്. എനിക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഏതെങ്കിലും രീതിയിൽ അത് ഹാൻഡിൽ ആയി പോയിട്ടുണ്ട്. എന്തെങ്കിലും മോശമായി സംഭവിച്ചിട്ടുണ്ടെങ്കിൽ അപ്പോൾ അത് എന്നെ ബാധിക്കില്ല. പിന്നീടായിരിക്കും അതിനെക്കുറിച്ച് ചിന്തിക്കുക.എന്റെ മെന്റൽ ഹെൽത്താണ് എന്നെ ഏറ്റവും അധികം ബാധിച്ചത്. മെന്റൽ ഹെൽത്ത് ഡിസോർഡർ ഉണ്ടായിട്ടുണ്ട്. പിന്നെ അതിന്റെ ചികിത്സ. നോർമൽ ഒരു ആരോഗ്യപ്രശ്‌നം പോലെ അല്ലാലോ. അത്യാവശ്യം വിദ്യാഭ്യാസമുള്ള കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. എന്റെ അമ്മ മെഡിക്കൽ ഫീൽഡിൽ ആണ്. അച്ഛൻ ജേണലിസ്റ്റാണ്. എന്നിട്ടുപോലും എനിക്ക് ഡിപ്രഷനെക്കുറിച്ച് മനസിലാക്കാൻ സമയമെടുത്തു.എനിക്ക് ഇത്രയും പ്രശ്‌നമാണെങ്കിൽ ഇതിനെക്കുറിച്ചൊന്നും അറിവില്ലാത്തവർക്ക് എന്തായിരിക്കും. എനിക്ക് ഡിപ്രഷൻ ഉണ്ടായി, ഞാൻ ഈ ചികിത്സയാണ് ചെയ്തത് എന്നൊക്കെയാണ് കുറിപ്പിലൂടെ ജനങ്ങളോട് പറഞ്ഞത്. ഇതൊരു എളുപ്പമുള്ള യാത്രയല്ല.'- നടി പറഞ്ഞു.
 

Latest News