ഖത്തര്‍ ലോകകപ്പ് എക്കാലത്തെയും മികച്ചതായിരിക്കും-ഫിഫ മേധാവി

ദോഹ- നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫിഫയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ചതായിരിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ  ആവര്‍ത്തിച്ചു.ടൂര്‍ണമെന്റിന്റെ പ്രവേശനക്ഷമത സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ലോകകപ്പിനുള്ള എട്ട് സ്‌റ്റേഡിയങ്ങളും ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഭിന്ന ശേഷിക്കാര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും ബുദ്ധിമുട്ടുകള്‍ കൂടാതെ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാനും കളികാണാനും സൗകര്യപ്പെടുന്ന രീതിയിലാണ് സംവിധാനങ്ങള്‍. അതുകൊണ്ട് തന്നെ എക്കാലത്തേയും മികച്ച ടൂര്‍ണമെന്റാണ് ഖത്തറില്‍ നടക്കുക.

1930 മുതല്‍ ഫിഫ സംഘടിപ്പിക്കുന്ന ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ മൊബിലിറ്റിയുടെ കാര്യത്തില്‍  ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഏറ്റവും സൗകര്യപ്രദമായിരിക്കും, ''അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരായ ഫുട്‌ബോേള്‍ ആരാധകര്‍ക്ക് സേവനം ചെയ്യുന്നതിനായി  6,500 ലധികം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.

എല്ലാ മത്സരങ്ങളിലും അറബിയില്‍ ഓഡിയോ വിവരണാത്മക കമന്ററിയുടെ ലഭ്യത ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഭിന്നശേഷിക്കാരായ ഫുട്‌ബോള്‍ ആരാധകര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കും.  മൂന്ന് സ്‌റ്റേഡിയങ്ങള്‍ ആരാധകര്‍ക്കായി സെന്‍സറി ആക്‌സസ് ആവശ്യകതകളുള്ള സെന്‍സറി റൂമുകള്‍ ഹോസ്റ്റുചെയ്യും. അതുപോലെ തന്നെ എല്ലാ മത്സര വേദികളും ആക്‌സസ് ചെയ്യാവുന്ന പാര്‍ക്കിംഗ്, സീറ്റിംഗ്, ബാത്ത്‌റൂം, കണ്‍സഷന്‍ സ്റ്റാന്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെ കൃത്യമായ പ്രവേശനക്ഷമത നിലവാരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

 

 

Latest News