ബ്രസീലിയ - ലോകം കാത്തിരിക്കുന്ന ഖത്തർ ലോകകപ്പ് ഫുട്ബാളിൽ ബ്രസീലിന്റെ പ്രധാന എതിരാളികളെക്കുറിച്ച് മനസ്സ് തുറന്ന് സൂപ്പർ താരം നെയ്മർ. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്, ലയണൽ മെസിയുടെ അർജന്റീന, മുൻ ചാമ്പ്യന്മാരായ ജർമ്മനി, ഇംഗ്ലണ്ട്, കെവിൻ ഡിബ്രൂയിന്റെ ബെൽജിയം എന്നി ടീമുകളാണ് കിരീടപ്പോരിൽ തങ്ങൾക്ക് വെല്ലുവിളി ഉയർത്തുകയെന്നാണ് നെയ്മർ കരുതുന്നത്.
ആറാം കിരീടം ലക്ഷ്യമിട്ട് ഖത്തറിലെത്തുന്ന ബ്രസീലിന്റെ ആദ്യ മത്സരം ഈമാസം 24ന് സെർബിയക്ക് എതിരെയാണ്. 2018ലെ റഷ്യൻ ലോകകപ്പിൽ ബെൽജിയമാണ് ക്വാർട്ടർ ഫൈനലിൽ ബ്രസീലിന്റെ വഴിമുടക്കിയത്. ഇത്തവണയും അവർ നിസ്സാരക്കാരല്ലെന്നും കരുതി വേണം കളിയെന്നും നെയ്മർ പറയുന്നു.
ഫിഫ റാങ്കിലെ ഒന്നാം സ്ഥാനം, യോഗ്യതാ റൗണ്ടുകളിലെ പരാജയമറിയാത്ത കുതിപ്പ്, മികച്ച ഫോമിലുള്ള നെയ്മർ ജൂനിയർ അടക്കമുള്ള താരസമ്പന്നമായ യുവനിര തുടങ്ങിയവയാൽ കിരീടസാധ്യതയിൽ വലിയ പ്രതീക്ഷയാണ് ബ്രസീലിനുള്ളത്. ഏഷ്യ ആദ്യമായി വേദിയായ 2002ലെ ലോകകപ്പിലാണ് ബ്രസീൽ അവസാനമായി കിരീടം ചൂടിയത്. രണ്ടുപതിറ്റാണ്ടിനിപ്പുറം ഏഷ്യ മറ്റൊരു ലോകകപ്പിന് വേദിയാവുമ്പോൾ കിരീടമുയർത്താമെന്ന പ്രതീക്ഷയിലാണ് നെയ്മറും ബ്രസീൽ സംഘവും ആരാധകരും. സെർബിയ, കാമറൂൺ, സ്വിറ്റ്‌സർലൻഡ് എന്നി രാജ്യങ്ങൾ ഉൾപ്പെടുന്ന ജി ഗ്രൂപ്പിലാണ് ബ്രസീൽ.






