ദോഹ - ഖത്തര്‍ ലോകകപ്പിനെ വിമര്‍ശിക്കുന്നത് യൂറോപ്പിന്റെ നഗ്നമായ ഇരട്ടത്താപ്പാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനൊ. യൂറോപ്യന്‍ രാജ്യങ്ങളും പാശ്ചാത്യ ലോകവും ഒരുപാട് പാഠങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ 3000 വര്‍ഷം നാം യൂറോപ്പുകാര്‍ ചെയ്ത കെടുതികള്‍ക്ക് അടുത്ത 3000 വര്‍ഷം മാപ്പ് പറഞ്ഞാല്‍ മതിയാവുമോ? എന്നിട്ട് പോരേ മറ്റു രാജ്യങ്ങള്‍ക്ക് സദാചാരമോതുന്നത്? ഇറ്റാലിയന്‍ കുടിയേറ്റത്തൊഴിലാളികളുടെ മകനായി സ്വിറ്റ്‌സര്‍ലന്റിലെത്തിയപ്പോള്‍ നേരിട്ട വിവേചനവും ഭീഷണിയും ഇന്നും എനിക്ക് മറക്കാനാവില്ല. ഉച്ചാരണത്തിന്റെ പേരില്‍, ചുവന്ന തലമുടിയുടെ പേരില്‍.. എല്ലാം കടുത്ത വിവേചനമാണ് അനുഭവിച്ചത്. യൂറോപ്യന്‍ രാജ്യങ്ങള്‍ കുടിയേറ്റത്തൊഴിലാളികള്‍ക്കു നേരെ അതിര്‍ത്തികള്‍ കൊട്ടിയടച്ചപ്പോള്‍ ഖത്തര്‍ അവര്‍ക്ക് വാതില്‍ തുറന്നിടുകയാണ് ചെയ്തത്. കുടയേറ്റത്തൊഴിലാളികളോട് യൂറോപ്പിന് യഥാര്‍ഥത്തില്‍ സഹതാപമുണ്ടെങ്കില്‍ നിയമപരമായി അവരെ യൂറോപ്പിലേക്ക് കൊണ്ടുവരാമായിരുന്നു. അവര്‍ക്ക് പ്രതീക്ഷയും നല്ല ഭാവിയും നല്‍കാമായിരുന്നു. നിയമപരമായ വഴിയിലൂടെയാണ് ഖത്തര്‍ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും മറ്റു ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെയും തൊഴിലാളികള്‍ക്ക് അവസരമൊരുക്കിയത്. പല ആരോപണങ്ങളും ദഹിക്കാവുന്നതിലപ്പുറമാണ്. നിങ്ങള്‍ക്ക് ജീവിതപാഠം ഉപദേശിക്കലല്ല എന്റെ ജോലി. പക്ഷെ ഖത്തറിനെതിരെ അരങ്ങേറുന്നത് അതിഭീകരമായ അനീതിയാണെന്ന് പറയാതിരിക്കാനാവില്ല. ഏകപക്ഷീയമായി സദാചാരം വിളമ്പുന്നത് തികഞ്ഞ കാപട്യമാണ് -ഇന്‍ഫാന്റിനൊ ചൂണ്ടിക്കാട്ടി.
എക്കാലത്തെയും മികച്ച ലോകകപ്പ് ഒരുക്കാന്‍ ഖത്തര്‍ തയാറായിക്കഴിഞ്ഞു. ഇന്ന് ഞാന്‍ അറബ് വംശജനാണ്, ആഫ്രിക്കക്കാരനാണ്, സ്വവര്‍ഗാനുരാഗിയാണ്, കുടിയേറ്റത്തൊഴിലാളിയാണ്. കഴിഞ്ഞ കുറേ മാസമായി ഖത്തറിനെതിരെ പാശ്ചാത്യന്‍ മാധ്യമങ്ങള്‍ തുറന്നുവിടുന്ന ആരോപണങ്ങള്‍ അവിശ്വസനീയമാണെന്ന് ഫിഫ പ്രസിഡന്റ് തുറന്നടിച്ചു.
ഇറാനെ ലോകകപ്പില്‍ പങ്കെടുപ്പിക്കുന്നതിനെതിരായ ആരോപണങ്ങളും ഇന്‍ഫാന്റിനൊ പുച്ഛിച്ചു തള്ളി. രണ്ട് ഭരണകൂടങ്ങളോ രണ്ട് പ്രത്യയശാസ്ത്രങ്ങളോ അല്ല ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്, രണ്ട് ഫുട്‌ബോള്‍ ടീമുകളാണ്. ഫുട്‌ബോളിന് നമ്മെ മുഖാമുഖം കൊണ്ടുവരാന്‍ സാധിക്കുന്നില്ലെങ്കില്‍ മറ്റെന്തിനാണ് കഴിയുക? ഏത് ലോകത്താണ് നാം ജീവിക്കാന്‍ പോവുന്നത്? ഇറാനില്‍ എട്ട് കോടി ജനങ്ങളുണ്ട്, എല്ലാവരും മോശമാണെന്നാണോ, എല്ലാവരും പിശാചുക്കളാണോ?
ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ ആല്‍ക്കഹോള്‍ ബിയര്‍ വിലക്കിയ തീരുമാനവും ഇന്‍ഫാന്‍ിനൊ ന്യായീകരിച്ചു. പരമാവധി ശ്രമിച്ചു, അതിനാലാണ് പതിനൊന്നാം മണിക്കൂര്‍ വരെ തീരുമാനത്തിനായി കാത്തുനില്‍ക്കേണ്ടി വന്നത്. അത് സ്‌പോണ്‍സര്‍മാര്‍ അംഗീകരിച്ചിട്ടുണ്ട്. ഖത്തറില്‍ ഇപ്പോഴും ബിയര്‍ ലഭിക്കുന്ന സ്ഥലങ്ങളുണ്ട്. ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ചുഗല്‍, സ്‌കോട്‌ലന്റ് പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും സ്റ്റേഡിയങ്ങളില്‍ ബിയറിന് വിലക്കുണ്ട്.
റഷ്യന്‍ ലോകകപ്പില്‍ നേടിയതിനെക്കാള്‍ 70 കോടി ഡോളര്‍ അധികം വരുമാനം ഖത്തര്‍ ലോകകപ്പിലൂടെ ഫിഫ ഉണ്ടാക്കുമെന്ന് ഇന്‍ഫാന്റിനൊ വെളിപ്പെടുത്തി. സംപ്രേഷണത്തിലൂടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും 40 കോടി ഡോളര്‍ അധികം ലഭിച്ചു. ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതോടെ സ്‌പോണ്‍സര്‍മാര്‍ ഒഴിഞ്ഞുപോവുമെന്നും എല്ലാവരും ടി.വി ഓഫാക്കുമെന്നും ലോകകപ്പ് വീക്ഷിക്കാന്‍ ആരും ഖത്തറിലേക്ക് വരില്ലെന്നുമൊക്കെയായിരുന്നു പ്രചാരണം. ലോകകപ്പിന് ഇത്രയധികം പിന്തുണ ലഭിച്ചെങ്കില്‍ അത് ഫിഫയിലും ഖത്തറിലും അവര്‍ക്ക് വിശ്വാസമുള്ളതു കൊണ്ടാണെന്ന് ഇന്‍ഫാന്റിനൊ പറഞ്ഞു.






