കുവൈത്ത് സിറ്റി- വര്‍ക് പെര്‍മിറ്റിനായി ഇനി തൊഴില്‍ വൈദഗ്ധ്യവും അറിവും പരിശോധിക്കുന്ന പരീക്ഷ നിര്‍ബന്ധം. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറാണ് ഈ വിവരം അറിയിച്ചത്. എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും അടങ്ങുന്ന രണ്ടു ഘട്ടങ്ങളുണ്ടാവും.
എഴുത്തു പരീക്ഷ അതതു രാജ്യങ്ങളിലെ കുവൈത്ത് എംബസി മുഖേനയും പ്രായോഗിക പരീക്ഷ കുവൈത്തില്‍ എത്തിയതിനു ശേഷവുമാകും നടത്തുക. ഇതിനായി പ്രത്യേക സ്മാര്‍ട് സംവിധാനം ഒരുക്കും. പരീക്ഷണാര്‍ഥം ആദ്യഘട്ടത്തില്‍ 20 തൊഴില്‍ വിഭാഗങ്ങളില്‍ നിയമം നടപ്പാക്കും. തുടര്‍ന്ന് മറ്റു തസ്തികകളിലേക്കും വ്യാപിപ്പിക്കും.
പുതിയ വര്‍ക്ക് പെര്‍മിറ്റിനായുള്ള ഈ നിയമം ഭാവിയില്‍ വിസ പുതുക്കുന്നവര്‍ക്കും ബാധകമായേക്കും. രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കുന്നതിനുമാണു നിയമം കര്‍ശനമാക്കുന്നത്.
വൈദഗ്ധ്യ പരിശോധനയില്‍ പരാജയപ്പെടുന്നവര്‍ക്കു രാജ്യം വിടാന്‍ മതിയായ സാവകാശം നല്‍കും. നിയമം കര്‍ശനമാക്കിയാല്‍ മതിയായ യോഗ്യതയില്ലാതെ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ വിദേശികള്‍ക്ക് രാജ്യം വിടേണ്ടിവരുമെന്ന ആശങ്കയുണ്ട്.