Sorry, you need to enable JavaScript to visit this website.

കയ്‌രാളി'മീഡിയവൺ ഗെറ്റ് ഔട്ട്'

സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് തടയിടണമെന്ന കാര്യത്തിൽ ഭരണാധികാരികളിൽ പലരും ഏകാഭിപ്രായക്കാരാണ്. കേരളത്തിലും ചാൻസ് കിട്ടിയാൽ ഇതിനുള്ള തയാറെടുപ്പുകളുണ്ടാവാറുണ്ട്. പിന്നിട്ട വാരത്തിൽ സംഭവിച്ചതും മറ്റൊന്നല്ല.  
സൈബർ ആക്രമണങ്ങളെ നിയന്ത്രിക്കാനെന്ന പേരിൽ രണ്ടു വർഷം മുമ്പ്  കൊണ്ടുവരികയും രൂക്ഷമായ വിമർശനം ഉയർന്നതോടെ പിൻവലിക്കുകയും ചെയ്ത നിയമ ഭേദഗതിയാണ് പുതിയ രൂപത്തിൽ ഡിസംബർ അഞ്ചിന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിലേക്ക് ബില്ലായി കൊണ്ടുവരാൻ ആലോചിച്ചത്.  ഇന്ത്യൻ പീനൽ കോഡിലെ (ഐ.പി.സി) 292 ാം വകുപ്പ് ഭേദഗതി ചെയ്ത് 292 (എ) എന്ന ഉപവകുപ്പായാണ് പുതിയ വ്യവസ്ഥകൾ ചേർക്കുന്നത്. സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാനെന്ന പേരിലാണ് നിയമ ഭേദഗതിയെങ്കിലും പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. അപകീർത്തിയുണ്ടായാൽ കേസ് കൊടുക്കാൻ ഇപ്പോൾ തന്നെ ഐ.പി.സി 499, 500 വകുപ്പുകളുണ്ട്. എന്നാൽ പരാതിക്കാരൻ വേണം. പുതിയ ഭേദഗതി പ്രകാരം പോലീസിന് സ്വമേധയാ കേസെടുക്കാം. ആരെങ്കിലും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നുവെന്ന് പോലീസിന് തോന്നിയാൽ തന്നെ  കേസെടുക്കാം. പരാതിക്കാരൻ വേണമെന്നില്ല. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാമെന്ന നിയമം ഏകപക്ഷീയമായ പോലീസ് നടപടികൾക്ക് വഴിവെക്കും. മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം  വ്യക്തിസ്വാതന്ത്ര്യം, ഭരണഘടന ഉറപ്പു നൽകുന്ന അന്തസ്സ് എന്നിവ സംരക്ഷിക്കാനാണ് പുതിയ നിയമമെന്നാണ് സർക്കാർ ഭാഷ്യം.
അശ്ലീലവും അപമാനകരവും ബ്ലാക്ക്‌മെയിൽ ചെയ്യാൻ ഉദ്ദേശിച്ചുള്ളതുമായ ഉള്ളടക്കം, ചിത്രം എന്നിവ ദിനപത്രങ്ങൾ, ആനുകാലികങ്ങൾ, സർക്കുലറുകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ അച്ചടിക്കുകയോ അച്ചടിക്കാനായി തയാറാക്കുകയോ പൊതുജനങ്ങൾക്ക് കാണാനാവും വിധം പ്രദർശിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് കുറ്റകരമാക്കിയാണ് ഐ.പി.എ.സി 292 എ ഭേദഗതി വരുന്നത്. ഈ വ്യവസ്ഥകൾ സമൂഹ മാധ്യമങ്ങൾക്കും ബാധകമാണ്.സ്വമേധയാ കേസെടുക്കാൻ കഴിയുന്ന കോഗ്നസിബിൾ വകുപ്പായതിനാൽസർക്കാരിനെയും ഭരണാധികാരികളെയും ആരെങ്കിലും വിമർശിച്ചാൽ അത് അപകീർത്തിയാണെന്ന് വിലയിരുത്തി പോലീസിന് കേസെടുക്കാം.മലയാളി മാധ്യമ പ്രവർത്തകർക്ക് കുറച്ചു ഭാഗ്യമുണ്ടെന്ന് കരുതാം. 
മാധ്യമങ്ങളുടെ നിയന്ത്രണത്തിനായുള്ള ഭേദഗതി ബില്ല് കൊണ്ടുവരുന്നതിനെ കഴിഞ്ഞ ദിവസം മന്ത്രിമാരിൽ ചിലർ എതിർത്തതോടെ മന്ത്രിസഭ യോഗം ബില്ലിന്റെ കരട് പരിഗണിക്കാതെ മാറ്റിവെച്ചു. പോലീസ് നിയന്ത്രണം കൊണ്ടുവരുന്നത് രാജ്യവ്യാപകമായി വിവാദമാകാനിടയുള്ളതിനാൽ വിശദമായ പഠനത്തിനു ശേഷം പരിഗണിച്ചാൽ മതിയെന്ന് സി.പി.ഐ മന്ത്രിമാർ ചൂണ്ടിക്കാട്ടി. ചില സി.പി.എം മന്ത്രിമാരുൾപ്പെടെ ഇതേ അഭിപ്രായമുയർത്തിയതോടെ കരട് ബിൽ വീണ്ടും മാറ്റിവെക്കുകയായിരുന്നു. ആക്ഷേപങ്ങൾക്കൊന്നും പഴുതില്ലാത്ത വിധം ജാഗ്രതയോടെ കൊണ്ടുവരേണ്ട ബില്ലാണെന്ന് മറ്റു മന്ത്രിമാരും വ്യക്തമാക്കി. തുടർന്ന് വിശദ പരിശോധനക്കു ശേഷം പരിഗണിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു. ഭാഗ്യം. 
*** *** ***
പാർട്ടി ചാനലിനെ വാർത്തകൾക്കായി പാർട്ടിക്കാർ പോലും ആശ്രയിക്കാറില്ലെന്ന് വേണം കരുതാൻ. അല്ലെങ്കിൽ  റേറ്റിംഗിൽ അത്രക്ക് പിന്നിലാവില്ലല്ലോ. അതേ പോലെ മീഡിയ വൺ ചാനൽ കേസും ഗുലുമാലുമൊക്കെയായി ആകെ പ്രശ്‌നത്തിലാണ്. അപ്പോഴാണ് ഗവർണർജി രണ്ടിനെയും കാര്യമായി സഹായിക്കാമെന്ന് വെച്ചത്. റിലീസാവാനിരിക്കേ സിനിമക്ക് കോടതി വിലക്കേർപ്പെടുത്തുന്നത് പോലൊരു അനുഭവമാവാനാണ് സാധ്യത. അത്തരം സിനിമകൾ വിവാദത്തിന്റെ പേരിൽ രക്ഷപ്പെടാറുണ്ട്. അതുപോലെ വേർ ഈസ്  കയ്‌രാളി, മീഡിയ വൺ? എന്നുള്ള ആക്രോശം രണ്ടു കൂട്ടർക്കും നല്ലതിനാവാനേ വഴിയുള്ളൂ. ഏതായാലും അധിക്ഷേപത്തിന് ശേഷവും കൊച്ചിയിലെ  പ്രസ് കോൺഫറൻസിൽ നിന്ന് ഇതര മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഇറങ്ങി വരാതിരുന്നത് മോശമായി. ഏഷ്യാനെറ്റ് ലേഖകൻ മാത്രമാണ് നിലപാടിനെ ചോദ്യം ചെയ്ത് സംസാരിച്ചത്. റിപ്പോർട്ടർ ടി.വി ബഹിഷ്‌കരിച്ചതും  ശ്രദ്ധേയമായി. തലശ്ശേരിയിൽ നിന്ന് വടകരക്ക് പോകുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെ ഓണലഹരിയിൽ ആരെങ്കിലും തോണ്ടിയതിന്റെ പേരിൽ ഒരാഴ്ച ബസ് സർവീസ് നിറുത്തി മിന്നൽ പണിമുടക്ക് നടക്കുന്ന നാട്ടിൽ നാലാം തൂണിന്റെ കാര്യം പറയാതിരിക്കുകയാവും ഭേദം. 
കൊച്ചിയിലായിരുന്നു ഗവർണറുടെ വക കടക്ക് പുറത്ത് പ്രയോഗം.  കാഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവർണർ നിലപാടെടുത്തു. കൈരളി ചാനലിനോടും മീഡിയ വണ്ണിനോടും സംസാരിക്കില്ലെന്ന് ഉറക്കെ വിളിച്ചു പറയുകയും ചെയ്തു. ഈ മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ ഉണ്ടെങ്കിൽ ഗെറ്റ് ഔട്ട് ഫ്രം ഹിയർ എന്നത് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. 
അസഹിഷ്ണുത അല്ലേ ഇതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവർണറുടെ മറുപടി. സംസ്ഥാനത്ത് ഭരണഘടന തകർച്ചയിലാണെന്ന് ഗവർണർ ആരോപിച്ചു. രാജ്ഭവൻ മാർച്ച് വരട്ടെ എന്നും തന്നെ റോഡിൽ ആക്രമിക്കട്ടെ എന്നും ഗവർണർക്കെതിരെ ഇടതുമുന്നണി നടത്താനിരിക്കുന്ന മാർച്ചിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു. മേയറുടെ കത്ത് അടക്കമുള്ള വിഷയങ്ങൾ സർക്കാർ വിശദീകരിക്കണം,   കേരള സർക്കാരിന് കീഴിലുള്ള എല്ലാ ജോലികളും സിപിഎം കാഡറുകൾക്ക് മാറ്റി വെച്ചിരിക്കുകയാണെന്നും അദ്ദേഹം  ആരോപിച്ചു. സിപിഎം ധർണ നടത്തുമെന്നാണ് പറയുന്നത്. അവർ അത് 15 ലേക്ക് മാറ്റിവെക്കേണ്ട. താൻ രാജ് ഭവനിലുള്ളപ്പോൾ തന്നെ നടത്തട്ടെ.  ധർണ നടത്തുന്നിടത്തേക്ക് താനും വരാം. ഒരു പൊതുസംവാദത്തിന് താൻ തയാറാണെന്നും മുഖ്യമന്ത്രി വരട്ടെ എന്നും ഗവർണർ പറഞ്ഞു. തുടർച്ചയായി ഇതെല്ലാം കാണുമ്പോൾ മൂപ്പർ കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തുവോയെന്നും സംശയിക്കാവുന്നതാണ്. ഒറിജിനൽ ഒപ്പോസിഷൻ ലീഡേഴ്‌സിന് ഒരു വിഷയവും ഏറ്റെടുക്കാനാവാത്ത അവസ്ഥയുമാണല്ലോ.സോഷ്യൽ മീഡിയയിൽ വിന്യസിക്കുന്നവർക്ക് കണ്ടു രസിക്കാവുന്ന ചില എഡിറ്റഡ് ദൃശ്യങ്ങൾ ലഭിച്ചുവെന്നത് വാരഫലം. ഒന്ന് മാമുക്കോയുടെ കീലേരി അച്ചു. മറ്റേത് ഗ്രേറ്റ്  ഡിക്‌റ്റേറ്റർ എന്ന ചാർളി ചാപ്ലിന്റെ ക്ലാസിക് പടത്തിലെ രംഗങ്ങളും. രണ്ടിും എഡിറ്റ് ചെയ്ത് കൊച്ചിയിലെ ഗവർണറുടെ പെർഫോമൻസിലെ വോയ്‌സ് ചേർത്തു കൊടുത്തു. നമ്മുടെ ടി.വി ചാനലുകളിലും പത്രങ്ങളിലുമുള്ളതിലും മിടുക്കന്മാരുള്ളത് പുറത്താണെന്നത് യാഥാർഥ്യം.  
*** *** ***
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമർശവുമായി രാജ്യസഭ എം.പിയും കോൺഗ്രസ് നേതാവുമായ ജെ.ബി മേത്തർ. മഹിള കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് മേത്തർ ആര്യയെ അധിക്ഷേപിച്ചത്. പോസ്റ്റർ എഴുതി ഒട്ടിച്ച പെട്ടിയുമായാണ് മേത്തർ പ്രതിഷേധത്തിന് എത്തിയത്. കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേക്ക് വിട്ടോ എന്നാണ് പോസ്റ്ററിൽ എഴുതിയിരുന്നത്.  മേത്തറുടെ പരാമർശം വിവാദമാവുകയും ചെയ്തു. അതോടെ  ഭർത്താവിന്റെ നാട് എന്ന നിലയിലേക്കല്ല ഉദ്ദേശിച്ചത് എന്ന് വിശദീകരിച്ച് ജെബി മേത്തർ രംഗത്തെത്തി. ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹം മാസങ്ങൾക്ക് മുമ്പാണ് കഴിഞ്ഞത്. ഭർത്താവിന്റെ നാട് കോഴിക്കോടാണെന്ന നിലയിലാണ് ഇത്തരം ഒരു പരാമർശം ഉയർന്നതെന്നാണ് വിമർശനം. ഇങ്ങനെയൊക്കെ പറയുന്നത് കഷ്ടമാണ്. വേറൊരു കോൺഗ്രസ് നേതാവ് വിശേഷിപ്പിച്ചത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരിയായി ആര്യ മാറിയെന്നാണ്. അന്വേഷണം നടക്കട്ടെ, മേയർ സത്യസന്ധത തെളിയിക്കുമെന്ന വിശ്വാസത്തിലാണ് പാർട്ടി. മുന്നൂറിനടുത്ത് വേക്കൻസി വന്നപ്പോൾ പാർട്ടിക്കാരെ ഓർത്തു പോയെന്നു തന്നെയിരിക്കട്ടെ. അത് അത്രക്ക് വലിയ തെറ്റാണോ? വടക്കൻ കേരളത്തിലെ തലയെടുപ്പുള്ള കമ്യൂണിസ്റ്റ്് നേതാവ് ഇ.കെ ഇമ്പിച്ചിബാവ ഇ.എം.എസിന്റെ കാലത്തു തന്നെ ഇത്തരം പരീക്ഷണ ഘട്ടത്തിലൂടെ കടന്നു പോയിട്ടുണ്ട്. ഡ്രൈവിംഗ് അറിയാത്തവരെ അദ്ദേഹം കെ.എസ്.ആർ.ടി.സി ഡ്രൈവർമാരായി നിയമിക്കുന്നുവെന്നായിരുന്നു ആക്ഷേപം. സിഗരറ്റ് പാക്കറ്റിന്റെ കൂടിൽ ശുപാർശക്കത്തെഴുതുകയാണ് ഗതാഗത മന്ത്രി എന്നൊക്കെ അന്നത്തെ പ്രതിപക്ഷം പറഞ്ഞു. ചരിത്രമെടുത്തു നോക്കിയാലറിയാം, സഖാവ് ചെയ്തികളെ ന്യായീകരിക്കുകയായിരുന്നു. നമ്മൾ ഭരിക്കുമ്പോഴല്ലാതെ പിന്നെപ്പോഴാണ് പാർട്ടിക്കാർക്ക് പണി കിട്ടുക, ഡ്രൈവിംഗ് അറിയില്ലെങ്കിലെന്താ, അങ്ങനെയല്ലേ ഓടിച്ച് പഠിക്കുക þ-എന്നിങ്ങനെയായിരുന്നു പ്രയോഗങ്ങൾ. തിരുവനന്തപുരം കോർപറേഷനിൽ മുന്നൂറിനടുത്ത് പാർട്ടിക്കാർ വന്നാൽ അത്രയും നന്ന്. കാരണം, മാർക്‌സിയൻ ദർശനങ്ങൾ കലക്കിക്കുടിച്ചവരായിരിക്കുമല്ലോ ഇവർ. പെട്ടെന്നെങ്ങാനും സാമൂഹ്യ വിപ്ലവം വന്നാൽ അതിനും ഗുണമാവും ഇവരുടെ സാന്നിധ്യം.  ഇതിന് പുറമെ സർവകലാശാലകളിലെ  ജോലി മുഴുവൻ പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങൾക്കാണെന്നാണല്ലോ മറ്റൊരു ആക്ഷേപം.  മറ്റുള്ളവരുടെ കാര്യം സർക്കാർ ശ്രദ്ധിക്കുന്നില്ലെന്ന് എങ്ങനെ പറയാനാവും? അതിനാണല്ലോ മലയാളി യുവാക്കൾക്ക് നോർവേയിലും ഇംഗ്ലണ്ടിലും തൊഴിവലസരങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഉത്സാഹിക്കുന്നത്. 
*** *** ***
റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് കേന്ദ്ര കഥാപാത്രമായി എത്തുന്ന കാന്താര പ്രദർശനം തുടരുകയാണ്. സിനിമ സെപ്റ്റംബർ 30 നാണ് പ്രദർശനത്തിന് എത്തിയത്.  67 കോടിയാണ് ബോളിവുഡിൽ നിന്നു മാത്രം ചിത്രം സ്വന്തമാക്കിയതെന്ന്്  ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വീറ്റ് ചെയ്തു. ഇതേ നിലയിൽ തന്നെ ആളെ കൂട്ടാൻ ആകുകയാണെങ്കിൽ കാന്താര ഹിന്ദി ബോക്സ് ഓഫീസിൽ നിന്ന് മാത്രം 100 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് കണക്ക്. സമീപകാലത്ത് റിലീസ് ചെയ്ത് ബോളിവുഡ് ഉൾപ്പെടെയുള്ള സിനിമ മേഖലകളിൽ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് കാന്താര. കന്നഡയിൽ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും ബോക്‌സ് ഓഫീസിൽ തരംഗം തീർക്കുകയാണ്. നിരവധി പ്രമുഖരാണ് കാന്താരയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇതിനടക്ക് നടി മഞ്ജു പത്രോസ് ചിത്രത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. 
രണ്ട് ദിവസം മുമ്പാണ് കാന്താര കണ്ടതെന്നും സിനിമ വളരെയധികം ഇഷ്ടപ്പെട്ടുവെന്നും നടി പറഞ്ഞു. എന്നാൽ ചിത്രത്തിൽ വിഷമം തോന്നിയ ഒരു രംഗത്തെക്കുറിച്ചും കൂടി നടി കുറിച്ചു. ചിത്രത്തിൽ ഒരു കഥാപാത്രം ബോഡിഷേമിംഗിന് വിധേയമാകുന്നുണ്ടെന്നാണ് മഞ്ജു ചൂണ്ടിക്കാട്ടുന്നത്. 
മഞ്ജുവിന്റെ വാക്കുകൾ- കാന്താര.. രണ്ടു ദിവസം മുൻപ് പോയി ഞാനും എന്റെ കൂട്ടുകാരിയും കൂടി സിനിമ കണ്ടു.. ഓരോ ആർട്ടിസ്റ്റുകളും അവരവരുടെ വേഷം ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.  ഇത്രയും മനോഹരമായ ഒരു സിനിമയിൽ എനിക്ക് വളരെ വിഷമം തോന്നിപ്പിച്ച ഒരു ഭാഗം ഉണ്ടായി. ഇതിനെക്കുറിച്ച് എഴുതണമോ എന്ന് പലവട്ടം ആലോചിച്ചതാണ്. 
പക്ഷേ എഴുതാതെ വയ്യ. സിനിമയുടെ ആദ്യഭാഗത്ത് ഒരു ഉത്സവം നടക്കുന്നു. ദീപക് റായ് അവതരിപ്പിച്ച സുന്ദര എന്ന കഥാപാത്രം അദ്ദേഹത്തിന്റെ സുഹൃത്തുമായി ഉത്സവപ്പറമ്പിലൂടെ നടക്കുന്നു. സുഹൃത്ത് സുന്ദരയോട് പറയുന്നു, വൈകുന്നേരം നിന്റെ ഭാര്യയെ കൂട്ടി വരൂ, നമുക്ക് അടിച്ചുപൊളിക്കാം എന്ന്.  അദ്ദേഹത്തിന്റെ മുഖത്ത് അപ്പോൾ അൽപം  ഈർഷ്യ പടരുന്നു. എന്നിട്ട് അദ്ദേഹത്തിന്റെ ഭാര്യയെ നോക്കുന്നു. അവർ മറ്റൊരു വശത്തുനിന്ന് അദ്ദേഹത്തെ വളരെ നിഷ്‌കളങ്കമായി ചിരിച്ചു കാണിക്കുന്നു. അവരുടെ അൽപം ഉന്തിയ പല്ലുകൾ സിനിമയിൽ അവിടെ കെട്ടിയിരിക്കുന്ന പോത്തിന്റെ പല്ലുകളോട് ഉപമിച്ച് കാണിക്കുന്നു. ഇത് കണ്ടതും കാണികൾ തിയേറ്ററിൽ പൊട്ടിച്ചിരിക്കുന്നു. എനിക്ക് മനസ്സിലാകാത്തത് എന്ത് തമാശയാണ് ഈ ഭാഗം കൺവേ ചെയ്യുന്നതെന്നാണ്.  ഇത്രയും മനോഹരമായ സിനിമയിൽ ഈ ബോഡി ഷേമിംഗ് കൊണ്ട് എന്ത് ഇൻപുട്ട് ആണ് ആ സിനിമക്ക് കിട്ടിയത്. അത് അപക്വമായ ഒരു തീരുമാനമായിപ്പോയി.
ഇത്രയും മനോഹരമായ ഒരു സിനിമയിൽ അതൊരു ചെറിയ ഭാഗമല്ലേ അതിത്രമാത്രം പറയാനുണ്ടോ എന്ന് നിങ്ങളിൽ പലരും ചോദിക്കും. ശരിയാണ്. അതൊരു ചെറിയ ഭാഗമാണ് പക്ഷേ അതൊരു ചെറിയ സംഗതിയല്ല. ഇനിയെങ്കിലും, ഈ നൂറ്റാണ്ടിലെങ്കിലും ഞാനും നിങ്ങളും അത് എഴുതിയവരും അത് കണ്ട് ചിരിച്ചവരും മനസ്സിലാക്കണം, ശരീരം ഒരു തമാശയല്ല, അത് ഒരു വ്യക്തിയുടെ സ്വന്തമാണ്. അതിൽ നോക്കി ചിരിക്കാൻ അതിനെ കളിയാക്കാൻ നമുക്ക് ആർക്കും അവകാശമില്ല.  ഒരു വ്യക്തിയുടെ ആത്മവിശ്വാസം തല്ലിക്കൊടുത്താൻ നമുക്ക് ആർക്കും അവകാശമില്ല. 
*** *** ***
നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപണമുന്നയിച്ച് ബി.ജെ.പി മുൻ വക്താവ് സന്ദീപ് വാര്യർ. നിമിഷ സജയൻ 1.14 കോടിയുടെ വരുമാനം ഒളിപ്പിച്ചു വെച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയെന്ന് സന്ദീപ് വാര്യർ ആരോപിച്ചു.  20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതായും സന്ദീപ് വാര്യർ ഫേസ് ബുക്കിൽ കുറിച്ചു. 'സംസ്ഥാന ജിഎസ്ടി വകുപ്പാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. നിമിഷയുടെ അമ്മ കുറ്റം സമ്മതിച്ചിട്ടുമുണ്ട്. ഇനി രാഷ്ട്രീയ പകപോക്കലാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. നിമിഷയടക്കമുള്ളവർ വലിയ രാഷ്ട്രീയ പ്രസ്താവന നടത്തുന്ന ആളുകളാണ്'. വലിയ വായിൽ പ്രസ്താവനകൾ നടത്തുന്നവർ രാജ്യത്തെ തന്നെ കബളിപ്പിക്കുകയാണെന്നും രേഖകൾ സഹിതമാണ് താൻ ആരോപണം ഉന്നയിക്കുന്നതെന്നും സന്ദീപ്  പറഞ്ഞു. സന്ദീപ്ജിയെ പോലുള്ളവർ ഇത്രയും വിജിലന്റായത് ഈ നാടിന്റെ ഐശ്വര്യം. ഈ യുവതാരത്തെ  വിവിധ വിഷയങ്ങളിൽ നിലപാടുകളുടെ പേരിൽ  മലയാളി സമൂഹം ശ്രദ്ധിച്ചതാണ്. എല്ലാവർക്കും ഇഷ്ടവുമായിരുന്നു. മേക്ക് ഓവർ പരീക്ഷണങ്ങളൊഴിച്ച് എല്ലാം. 
*** *** ***
ഒമ്പത് മാസം മുമ്പ് ഒരു നാൾ മോസ്‌കോ അങ്ങാടിയിൽ നേരം വെളുത്തപ്പോൾ പുട്ടേട്ടൻ കട്ടനും കുടിച്ച് കോലായിൽ ഉലാത്തുകയായിരുന്നു. അപ്പോഴൊരു തോന്നൽ. കുറെ മനുഷ്യർ സ്വസ്ഥമായി കഴിയുന്ന ഉക്രൈനെന്നൊരു കൊച്ചു രാജ്യമുണ്ടല്ലോ അയലത്ത്. അവിടത്തെ സെലൻസ്‌കി അവർകൾക്കാണെങ്കിൽ മുതലാളിത്ത സാമ്രാജ്യത്വ ശക്തികളോട് കുറച്ചു മുഹബത്ത് കൂടിയിട്ടുണ്ട്. ഒന്നുമാലോചിച്ചില്ല. പട്ടാള മൂപ്പനോട് കൽപിച്ചു-ബെക്കെടാ ബെടി... ഫെബ്രുവരി 24 നായിരുന്നു ഇത്.  അധിനിവേശത്തിനിടെ ലക്ഷത്തിനടുത്ത് റഷ്യൻ സൈനികർക്ക് ജീവൻ നഷ്ടമാവുകയോ പരിക്കേൽക്കുകയോ ചെയ്തിരിക്കാമെന്ന് യു.എസ് മീഡിയ. ഉക്രൈന്റെ ഭാഗത്തും 1,00,000 സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിരിക്കാമെന്നും യു.എസ് ജോയന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിലുണ്ട്. 40,000 സാധാരണക്കാർ സംഘർഷത്തിനിടെ കൊല്ലപ്പെട്ടിരിക്കാമെന്നും മില്ലി ചൂണ്ടിക്കാട്ടി.  ഈ കണക്കുകൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടവയല്ല. എങ്കിലും ഇതാദ്യമായാണ് ഉെക്രെൻ അധിനിവേശത്തിനിടെയുണ്ടായ ആൾനാശം സംബന്ധിച്ച് ഒരു പാശ്ചാത്യ രാജ്യം ഇത്രയും ഉയർന്ന ആളപായ നിരക്ക് കണക്കുകൂട്ടുന്നത്. 
സെപ്തംബറിലാണ് റഷ്യ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അവസാനമായി പുറത്തുവിട്ടത്. 5937 സൈനികർ ഫെബ്രുവരി മുതൽ കൊല്ലപ്പെട്ടെന്നാണ് റഷ്യ അവകാശപ്പെട്ടത്. കൂടുതൽ പേർ മരിച്ചെന്ന റിപ്പോർട്ട് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗു തള്ളിയിരുന്നു. ലോക സമാധാനം പണ്ടാരടങ്ങട്ടെ, നമ്മുടെ അതിരില്ലാത്ത ആഗ്രഹങ്ങൾ നീണാൾ വാഴട്ടെ.

Latest News