ഗ്രൂപ്പ് എ: ഉറുഗ്വായ്
ഇറ്റലിയുടെ ഡിഫന്റർ ജോർജിയൊ കിയലീനിയുടെ ചെവി കടിച്ചതിന് ലൂയിസ് സോറസ് പുറത്താക്കപ്പെട്ടത് 2014 ലെ ലോകകപ്പിലെ മഹാസംഭവങ്ങളിലൊന്നായിരുന്നു. പ്രി ക്വാർട്ടറിൽ കൊളംബിയയോട് ഉറുഗ്വായ് തോൽക്കുന്നതിന് പ്രധാന കാരണം സോറസിന്റെ അഭാവമായിരുന്നു. രണ്ടു ഗോളടിച്ച് ഫോമിൽ നിൽക്കുകയായിരുന്നു സോറസ്. ആ പിഴവിന് പ്രായശ്ചിത്തം ചെയ്യാനുള്ള വാശിയിലാണ് ബാഴ്‌സലോണാ സ്‌ട്രൈക്കർ. 2014 ലെ മോശം ഓർമകൾ മായ്ച്ചുകളയാൻ സോറസിന് അതിയായ ആഗ്രഹമുണ്ട്.
തുടർച്ചയായി നാലു തവണ ലോകകപ്പ് പ്ലേഓഫ് കളിക്കാൻ വിധിക്കപ്പെട്ട ടീമായിരുന്നു ഉറുഗ്വായ്. ഇത്തവണ ആ ചരിത്രം തിരുത്തി യോഗ്യതാ റൗണ്ടിൽ അവർ അനായാസം മുന്നേറി. ബ്രസീലിനു പിന്നിൽ രണ്ടാം സ്ഥാനത്തോടെ സുഗമമായി ഫൈനൽ റൗണ്ട് ഉറപ്പിച്ചു.
കോച്ച്
1990 മുതൽ പരിശീലക സ്ഥാനത്തുണ്ട് ഓസ്‌കർ തബരേസ്. നാലാമത്തെ ലോകകപ്പാണ് ഇത്. 1987 ൽ പേനറോളിനെ കോപ ലിബർട്ടഡോറസ് കിരീടത്തിലേക്കും 1992 ൽ ബൊക്ക ജൂനിയേഴ്‌സിനെ അർജന്റീനാ ലീഗ് കിരീടത്തിലേക്കും നയിച്ചിട്ടുണ്ട് എഴുപത്തൊന്നുകാരൻ. 2016 ൽ ശരീരത്തിലെ പ്രതിരോധ ശേഷിയെ ബാധിക്കുന്ന അപൂർവ രോഗം കണ്ടെത്തിയതിനെത്തുടർന്ന് വീൽചെയറിലാണ് ഇപ്പോൾ തബാരേസ്.
ഗോൾകീപ്പർമാർ
തുർക്കിയിൽ ഗലതസറായ്‌യുടെ വല കാക്കുന്ന ഫെർണാണ്ടൊ മുസ്‌ലേരക്ക് ഇത് മൂന്നാം ലോകകപ്പായിരിക്കും.
ഡിഫന്റർമാർ
അത്‌ലറ്റിക്കൊ മഡ്രീഡിൽ പ്രതിരോധക്കോട്ട കെട്ടുന്ന ഡിയേഗൊ ഗോദീനും ജോസെ ജിമെനസും തന്നെയാണ് ഉറുഗ്വായുടെ പ്രതിരോധവും നോക്കുന്നത്. നൂറിലേറെ തവണ ഉറുഗ്വായ് കുപ്പായമിട്ട ഗോദീൻ 2014 ൽ ഇറ്റലിക്കെതിരെ ഗോളടിച്ചു. നാലാമത്തെ ലോകകപ്പാണ് ഇത്. ഇരുപത്തിമൂന്ന് വയസ്സേയുള്ളൂ എങ്കിലും ജിമെനെസും ഒരു ലോകകപ്പ് കളിച്ചു കഴിഞ്ഞു. ലാസിയോയുടെ വിംഗ്ബാക്ക് മാർടിൻ കസേരെസ് ഇവർക്കൊപ്പമുണ്ടാവും.
മിഡ്ഫീൽഡർമാർ
പ്രതിരോധിക്കുന്നതിൽ മിടുക്കന്മാരാണ് ഉറുഗ്വായ് മധ്യനിര. അവസരങ്ങളൊരുക്കുന്ന കാര്യത്തിലാണ് സംശയം.യോഗ്യതാ റൗണ്ടിൽ യുവ താരങ്ങളായ ഫെഡറിക്കൊ വാൽവെർദെ, നഹിതാൻ നാൻഡെസ്, റോഡ്രിഗൊ ബെന്റാഷൂർ എന്നിവരെയൊക്കെ കോച്ച് പരീക്ഷിച്ചു.
ഫോർവേഡുകൾ
സോറസും എഡിൻസൻ കവാനിയുമാണ് ടീമിന്റെ ശക്തി. 50 ഗോളടിച്ച് ഉറുഗ്വായ്‌യുടെ സ്‌കോറിംഗ് പട്ടികയിൽ മുന്നിലുള്ള സോറസ് ബാഴ്‌സലോണയിലെ മിന്നുന്ന പ്രകടനവുമായാണ് വരുന്നത്. പി.എസ്.ജിയുടെ കുന്തമുന കവാനിയാണ് (41) ഉറുഗ്വായ്‌യുടെ ഗോളടിക്കാരിൽ രണ്ടാം സ്ഥാനത്ത്. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ 10 ഗോളുമായി മുന്നിലെത്തി കവാനി.
മത്സരങ്ങൾ
നിഷ്‌നി നോവ്‌ഗൊരോദിൽ താവളമടിക്കുന്ന ഉറുഗ്വായ് ജൂൺ 15 ന് ഈജിപ്തുമായി ഏറ്റുമുട്ടും. 20 ന് സൗദി അറേബ്യയെയും 25 ന് റഷ്യയെയും നേരിടും.