Sorry, you need to enable JavaScript to visit this website.

കവിത നിലയ്ക്കാത്ത രാപ്പകലുകൾ

ഒരു കൈപ്പുസ്തകത്തോളം വലിപ്പത്തിൽ മാത്രം, എന്നാൽ ഒരു കൈപ്പിടിയിലും ഒതുങ്ങാത്തത്ര കനപ്പെട്ട വരികൾ കോറിയിട്ട സമീറ നസീറിന്റെ രാപ്പകലിലെ യാത്രക്കാർ എന്ന കവിത സമാഹാരം ഇപ്പോഴാണ് വായനക്കെടുത്തത്. നാൽപതോളം കവിതകൾ ഒരു തീവണ്ടിയിലെ ബോഗികളെന്നോണം ഒന്നിനോടൊന്ന് ചേർന്ന് കാവ്യഭംഗിയാൽ അണിഞ്ഞൊരുങ്ങി നിൽക്കുന്നു.
സാധാരണ കവിതകളിൽ കാണുന്ന പ്രണയം, അടുക്കള, പെണ്ണ്, വിരഹം, മരണം, ഏകാന്തത തുടങ്ങിയ കവിതയുടെ ചെറിയ വൃത്തത്തിൽ നിന്ന് പുറത്തു ചാടി സമകാലിക രാഷ്ട്രീയ, സാമൂഹ്യ, ജീവിത പരിസരങ്ങളിൽ നിന്ന് കവിതക്കുള്ള വിഷയങ്ങൾ കണ്ടെടുക്കാനും തന്റെ നിലപാടുകൾ അവക്കൊപ്പം കവിതയിൽ സന്നിവേശിപ്പിക്കാനും ബോധപൂർവമായ ശ്രമം തന്നെ സമീറ നടത്തിയിട്ടുണ്ട് എന്ന് മാത്രമല്ല അതിൽ കവയിത്രി വിജയിക്കുകയും ചെയ്തിരിക്കുന്നു. ചാട്ടവാർ  കൊണ്ടുള്ള പ്രഹരം പോലെ.
ചില വരികൾ നമ്മെ പൊള്ളിക്കുന്നു, ചിലത് സ്‌നേഹാധിക്യത്താൽ പൊതിയുന്നു, മറ്റു ചിലത് മൂർച്ചയേറിയ ചോദ്യങ്ങളെ തൊടുത്തു വിടുന്നു, ഇനിയും ചില വരികളിൽ പ്രതീക്ഷ നിറയുന്നു. അങ്ങനെയങ്ങനെ ആവർത്തനങ്ങളില്ലാതെ സകല വിഷയങ്ങളും വികാരങ്ങളും കവിതയായി പിറവിയെടുക്കുന്നു.
സമീറ നസീറിന്റെ കവിതകളിൽ ചില വരികളെ ഒന്ന് വായിച്ചുനോക്കാം.ഹൃദയത്തിൽ കോറിയിടുന്ന സ്വപ്നങ്ങൾക്ക് നിറക്കൂട്ടൊരുക്കുമ്പോൾ കട്ടികൂടാതെ നോക്കണമെന്ന് ഓർമിപ്പിക്കുന്നുണ്ട് കവിതകളിൽ ഒരിടത്ത്. മായ്‌ക്കേണ്ടി വന്നാലുള്ള എളുപ്പത്തിനെന്ന് പറഞ്ഞുവെക്കുന്നത് പുതിയ കാലത്തെ ബന്ധങ്ങളുടെ കെട്ടുറപ്പില്ലായ്മയും വിള്ളലുകളും വിശ്വാസമില്ലായ്മയുമൊക്കെ പറയാതെ പറയുന്നുണ്ട് വരികളിൽ.
നിറപ്പകിട്ടുള്ള ലോകത്തേക്ക് പ്രവേശനം നിഷേധിച്ച തെരുവിന്റെ മക്കളെ 'നനഞ്ഞു കുതിർന്ന സങ്കടക്കുപ്പായത്തെ വെയിലുകൊണ്ടുണക്കി മറ്റുള്ളവർക്ക് സന്തോഷം വിൽക്കുന്നവർ' എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.
പ്രവാസിയായ കവയിത്രിക്ക്  പരിചയമേറെയുണ്ടാകും മാറുന്ന മരുഭൂമിയുടെ മുഖഭാവങ്ങളെ. കാറ്റിനൊത്ത് ഉടയാട മാറുന്ന വശ്യ സുന്ദരിയെന്ന് മരുഭൂമിയെ പറഞ്ഞുവെക്കുമ്പോൾ വസന്തത്തെ ഗർഭം ധരിച്ച് വെയിൽ താണ്ടിയവളായി മഴ നിലക്കാതെ പെയ്യുന്നു.
പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് നിരാശയുടെ പടുകുഴിയിൽ നിന്ന് മനുഷ്യനെ കരകയറ്റുന്നത്. വിരഹവും വേദനയും ഒറ്റപ്പെടലും നൽകുന്ന വിരസതയിൽ വീണ്ടുവിചാരമില്ലാതെ ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നവരുണ്ട്. സ്വപ്നമരമെന്ന കവിതയിൽ
വസന്തത്തെ
സ്വപ്നം കണ്ട്
വേനലുകളെ
അതിജീവിക്കണം എന്ന് പ്രതീക്ഷയുടെ ഒരു കച്ചിത്തുരുമ്പ് എറിഞ്ഞുതന്ന് പിടിച്ചു നിർത്തുന്നുണ്ട് എഴുത്തുകാരി. നിനക്കും എനിക്കും എത്തിപ്പിടിക്കാൻ പറ്റുന്ന ചില്ല എന്നാണ് സ്വപ്നമരത്തെ കവിതയിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
കവിതകളിൽ വീണ്ടും വീണ്ടും വായിപ്പിച്ച പല കവിതകളിൽ ഒന്നാണ് നോവ് പൂക്കുന്ന ചെടികൾ.
കവിത തുടങ്ങുമ്പോൾ തന്നെ കവയിത്രി നമ്മളായി മാറുന്ന ഒരു മന്ത്രികതയാണ് അനുഭവിക്കാൻ കഴിയുക.
എത്ര മുറിവുകൾ
ചേർത്തു വെച്ചാലാണ്
ആയുസ്സെണ്ണം പൂർത്തിയാവുന്നതെന്ന്
ആർക്കാണ് നിശ്ചയം
എന്ന് വരികൾ നീറിപ്പുകയുമ്പോൾ നൊന്തുനീറിയ ഓരോ ആത്മാവും ഒരിക്കൽ കൂടി ആ വേദനകളിൽ കിടന്നു ചൂളും, നിലവിളിക്കും.
അതുപോലെ മറ്റൊരിടത്ത് വെന്റിലേറ്റർ എന്ന കവിതയിൽശ്വാസം നിലച്ചുപോയ എത്രയെത്ര പ്രതീക്ഷകളാണ് ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് പൊടുന്നനെ ഇരുട്ട് പടർത്തുന്നത് എന്ന് വിഷാദപ്പെടുന്നുണ്ട്.എത്ര എഴുതിയാലും പറഞ്ഞാലും തീരാത്ത കടൽ പോലെയാണ് പ്രണയം. മരണപ്പെട്ടു പോകുന്ന പ്രണയിനിയുടെ ഒസ്യത്ത് വായിച്ചു തീരുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞു പോകും.ഓർമച്ചൂളകളിൽ ഹൃദയത്തെ ചുട്ടുപഴുപ്പിക്കരുത് എന്ന് ഓർമിപ്പിക്കുന്നത് അവളുടെ/അവന്റെ അഭാവത്തിൽ എത്രമാത്രം മറ്റെയാൾ വേദനിക്കുമെന്ന് തിരിച്ചറിവുള്ളതുകൊണ്ടാണ്. പരസ്പരം പൂരകങ്ങളായ ഹൃദയങ്ങൾ. ഓരോ വാക്കിലും കരുതലിന്റെ ഒസ്യത്ത് ഓതിക്കൊടുത്തിട്ട് ഒടുക്കം കണ്ണുകൾ അടഞ്ഞു തുടങ്ങുമ്പോൾ, കൈകൾ അയഞ്ഞു തുടങ്ങുമ്പോൾ പെരുവിരലിൽ നിന്ന് പതിയെ തണുപ്പ് ശരീരത്തിലേക്ക് ഇരച്ചു കയറി വരുമ്പോൾ
'മഴപെയ്യും
നാളെയെങ്കിലും
നമ്മൾ രണ്ടുപേരും
ഒന്നിച്ചതിൽ നനയും' എന്ന് വാക്ക് കൊടുത്ത് ആശ്വസിപ്പിക്കുന്നുണ്ട് അടഞ്ഞു പോകും മുൻപ് ചുണ്ടുകൾ. ഇതിൽപരം മനോഹരമായി എങ്ങനെയാണ് പ്രണയത്തെ അടയാളപ്പെടുത്താൻ കഴിയുക?
മരണം പോലും പ്രണയത്തിനു തടസ്സമല്ലെന്ന് നിസ്സംശയം പറയാൻ കഴിയുന്നത് പ്രണയത്തിന്റെ ആത്മീയ തലങ്ങളെ തൊട്ടറിഞ്ഞുകൊണ്ടാവണം.
നീതിയുടെ തുലാസ് അവർണനും സവർണനുമിടക്ക് അനീതിയുടെ വിഷം തീണ്ടി നിലിച്ചുപോകുന്ന ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ വർത്തമാനങ്ങൾ പറയുന്നു വ്യർത്ഥ മോഹങ്ങൾ എന്ന കവിതയിൽ.
'പിന്നെയും പിന്നെയും
നിന്റെയും എന്റെയും
മേൽവിലാസം
അവർ പോസ്റ്റ്‌മോർട്ടം ചെയ്യുമെന്ന്' പറഞ്ഞതിന് ശേഷം 'നീതി എന്നത് ഒരു അത്യാഗ്രഹമായി ചുവപ്പു നാടയിൽ കുരുങ്ങി ശ്വാസം കിട്ടാതെ പിടയുമെന്ന്' അടിവരയിട്ട് പറയുന്നുണ്ട്.കശ്മീർ, ദളിത്, ന്യൂനപക്ഷങ്ങൾക്കെതിരെ അധികാരികളും കോടതികളും കൈക്കൊണ്ട നീതിനിഷേധത്തെ ശക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട് ഈ കവിത.
മൗനത്തെ അടയാളപ്പെടുത്താത്ത കവികൾ വിരളമായിരിക്കും. മരണമെന്നും ഇരുട്ടെന്നും വിരഹമെന്നും മൗനത്തിനു സമവാക്യങ്ങളായി പലരും കണ്ടെടുത്തപ്പോൾ മനസ്സ് വാചാലമാകുമ്പോൾ നാവ് നിശ്ചലമാകുന്ന പ്രതിഭാസമെന്ന് സമീറ കുറിച്ചിട്ടു.
വീട് ഒരു ഓക്‌സിജൻ സിലിണ്ടർ ആണെന്നും ദൈന്യത പൂണ്ട സുന്ദരിയാണ്  കശ്മീർ എന്നും ചെറുത്തുനിൽപിന്റെ വഴികളിൽ ഗസലാണ് ഗസയെന്നും കുഞ്ഞു കുഞ്ഞു വരികളിൽ എഴുതിച്ചേർക്കുന്നതിൽ ഭാഷ കൈപ്പിടിയിൽ ഒതുങ്ങുന്ന വശ്യചാരുത വായനയിൽ വിരിയും. കരുത്തുറ്റ അക്ഷരങ്ങൾ കൊണ്ട് കാവ്യലോകത്തേക്ക് കടന്നു വന്ന സമീറ നസീറിന്റെ ആദ്യ കവിത സമാഹാരമാണ് രാപ്പകലിലെ യാത്രക്കാർ.
ഇനിയും വൈവിധ്യമാർന്ന വിഷയങ്ങൾ സമീറയുടെ തൂലികയിലൂടെ പിറവിയെടുക്കട്ടെ എന്ന് ആശംസിക്കുന്നു.പേജ് ഇന്ത്യ പബ്ലിഷ് ചെയ്ത രാപ്പകലിലെ യാത്രക്കാർ എന്ന ഈ കവിത സമാഹാരത്തിനു അവതാരിക എഴുതിയത് കെ.പി. സുധീരയാണ്.

Latest News