ദുബായ് - സ്വന്തം മകളെ കബളിപ്പിച്ച കേസില്‍ കുറ്റക്കാരനായ പ്രതി മകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് യു.എ.ഇ കോടതി വിധിച്ചു. പ്രതി മകള്‍ക്ക് 33 ലക്ഷം ദിര്‍ഹമും (8,98,000 ഡോളര്‍) നഷ്ടപരിഹാരമായി 50,000 ദിര്‍ഹമും (13,000 ഡോളര്‍) നല്‍കണമെന്നാണ് കോടതി വിധി. മകള്‍ക്കു വേണ്ടി സ്ഥലം വാങ്ങിയ പിതാവ് പതിനാറു വര്‍ഷം ഇത് സ്വന്തം സാമ്പത്തിക നേട്ടത്തിനു വേണ്ടി മുതലെടുക്കുകയും പിന്നീട് മകള്‍ അറിയാതെ വില്‍പന നടത്തി പണം കൈക്കലാക്കുകയായിരുന്നു.
വസ്തു ഇടപാടിലേക്ക് മകളില്‍ നിന്ന് എട്ടു ലക്ഷം ദിര്‍ഹം പിതാവ് കൈപ്പറ്റിയിരുന്നു. എന്നാല്‍ പതിനാറു വര്‍ഷം ഈ വസ്തു പിതാവ് സ്വന്തം നേട്ടത്തിനു വേണ്ടി മുതലെടുക്കുകയും പിന്നീട് മകള്‍ അറിയാതെ സ്ഥലം വിറ്റ് പണം കൈക്കലാക്കുകയുമായിരുന്നു.
തന്റെയും ഭര്‍ത്താവിന്റെയും പണം സ്വരൂപിച്ചാണ് തന്റെ പേരില്‍ സ്ഥലം വാങ്ങാന്‍ പിതാവിന് എട്ടു ലക്ഷം ദിര്‍ഹം നല്‍കിയതെന്ന് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ മകള്‍ പറഞ്ഞു. സ്ഥലം തനിക്ക് കൈമാറാനും ഉടമസ്ഥാവകാശം തന്റെ പേരിലേക്ക് മാറ്റാനും പലതവണ ആവശ്യപ്പെട്ടെങ്കിലും പിതാവ് നിരാകരിക്കുകയായിരുന്നു. തന്നെ കബളിപ്പിച്ചത് പിതാവാണ് എന്ന വസ്തുത കണക്കിലെടുത്ത് ഇത്രയും കാലം താന്‍ ക്ഷമിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം താന്‍ അറിയാതെ ഈ സ്ഥലം 37 ലക്ഷത്തിലേറെ ദിര്‍ഹമിന് പിതാവ് വില്‍പന നടത്തി. തന്റെ പണം സ്വയം അനുഭവിക്കാനും നിക്ഷേപം നടത്തി പ്രയോജനപ്പെടുത്താനുമുള്ള അവസരം പിതാവ് തനിക്ക് നിഷേധിക്കുകയായിരുന്നു. ഇത് തനിക്ക് സാമ്പത്തികവും മാനസികവുമായ കഷ്ടനഷ്ടങ്ങളുണ്ടാക്കിയതായും മകള്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ കോടതി മകള്‍ക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു.