Sorry, you need to enable JavaScript to visit this website.

മനുഷ്യരെ ബൂട്ടിട്ട് ചവിട്ടുന്ന നരാധമന്മാർ

ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ട്രെയിനുകളിൽ ഏറ്റവും എളുപ്പം ബെർത്ത് റിസർവേഷൻ ലഭ്യമാവുന്ന ട്രെയിനാണ് ചെന്നൈ എഗ്്മൂർ-മംഗളുരു എകസ്പ്രസ്. എഗ്്്മൂറിൽ നിന്ന് അസമയത്ത് പുറപ്പെട്ട് ആർക്കും താൽപര്യമില്ലാത്ത നേരത്താണ് ഇത് തമിഴ്‌നാട്ടിലെ നഗരങ്ങളിലെത്തുന്നത്. കേരളത്തിലുമതെ. കോഴിക്കോട്ട് ഉച്ച തിരിഞ്ഞ് മൂന്നിനോടടുത്ത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഈ ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ എ.സി കോച്ചിന് തൊട്ടു പിന്നിലുള്ള സ്ലീപ്പർ കംപാർട്ടുമെന്റിൽ കയറി. അര മണിക്കൂർ കൊണ്ട് വടകരയിലെത്തുമെന്നതാണ് ഗുണം. 3.20ന് വടകരയിലെ രണ്ടാം പ്ലാറ്റുഫോറത്തിൽ വണ്ടി നിന്നു. ഓഫീസുകളും റെയിൽവേ പ്രൊട്ടക്്ഷൻ ഫോഴ്‌സിന്റെ പോസ്റ്റും ബുക്കിംഗ് കൗണ്ടറും ആൾപെരുമാറ്റവുമെല്ലാം ഒന്നാം പ്ലാറ്റുഫോറത്തിലാണുണ്ടാവുക. ഒന്നോ രണ്ടോ ആക്്‌സിലറി ടീ സ്റ്റാളുകളും കയറാനുള്ള വിരലിലെണ്ണാവുന്ന യാത്രക്കാരും മാത്രമാണ് രണ്ടിലുണ്ടാവുക. സിസിടിവി പോലുമില്ല. വടകരയിൽ രണ്ടു മിനുറ്റ് നേരമാണ് ഈ ട്രെയിൻ നിർത്തുക. സ്‌റ്റേഷനിൽ നിർത്തിയപ്പോൾ തൊട്ടു പിന്നിലെ ബോഗിയിൽ ഭയങ്കര ബഹളം. എഴുപതിലേറെ പ്രായം തോന്നിക്കുന്ന ഒരാൾ പ്ലാറ്റുഫോമിൽ നിന്ന് ഹിന്ദിയിൽ തെറിവാക്കുകൾ വിളിച്ചു പറയുന്നു. ഇംഗ്ലിഷിലെ വിവരണങ്ങളുമുണ്ട്. ഇദ്ദേഹം ഇറങ്ങിയ കംപാർട്ടുമെന്റിന്റെ വാതിൽക്കൽ വഴി മുടക്കിനിന്ന യുവാക്കളോടാണ് രോഷ പ്രകടനം. അഛനമ്മമാർ മക്കളെ നല്ല നിലയ്ക്ക് വളർത്താത്തതിനാലാണ് പെരുമാറ്റം മോശമാവുന്നതെന്നൊക്കെയാണ് പറയുന്നത്. മലയാളവും തമിഴും മൂപ്പർക്ക് അറിയില്ലെന്ന് വേണം കരുതാൻ. കണ്ടിട്ടൊരു വിരമിച്ച കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനെ പോലുണ്ട്. വഴി മുടക്കിയ ചെറുപ്പക്കാർ വാതിൽപ്പടിയിൽ തന്നെ നിൽക്കുന്നു.  
ബിസിനസ് ആവശ്യാർഥം കോയമ്പത്തൂരിൽ നിന്ന് തിരിച്ചു വരുന്നവരോ, അവധിക്കാലം ആഘോഷിക്കാൻ വെറുതെ കറങ്ങാൻ പോയി തിരികെ വരുന്നവരോ ആകാം.  ഇളിച്ചു നിൽക്കുന്ന യുവാക്കളിലൊരാൾ ട്രെയിൻ പോകാറായെന്ന് ഉറപ്പു വരുത്തി പ്ലാറ്റുഫോമിലേക്ക് ഇറങ്ങി വന്ന് വൃദ്ധനെ ക്രൂരമായി ബൂട്ട് കൊണ്ട് ചവുട്ടി അപമാനിച്ചു. മിക്കവാറും ആ യുവാവിന്റെ വല്യഛനാവാനുള്ള പ്രായം കാണും മർദനമേറ്റ മനുഷ്യന്. തിരിച്ചു പ്രതികരണമുണ്ടാവുമെന്നുറപ്പുള്ളതിനാൽ വളരെ പെട്ടെന്ന് യുവാക്കൾ കംപാർട്ടുമെന്റിന്റെ ഡോർ ലോക്ക് ചെയ്തു കളഞ്ഞു. എന്നിട്ടും ആത്മാഭിമാനത്തിന് മുറിവേറ്റ അയാൾ സ്വന്തം ലഗേജ് പ്ലാറ്റുഫോമിലുപേക്ഷിച്ച് ട്രെയിനിൽ ഓടിക്കയറാൻ ഒരു ശ്രമം നടത്തിനോക്കി. അതിവേഗം അകലുന്ന ട്രെയിൻ നോക്കി സങ്കടപ്പെടാനേ സാധുവിന് സാധിച്ചുള്ളു. ജീവിത സായാഹ്നത്തിൽ ഒരു കാര്യവുമില്ലാതെ അപമാനിത നാവേണ്ടി ആ പാവത്തിനോട് എല്ലാ മലയാളികൾക്കും വേണ്ടി നമുക്ക് മാപ്പ് പറയാം. നേരിട്ടു കണ്ട ഈ സംഭവം ഒരു വിങ്ങലായി മനസ്സിൽ അവശേഷിക്കവേയാണ് വെള്ളിയാഴ്ച കാലത്ത് മലയാളം ന്യൂസ് ചാനലുകളിൽ തലശ്ശേരിയിലെ ചെറുപ്പക്കാരന്റെ പ്രകടനം കാണുന്നത്. 
മുന്തിയ കാറിലെത്തിയ വിദ്വാൻ കാറിൽ ചാരി നിന്നതിനാണ് പിഞ്ചുബാലനെ ക്രൂരമായി മർദിച്ചത്. രാജസ്ഥാനിൽനിന്ന് ജീവിതമാർഗം തേടിയെത്തിയ കുടുംബത്തിലെ ആറു വയസുകാരനെയാണ്  ചവിട്ടി തെറിപ്പിച്ചത്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാർ ഇയാളെ ചോദ്യം ചെയ്തു. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. എന്നാൽ, പോലീസ് ഇയാൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇയാളെ വിട്ടയച്ച പോലീസ്, രാവിലെ എട്ടിന് ഹാജരായാൽ മതിയെന്ന് നിർദേശിച്ചു. വിദ്യാർഥി സംഘടന നേതാവും കണ്ണൂർ സർവകലാശാല മുൻ യൂനിയൻ ചെയർമാനുമായ അഡ്വ. ഹസ്സന്റെ സമയോചിത ഇടപെടലാണ് രാജസ്ഥാൻ കുടുംബത്തിന് ആശ്വാസം പകർന്നത്.   സമീപത്തെ പാരലൽ കോളേജിന്റെ സിസിടിവിയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. തലശേരിക്കടുത്ത പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശെഹ്ഷാദാണ് ക്രൂരകൃത്യം ചെയ്തത്. എന്നാൽ, സി.സി.ടി.വി ദൃശ്യങ്ങൾ വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസെടുക്കാനോ ആരോപണ വിധേയനായ ആളെ ചോദ്യം ചെയ്യാനോ പോലീസ് ആദ്യം തയ്യാറായിട്ടില്ല. കേരളമാകെ പ്രതികരിക്കാൻ തുടങ്ങിയപ്പോഴാണ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.  വിവാഹത്തിന് വസ്ത്രമെടുക്കാനാണ് ഇവർ തലശേരി നഗരത്തിൽ എത്തിയത്. നമ്മുടെ യുവാക്കൾക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. മലബാറിന്റെ പല ഭാഗങ്ങളിലും നിത്യേന പിടികൂടുന്ന കോടികൾ വില വരുന്ന എൽ.എം.എസ്.ഡി ഉപഭോഗം വർധിച്ചതാവുമോ ഇതിനൊക്കെ വഴിയൊരുക്കുന്നത്?  വടകരയിലേതും വധശ്രമം വരെ വകുപ്പുകൾ ഉൾപ്പെടുത്താവുന്ന കേസാണല്ലോ. 

                               ****              ****              ****

മീഡിയവൺ ചാനലിനെതിരെ മുദ്രവെച്ച കവറിൽ ഹാജരാക്കിയ ഫയലിലെ ആരോപണങ്ങൾ അവ്യക്തമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.  മുദ്രവെച്ച കവറിലെ പ്രസക്തമായ നാല് പേജുകൾ പരിശോധിച്ച ശേഷമാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. എന്നാൽ, ചാനലിന്റെ ലൈസൻസ് പുതുക്കുന്ന സമയത്ത് സുരക്ഷാ അനുമതി ആവശ്യമാണെന്ന കേന്ദ്ര സർക്കാർ വാദത്തോട് സുപ്രീം കോടതി യോജിച്ചു. സംപ്രേഷണ വിലക്കിന് എതിരെ മീഡിയവൺ ഉടമകൾ നൽകിയ ഹർജി സുപ്രീം കോടതി വിധി പറയാനായി മാറ്റുകയും ചെയ്തു. 
സുരക്ഷാ അനുമതി നിഷേധിക്കുന്നതിന് കാരണമായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് പരിശോധിച്ചത്. ഫയലിലെ 807,  808 പേജുകളിലെ അഞ്ചാം ഖണ്ഡികയും, 839,  840 പേജുകളിലെ മിനുട്സും പരിശോധിച്ച ശേഷമാണ് ആരോപണങ്ങൾ അവ്യക്തമാണെന്ന് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചത്. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലെ രണ്ട് ഖണ്ഡികകളിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഈ നാല് പേജുകളും വായിച്ചുനോക്കാൻ  കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ. എം. നാടരാജിനോട് ബെഞ്ച് നിർദേശിച്ചു. തുടർന്ന് അഡീഷണൽ സോളിസിസ്റ്റർ ജനറൽ പേജുകൾ പരിശോധിച്ചു. ഫയലിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് തനിക്ക് അഭിപ്രായം പറയാൻ കഴിയില്ലെന്ന് അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. ഫയൽ മീഡിയ വണ്ണിന്റെ അഭിഭാഷകർക്ക് കൈമാറുന്നതിനെ കേന്ദ്ര സർക്കാർ ശക്തമായി എതിർത്തിരുന്നു. ഇതേത്തുടർന്നാണ് ജഡ്ജിമാർ മാത്രം ഫയൽ പരിശോധിച്ചത്. വിധി എഴുതുന്നതിനായി ഫയൽ കേന്ദ്ര സർക്കാരിൽ നിന്ന് ബെഞ്ച് വാങ്ങി. 67000  ഓഹരി ഉടമകൾ ഉണ്ടെന്ന് മീഡിയവൺ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് കോടതിയെ അറിയിച്ചു. ഇവരുടെ വോട്ടവകാശം ഉൾപ്പടെയുള്ള കാര്യങ്ങൾ അറിയിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. മീഡിയ വണ്ണിനെ പോലെ  ദ വയറിനും കഷ്ടകാലം അവസാനിച്ചിട്ടില്ല. 

                              ****              ****              ****

കാന്താര സിനിമയിലെ 'വരാഹരൂപം...' ഗാനം കോപ്പിയടിച്ചതാണെന്ന ആരോപണത്തിൽ  കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഇടപെട്ടു.  തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ കാന്താരയിലെ ഗാനം ഉപയോഗിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തൈക്കൂടം ബ്രിഡ്ജ് നൽകിയ ഹരജിയിലാണ് കോടതിയുടെ  നടപടി. കാന്താരയിലെ വരാഹരൂപം എന്ന ഗാനം തങ്ങളുടെ 'നവരസം' എന്ന ഗാനത്തിന്റെ കോപ്പിയടിയാണെന്ന് തൈക്കുടം ബ്രിഡ്ജ് ആരോപിച്ചിരുന്നു. കാന്താരയുടെ സംവിധായകൻ, നിർമാതാവ്, സംഗീത സംവിധായകൻ എന്നിവരെ ഈ ഗാനം ഉപയോഗിക്കുന്നതിൽ നിന്ന് കോടതി വിലക്കി. ഗാനം സ്ട്രീം ചെയ്യുന്ന ഓൺലൈൻ പ്ലാറ്റഫോമുകളായ ആമസോൺ, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക്, ജിയോസാവൻ എന്നിവയ്ക്കും വിലക്കുണ്ട്.  2016ൽ തൈക്കൂടം ബ്രിഡ്ജ് പുറത്തിറക്കിയ 9 പാട്ടുകളുള്ള ആൽബത്തിന്റെ ടൈറ്റിൽ ട്രാക്കായിരുന്നു നവരസം. കാന്താരയിൽ അജനീഷ് ലോകേഷ് സംഗീതം ഒരുക്കിയ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണെന്നാണ് ആരോപണം.

                               ****              ****              ****

സ്വകാര്യ ചടങ്ങിൽ കുഞ്ഞിനൊപ്പം പങ്കെടുത്തതിനെതിരെ പത്തനംതിട്ട കലക്ടർ ദിവ്യാ എസ് അയ്യർക്കെതിരെ സോഷ്യൽമീഡിയയിൽ ഉയർന്ന ആക്ഷേപങ്ങളിൽ മറുപടിയുമായി കെഎസ് ശബരിനാഥൻ.   പത്തനംതിട്ട കലക്ടറായി ചുമതല എടുത്തത് മുതൽ ദിവ്യക്ക് 24 മണിക്കൂറും ഡ്യൂട്ടിയാണ് എന്ന് തനിക്ക് തോന്നിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ ജില്ലയിലെ മീറ്റിംഗുകളും പ്രവർത്തനങ്ങളും, അത് കഴിഞ്ഞു വീട്ടിൽ എത്തിയാൽ മകന്റെ കൂടെ അർദ്ധരാത്രി കഴിഞ്ഞു വരെയുള്ള കളിയും ചിരിയും.  എത്ര സന്തോഷമായി ഞങ്ങളോടൊപ്പം ഇരുന്നാലും രാത്രി 8 മണി ആകുമ്പോൾ അവൻ അമ്മയെ അന്വേഷിക്കും, അത് വരെ നമ്മളോടൊപ്പം ചിരിച്ചുകൊണ്ടിരുന്നവൻ കരയും. ദിവ്യ വന്നാൽ പിന്നെ  അവൾ മാത്രം മതി. ഞായറാഴ്ചകൾ പൂർണമായി അവനുവേണ്ടി മാറ്റിവയ്ക്കാൻ ദിവ്യ ശ്രമിക്കും. ഔദ്യോഗിക കൃത്യനിർവഹണമല്ലാത്ത മറ്റു മീറ്റിംഗുകളും യാത്രകളും ഒഴിവാക്കാൻ ദിവ്യ പരമാവധി ശ്രമിക്കും. പക്ഷേ, എന്നാലും ചിലപ്പോൾ ചില പ്രോഗ്രാമുകൾക്ക് സ്നേഹപൂർവ്വമായ നിർബന്ധം കാരണം പോകേണ്ടിവരും. അങ്ങനെയുള്ള പ്രോഗ്രാമുകളിൽ മകനെ കൂടി കൊണ്ടുവരും എന്ന് അസന്ദിഗ്ധമായി പറയാറുണ്ട്. സംഘാടകർക്ക് അതിൽ സന്തോഷമേയുള്ളു. അങ്ങനെ സന്തോഷപൂർവ്വം പോയ ഒരു പ്രോഗ്രാമിൽ സംഘാടകനായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്നേഹപൂർവ്വം പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. 
ഒരു തരത്തിൽ പറഞ്ഞാൽ ഈ ചർച്ച അനിവാര്യമാണ് -ഇത് ഒരു ദിവ്യയുടെ കാര്യം മാത്രമല്ല, തൊഴിലെടുക്കുന്ന ഭൂരിപക്ഷം സ്ത്രീകളും ഒരുപാട് പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തരണം ചെയ്താണ് സ്വന്തം കാലിൽ ഉറച്ചു നിൽക്കുന്നത്-ശബരിനാഥ് പറഞ്ഞു. 

                              ****              ****              ****

ശ്രീനിവാസന്റെ രണ്ടു പുത്രന്മാരും സിനിമയിലും സമൂഹ മാധ്യമങ്ങളിലും സജീവമാണ്. വിനീത് സിനിമയെടുത്തും ധ്യാൻ അഭിമുഖങ്ങളിലൂടെയും ശ്രദ്ധ പിടിച്ചു പറ്റുന്നു.  ശ്രീനിവാസനോടും ജഗതി ശ്രീകുമാറിനോടും മലയാളി പ്രേക്ഷകർക്ക് ഒരു പ്രത്യേക താൽപര്യമാണ്. ശ്രീനി കിടപ്പിലായെന്നൊക്കെ വാർത്ത കണ്ട് വിഷമിച്ചവർക്ക് ആഹ്ലാദം പകർന്ന സംഭവമാണ് കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയിൽ കണ്ടത്. യുവ സിനിമാ നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിൽ താര കുടുംബങ്ങൾ പങ്കെടുത്തിരുന്നു. ഒരുകാലത്ത് മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ കമ്പനിയായിരുന്ന മെറിലാൻഡ് സ്റ്റുഡിയോ ഉടമ പി സുബ്രഹ്മണ്യത്തിന്റെ ചെറുമകനാണ് വിശാഖ് സുബ്രഹ്മണ്യം. മോഹൻലാൽ, സുചിത്ര മോഹൻലാൽ, കല്യാണി പ്രിയദർശൻ, ശ്രീനിവാസൻ, വിമല ശ്രീനിവാസൻ, മക്കളായ വിനീത്, ധ്യാൻ, അജു വർഗീസ്, വിനീത് ശ്രീനിവാസൻ, എംജി ശ്രീകുമാർ, വിധു പ്രതാപ്, റഹ്്മാൻ ഉൾപ്പടെ നിരവധി പേർ സകുടുംബമാണ് വിവാഹത്തിൽ പങ്കെടുത്തത്. അവശതകളെ മാറ്റിവെച്ച്, വിനീതിന്റെ കയ്യും പിടിച്ച് ശ്രീനിവാസൻ വിവാഹ വേദിയിൽ എത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. 
ധ്യാൻ ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച 'ലവ് ആക്ഷൻ ഡ്രാമ'യിലൂടെയാണ് വിശാഖ് സുബ്രഹ്മണ്യം ചലച്ചിത്ര നിർമ്മാണത്തിലേക്ക് എത്തിയത്. പിന്നീട് സാജൻ ബേക്കറി സിൻസ് 1962 എന്ന ചിത്രവും ഇതേ ബാനർ നിർമ്മിച്ചു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ഹൃദയമാണ് വിശാഖിനെ ഹിറ്റ് നിർമ്മാതാക്കളുടെ പട്ടികയിൽ എത്തിച്ചത്.  ശ്രീനിവാസൻ സിനിമയിൽ വൈകാതെ തിരിച്ചെത്തുമെന്നും റിപ്പോർട്ടുണ്ട്. 

                               ****              ****              ****
 
സിനിമാ പ്രൊമോഷനു വേണ്ടി ഇപ്പോഴത്തെ സിനിമക്കാർ കാട്ടിക്കൂട്ടുന്ന ഓരോരോ അഭ്യാസങ്ങൾ. യുവ താരങ്ങളുടെ പ്രഗ്്‌നൻസി റിപ്പോർട്ടായിരുന്നു സോഷ്യൽ മീഡിയയിൽ വാരാദ്യത്തിൽ.  പ്രഗ്‌നൻസി റിപ്പോർട്ടിന് പിന്നാലെ 'വണ്ടർ വുമൺ'  റിലീസ് ഡേറ്റും പ്രഖ്യാപിച്ചു. ഒ ടി ടിയിലൂടെ ഈ മാസം പ്രേക്ഷകർക്ക് മുന്നിലെത്തും.  
പാർവതി തിരുവോത്ത്, നിത്യ മേനോൻ, പദ്മപ്രിയ, സയനോര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന വണ്ടർ വുമൺ  18ന് സോണിയിലൂടെയാണ് റിലീസ് ചെയ്യുന്നത്. നദിയ മൊയ്തു, അർച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട.്
2018ൽ പുറത്തിറങ്ങിയ കൂടെ എന്ന ചിത്രത്തിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അമ്മയാകാൻ തയാറെടുക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളും ജീവിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അഞ്ജലി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. 

                               ****              ****              ****

കോമഡിയൊന്നുമില്ലേലും സമകാലിക കേരളം നേരിടുന്ന പ്രധാന വിഷയങ്ങളിലൊന്നാണ് ജയ ജയ ജയ ഹോ എന്ന സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്. ആ നിലയ്ക്ക് നന്നായിട്ടുണ്ട്. പരസ്യത്തിൽ പലേടത്തും ചിരിച്ച് മതി മറക്കാൻ എന്നെഴുതി ചേർത്തത് കണ്ടു. കുറച്ചു നേരം ചിരിച്ച് റിലീഫ് തേടി ആരും വരേണ്ടതില്ല.  ഇതത്ര വലിയ കോമഡി പടമാണെന്ന് തോന്നിയിട്ടേയില്ല. പ്രവാസ സാഹിത്യകാരന്റെ ശിപാർശയിലൊന്നും കാര്യമില്ല. ഈ സിനിമയുടെ ഫസ്റ്റ് ഹാഫിന്റെ തുടക്കം ഇഴയുന്നത് കണ്ടപ്പോൾ ഒന്നുറങ്ങിയാലോയെന്ന് വിചാരിച്ചു. അപ്പോഴാണ് സംഭവം മാറി മറിയുന്നത്. അഭിനേതാക്കളെ സെലക്റ്റ് ചെയ്തതിലും കേസ് കൊടുക്കൽ സിനിമ പോലെ വൈവിധ്യമുണ്ട്. കൊല്ലം സ്ലാംഗിൽ സംസാരിക്കുന്ന കഥാപാത്രങ്ങളും രസം തന്നെ. വിവാഹിതരായ എല്ലാ വനിതകളും  ഇതിലെ നായികയെ പോലെയായെങ്കിൽ അതിവേഗം കേരളം നമ്പർ വണ്ണാകും.

Latest News