സാനിയയും ഷുഹൈബും വിവാഹബന്ധം വേർപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ

ഇസ്‌ലാമാബാദ് - താരദമ്പതികളായ സാനിയ മിർസയും ഷുഹൈബ് മാലികും വിവാഹ മോചനം നടത്തിയതായി വെളിപ്പെടുത്തൽ. ഇരുവരും തമ്മിൽ അത്ര സുഖത്തിലല്ലെന്നും കുറച്ചുകാലമായി വേർപ്പിരിഞ്ഞാണ് താമസിക്കുന്നതെന്നുമുള്ള റിപ്പോർട്ടുകൾക്കിടെ ഷുഹൈബ് മാലികിന്റെ മാനേജ്‌മെന്റ് ടീമിൽ അംഗമായ വ്യക്തിയാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
 ഇരുവരും വിവാഹ മോചനം നടത്തിയെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഒരു സ്‌പോർട്‌സ് ചാനലിനോടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. കുറച്ചുകാലമായി ഇവർ വേർപ്പിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും ഇപ്പോൾ ഔദ്യോഗികമായി വിവാഹ മോചനം നടത്തി എന്നുമാണ് അദ്ദേഹം പറയുന്നത്. 
 എന്നാൽ, സാനിയയോ ഷുഹൈബ് മാലികോ ഇക്കാര്യം പരസ്യമാക്കിയിട്ടില്ല. അതേസമയം, സാനിയ മിർസ സോഷ്യൽ മീഡിയയിൽ ഇതിലേക്ക് സൂചന നൽകുന്ന, സങ്കടം കലർത്തിയുള്ള പ്രതികരണങ്ങൾ കഴിഞ്ഞ കുറച്ചുദിവസമായി പങ്കുവെച്ചിരുന്നു. ഷുഹൈബ് മാലിക് ടെലിവിഷൻ ഷോയ്ക്കിടെ പറഞ്ഞ കാര്യങ്ങളാണ് ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ കാരണം എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഷുഹൈബ് തന്നെ ചതിച്ചു എന്നാണ് സാനിയ കരുതുന്നത്. പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ പങ്കെടുന്ന ടെലിവിഷൻ ഷോയിൽ ഷുഹൈബ് മാലികിനോട് സാനിയയെ കുറിച്ചുള്ള ചില ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതേ കുറിച്ചൊന്നും തനിക്ക് അറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താങ്കളുടെ ഭാര്യയെ കുറിച്ചാണ് ചോദിക്കുന്നതെന്ന് അത്ഭുതം പ്രകടിപ്പിച്ച് വഖാർ യൂനുസ് ഷോയിൽ പ്രതികരിക്കുകയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ടും മറ്റും ഇരുവരും തമ്മിൽ കടുത്ത ഭിന്നതയുണ്ടായതായും പറയുന്നു.
 തകർന്ന ഹൃദയം എവിടെ പോകും, അല്ലാഹുവി(ദൈവത്തെ)നെ കണ്ടെത്താൻ ശ്രമിക്കുമെന്ന് ഈയിടെ സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് അവർ അനുഭവിക്കുന്ന മാനസിക സംഘർഷമാണെന്ന് വ്യാപകമായ തോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അടുത്തിടെ മകൻ ഇഷാന്റെ നാലാം ജന്മദിനമായിരുന്നു. സാനിയയും ഷുഹൈബും ചേർന്ന് ദുബൈയിലെ വീട്ടിലാണ് ആഘോഷം നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ ഷുഹൈബ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ സാനിയ ഷുഹൈബുമൊത്തുള്ള ഒരു ഫോട്ടോ പോലും പങ്കുവച്ചില്ല. ദിവസങ്ങൾക്കുശേഷം മകനൊപ്പമുള്ള മറ്റൊരു ഫോട്ടോയാണ് സാനിയ പങ്കുവച്ചത്. 2010 ഏപ്രിലിലാണ് ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം സാനിയയും പാക് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷുഹൈബ് മാലിക്കും തമ്മിൽ വിവാഹിതരായത്.

Latest News