ദോഹ - ലോകകപ്പ് കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഫ്രാന്‍സിന് കനത്ത തിരിച്ചടി. ബാലന്‍ഡോര്‍ ബഹുമതി നേടിയ കരീം ബെന്‍സീമ പരിക്ക് കാരണം ലോകകപ്പിനുണ്ടാവില്ലെന്ന് വ്യക്തമായി. മുപ്പത്തിനാലുകാരന്‍ ആഴ്ചകളായി തുടയിലെ പരിക്കുമായി മല്ലടിക്കുകയാണ്. റയല്‍ മഡ്രീഡിന്റെ അവസാന ആറു കളികളില്‍ അര മണിക്കൂറില്‍ താഴെയാണ് ബെന്‍സീമ കളിച്ചത്. ശനിയാഴ്ച പരിശീലനത്തില്‍ പൂര്‍ണമായി ബെന്‍സീമ പങ്കെടുത്തിരുന്നു. എന്നാല്‍ വേദനയോടെയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് എം.ആര്‍.ഐ സ്‌കാനിംഗ് നടത്തി.
ഫ്രഞ്ച് ടീമില്‍ വിലക്കേര്‍പ്പെടുത്തയതിനാല്‍ കഴിഞ്ഞ ലോകകപ്പ് കളിക്കാനാവാതിരുന്ന ബെന്‍സീമ അത്യുജ്വല ഫോമിലാണ് ഈ ലോകകപ്പിനെത്തിയത്. എന്നാല്‍ വിധി മറ്റൊന്നായി. ബെന്‍സീമയുടെ പരിക്ക് വെറ്ററന്‍ സ്‌ട്രൈക്കര്‍ ഒലിവിയര്‍ ജിരൂവിന് അവസരമാവും. മധ്യനിരയില്‍ കളി നിയന്തിക്കുന്ന പോള്‍ പോഗ്ബ, എന്‍ഗോളൊ കാണ്ടെ എന്നിവരും പരിക്കു കാരണം ലോകകപ്പിനില്ല.
ജീവിതത്തില്‍ ഒരിക്കലും പിന്മാറാത്ത പ്രകൃതക്കാരനാണ് താനെന്നും എന്നാല്‍ എല്ലായ്‌പോഴുമെന്ന പോലെ ടീമിന് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്ന് കരുതുന്നതായും ബെന്‍സീമ പറഞ്ഞു. ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുക്കാന്‍ കഴിയുന്ന ഒരാള്‍ക്കായി സ്ഥാനമൊഴിഞ്ഞു കൊടുക്കുകയാണ്. നിങ്ങളുടെയെല്ലാം പിന്തുണക്ക് നന്ദി -ഇന്‍സ്റ്റഗ്രാമില്‍ ബെന്‍സീമ കുറിച്ചു. ഈ ലോകകപ്പ് തന്റെ പ്രധാന ലക്ഷ്യമായി മുന്നേറുകയായിരുന്നു കരീമെന്നും വലിയ ദുഃഖമുണ്ടെന്നും കോച്ച് ദീദിയര്‍ ദെഷോം പറഞ്ഞു.






