ഇതാണ് ചേർത്തുപിടിക്കൽ

പിറന്ന് വീഴുന്നവർക്കെല്ലാം ഭൂമിയിൽ ഇടമുണ്ട്. മനുഷ്യരിൽ ആരും ഒരാളേക്കാൾ ചെറുതല്ല. കുറവുകളുമായി ജനിക്കുന്നവർക്കും ജീവിതത്തെ ആസ്വാദ്യമാക്കാനുള്ള അവകാശമുണ്ട്. സഹജീവികൾ അത് തിരിച്ചറിയുന്നിടത്താണ് മനുഷ്യ ജൻമം സാർത്ഥകമാകുന്നത്. അതിജീവനത്തിന്റെ  വാതായനങ്ങൾ ഏറെയുണ്ട്. സഹജീവികൾക്ക് അത് സാധ്യമാക്കാനാകും. അവനവന്റെ പരിസരങ്ങളിൽ നിന്നുള്ള സംരക്ഷണവും ചേർത്തുപിടിക്കലുമാണ് മറ്റെന്തിനേക്കാളും ഫലപ്രാപ്തിയിലാവുകയെന്ന് സൽമാന്റെ ജീവിതം തെളിയിക്കുന്നുണ്ട്. 

ഇത് സൽമാൻ കുറ്റിക്കോട്. ഏവരിലും പോസിറ്റിവ് എനർജി പരത്തുന്ന 32 കാരൻ. ജൻമനായുള്ള വൈകല്യങ്ങളും പോരായ്മകളും എങ്ങനെയാണ് മറികടക്കുകയെന്ന്, എല്ലാം തികഞ്ഞവരെന്ന് കരുതുന്ന നമുക്ക് സൽമാനിലൂടെ മനസ്സിലാക്കാനാകും. ജൻമനായുള്ള ഒട്ടേറെ പരിമിതികളുമായി ഭിന്നശേഷിക്കാരനായി പിറന്ന സൽമാൻ 'ഡൗൺ സിൻഡ്രോം' എന്ന രോഗത്തിനടിമയാണ്. ചികിത്സിച്ച് സുഖപ്പെടുത്താനികില്ലെന്ന് പല ഘട്ടങ്ങളിലായി ഡോക്ടർമാരും വിധി എഴുതിയതാണ്. 


എന്നാൽ ജീവിതം പാർശ്വവത്കൃതമാക്കാതെ, ജീവിതം സന്തോഷത്തോടെ തന്നെ ജീവിച്ചു തീർക്കുകയാണ് സൽമാനിന്ന്. അകറ്റി നിർത്തേണ്ടവരല്ല ഭിന്നശേഷിക്കാർ. അവരുടെ കുറവുകൾക്ക് ഉത്തരവാദികൾ അവരല്ലതാനും. അവർക്ക് ഊർജവും കരുത്തും നൽകി അവരെയും ചേർത്തു നിർത്തുമ്പോൾ അതാണ് യഥാർത്ഥ സഹജീവി സ്‌നേഹമെന്ന് അക്ഷരം തെറ്റാതെ പറയാനാകും. സോഷ്യൽ മീഡിയ പേജ് വഴിയാണ് സൽമാനെക്കുറിച്ചറിയുന്നത്. അയാളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചറിഞ്ഞപ്പോൾ ഒരു ഭിന്നശേഷിക്കാരനെ ചേർത്തുപിടിച്ച അത്യപൂർവ സൗഹൃദ കൂട്ടായ്മയിലേക്കാണ് ചെന്നെത്തിയത്.
എല്ലാ മാതൃഹൃദയത്തിന്റെയും താരാട്ട് രാഗത്തിന് പ്രതീക്ഷകളുടെയും വർണാഭമായ സ്വപ്നങ്ങളുടെയുമൊക്കെ നിറങ്ങളുണ്ടായിരിക്കും. എന്നാൽ പാലക്കാട് ചെർപ്പുളശ്ശേരിക്കടുത്ത കുറ്റിക്കോട് പ്രദേശത്ത് പാറപ്പുറം വീട്ടിൽ ഫാത്തിമ എന്ന മാതാവ് കണ്ണീർ താരാട്ടിലൂടെ മാത്രമാണ് മകൻ സൽമാനെ വളർത്തിയത്. ശാരീരികവും മാനസികവുമായ ഒട്ടേറെ പരിമിതികളുള്ള സൽമാൻ മറ്റുള്ളവരിൽ നിന്നും വേറിട്ടവനാണ്. ഇന്ന് സൽമാന് 32 വയസ്സുണ്ട്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതം. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന പിടിവാശി. എന്താണ് സൽമാൻ പറയുന്നതെന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയാതെ മാതാവ് ഫാത്തിമ ഏറെ ബുദ്ധിമുട്ടി.  സമപ്രായത്തിലുള്ള കുട്ടികൾ സ്‌കൂളിലേക്ക് പോകുന്നത് അടച്ചിട്ട മുറിയുടെ  ജനൽപാളി തുറന്ന് അവൻ നോക്കി നിൽക്കുമായിരുന്നു. വിഷമം മനസ്സിലാക്കി സമീപത്തുള്ള പ്രൈമറി സ്‌കൂളിൽ സൽമാനെ ചേർത്തെങ്കിലും ഒരുവർഷം പോലും സൽമാന് സ്‌കൂളിൽ തികയ്ക്കാൻ കഴിഞ്ഞില്ല. രക്ഷിതാക്കൾ പലതവണ സ്‌കൂളിൽ കൊണ്ടുചെന്നാക്കി. ഒന്നുകിൽ നിർത്താതെയുള്ള കരച്ചിൽ തുടരും. അല്ലെങ്കിൽ ഒരു ലക്ഷ്യവുമില്ലാതെ ഇറങ്ങിയോടും. ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ സ്‌കൂൾ പഠനം സൽമാന് അന്യമായി. സമപ്രായത്തിലുള്ള ഏത് കുട്ടിയെ കണ്ടാലും സൽമാൻ ചിരിച്ചു കൊണ്ട് ഓടിയടുക്കും. അവരോടൊപ്പം കൂടും. ഭയം കാരണം ചില കുട്ടികൾക്ക് സൽമാനെ കാണുന്നത് തന്നെ അലർജിയായിരുന്നു. ചിലർ കളിയാക്കും. അവരിൽ നിന്ന് സൽമാനെ അടർത്തിക്കൊണ്ട് വന്ന് റൂമിൽ അടച്ചിട്ടാൽ, തന്റേതായ ഭാഷയിൽ സൽമാൻ എന്തൊക്കെയോ പറയും... കരയും... ശരീര ഭാഷയിൽ സൽമാൻ പ്രകടമാക്കിയ സ്‌നേഹത്തിന്റെ അനക്കങ്ങൾ പലരുടെയും കണ്ണ് നനച്ചു. ഒരു കുട്ടിക്കും ഈ ഗതി വരുത്തരുതേയെന്ന് ഏതൊരമ്മയും പ്രാർത്ഥിച്ചുപോകുന്ന ജീവിത പശ്ചാത്തലമായിരുന്നു മാതാവ് ഫാത്തിമയുടേത്. 


കൂട്ടം ചേർന്ന ചേർത്തുപിടിക്കൽ
കൊച്ചുകുട്ടികളെ പോലെ തീർത്തും നിഷ്‌കളങ്കമായ മനസ്സും കളങ്കമില്ലാത്ത മുഖഭാവവുമാണ് എപ്പോഴും സൽമാനുള്ളത്. നിഷ്‌കളങ്കതയോടെയുള്ള സ്വാഭാവിക ചലനങ്ങൾ. കാണുന്നവരോടെല്ലാം സൽമാൻ ചിരിക്കും. പരിചയക്കാരെ കെട്ടിപ്പിടിക്കും. ഉമ്മ വെക്കും. പുതുതായി കാണുന്ന ആളെക്കുറിച്ച് ചോദിച്ചാൽ അപരിചിതർക്ക് മനസ്സിലാകാത്ത ഭാഷയിൽ സൽമാൻ എന്തോ ഒന്ന് പറയും. കൂട്ടുകാർക്ക് ആ ഭാഷ മൊഴിമാറ്റം നടത്താൻ അറിയാം. ആ പറഞ്ഞത് ''അയാളെന്റെ ചങ്കാണെന്നാണ്''. വീടിനുള്ളിലും പുറത്തുമായി സൽമാന്റെ ചുറ്റുവട്ടത്ത് എപ്പോഴും സൗഹൃദങ്ങളുടെ ആരവമാണ്. ഡൗൺസിൻഡ്രോം ബാധിച്ചത് മൂലം സാധാരണ മനുഷ്യരെപ്പോലെ ഇടപഴകാൻ സൽമാന് കഴിഞ്ഞില്ലെങ്കിലും പരിമിതിയുടെ പേരും പറഞ്ഞ് വീടിന്റെ ഒരു മുറിയിൽ സൽമാനെ തളച്ചിടാൻ കുറ്റിക്കോട് പ്രദേശത്തെ  ഒരു സംഘം യുവാക്കൾ തയാറായില്ല. 
സഹോദരങ്ങളുടെ മക്കളും അവരുടെ സുഹൃത്തുക്കളുമൊക്കെയായി വലിയ സുഹൃദ്‌വലയമുണ്ട് സൽമാന്. അവർ സൽമാനെ ഒപ്പം ചേർത്തു. പരിമിതികൾ മനസ്സിലാക്കി ആകാവുന്നത്ര സന്തോഷം പകർന്നു നൽകി. പല പരിശീലനങ്ങളും നൽകി. സധൈര്യം വീടിന് പുറത്ത് ജനങ്ങളിലേക്ക് ഇറക്കി വിട്ടു. വെറുതെ സാധ്യമാകുന്ന കാര്യമായിരുന്നില്ല ഇത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കളി കാണാനും യാത്രകളിലും ഉത്സവങ്ങൾക്കും നേർച്ചകൾക്കും എന്നുവേണ്ട പോകുന്നിടത്തെല്ലാം  സുഹൃത്തുക്കൾ സൽമാനെ ഒപ്പം കൂട്ടി. എങ്ങോട്ട് പോകുമ്പോഴും എല്ലാവരും കൂടെ വേണമെന്ന വാശിയും സൽമാനിലുണ്ടായി. ചിരപരിചിതരായവരിൽ ആരെങ്കിലും കൂട്ടത്തിൽ ഇല്ലെങ്കിൽ നിന്നിടത്ത് നിന്ന് അനങ്ങില്ല. അവരെ ഫോണിൽ വിളിച്ച് വരുത്താൻ ആവശ്യപ്പെടും. മൂന്നാല് വർഷങ്ങൾക്ക് മുമ്പ്, കൂട്ടുകാർ മൊബൈൽ ഫോണിലെടുത്ത വീഡിയോയിലൂടെ തന്റെ പ്രതിരൂപവും അംഗചലനങ്ങളുമെല്ലാം കണ്ടപ്പോൾ സൽമാന്റെ മുഖത്ത് അമ്പരപ്പും കൗതുകവും മറ്റെന്തൊക്കെയോ വികാരങ്ങളുമാണ് പ്രകടമായത്. അതൊരു നിമിത്തവും തുടക്കവുമാവുകയായിരുന്നു എന്ന് വേണം പറയാൻ. 'എല്ലാവരെയും പോലെ തന്നെയാണ് താനും' എന്ന ഉൾബോധം സൽമാനിൽ സൃഷ്ടിച്ചെടുക്കാനായിരുന്നു കൂട്ടുകാർ നടത്തിയ ആദ്യ പരിശ്രമം. അത് വിജയിക്കുകയും ചെയ്തു. നേരാംവണ്ണം സംസാരിക്കാൻ പോലും കഴിയാത്ത സൽമാനെ കൂട്ടുകാർ പലതും പഠിപ്പിച്ചു. പല ഘട്ടങ്ങളിലും അനുസരണക്കേട് പ്രകടമാക്കിയെങ്കിലും കൂട്ടുകാരടെ നിർദ്ദേശങ്ങൾക്കെല്ലാം തന്നെ ക്രമേണ സൽമാൻ വഴങ്ങി തുടങ്ങി.


സൽമാൻ എന്ന സെലിബ്രിറ്റി
സിനിമ രംഗങ്ങൾ അനുകരിക്കുന്ന ഇൻസ്റ്റഗ്രാം റീലിലൂടെ സൽമാനെ പുറംലോകത്തിന് പരിചയപ്പെടുത്തുമ്പോൾ അത് വിജയിക്കുമെന്ന പ്രതീക്ഷ കൂട്ടുകാരായ അൻസാബിനും ഷറഫുവിനുമുണ്ടായിരുന്നില്ല. ഒരു പരീക്ഷണം, അത്ര മാത്രം. സന്തോഷത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് സൽമാനെ കൈപിടിച്ച് കൊണ്ടെത്തിക്കുക എന്നത് മാത്രമായിരുന്നു അവർ ലക്ഷ്യമിട്ടത്. ഇൻസ്റ്റഗ്രാം റീലിലൂടെ സൽമാൻ വാരിക്കൂട്ടിയ ലൈക്കുകളും ഷെയറുകളും അഭൂതപൂർവമായിരുന്നു. റീലുകൾ വൈറലായതോടെ താരപരിവേഷവും ലഭിച്ചു. ഫുട്‌ബോളുമായി ബന്ധപ്പെട്ട വീഡിയോ കൂടി ചെയ്യാൻ തുടങ്ങിയതോടെ സൽമാന്റെ റീലുകൾ വൻ ഹിറ്റായി. ഫുട്‌ബോളിനെ നെഞ്ചോട് ചേർത്ത ലക്ഷോപലക്ഷം മനുഷ്യരുടെ ഹൃദയത്തിൽ സൽമാൻ ഹീറോ ആയി. സോഷ്യൽ മീഡിയയിൽ സൽമാൻ വൈറലായതും സെലിബ്രിറ്റിയായി മാറിയതും വളരെ വേഗത്തിലായിരുന്നു. സൽമാന്റെ ആരാധന വൃന്ദം കണ്ട് ഇന്ത്യൻ ഫുട്‌ബോളിന്റെ അതികായകൻ ഐ.എം. വിജയൻ പോലും അതിശയപ്പെട്ടിട്ടുണ്ട്.
തന്റെ ചലനങ്ങളും അംഗവിക്ഷേപങ്ങളുമെല്ലാം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പുറംലോകം കൗതുകത്തോടെ വീക്ഷിക്കുന്നുണ്ടെന്ന കാര്യവും സ്വദേശത്തും ഗൾഫ് നാടുകളിലുമായി സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളവേഴ്‌സുള്ള ഒരു 'സെലിബ്രിറ്റി'യാണ് താനെന്നും സൽമാന് അറിയില്ല. സെലിബ്രിറ്റി എന്താണെന്ന് ഉൾക്കൊള്ളാനുള്ള ചിന്താവികാസവും സൽമാനില്ല. 32 വയസ്സുള്ള നിഷ്‌കളങ്കനായ ഒരു ബാലൻ. സ്വതഃസിദ്ധമായ നിഷ്‌കളങ്കതയിൽ വിവിധ വേഷങ്ങളുടെ ചമത്കാരവുമായി സൽമാൻ നിറഞ്ഞാടിയ വീഡിയോകൾ വൻവിജയം മാത്രമായിരുന്നില്ല. നിർധനരായ സൽമാന്റെ കുടുംബത്തിന് അതൊരു ജീവിതോപാധി കൂടിയായി. സൽമാന്റെ ജീവിത നിഷ്ഠകളും വേറിട്ടതാണ്. എപ്പോഴും നല്ല വസ്ത്രങ്ങളും പാദരക്ഷകളും വേണം. വാച്ചും കൂളിംഗ് ഗ്ലാസും നിർബന്ധം. അൽപസമയം പോലും വിശന്നിരിക്കാൻ വയ്യ. ഫുട്‌ബോളാണ് സൽമാന്റെ ഇഷ്ട വിനോദം. 'എപ്പോഴും ഗോൾ അടിക്കുക എന്നതിനപ്പുറം കളിയുടെ നിയമങ്ങളും ചട്ടവട്ടങ്ങളുമൊന്നും സൽമാന് അറിയില്ല'. അറിയുകയും വേണ്ട. കൂട്ടുകാരുമൊത്ത് ഊര് ചുറ്റുക. ഇത് മാത്രമാണ് സൽമാനുള്ള ബലഹീനതകൾ. ഏറെ താരപരിവേഷം കൈവരിച്ച സൽമാൻ തീർത്തും തിരക്കുള്ള വ്യക്തിയാണിന്ന്. ചെറിയ ജ്യൂസ് സ്റ്റാളുകൾ മുതൽ വലിയ ജ്വല്ലറികൾ വരെ ഉദ്ഘാടനം ചെയ്യാൻ സൽമാന് നിരന്തരം ക്ഷണം ലഭിക്കുന്നുണ്ട്. മലബാറിലെ ഒട്ടുമിക്ക ഫുട്‌ബോൾ മത്സരങ്ങളുടെയും ഡേറ്റ് തീരുമാനിക്കുന്നത് സൽമാന്റെ ഒഴിവ് ക്രമീകരിച്ചാണ്. ഒരുപാട് ഫുട്‌ബോൾ ടർഫുകളുടെ ഉദ്ഘാടന കർമം ഇതിനകം സൽമാൻ നിർവഹിച്ചുകഴിഞ്ഞു. നിഷ്‌കളങ്ക ഹൃദയമുള്ള സൽമാനെ, ഒരു ഭാഗ്യതാരമായാണ് പലരും കരുതുന്നത്. സ്റ്റേഡിയത്തിൽ അണി നിരക്കുന്ന ഫുട്‌ബോൾ  കളിക്കാരെ പരിചയപ്പെടാനെത്തുന്ന സൽമാനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സംഘാടകർ വരവേൽക്കുക. പല പ്രമുഖ സെവൻസ് ടീമുകളും ഭാഗ്യ താരത്തിന് ജഴ്‌സി സമ്മാനിച്ച് കളത്തിലിറക്കുന്നു. താളമേളങ്ങൾക്കനുസരിച്ച് സൽമാൻ മനോഹരമയി ചുവടുവെക്കും. ഇപ്രകാരം സൽമാൻ, സ്റ്റേഡിയത്തിൽ ആവേശപ്പെരുമഴ തീർക്കുന്നു. ഈയിടെ ചെർപ്പുളശ്ശേരിയിലെ ടർഫ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യാനെത്തിയ ഐ.എം. വിജയൻ സൽമാനെ ചേർത്തുപിടിച്ച് നെറ്റിയിൽ സ്‌നേഹോഷ്മളമായ ചുംബനം നൽകുന്ന ചിത്രത്തോടൊപ്പം വിജയൻ കുറിച്ച വാക്കുകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ''കാൽപന്ത് ജീവനാണ് സൽമാന്. എനിക്ക് സൽമാനെയും! ഇവൻ മാറ്റിനിർത്തപ്പെടരുത്. ചേർത്തുനിർത്തണം.'' വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിഞ്ഞ സൽമാൻ എന്ന ഭിന്നശേഷിക്കാരനെ ഇന്നറിയാത്തവർ ചുരുക്കം. സൽമാനെക്കുറിച്ച് ഇതര ഭാഷകളിലുള്ള കുറിപ്പുകളിലൂടെയും വിവരണങ്ങളിലൂടെയുമായി അന്താരാഷ്ട്രതലത്തിൽ പ്രശസ്തരായ ഫുട്‌ബോൾ താരങ്ങൾ മുതൽ ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും വരെ സൽമാൻ എന്ന നാമം സുപരിചിതമാണ്.
ഗൾഫ് നാടുകളിലെ പ്രവാസികൾ അവരുടെ ആഘോഷങ്ങളിൽ സൽമാനെ പ്രധാന അതിഥിയായി ക്ഷണിക്കുന്നുണ്ട്. ഗൾഫിലുള്ള സ്ഥാപനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കാനുള്ള ക്ഷണവും ധാരാളം. അടുത്തിടെ സൽമാൻ ദുബായ് സന്ദർശനവും നടത്തിയിരുന്നു.  സൽമാന് ഖത്തർ ലോക കപ്പ് മത്സരം കാണുന്നതിനായി ഒരു വ്യവസായ സ്ഥാപനം സ്‌പോൺസർ ചെയ്തിട്ടുമുണ്ട്. എന്തുകൊണ്ടാണ് സൽമാനെ എല്ലാവരും സ്‌നേഹിക്കുന്നത്. സഹതാപം കൊണ്ട് മാത്രമല്ല. കാപട്യം മാത്രം മുഴച്ചുനിൽക്കുന്ന സോഷ്യൽ മീഡിയായിൽ നിഷ്‌കളങ്കമായ മനസ്സും അതിന്റെ പ്രതിഫലനമായ മുഖവുമായാണ് സൽമാൻ പരത്യക്ഷപ്പെടുന്നത്. അതിനാൽ തന്നെയാണ് സൽമാൻ എല്ലാവരിലും പ്രിയങ്കരനായി മാറിയതും. മകന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ മാതാവ് ഫാത്തിമയെ അത്ഭുതപ്പെടുത്തുകയാണ്. ആശ്വാസത്തോടെ അവർ നെടുവീർപ്പിടുന്നു. താനും മോനും കഷ്ടപ്പെട്ടതിന് ഒരു കണക്കുമില്ലെന്നാണ് അവർ പറയുന്നത്. സൽമാനെ ഇപ്പോൾ നേരാംവണ്ണം കാണാൻ പോലും കിട്ടാത്ത സാഹചര്യമാണ്. കട ഉദ്ഘാടനവും ഫുട്ബോൾ മത്സരങ്ങളും കല്യാണങ്ങളും ചടങ്ങുകളും മറ്റു പരിപാടികളുമായി തിരക്കുപിടിച്ച യാത്രകളാണ് എന്നും. ചെക്കൻമാർ കൂട്ടിക്കൊണ്ടു പോയി അവനെ ഒരുപാട് മാറ്റിയെടുത്തു. പഴയ പിടിവാശി കുറെയെല്ലാം മാറിയിട്ടുണ്ട്. ഇപ്പോൾ കാര്യമായ ബുദ്ധിമുട്ടുകളൊന്നുമില്ല. സൽമാന്റെ മാതാവിന്റെ വാക്കുകളാണിത്.


മാതൃകാ സന്ദേശം
പിറന്ന് വീഴുന്നവർക്കെല്ലാം ഭൂമിയിൽ ഇടമുണ്ട്. മനുഷ്യരിൽ ആരും ഒരാളേക്കാൾ ചെറുതല്ല. കുറവുകളുമായി ജനിക്കുന്നവർക്കും ജീവിതത്തെ ആസ്വാദ്യമാക്കാനുള്ള അവകാശമുണ്ട്. സഹജീവികൾ അത് തിരിച്ചറിയുന്നിടത്താണ് മനുഷ്യജൻമം സാർത്ഥകമാകുന്നത്. ഭിന്നശേഷിക്കാരനായി പിറന്ന് ജീവിതം കൈവിട്ടു പോയവർ നമുക്കിടയിൽ ഏറെയാണ്. ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കാൻ സർക്കാർ തലത്തിൽ പല പദ്ധതികളും ആവിഷ്‌കരിക്കപ്പെടുന്നുണ്ടെങ്കിലും ഇത്തരം ഔദ്യോഗിക നീക്കങ്ങൾക്കും പരിമിതികളുണ്ട്. പരിമിതികളിൽ ഒതുങ്ങിപ്പോകുന്ന മനുഷ്യർക്ക് ആകാശത്തേക്ക് പറന്നുയരാൻ അതിജീവനത്തിന്റെ  വാതായനങ്ങൾ ഏറെയുണ്ട്. സഹജീവികൾക്ക് അത് സാധ്യമാക്കാനുാകും. അവനവന്റെ പരിസരങ്ങളിൽ നിന്നുള്ള സംരക്ഷണവും ചേർത്തുപിടിക്കലിനുമാണ് മറ്റെന്തിനേക്കാളും ഫലപ്രാപ്തിയിലാവുകയെന്ന് സൽമാന്റെ ജീവിതം തെളിയിക്കുന്നുണ്ട്.

Latest News