Sorry, you need to enable JavaScript to visit this website.

കോവിഡ് കാലത്ത് നാട്ടിൽ കുടുങ്ങിയവർക്ക് മടങ്ങാൻ ഇളവുണ്ടോ?

ചോദ്യം: കോവിഡ് കാലത്ത് എക്‌സിറ്റ് റീ എൻട്രിയിൽ പോയ തനിക്ക് വിമാന സർവീസ് ഇല്ലാതിരുന്നതിനാൽ എക്‌സിറ്റ് റീ എൻട്രിയുടെ സമയപരിധി കഴിയുന്നതിനു മുൻപായി തിരിച്ചു വരാൻ കഴിഞ്ഞില്ല. ഇപ്പോൾ രണ്ടര വർഷം പിന്നിട്ടു. ഇനി പുതിയ സ്‌പോൺസറുടെ പുതിയ വിസയിൽ സൗദിയിൽ പ്രവേശിക്കുന്നതിന് എക്‌സിറ്റ്  റീ എൻട്രി നിയമം ബാധകമാവുമോ?

ഉത്തരം: നിലവിലെ നിയമം അനുസരിച്ച് എക്‌സിറ്റ് റീ എൻട്രി നിയമം ലംഘിക്കപ്പെട്ടാൽ മൂന്നു വർഷത്തേക്ക് പ്രവേശന നിരോധനമുണ്ട്. അതു പ്രകാരം നിങ്ങൾക്ക് മൂന്നു വർഷം കഴിയാതെ സൗദിയിൽ പ്രവേശനം ലഭിക്കില്ല. അതേസമയം എക്‌സിറ്റ് റീ എൻട്രിയിൽ പോരുന്ന നേരമുണ്ടായിരുന്ന സ്‌പോൺസറാണ് പുതിയ വിസ നൽകുന്നതെങ്കിൽ മൂന്നു വർഷം കഴിയുന്നതിനു മുൻപായി സൗദിയിലേക്ക് മടങ്ങാൻ കഴിയും. നിങ്ങൾക്ക് പുതിയ സ്‌പോൺസറാണ് പുതിയ വിസ നൽകിയിട്ടുള്ളത്. അതുപയോഗിച്ച് മൂന്നു വർഷം കഴിയാതെ സൗദിയിലെത്താൻ കഴിയില്ല. പ്രവേശന നിരോധന സമയം കണക്കാക്കുന്നത് എക്‌സിറ്റ് റീ എൻട്രിയുടെ സമയം കഴിയുന്നതു മുതലാണ്. ഹിജറ മാസ തീയതിയാണ് ഇതിനായി പരിഗണിക്കുന്നത്. 

എക്‌സിറ്റ് റീ എൻട്രിയും പുതിയ വിസയും

ചോദ്യം: എക്‌സിറ്റ് റീ എൻട്രിയിൽ അവധിക്ക് നാട്ടിൽ വന്ന എന്റെ എക്‌സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടു മാസമായി. എനിക്ക് പുതിയ വർക് വിസ ലഭിച്ചിട്ടുണ്ട്. അതിൽ സൗദിയിൽ ജോലിക്കു വരാൻ കഴിയുമോ?

ഉത്തരം: സാധിക്കില്ല. എക്‌സിറ്റ് റീ എൻട്രിയിൽ വന്നവർ  അതിന്റെ കാലാവധി തീരുന്നതിനു മുൻപായി തിരിച്ചുവരാതിരുന്നാൽ അവർക്ക് പിന്നീട് സൗദിയിൽ പ്രവേശിക്കണമെങ്കിൽ മൂന്നു വർഷം കാത്തിരിക്കണം. എക്‌സിറ്റ് റീ എൻട്രി നിയമം ലംഘിക്കുന്നവർക്ക് മൂന്നു വർഷത്തെ പ്രവേശനാനുമതി നിഷേധം ശിക്ഷയാണ്. അതു കഴിഞ്ഞാൽ പുതിയ വിസയിൽ സൗദിയിൽ പ്രവേശിക്കാം. അതേ സമയം പഴയ സ്‌പോൺസർ തന്നെ പുതിയ വിസ നൽകുകയാണെങ്കിൽ അതിൽ വരുന്നതിന് മൂന്നു വർഷം കാത്തിരിക്കേണ്ടതില്ല. 

കമ്പനി ചുവപ്പിലായിരിക്കെ നാട്ടിലേക്കു മടങ്ങൽ

ചോദ്യം:  എന്റെ കമ്പനി ചുവപ്പിലാണ്.  ഇഖാമയുടെ കാലാവധി കഴിയുകയും ചെയ്തു. എനിക്ക് നാട്ടിൽ പോകാൻ ആഗ്രഹമുണ്ട്. എന്താണ് ചെയ്യേണ്ടത്?

ഉത്തരം: ചുവപ്പിലായ കമ്പനി ജീവനക്കാരന്റെ ഇഖാമയുടെ കാലാവധി കഴിഞ്ഞാൽ കമ്പനി നിയമം അനുസരിച്ച് ജീവനക്കാരന് സ്‌പോൺസർഷിപ് മാറുന്നതിന് റിലീസ് നൽകാൻ മനുഷ്യവിഭവശേഷി മന്ത്രാലയം സ്‌പോൺസറോട് ആവശ്യപ്പെടും. അതിന് ഇത്തരക്കാർ മനുഷ്യവിഭവശേഷി മന്ത്രാലയത്തെ സമീപിച്ച് അപേക്ഷ നൽകിയാൽ മതി. ഫൈനൽ എക്‌സിറ്റിൽ പോകാൻ ആഗ്രഹിക്കുന്നവർക്കാണെങ്കിൽ ഫൈനൽ എക്‌സിറ്റ് ലഭിക്കുകയും ചെയ്യും. കാലാവധി തീർന്ന ഇഖാമ പുതുക്കേണ്ട ഉത്തരവാദിത്തം സ്‌പോൺസറുടേതാണ്.

Latest News