ലിമ - മുപ്പത്താറ് വർഷത്തിനു ശേഷം ലോകകപ്പിൽ തിരിച്ചെത്തുന്ന പെറു ഉദ്വേഗത്തിന്റെ മുൾമുനയിൽ. ഉത്തേജക മരുന്നടിച്ചെന്ന ആരോപണം നേരിടുന്ന ക്യാപ്റ്റൻ പൗളൊ ഗുരേരോക്ക് കളിക്കാനാവുമോ ഇല്ലയോ എന്ന കാര്യത്തിൽ രാജ്യാന്തര സ്‌പോർട്‌സ് കോടതിയുടെ തീരുമാനം അടുത്ത ദിവസങ്ങളിൽ ഉണ്ടായേക്കും. ഗുരേരോയെ വിലക്കുകയാണെങ്കിൽ പെറുവിൽ കലാപത്തിന് വരെ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പെറുവിനു വേണ്ടി ഏറ്റവുമധികം ഗോളടിച്ച കളിക്കാരൻ കൂടിയാണ് മുപ്പത്തിനാലുകാരൻ.
പെറുവിൽ നിന്ന് ഏറെ ദൂരെയുള്ള സ്വിറ്റ്‌സർലന്റിലെ ലൊസേനിലാണ് ഗുരേരോയുടെ കേസ് നടക്കുന്നത്. വ്യാഴാഴ്ച രാത്രി ഗുരേരൊ തന്റെ വാദം അവതരിപ്പിക്കാൻ ഹാജരായി. കൗതുകകരമാണ് ഗുരേരോയുടെ കേസ്. ചായക്കോപ്പയിൽ നിന്ന് ശരീരത്തിലെത്തിയ കൊക്കയ്‌നാണ് വില്ലൻ. കായികക്ഷമത മെച്ചപ്പെടുത്താൻ വേണ്ടിയല്ല പെറു നായകൻ മരുന്നടിച്ചതെന്ന് ലോക ഉത്തേജക നിർമാർജന ഏജൻസി (വാഡ) തന്നെ സമ്മതിക്കുന്നുണ്ട്. എന്നാൽ നിയമത്തിൽ വിട്ടുവീഴ്ച പാടില്ലെന്നാണ് അവരുടെ നിലപാട്. ഫിഫ ആദ്യം ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി. ഇതിനെതിരെ ഗുരേരൊ അപ്പീൽ പോയി. ഗുരേരൊ കൊക്കെയ്ൻ ഉപയോഗിച്ചതല്ലെന്നും കൊക്കെയ്ൻ ഇലകളുണ്ടായിരുന്ന കോപ്പയിൽ ചായ കുടിച്ചതാണെന്നും അഭിഭാഷകർ വാദിച്ചു. വിലക്ക് ആറു മാസമായി കുറച്ചു. ഗുരേരോക്ക് ലോകകപ്പിൽ കളിക്കാമെന്നായി. വിലക്ക് കുറച്ചതിനെതിരെയാണ് വാഡ രാജ്യാന്തര സ്‌പോർട്‌സ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ലഹരി മരുന്നുകൾ തുടക്കത്തിൽ വാഡയുടെ പദ്ധതിയിലുണ്ടായിരുന്നില്ല. എന്നാൽ ലഹരി മരുന്നുപയോഗത്തിനെതിരെ പട നയിക്കുന്ന അമേരിക്കയുടെ സമ്മർദ്ദപ്രകാരമാണ് വാഡ അതിനെതിരെ കൂടി യുദ്ധം പ്രഖ്യാപിച്ചത്.