എക്കാലത്തെയും മികച്ച മിഡ്‌ഫീല്‍ഡര്‍മാരിലൊരാളാണ് ഷാവി ഹെര്‍ണാണ്ടസ്. ഒരു ഏറുമാടത്തിനു മുകളില്‍ നിന്ന് നോക്കുന്നതുപോലെ ഗ്രൗണ്ടിന്റെ ഓരോ ദിക്കിനെക്കുറിച്ചും കൃത്യമായ ബോധ്യമുണ്ട് ഷാവിക്ക്. സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെയും കുതിപ്പില്‍ ഷാവിയോളം നിര്‍ണായക പങ്കുവഹിച്ചവര്‍ വേറെയുണ്ടാവില്ല.
സ്‌പെയിന്‍ ഒരേയൊരിക്കല്‍ ചാമ്പ്യന്മാരായ 2010 ലെ ലോകകപ്പില്‍ ഷാവി മൊത്തം ഓടിയത് 80 കിലോമീറ്ററായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ജര്‍മനിയുടെ ബാസ്റ്റ്യന്‍ ഷ്വയ്‌ന്‍സ്റ്റീഗറെക്കാള്‍ 400 മീറ്റര്‍ കൂടുതല്‍. 75 കിലോമീറ്ററെങ്കിലും ഓടിയ രണ്ടു പേര്‍ കൂടിയേയുള്ളൂ -ഉറുഗ്വായ്‌യുടെ മാക്‌സി പെരേരയും ജര്‍മനിയുടെ സാമി ഖദീറയും.
ഷാവിയെ പോലെ സ്‌പെയിനിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മറ്റൊരു കളിക്കാരനാണ് ഡാവിഡ് വിയ. സ്‌പെയിന്‍ നേടിയ ഗോളുകളില്‍ 75 ശതമാനത്തിലും വിയക്ക് പങ്കുണ്ടായിരുന്നു, ഗോളടിക്കുകയോ അസിസ്റ്റ് ചെയ്യുകയോ ചെയ്‌ത്. 1962 മുതലുള്ള ലോകകപ്പുകളില്‍ ഇത് റെക്കോര്‍ഡാണ്. 1986 ലെ ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയത്തില്‍ ഡിയേഗൊ മറഡോണ നല്‍കിയ സംഭാവനയെക്കാള്‍ വലുതാണ് ഇതെന്നാണ് കണക്ക്. അര്‍ജന്റീനയുടെ ഗോളുകളില്‍ 71 ശതമാനത്തിലാണ് മറഡോണക്ക് പങ്ക്. ബ്രസീല്‍ കിരീടം നേടിയ
1994 ലെ ലോകകപ്പില്‍ അവരുടെ ഗോളുകളില്‍ 64 ശതമാനത്തിലും റൊമാരിയോക്ക് പങ്കുണ്ടായിരുന്നു. 1982 ല്‍ ഇറ്റലിയുടെ പൗളൊ റോസി (58 ശതമാനം), 1970 ല്‍ ബ്രസീലിന്റെ പെലെ (53 ശതമാനം) എന്നിവരാണ് ടീമിന്റെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ച മറ്റു കളിക്കാര്‍.
ഇതിനെക്കാള്‍ കൗതുകം പകരുന്ന കണക്കാണ് 2014 ലേത്. ജര്‍മനി ജയിച്ച ഈ ലോകകപ്പില്‍ ഏറ്റവുമധികം പാസ് ചെയ്‌ത കളിക്കാരന്‍ ഒരു ഗോളിയാണ്, ജര്‍മനിയുടെ മാന്വേല്‍ നോയര്‍. മൊത്തം 244 പാസുകള്‍. ലിയണല്‍ മെസ്സിക്കു (അര്‍ജന്റീന) പോലും 242 പാസുകളേ സാധ്യമായിട്ടുള്ളൂ. വെസ്‌ലി ഷ്‌നൈഡര്‍ (നെതര്‍ലാന്റ്‌സ്, 242), തോമസ് മുള്ളര്‍ (ജര്‍മനി, 221), ആര്യന്‍ റോബന്‍ (നെതര്‍ലാന്റ്‌സ്, 201), പോള്‍ പോഗ്‌ബ (ഫ്രാന്‍സ്, 197) എന്നീ മുന്‍നിര കളിക്കാരെയെല്ലാം നോയര്‍ പിന്നിലാക്കി. ഏതാണ്ടൊരു ഡിഫന്ററെ പോലെ കളിച്ച നോയര്‍ മൊത്തം ഓടിയത് 84 കിലോമീറ്ററായിരുന്നു.