ടീമുകൾ, സാധ്യതകൾ
ഗ്രൂപ്പ് എ: ഈജിപ്ത്
ലിവർപൂളിൽ ഈ സീസണിൽ മുഹമ്മദ് സലാഹ് സൃഷ്ടിച്ച കൊടുങ്കാറ്റ് ലോക ഫുട്‌ബോളിന്റെ നാലതിരുകളിലും പ്രകമ്പനം സൃഷ്ടിച്ചു കഴിഞ്ഞു. 28 വർഷത്തിനു ശേഷം ഈജിപ്തിനെ ലോകകപ്പിലേക്ക് തിരിച്ചുകൊണ്ടുവന്നതിലും സ്‌ട്രൈക്കറുടെ പങ്ക് അനിഷേധ്യമാണ്. ലോകകപ്പ് ചരിത്രത്തിലാദ്യമായി ഈജിപ്തിനെ ഗ്രൂപ്പ് ഘട്ടം കടത്തേണ്ട ബാധ്യതയാണ് ഇനി സലാഹിന്റെ ചുമലുകളിൽ. മിസ്‌റിന്റെ രാജകുമാരന് അത് സാധിക്കുമോ? ക്ലബ് ഫുട്‌ബോളല്ല ലോകകപ്പ്. അത് മറ്റൊരു തലത്തിലാണ്. ഒരുപാട് മികച്ച കളിക്കാർ ടീമിലുണ്ടാവണം. ഈജിപ്തിന് അത് അസാധ്യമല്ലതാനും.
ഹെഡറുകൾ തടുക്കുന്നതിൽ ഈജിപ്തിന്റെ ദൗർബല്യം ഇതിനകം എതിരാളികൾ നോട്ടമിട്ടു കഴിഞ്ഞു. പോർചുഗലിനെതിരായ സന്നാഹ മത്സരത്തിൽ സലാഹ് ഈജിപ്തിന് ലീഡ് നേടിക്കൊടുത്തതായിരുന്നു. അവസാന വേളയിൽ ക്രിസ്റ്റിയാനൊ റൊണാൾഡൊ രണ്ട് ഹെഡറിലൂടെ വിജയം തട്ടിയെടുത്തു. ഗ്രീസും സന്നാഹ മത്സരം ജയിച്ചത് ഹെഡർ ഗോളിലായിരുന്നു. മിസ്പാസുകളും മോശം ഫിനിഷിംഗുമാണ് മറ്റു ദൗർബല്യങ്ങൾ.
കോച്ച്
ഏഴു തവണ ആഫ്രിക്കൻ ചാമ്പ്യന്മാരായിട്ടുണ്ട് ഈജിപ്ത്. എന്നാൽ 2015 ൽ അർജന്റീനക്കാരൻ ഹെക്ടർ കൂപ്പർ ചുമതലയേറ്റെടുക്കുമ്പോൾ കഴിഞ്ഞ മൂന്ന് ആഫ്രിക്കൻ കപ്പിന് യോഗ്യത നേടാൻ പോലും അവർക്ക് സാധിച്ചിട്ടില്ലായിരുന്നു. വൻ വിമർശനങ്ങൾ നേരിട്ടു തുടക്കത്തിൽ കൂപ്പർ. എന്നാൽ 2017 ലെ ആഫ്രിക്കൻ കപ്പ് ഫൈനലിലേക്ക് ഈജിപ്തിനെ ആനയിക്കാൻ കൂപ്പർക്ക് സാധിച്ചു. ഒരു കളി ശേഷിക്കേ ലോകകപ്പിന് യോഗ്യത നേടി. വിമർശനങ്ങൾ സ്തുതിഗീതമായി മാറി. ലോകകപ്പ് കഴിഞ്ഞും കൂപ്പറെ എങ്ങനെ നിലനിർത്താം എന്ന ചർച്ചയാണ് ഇപ്പോൾ കൊഴുക്കുന്നത്.
ഗോൾകീപ്പർമാർ
നാൽപത്തഞ്ചുകാരൻ ഇസ്സാം അൽഹദരി ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായമേറിയ കളിക്കാരനാവാനൊരുങ്ങുകയാണ്. മൂന്നു പതിറ്റാണ്ട് നീണ്ട കരിയറിൽ സ്വിറ്റ്‌സർലന്റിലും സുഡാനിലുമൊക്കെ കളിച്ചിട്ടുള്ള ഇസ്സാം ഇപ്പോൾ സൗദി അറേബ്യയിൽ അത്തആവുന്റെ വല കാക്കുകയാണ്. പഴയ ജാഗ്രത പുലർത്താനാവുന്നില്ലെന്നതാണ് ഇസ്സാമിന്റെ പ്രശ്‌നം. രണ്ടാം ഗോളി അഹ്മദ് അൽഷെന്നാവിക്ക് പരിക്കേറ്റത് തിരിച്ചടിയാണ്. പകരം അൽ അഹ്‌ലിയുടെ മുഹമ്മദ് അൽഷെന്നാവിക്ക് അവസരം ലഭിച്ചേക്കും.
ഡിഫന്റർമാർ
ആറടി നാലിഞ്ചുകാരൻ അഹ്മദ് ഹിജാസിയാണ് പ്രതിരോധത്തിലെ ഉരുക്കുഭിത്തി. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ വെസ്റ്റ്‌ബ്രോം മങ്ങിയപ്പോഴും ഇരുപത്തൊമ്പതുകാരന്റെ പ്രതിരോധ മികവ് ശ്രദ്ധിക്കപ്പെട്ടു. വെസ്റ്റ്‌ബ്രോമിൽ റിസർവ് ബെഞ്ചിലാണെങ്കിലും അലി ജബർ ദേശീയ ടീമിൽ ഹിജാസിക്കൊപ്പം പ്രതിരോധം കാക്കുന്നു. വിംഗുകളിൽ അഹ്മദ് ഫാതിയും മുഹമ്മദ് അബ്ദൽശാഫിയുമുണ്ടാവും. സഅദ് സമീർ, അയ്മൻ അശ്‌റഫ്, ആസ്റ്റൺവില്ലയുടെ അഹ്മദ് അൽമുഹമ്മദി എന്നിവർ റിസർവ് നിരയിലുണ്ട്.
മിഡ്ഫീൽഡർമാർ
പരിക്കേറ്റ ആഴ്‌സനൽ താരം മുഹമ്മദ് അൽനെനി പൂർണമായി സുഖം പ്രാപിക്കട്ടെയെന്ന പ്രാർഥനയിലാണ് ഈജിപ്ത്. അൽനെനിയും ഫിൻലന്റിൽ കളിക്കുന്ന അബ്ദുല്ല സെയ്ദുമാണ് മധ്യനിരയുടെ ആണിക്കല്ല്. അവരുടെ താളപ്പൊരുത്തത്തിനനുസരിച്ചിരിക്കും സലാഹിലേക്കുള്ള പന്തിന്റെ നിരന്തര സപ്ലൈ. ഒപ്പം താരിഖ് ഹമദും ഗ്രീക് ക്ലബ് അട്രോമിറ്റോസിനു കളിക്കുന്ന അംറ് വർധയുമുണ്ടാവും.
ഫോർവേഡുകൾ
യൂറോപ്പ് കീഴടക്കിയ സലാഹ് ലോകം കീഴടക്കാനുള്ള യത്‌നത്തിലായിരിക്കും. നിരന്തരം പൊസിഷൻ മാറി എതിരാളികളെ കബളിപ്പിക്കാറുണ്ട് സലാഹ്. എന്നാൽ ലിവർപൂളിലേതു പോലെ മധ്യനിരയിൽ നിന്നോ സഹ സ്‌ട്രൈക്കർമാരിൽ നിന്നോ പിന്തുണ സലാഹിന് പ്രതീക്ഷിക്കാനാവില്ല. ട്രസഗ്വെ എന്നറിയപ്പെടുന്ന മഹ്മൂദ് ഹസനാണ് മുൻനിരയിൽ കൂട്ടാളി. തുർക്കി ക്ലബ്ബിലാണ് ട്രസഗ്വെ. സൗദി അറേബ്യയിൽ കളിക്കുന്ന കഹർബ എന്നറിയപ്പെടുന്ന മഹ്മൂദ് അബ്ദുൽ മുനൈമും കൂട്ടിനുണ്ടാവും. സ്‌റ്റോക്ക് സിറ്റിയിൽ വലിയ അവസരം കിട്ടാതെ വിഷമിക്കുന്ന ഇരുപത്തൊന്നുകാരൻ റമദാൻ സുബ്ഹിയെ മിഡ്ഫീൽഡറായും മുൻനിരയിലും ഉപയോഗിക്കാം.
മത്സരങ്ങൾ
1934 ൽ ആദ്യം ലോകകപ്പ് കളിച്ച ആഫ്രിക്കൻ ടീമാണ് ഈജിപ്ത്. 1934 ലും 1990 ലും ലോകകപ്പ് കളിച്ചപ്പോൾ ഈജിപ്ത് ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല. ചെച്‌നിയയിലെ ഗ്രോസ്‌നിയിലാണ് ടീമിന്റെ താവളം. ജൂൺ 15 ന് ഉറുഗ്വായ്‌യെയും 19 ന് റഷ്യയെയും 25 ന് സൗദിയെയും നേരിടും.