പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തളം ബാലന്റെ ഗാനമേള എന്ന് മോഹൻലാൽ പഴയൊരു ചിത്രത്തിൽ തമാശയായി പറയുന്നുണ്ട്. പന്തളം ബാലന്റെ ജീവിതമാകട്ടെ, ഈ ചൊല്ലിന് നേർവിപരീതമാണ്. സ്വരങ്ങളുടെ കൈപിടിച്ച് പാട്ടിന്റെ വഴിയിൽ യാത്ര തുടങ്ങിയ ബാലനെ വളർത്തുന്നതിനേക്കാൾ തളർത്താനായിരുന്നു സമൂഹത്തിന് എന്നും താൽപര്യം.
കഴിഞ്ഞ നാൽപതു കൊല്ലമായി പാട്ടാണ് ബാലന്റെ ജീവിതായോധനത്തിനുള്ള ഉപാധി. ഇക്കാലയളവിൽ പതിനായിരത്തോളം വേദികളിൽ ബാലൻ പാടിക്കഴിഞ്ഞു. എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും ഗാനമേള സദസ്സുകളെ ആവേശം കൊള്ളിച്ച ഈ ഗായകന് ജീവിതത്തിൽ നേരിട്ട തിരിച്ചടികൾ ഏറെയാണ്.
കോലംതുളളൽ കലാകാരന്മാരുടെ കുടുംബത്തിൽ ജനിച്ച് തിരുവനന്തപുരം സംഗീത കോളേജിൽ സംഗീതം പഠിക്കാനെത്തിയ പന്തളം ബാലന് ആ പേരു സമ്മാനിക്കുന്നതും സിനിമ രംഗത്തേക്ക് കൈപിടിച്ചുയർത്തിയതും ജി. ദേവരാജൻ മാസ്റ്ററായിരുന്നു. പി.എ. ബക്കറിന്റെ സഖാവ്, വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന ചിത്രങ്ങളിൽ പാടിക്കൊണ്ടായിരുന്നു തുടക്കം.
പി. കൃഷ്ണപിള്ളയുടെ ജീവിതം ഇതിവൃത്തമാക്കിയ ആ ചിത്രം നിർഭാഗ്യവശാൽ പുറത്തിറങ്ങിയില്ല. അന്ന് പത്തൊൻപതു വയസ്സായിരുന്നു പ്രായം. അതോടെ തന്റെ രാശി തെളിഞ്ഞു എന്നു കരുതിയ ബാലന് പക്ഷേ, തെറ്റി. ഒരു ഗായകനായി ആലാപന രംഗത്ത് നിലയുറപ്പിക്കാമെന്നു കരുതിയെങ്കിലും പലരും തന്നെ കൈയൊഴിയുന്നതാണ് അദ്ദേഹം കണ്ടത്. എങ്കിലും പാടാതിരിക്കാനാവില്ല എന്നു തോന്നിയതിനാൽ വേദികളിലേക്ക് ചുവടുമാറ്റി. ബാലൻ പാട്ടുപാടാത്ത ഉത്സവപ്പറമ്പുകളും മൈതാനങ്ങളുമില്ലെന്നു തന്നെ പറയാം. ആഘോഷപ്പറമ്പുകളിൽ ആരവങ്ങളുയർത്തിയ ശബ്ദത്തിനുടമയായിട്ടും സ്വന്തം നാട്ടിലെ പന്തളം അയ്യപ്പ ക്ഷേത്രത്തിൽ ഇതുവരെ പാടാൻ കഴിഞ്ഞിട്ടില്ല. അവിടെയും അകറ്റിനിർത്തപ്പെടുകയാണ് þ-വിഷമത്തോടെ ബാലൻ പറഞ്ഞുതുടങ്ങുന്നു.

തനിക്കു പിന്നാലെയെത്തിയവർ പലരും തന്നെ മറികടന്നു മുന്നേറുന്നത്് നിർവികാരതയോടെ നോക്കിനിൽക്കേണ്ട അവസ്ഥ. അതോടെ ഞാൻ ഒന്നുറപ്പിച്ചു. തനിക്കു മുന്നിലുള്ള വാതിലുകൾ കൊട്ടിയടക്കപ്പെട്ടുവെന്ന്. സ്വന്തമായി വെട്ടിയൊരുക്കിയ വഴിയിലൂടെയായിരുന്നു പിന്നീടുള്ള സഞ്ചാരം. വെള്ളിത്തിരയിലല്ല, വേദികളിലാണ് നിലയുറപ്പിച്ചത്. കേരളത്തിലെ ഗാനമേള വേദികളിൽ പന്തളം ബാലൻ എന്ന നാമം സുപരിചിതമാവുകയായിരുന്നു. അതിശയകരമായ വളർച്ചയായിരുന്നു കണ്ടത്. ആഘോഷ മൈതാനങ്ങളിൽ പാട്ടിനു ലഭിച്ച ആരവങ്ങളായിരുന്നു എനിക്ക് കരുത്തായത്.
കണക്ക് അധ്യാപകനായിരുന്ന അച്ഛനായിരുന്നു എന്നെ പാട്ടുകാരനാക്കാൻ മോഹിച്ചത്. സ്‌കൂളിൽനിന്നും സബ്ജില്ല തലത്തിൽ പാടാൻ കൊണ്ടുപോയെങ്കിലും സദസ്സിനെ കണ്ടപ്പോൾ പാട്ട് രണ്ടു വരിയിൽ നിർത്തേണ്ടിവന്നു. ഏഴാം ക്ലാസിലെത്തിയപ്പോഴാണ് ആദ്യമായി ഒരു പാട്ട് പൂർണമായി പാടുന്നത്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛന്റെ സുഹൃത്തായിരുന്ന വെൺമണി സുകുമാരൻ സാറിന്റെ കീഴിൽ സംഗീതം പഠിച്ചുതുടങ്ങിയത്. പിന്നീട് ചേർത്തല ഗോപാലൻ നായർ, അമ്പലപ്പുഴ വിജയൻ, ഇരിങ്ങാലക്കുട വിജയകുമാർ എന്നിവരിൽ നിന്നും സംഗീതം അഭ്യസിച്ചു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഗാനഭൂഷണം പഠിക്കാനായി തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെത്തുകയായിരുന്നു. കോളേജിലെ സംസ്‌കാര എന്ന സംഘടനയുടെ വാർഷികാഘോഷത്തിൽ പാട്ടു പാടിയതു കേട്ടാണ് മോഹൻ സിത്താരയുടെ സിത്താര ട്രൂപ്പിലേക്കു ക്ഷണം ലഭിക്കുന്നത്. ഇതിനിടയിലായിരുന്നു പതിമൂന്നാം പാർട്ടി കോൺഗ്രസിൽ ഗായകരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ടത്. ദേവരാജൻ മാസ്റ്ററായിരുന്നു കൂടിക്കാഴ്ചക്കെത്തിയത്. അതോടെ അദ്ദേഹവുമായി അടുത്തു. ബാലൻ എന്ന പേരു മാറ്റി പന്തളം ബാലൻ എന്ന പേര് സമ്മാനിച്ചതും അദ്ദേഹമായിരുന്നു. ദേവരാജൻ മാസ്റ്ററുടെ നിരവധി ഡോക്യുമെന്ററികളിലും നാടകങ്ങളിലും പാടാൻ അവസരം ലഭിച്ചിരുന്നു. മാസ്റ്റർ സംഗീത സംവിധാനം നിർവഹിച്ച ഗോത്രം എന്ന സിനിമയിലും പാടി. കൂടാതെ സ്വാതി തിരുനാൾ, സ്‌നേഹിച്ചുതീരാത്ത ഗന്ധർവൻ, ഇന്ദുലേഖ തുടങ്ങിയ നാടകങ്ങളിലും പാടിയിരുന്നു.
സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ നിരവധി ഗാനങ്ങൾ പാടാൻ അവസരം ലഭിച്ചിരുന്നു. ഭരത് ഗോപി സംവിധാനം ചെയ്ത എന്റെ ഹൃദയത്തിന്റെ ഉടമക്ക് എന്ന ചിത്രത്തിലെ ഇല്ലൊരു മലർച്ചില്ല ചേക്കേറുവാൻ എന്ന ഗാനമാണ് അദ്ദേഹം പാടാൻ തന്നത്. ട്രാക്ക് പാടാനാണ് എത്തിയതെങ്കിലും ഒടുവിൽ ആ പാട്ട് എന്നോടു തന്നെ പാടാൻ പറയുകയായിരുന്നു. പകൽപൂരം, ചേരി എന്നീ ചിത്രങ്ങളിലും പാടിയിരുന്നു. വിവാഹിത എന്ന പരമ്പരയിൽ ദാസേട്ടൻ പാടേണ്ടിയിരുന്ന ട്രാക്ക് പാടാനും അവസരം ലഭിച്ചു. വിദുരേ വിവാഹിതേ നീ... എന്ന ഗാനവും ഒടുവിൽ ഞാൻ തന്നെ പാടി. രഞ്ജിനി കാസറ്റിനു വേണ്ടിയും ഒട്ടേറെ ഗാനങ്ങൾ ആലപിച്ചു.
ജി. വേണുഗോപാലും എം.ജി. ശ്രീകുമാറും ഉണ്ണിമേനോനുമെല്ലാം പാടിത്തുടങ്ങിയ കാലത്തു തന്നെയാണ് ഞാനും പാടുന്നത്. എന്നാൽ അവരെല്ലാം മുൻപന്തിയിലേക്കു പോയപ്പോൾ എനിക്കു മാത്രം അവസരം ലഭിക്കാതായി. ഹരിമുരളീരവവും നക്ഷത്ര ദീപങ്ങളും ഏഴു സ്വരങ്ങളും പ്രമദവനവുമെല്ലാം വേദിയിൽ പാടിത്തകർത്തിരുന്ന കാലം. കലാഭവൻ, മംഗളം, സിംഗിംഗ് ബേർഡ്, സിത്താര, സ്വാതി തുടങ്ങി ഒട്ടേറെ ട്രൂപ്പുകളിൽ പാടിയിട്ടുണ്ട്.
സംഗീത ലോകത്ത് സജീവമായിരുന്ന കാലത്താണ് അമേരിക്കയിലേക്ക് പോകാനുള്ള അവസരം ലഭിക്കുന്നത്. സാമ്പത്തിക പരാധീനതയായിരുന്നു കാരണം. തൊഴിലൊന്നും ചെയ്യാനറിയില്ല. ഇംഗ്ലീഷ് ഭാഷയും വശമില്ല. എങ്കിലും പല ജോലികൾ ചെയ്തു. അമേരിക്കയിൽ നിരവധി ഗാനമേളകളിൽ പങ്കെടുത്തു. മലയാളികളുള്ളിടത്തെല്ലാം ഞാനെത്തി. അവിടെ വെച്ചാണ് മോഹൻലാലിനെ പരിചയപ്പെടുന്നത്. അദ്ദേഹം എന്നെ വിളിപ്പിച്ചു. പരിചയപ്പെട്ടു. ഫോട്ടോയുമെടുത്തു. ഒൻപതു വർഷത്തെ അമേരിക്കൻ ജീവിതത്തിനു ശേഷം തിരിച്ചെത്തി. നാട്ടിൽ വന്നതിനു ശേഷം വീണ്ടും സംഗീത രംഗത്തേക്കു തന്നെ കടന്നുചെന്നു. ബാലേട്ടന്റെ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണെന്നു പറഞ്ഞവരുണ്ട്. എന്നാൽ ഇനി വന്നിട്ട് കാര്യമില്ല എന്നും പറഞ്ഞവരുണ്ട്. എങ്കിലും ഞാനിന്നും സംഗീത രംഗത്തു തന്നെ നിലകൊള്ളുന്നു.
അടുത്ത കാലത്തായി മറ്റൊരു ദുരനുഭവം കൂടിയുണ്ടായി. സംവിധായകൻ വിനയൻ സാറിന്റെ പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു ഗാനമാലപിക്കാൻ അവസരം ലഭിച്ചിരുന്നു. എം.ജയചന്ദ്രന്റെ സംഗീത സംവിധാനത്തിലുള്ള ഗാനം. അടിമത്തത്തിന്റെയും ചാതുർവർണ്യത്തിന്റെയും നങ്ങേലിയുടെയും കഥ പറഞ്ഞ സിനിമ. അവിടെയും നിർഭാഗ്യമായിരുന്നു എന്നെ തേടിയെത്തിയത്. പാട്ടിന്റെ റെക്കോർഡിംഗ് കഴിഞ്ഞ് സിനിമ പൂർത്തിയായപ്പോഴാണ് സാങ്കേതിക കാരണങ്ങളാൽ ആ ഗാനം സിനിമയിൽനിന്നും ഒഴിവാക്കിയെന്ന് അറിയുന്നത്. ജാതിവ്യവസ്ഥ വിഷയമാകുന്ന ചിത്രത്തിൽ എനിക്കു പാടാൻ അവസരം കിട്ടിയ സന്തോഷം സങ്കടത്തിന് വഴിമാറുകയായിരുന്നു. അടുത്ത സിനിമയിൽ തീർച്ചയായും അവസരം നൽകാമെന്നു പറഞ്ഞപ്പോഴാണ് ആ വിഷമത്തിൽനിന്നു അൽപമെങ്കിലും മോചനം ലഭിച്ചത്.
യേശുദാസിന്റെ അറുപതാം പിറന്നാളിന് തിരുവനന്തപുരം നിശാഗന്ധിയിൽ സംഗീത പരിപാടി നടന്നു. കേരളത്തിലെ ഒട്ടുമിക്ക ഗായകരും പരിപാടിയിൽ പങ്കെടുത്തു. പക്ഷേ, എന്നെ മാത്രം ഒഴിവാക്കി. യേശുദാസിന്റെ നിരവധി ഗാനങ്ങൾ വേദികളിൽ പാടിയിട്ടുണ്ട്. മാത്രമല്ല, രവീന്ദ്രൻ മാഷിന്റെ ഗാനങ്ങളും പാടിയിട്ടുണ്ട്. എന്നിട്ടും എന്നെ മാത്രം മാറ്റിനിർത്തിയത് എന്താണെന്നറിയില്ല þ-സങ്കടം മറച്ചുവെക്കാതെ ബാലൻ പറയുന്നു.

നാഞ്ചിയമ്മക്ക് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോൾ എന്തെല്ലാം ബഹളങ്ങളാണ് ഇവിടെ നടന്നത്. ആദിവാസികളുടെ സംഗീതമെന്നു പറയുന്നത് ആദിമ സംഗീതമാണ്. മണ്ണിന്റെ മണമുളള സംഗീതമാണത്. ആ താവഴിയിൽനിന്നും പൊട്ടിമുളച്ച ചില്ലകളാണ് ഇന്ന് കാണുന്ന സംഗീത ശാഖകളെല്ലാം. സമൂഹത്തിലെ പിന്നോക്കക്കാർക്ക് ബഹുമതികളും സ്ഥാനങ്ങളും ലഭിക്കുമ്പോൾ പലർക്കും അസഹിഷ്ണുതയാണ്. അവരുടെ നന്മ അംഗീകരിക്കാനുള്ള വിമുഖതയാണ് സമൂഹത്തിനുള്ളത്. ഇത്തരത്തിലുള്ള തിരസ്‌കാരങ്ങളെ ആത്മവിശ്വാസം കൊണ്ട് മറികടന്ന ജീവിതമാണ് എന്റേത്. പകൽപൂരം എന്ന ചിത്രത്തിൽ ടൈറ്റിൽ സോംഗ് പാടിയത് ഞാനായിരുന്നു. രമേശൻ നായരുടെ വരികൾക്ക് രവീന്ദ്രൻ മാസ്റ്ററുടെ സംഗീതം. കുടുംബത്തോടൊപ്പം തിയേറ്ററിൽ പോയി സിനിമ കാണാനിരുന്നു. സ്‌ക്രീനിൽ എന്റെ പേര് തെളിയുന്നതും കാത്തിരുന്നു. പക്ഷേ, സിനിമയിൽ എന്റെ പേരു മാത്രമില്ല. ഇത്തരം അവഗണനകൾ ഏറെ നേരിടേണ്ടി വന്നിട്ടുണ്ട്.
റിയാലിറ്റി ഷോകൾ കുട്ടികളുടെ സംഗീത ജീവിതത്തെ പിറകോട്ടാണ് നയിക്കുന്നതെന്നാണ് ബാലന്റെ അഭിപ്രായം. നല്ല സംഗീതം ഇല്ലാതാവുകയും പെർഫോമൻസിന് പ്രാധാന്യം നൽകുകയുമാണ് റിയാലിറ്റി ഷോകൾ ചെയ്യുന്നത്. രണ്ടോ മൂന്നോ പാട്ടു പഠിച്ചുവന്നിട്ട് ചാനലിൽ മൂന്നോ നാലോ മാസം നിലനിൽക്കും. എന്നാൽ രാഗങ്ങൾ കൃത്യമായി പഠിച്ച് സ്വരങ്ങൾക്കനുസരിച്ച് പാടാത്ത ആർക്കും സംഗീത രംഗത്ത് അധികകാലം നിലനിൽക്കാനാവില്ല. സംഗീതം ഒരു നിമിഷം കൊണ്ട് പഠിച്ചുതീർക്കാനാവില്ല. അത് അനന്ത സാഗരമാണ്. കൃത്യമായ പരിശീലനം കൂടിയേ തീരൂ.
ഉല്ലാസ് പന്തളം, രാജാസാഹിബ്, നെൽസൺ, ചവറ മണിക്കുട്ടൻ, മാവേലിക്കര ഷാജി തുടങ്ങിയവരോടൊപ്പം ഹാസ്യ എന്നൊരു ട്രൂപ്പിന് രൂപം നൽകിയിരുന്നു. നിരവധി വേദകളിൽ സംഗീത പരിപാടികൾ നടത്തിയെങ്കിലും ഒടുവിൽ നഷ്ടത്തിൽ കലാശിക്കുകയായിരുന്നു. രണ്ടര ലക്ഷത്തോളം രൂപയാണ് അന്ന് നഷ്ടം സംഭവിച്ചത്. പന്തളം ബാലൻ മ്യൂസിക് അക്കാദമി എന്ന സ്ഥാപനം നടത്തുകയാണിപ്പോൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഇവിടെ വിദ്യാർഥികളാണ്. ഓൺലൈനായും ഓഫ്‌ലൈനായും കഌസുകൾ നടത്തുന്നുണ്ട്.
പാട്ടും താളവും തന്നെയാണ് പന്തളം ബാലന്റെ ജീവിതം. ഈ പാട്ടുജീവിതത്തിന് കൂട്ടായി നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ദേവരാജൻ മാസ്റ്റർ പുരസ്‌കാരം, ബ്രഹ്മാനന്ദ പുരസ്‌കാരം, വയലാർ അവാർഡ്, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, കൂടാതെ നിരവധി വേദികളിൽ സംഗീത പരിപാടി അവതരിപ്പിച്ചതിനുള്ള ഫിഷറീസ് വകുപ്പിന്റെ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അക്കൂട്ടത്തിലുണ്ട്.
പന്തളം ബാലന്റെ സംഗീത ജീവിതത്തിന് കൂട്ടായി കോളേജിൽ തന്റെ ജൂനിയറായിരുന്ന ലക്ഷ്മിയും കൂടെയുണ്ട്. മക്കളായ അഖിൽ, അമൽ. മരുമകൾ രാധിക എന്നിവരടങ്ങിയതാണ് കുടുംബം.






