ശീതകാല ടൂറിസം ആരംഭിച്ചു, അബുദാബിയില്‍ സന്ദര്‍ശക പ്രവാഹം

അബുദാബി- ശീതകാലം ആരംഭിച്ചതോടെ അബുദാബിയിലേക്കു സന്ദര്‍ശക പ്രവാഹം. 30 ലക്ഷം സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എ.ഇ ദേശീയദിന അവധി, ക്രിസ്മസ്, പുതുവര്‍ഷം എന്നിവ പ്രമാണിച്ച് ജനുവരി എട്ട് വരെയാണ് തിരക്കേറിയ സമയമായി കണക്കാക്കുന്നത്.
ഡിസംബര്‍ പകുതിയോടെ യു.എ.ഇയിലെ സ്‌കൂളുകള്‍ക്കു മൂന്നാഴ്ചത്തെ ശൈത്യകാല അവധി ലഭിക്കുന്നതും യാത്രക്കാരുടെ എണ്ണം കൂട്ടും. ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീ, ആഗോള മാധ്യമ സമ്മേളനം തുടങ്ങി രാജ്യാന്തര മത്സരങ്ങളും സമ്മേളനങ്ങളും നൂറുകണക്കിന് അതിഥികളെ അബുദാബിയിലേക്കു ആകര്‍ഷിച്ചിരുന്നതായി ഇത്തിഹാദ് ഹബ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ ഷാഇബ് അല്‍ നജ്ജാര്‍ പറഞ്ഞു.
ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പിനെത്തുന്നവരില്‍ 15 ലക്ഷം പേര്‍ യു.എ.ഇ സന്ദര്‍ശിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതും ടൂറിസ്റ്റുകളുടെ എണ്ണം കൂടാന്‍ കാരണമാകും. യു.എ.ഇയില്‍ താമസിച്ച് ഖത്തറില്‍ പോയി കളി കണ്ടു മടങ്ങാവുന്ന വിധം ഷട്ടില്‍ വിമാന സര്‍വീസും യു.എ.ഇ ഒരുക്കിയിട്ടുണ്ട്.

 

Latest News