ദോഹ -ഇറ്റലി ലോകകപ്പിനില്ലെങ്കിലും ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇറ്റലിയുടെ സാന്നിധ്യം. ഇറ്റാലിയൻ റഫറി ഡാനിയേൽ ഓർസാറ്റോയാണ് ഖത്തർ-ഇക്വഡോർ മത്സരത്തിൽ വിസിൽ വിളിക്കുക. യൂറോപ്പിലെ ഏറ്റവും പരിചയസമ്പന്നനായ റഫറിമാരിലൊരാളാണ് ഓർസാറ്റോയെന്ന് ഫിഫ വിലയിരുത്തി. ബുധനാഴ്ച ഓർസാറ്റോയുടെ നാൽപത്തേഴാം ജന്മദിനമാണ്.
കഴിഞ്ഞ ലോകകപ്പിൽ വീഡിയൊ റഫറിയായിരുന്നു ഓർസാറ്റൊ. ബയേൺ മ്യൂണിക്കും പി.എസ്.ജിയും തമ്മിലുള്ള 2020 ലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ നിയന്ത്രിച്ചിരുന്നു. കഴിഞ്ഞ യൂറോപ്പിൽ മൂന്നു കളികളിൽ വിസിലേന്തി. നിലവിലെ റഫറീസ് കമ്മിറ്റി ചെയർമാൻ പിയർലൂജി കോളീനയും ഇറ്റലിക്കാരനാണ്. 2002 ലെ ലോകകപ്പ് ഫൈനൽ അദ്ദേഹമാണ് നിയന്ത്രിച്ചത്. 2014 ലെ ഫൈനലിലെ റഫറി ഇറ്റലിയുടെ നിക്കോള റിസോളിയായിരുന്നു.






