Sorry, you need to enable JavaScript to visit this website.

ഇത് ഡോ. അഞ്ചൽ കൃഷ്ണ മധുരപ്രതികാരം

ഡോ. അഞ്ചൽ കൃഷ്ണ
ഡോ. അഞ്ചൽ കൃഷ്ണ മാതാപിതാക്കളോടൊപ്പം.

പാലക്കാട് യാക്കരയിലുള്ള കോളേജ് കാമ്പസിലെ പഠനവും ഗവൺമെന്റ് കോളേജിലെ ഒരു വർഷത്തെ ഇന്റേൺഷിപ്പുമായി തിരക്കുകളുടെ ലോകത്താണ് ഡോ. അഞ്ചൽ കൃഷ്ണ. എസ്.എസ്.എൽ.സിക്കും പ്‌ളസ് ടുവിനുമെല്ലാം ആവറേജ് മാർക്കേ ലഭിച്ചിരുന്നുള്ളു. എന്നിട്ടും ദൃഢചിത്തതയും സ്ഥിരോത്സാഹവുമാണ് ഇവിടെവരെയെത്തിച്ചതെന്നതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറയുന്നു.

 

ഈ ഫോട്ടോയ്ക്ക് കാലങ്ങളുടെ പഴക്കമുണ്ട്. ഏകദേശം ഏഴുവർഷങ്ങൾക്കുമുൻപ് ഒരു പാരാ മെഡിക്കൽ കോഴ്‌സിന് ചേരാൻ കുറച്ച് പണം കടം ചോദിക്കാൻ നാട്ടിലെ മുന്തിയ ഒരു പ്രമുഖന്റെ വീട്ടിൽ പോവുകയുണ്ടായി. പെയിന്റ് പണിക്കാരൻ തങ്കപ്പന്റെ മകന് അച്ഛന്റെ പണി തുടർന്നാൽ പോരെ എന്നായിരുന്നു മറുപടി. അന്ന് സഹായം കിട്ടാത്തതിനാൽ എൻട്രൻസ് എഴുതുകയും എം.ബി.ബി.എസിന് അഡ്മിഷൻ കിട്ടുകയുമാണ് ഉണ്ടായത്. എന്നാൽ ആ മറുപടിയിൽ കൃത്യമായിക്കൊണ്ട് ജാതി, ക്ലാസ് വിവേചനമുണ്ടെന്ന് തിരിച്ചറിഞ്ഞ കാലങ്ങളായിരുന്നു ഈ ആറു വർഷങ്ങൾ...
നിങ്ങൾക്കൊക്കെ എം.ബി.ബി.എസിന്  കിട്ടാൻ എളുപ്പമാണല്ലോ എന്നുപറഞ്ഞയാളെ, ക്വിസിന് പ്രൈസ് കിട്ടാൻ നിങ്ങൾക്കൊക്കെ എളുപ്പമാണല്ലോ എന്നുപറഞ്ഞയാളെ, എന്തിന് സംസ്ഥാന കലോത്സവത്തിന് പ്രൈസ് കിട്ടാൻ നിങ്ങൾക്കൊക്കെ എളുപ്പമാണല്ലോ എന്നൊക്കെ പറഞ്ഞവരെ ഓർക്കുന്നു...
അന്നൊന്നും ഉത്തരം പറയാൻ കഴിഞ്ഞിട്ടില്ല.
ഇപ്പോൾ പറയുന്നു, എന്റെയും എന്റെ വംശത്തിന്റെയും വിദ്യാഭ്യാസം ആരുടെയും ഔദാര്യമല്ല.... ഡോ. ബി.ആർ. അംബേദ്കറിന് നന്ദി. ജയ് ഭീം.
ഡോക്ടർ അഞ്ചൽ കൃഷ്ണ എന്ന അച്ചുവിന്റെ ഫേസ് ബുക്ക് പേജ് തുറന്നാൽ കാണുന്ന വാക്കുകളാണിത്. ആരാണ് അഞ്ചൽ കൃഷ്ണ എന്നല്ലേ. പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽനിന്നും എം.ബി.ബി.എസ്  പാസായി ഹൗസ് സർജൻസി ചെയ്യുന്ന ഒരു യുവഡോക്ടർ. ഒന്നുമില്ലായ്മയിൽനിന്നും നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ ഡോക്ടറുടെ വെളുത്ത കോട്ട് അണിഞ്ഞയാൾ. ഈ വെള്ളക്കോട്ട് അഞ്ചൽ കൃഷ്ണയ്ക്ക് ഒരു മധുരപ്രതികാരം കൂടിയാണ്.
ദളിതനും പെയിന്റിംഗ് പണിക്കാരനുമായ കൂത്താട്ടുകുളം വേലംപറമ്പിൽ തങ്കപ്പന്റെയും തൊഴിലുറപ്പുകാരിയായ രേഖയുടെയും മകൻ അഞ്ചൽകൃഷ്ണയ്ക്ക്  ജീവിതത്തിൽ ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങളുണ്ടായിട്ടുണ്ട്. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്ക് ഉന്നതിയിലെത്താനുള്ള ആഗ്രഹംപോലും പാടില്ല എന്ന് സമൂഹം വിധിയെഴുതിയപ്പോൾ  അതിന് മറുപടി നൽകിയത് എം.ബി.ബി.എസ് ബിരുദദാന ചടങ്ങിൽ പങ്കെടുത്ത മാതാപിതാക്കളോടൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചായിരുന്നു.
തൊടുപുഴ സെന്റ് സെബാസ്റ്റിയൻ സ്‌കൂളിൽനിന്നും സയൻസ് ഐച്ഛികമായി പ്‌ളസ് ടു പാസായപ്പോൾ ആതുരശുശ്രൂഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും പഠനമായിരുന്നു ഉദ്ദേശിച്ചിരുന്നത്. അന്നൊന്നും ഡോക്ടറാകണമെന്ന വിദൂരസ്വപ്‌നംപോലും ഉണ്ടായിരുന്നില്ല. ചെന്നൈയിൽ പോയി പാരാമെഡിക്കൽ കോഴ്‌സിന് ചേരണമെന്നായിരുന്നു മോഹം. ഫീസായി മൂന്നു ലക്ഷം രൂപ വേണം. പെയിന്റിംഗ് തൊഴിലാളിക്ക് അത്രയും തുക എങ്ങനെ സ്വരൂപിക്കാനാവും. മാത്രമല്ല, വീടുനിർമ്മാണത്തിലൂടെയുണ്ടായ വലിയ സാമ്പത്തിക ബാധ്യത കാരണം നിർമ്മിച്ചിരുന്ന വീടു വിറ്റ് വാടകവീട്ടിലേയ്ക്ക് താമസം മാറ്റിയ കാലം. വിദ്യാഭ്യാസ ലോണിന് ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിലാണ് പലരെയും സാമ്പത്തികമായി സഹായിക്കുന്ന നാട്ടിലെ പ്രമുഖന്റെ സഹായം തേടാമെന്നു കരുതിയത്. അച്ഛനോടൊപ്പം അദ്ദേഹത്തെ കണ്ടു. ആവശ്യം അവതരിപ്പിച്ചു. അദ്ദേഹത്തിൽനിന്നും തികച്ചും അപ്രതീക്ഷിതമായ മറുപടിയാണ് ലഭിച്ചത്. തങ്കപ്പന്റെ മകന് അച്ഛന്റെ ജോലി നോക്കിയാൽ പോരേ... എന്ന്. അച്ഛൻ അദ്ദേഹത്തെ നിസ്സഹായതയോടെ നോക്കിയത് അഞ്ചൽ കൃഷ്ണയുടെ മനസ്സിൽ ഇന്നുമുണ്ട്. എന്നാൽ ആ ചോദ്യത്തിന്റെ പൊരുൾ മനസ്സിലാകാൻ കാലങ്ങൾ ഏറെയെടുത്തു.
ഉന്നതപഠനം സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണെന്ന് തിരിച്ചറിഞ്ഞ കാലം. ബിരുദ പഠനത്തിനായി ശ്രമിച്ചെങ്കിലും എല്ലായിടത്തും പ്രവേശന നടപടികൾ പൂർത്തിയാക്കി ക്ലാസുകൾ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഒടുവിൽ ഒരു വർഷം വീട്ടിലിരുന്ന് അടുത്തവർഷം ശ്രമിക്കാം എന്നുകരുതി. ആറുമാസം ഒന്നും ചെയ്യാതെ കടന്നുപോയി. പിന്നീടാണ് എൻട്രൻസിന് ശ്രമിച്ചാലോ എന്നു തോന്നിയത്. വലിയ കോച്ചിംഗ് സെന്ററുകളിൽ ചേർന്നുപഠിക്കാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ല. അതുകൊണ്ട് നാട്ടിലെ കോച്ചിംഗ് സെന്ററിൽ പരിശീലനത്തിനു ചേർന്നു. എന്നാൽ അവിടത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയുമായിരുന്നില്ല. കാരണം സഹപാഠികൾക്കെല്ലാം ഒട്ടേറെ പഠനസഹായികളുണ്ടായിരുന്നു. ഗൈഡുകളും പരീക്ഷണ സാമഗ്രികളും ഏറെ. എനിക്കാണെങ്കിൽ ഒന്നുമില്ല. വെറും ടെക്‌സ്റ്റ് ബുക്ക് മാത്രം. ഒടുവിൽ കോച്ചിംഗ് സെന്ററിലെ പഠനം അവസാനിപ്പിച്ചു. വീട്ടിലിരുന്നുതന്നെ കഠിനശ്രമം ആരംഭിച്ചു. പഠനത്തിൽ മാത്രം മനസ്സർപ്പിച്ച കാലമായിരുന്നു അത്. എൻട്രൻസ് പരീക്ഷയെഴുതിയപ്പോൾ ആത്മവിശ്വാസം തോന്നിയെങ്കിലും ഉയർന്ന റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല. ഫലമെത്തിയപ്പോൾ മെഡിസിന് ചേരാനുള്ള റാങ്കുണ്ടെന്ന് മനസ്സിലായി. പാലക്കാട് മെഡിക്കൽ കോളേജിലാണ് അപേക്ഷ സമർപ്പിച്ചത്. അവിടെ പ്രവേശനവും ലഭിച്ചു. അപ്രതീക്ഷിതമായി ലഭിച്ച അംഗീകാരമായിരുന്നു അത്. എന്നാൽ അപ്പോഴും മനസ്സിൽ വലിയ സന്തോഷമൊന്നുമുണ്ടായിരുന്നില്ല. കാരണം സാമ്പത്തികപ്രശ്‌നങ്ങൾ ഏറെ അലട്ടിയ കാലമായിരുന്നു അത്.
മെഡിസിന് പ്രവേശനം ലഭിച്ചപ്പോൾ എന്നോടൊപ്പം പരീക്ഷയെഴുതിയ ഒരു കുട്ടിയുടെ അച്ഛൻ ചോദിച്ചത് നിങ്ങൾക്കെല്ലാം പ്രവേശനം ലഭിക്കാൻ എളുപ്പമാണല്ലോ എന്നായിരുന്നു. ആ കുട്ടിയുടെ റാങ്ക് മുപ്പതിനായിരത്തിനോടടുത്തായിരുന്നു. എന്റേത് അയ്യായിരത്തിനകത്തും. ഞാനും ആ കുട്ടിയും എഴുതിയത് ഒരേ പരീക്ഷയായിരുന്നു. പഠനത്തിലെ മികവാണ് എന്നെ ഉയർന്ന റാങ്കുകാരനാക്കിയത്. എന്നിട്ടും അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഞങ്ങൾക്ക് സംവരണമുള്ളതുകൊണ്ടാണ് അയാളുടെ കുട്ടി പുറകിലേയ്ക്കു പോയത് എന്നായിരുന്നു. ജാതി സംവരണമാണ് അടിസ്ഥാനപ്രശ്‌നമെന്ന് വെളിവാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുട്ടിക്കാലംമുതൽ ഇത്തരത്തിലുള്ള വിവേചനങ്ങൾ ഏറെ അനുഭവിച്ചിട്ടുണ്ട്. സ്‌കൂളിൽ അധ്യാപകർ ക്ലാസിൽ വന്ന് അരി വാങ്ങാനുള്ളവർ എഴുന്നേറ്റു നിൽക്കൂ എന്നു പറയുമ്പോൾ മറ്റുള്ളവരുടെ മുഖത്തു വിരിയുന്ന പുച്ഛഭാവം എപ്പോഴും വേദനിപ്പിച്ചിട്ടുണ്ട്. അവർ നമ്മെ തുറിച്ചുനോക്കുകയാണ്.  ക്ലാസിൽ എഴുന്നേറ്റു നില്പിച്ച് തലയെണ്ണുന്ന ഇത്തരം പ്രവൃത്തികൾ ഇനിയും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്‌ളസ് ടു പഠനം കഴിഞ്ഞപ്പോൾ ക്ലാസ് ടീച്ചർ അമ്മയോടു പറഞ്ഞത് മകനെ ഐ.ടി.ഐ കോഴ്‌സിനോ ലിഫ്റ്റ് ടെക്‌നോളജിക്കോ അയയ്ക്കൂ എന്നായിരുന്നു. ആ അധ്യാപികയുടെ മകൻ എം.ബി.ബി.എസ് വിദ്യാർഥിയായിരുന്നു. അവരുടെ അഭിപ്രായത്തിൽ ഞങ്ങൾക്ക് അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാൻ വകയില്ലല്ലോ എന്നൊരു ധ്വനി കൂടിയുണ്ടായിരുന്നു.
എം.ബി.ബി.എസ് ബിരുദദാനത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ വലിയ ചർച്ചയായിരുന്നു. ആ ഫോട്ടോയും കുറിപ്പും വൈറലായി മാറുകയായിരുന്നു. അഞ്ചുകൊല്ലമായി മനസ്സിൽ കരുതിവച്ച നെറികേടുകൾക്കുള്ള മറുപടി കൂടിയായിരുന്നു അത്. ജാതിയുമായി ബന്ധപ്പെട്ട വേർതിരിവുകൾ ഏറെ അനുഭവിച്ച വേദനയും ആ കുറിപ്പിലുണ്ടായിരുന്നു.
പലയിടത്തുനിന്നും തിരിച്ചടികൾ നേരിടേണ്ടിവന്നിട്ടുണ്ട്. ചിലർ മുഖത്തടിച്ചതുപോലെയുള്ള മറുപടിയാണ് നൽകുന്നത്. എന്നാൽ മറ്റുള്ളവരാകട്ടെ സ്‌നേഹത്തോടെ ഉപദേശരൂപേണയാണ് കാര്യം അവതരിപ്പിക്കുന്നത്. ഒരു ദളിതൻ ഉയരങ്ങൾ കീഴടക്കിയാൽ അത് വാർത്തയാവില്ലായിരുന്നു ഇതുവരെ. അത്തരം വിജയങ്ങൾ പുറത്തു പറയാൻ കൂടി പാടില്ലാത്ത കാലമുണ്ടായിരുന്നു. ഒന്നും ചെയ്യാതെ വെറുതെ കിട്ടിയതാണെന്ന ധ്വനിയോടെയായിരുന്നു പലരും പറഞ്ഞിരുന്നത്. വിജയങ്ങളെപ്പോലും നിസ്സാരവൽക്കരികുകയാണിവിടെ.
നമ്മുടെ നാട്ടിൽ ജാതിയില്ല എന്നു പറയുന്നത് വെറുതെയാണെന്നാണ് അഞ്ചൽ കൃഷ്ണയുടെ പക്ഷം. രാവിലെ പത്രം തുറന്നുനോക്കിയാൽ മതി. ജാതി വിവേചനം വലിയ വാർത്തയായി കാണാം. വിവാഹപരസ്യത്തിൽപോലും ഇക്കാര്യം വ്യക്തമാണ്. എല്ലാക്കാലത്തും ജാതീയത ഇവിടെയുണ്ട്. അച്ഛന്റെ കുലത്തൊഴിൽ ചെയ്താൽ പോരെ എന്നു ചോദിക്കുന്നതുതന്നെ ഉദാഹരണം. കുലത്തൊഴിലിൽ നിന്നും വഴിമാറി സഞ്ചരിച്ചുകൂടാ എന്നൊരു സവർണ്ണബോധം എല്ലാക്കാലത്തുമുണ്ട്. വെറും കൂലിപ്പണിയെടുത്താണ് ഞാനിത് പറയുന്നതെങ്കിൽ കേൾക്കാൻ പോലും ആരെയും കിട്ടില്ല.
പാലക്കാട് യാക്കരയിലുള്ള കോളേജ് കാമ്പസിലെ പഠനവും ഗവൺമെന്റ് കോളേജിലെ ഒരു വർഷത്തെ ഇന്റേൺഷിപ്പുമായി തിരക്കുകളുടെ ലോകത്താണ് ഡോ. അഞ്ചൽ കൃഷ്ണ. എസ്.എസ്.എൽ.സിക്കും പ്‌ളസ് ടുവിനുമെല്ലാം ആവറേജ് മാർക്കേ ലഭിച്ചിരുന്നുള്ളു. എന്നിട്ടും ദൃഢചിത്തതയും സ്ഥിരോത്സാഹവുമാണ് ഇവിടെവരെയെത്തിച്ചതെന്നതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറയുന്നു.
അച്ഛൻ പെയിന്റിംഗ് ജോലി മതിയാക്കി വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണിപ്പോൾ. കുറച്ച് കൃഷിയുണ്ട്. കൂടാതെ മീൻ വളർത്തലുമുണ്ട്. അമ്മ തൊഴിലുറപ്പിന് പോകാറില്ല. ചേട്ടൻ അമൽകൃഷ്ണ ബി.കോം പാസായി ക്രൊയേഷ്യയിലെ ഒരു പൈപ്പ്‌ലൈൻ കമ്പനിയിൽ ജോലിക്കു ചേർന്നിരിക്കുകയാണ്. അനുജത്തി അഞ്ജന കൃഷ്ണ ബി.കോം അവസാന വർഷ ബിരുദവിദ്യാർഥിയാണ്.
വാടകവീട്ടിൽതന്നെയാണ് കഴിയുന്നതെങ്കിലും ഇപ്പോഴും മനസ്സിലെ അഗ്‌നി അണഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽനിന്നും മനസ്സിലാക്കാം. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം. എല്ലാവർക്കും നല്ല നിലയിൽ ജീവിക്കാനാവണം. അതിനായുള്ള ശ്രമത്തിലാണിപ്പോൾ. കുടുംബത്തെ സുരക്ഷിതമാക്കണമെന്ന മോഹം കാരണം ജോലി ചെയ്തുകൊണ്ടുതന്നെ എം.ഡി സമ്പാദിക്കണമെന്നാണ് ലക്ഷ്യമിടുന്നത്. ഡോ. അഞ്ചൽ കൃഷ്ണ പറഞ്ഞുനിർത്തുന്നു.


 

Latest News