Sorry, you need to enable JavaScript to visit this website.

കഥ: കല്ല് ചുമക്കുന്ന മത്സ്യം

കുട്ടിക്കാലത്ത് പറഞ്ഞ കഥകൾ ഒരാവർത്തി കൂടി കേൾക്കാൻ അയാളുടെ മനസ്സ് വെമ്പി,   രണ്ടു കുട്ടികളുടെ ഉപ്പയും പ്രവാസിയുമായ  അയാളുടെ   വീട്ടിൽ ഉമ്മ കിടക്കാറുള്ള കട്ടിലിൽ മലർന്നു കിടന്നോരോന്നാലോചിച്ചു, കഴിഞ്ഞ  വെക്കേഷനിൽ ഇതേ കട്ടിലിൽ ഉമ്മയോട് ചേർന്നു കിടന്നതും വാർധക്യത്തിന്റെ അസ്വസ്ഥതകൾ ഉമ്മയെ നന്നേ അലട്ടിയിരുന്നിട്ടും മറ്റുള്ളവരെ അറിയിക്കാതെ കടിച്ചമർത്തി കഴിഞ്ഞതും കൺമുന്നിൽ കണ്ടു,  എന്നാലും ഓർമ്മശക്തിക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.
 ഓർമ്മ വച്ചു തുടങ്ങിയ കാലത്ത് കറിയിൽ കിട്ടിയ ഒരു ചെറുമീനിന്റെ തലയിൽ ഒളിഞ്ഞിരുന്ന വെള്ളാരങ്കല്ല് ഓർക്കാപ്പുറത്ത് കടിച്ചു പല്ലു വേദനിച്ച് ഊണ് നിർത്തിയപ്പോൾ ഉമ്മ സാന്ത്വനിപ്പിച്ചത് അയാൾ ഓർത്തു ''മോനറിയില്ലേ? ഈ മീൻ ഏതാണെന്ന്, കടലിലെ പള്ളിനിർമ്മാണത്തിന് കല്ല് തലയിൽ ചുമന്ന മീനാണ്!, അത് കൊണ്ടാണത്രേ പടച്ചോൻ അവയുടെ തലയിൽ കല്ല് സമ്മാനിച്ചത്, അതിനോട് പിണങ്ങിയാണോ ഊണ് നിർത്തിയത്?'', പിന്നെ വേദനയേ തോന്നിയില്ല, എങ്കിലും ആ മീൻ കറിവച്ച് കഴിക്കുന്നതിൽ മനസ്താപം തോന്നിയ കാലം. 
 പിന്നീടൊരിക്കൽ ഉമ്മയോടൊപ്പം കടൽ കാണാൻ പോയപ്പോൾ ഒരു കഥകൂടി പറഞ്ഞു, ''ഇത് പോലുള്ള കടൽക്കരയിലത്രേ ഖിദ്ർ നബിയെ കണ്ടുമുട്ടാറ്, അതിനു ഭാഗ്യം ചെയ്യണം'', ഉമ്മയുടെ വിരൽത്തുമ്പിൽ പിടിമുറുക്കി അസ്തമയ സൂര്യനെ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി ഖിദ്ർ നബിയെ പരതിയതും ഒരു തമാശ പോലെ അയാൾ ഓർത്തു, പിന്നീട് ഖുർആനിൽ അങ്ങിനെ പരാമർശിച്ചിട്ടില്ലെന്ന് ബോധ്യം വന്നിട്ടും ഉമ്മയുടെ കഥയിലെ ഖിദ്ർ നബിയെ മനസ്സിൽ കൊണ്ടു നടന്നു.
 നടവഴിയിൽ നായ ഉപദ്രവിക്കാൻ വന്നാൽ ചരൽക്കല്ലിൽ സൂറത്ത് കഹ്ഫിലെ ''കൽബുമ്പാസീത്തും സീറാഅയ്ഹി..'' എന്ന സൂക്തം ഓതി എറിഞ്ഞാ മതിയത്രേ, നായ താനേ മടങ്ങിപ്പോകും എന്ന ഉമ്മയുടെ ഉപദേശം ഓർക്കുമ്പോൾ അയാളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു, ഓർക്കാപ്പുറത്ത് മണ്ണെണ്ണ വിളക്കിൽ കൈ തട്ടി പൊള്ളിയപ്പോൾ നിസ്‌കാരപ്പായയിൽനിന്നും ഉമ്മ ഓടിവന്ന് ''കൂൽനാ യാ നാറു കൂനീ ബർദൻ..'' എന്ന ഖുർആനിക സൂക്തം ഓതി മൂന്നു പ്രാവശ്യം കയ്യിൽ ഊതിയപ്പോൾ കൊളുത്തിവലിക്കുന്ന വേദനയ്ക്ക് ശമനം കിട്ടിയതും ആ പ്രായത്തിലെ ഒരു കൊച്ചുകുട്ടിയായി ഉമ്മയെ ഓർത്തു വിരിപ്പ്  കെട്ടിപ്പിടിച്ചു ചുടുകണ്ണീർ വാർത്തു.
 കൗമാരപ്രായത്തിൽ ഉപ്പ ചേർത്ത പള്ളി ദർസിൽ പത്തു കിതാബ് പഠിപ്പിക്കുന്ന ഉസ്താദ് പറഞ്ഞ റമദാനിലെ അത്താഴത്തിനു ശേഷമുള്ള ദിക്‌റും മറ്റു പ്രാർഥനകളും ഓതിപ്പഠിപ്പിച്ചപ്പോൾ അക്ഷരംപ്രതി ഉമ്മ പഠിപ്പിച്ചു തന്ന അതേ പ്രാർഥനയാണെന്ന് ഓർത്തിട്ടുണ്ട്, ഖുർആനിനെ അർഥസഹിതം പഠിക്കുക അക്കാലത്ത് സാർവത്രികമല്ലായിരുന്നു.
അയാളുടെ ഉപബോധമനസ്സിൽ  ഉമ്മ അപ്പോഴും അയാളെ മുടിയിഴയിൽ തലോടി സാന്ത്വനിപ്പിച്ചു, ഉമ്മയുടെ ഗന്ധത്തിൽ  അമ്മിഞ്ഞപ്പാലിന്റെ രുചി അലിഞ്ഞു ചേർന്നു അയാളുടെ ഓർമ്മകളുടെ അറകളിൽ ശാന്തിയുടെ തിരി തെളിച്ചു, ഉത്തരവാദിത്തം വിരിഞ്ഞു മുറുക്കിയ കയർ പൊട്ടിച്ച് പൂർണ്ണ സ്വാതന്ത്ര്യവും സംരക്ഷണബോധവുമുള്ള ഒരു ലോകത്തിൽ അൽപനേരം വിരാജിച്ചു, ഉമ്മയുടെ ചിറകിനടിയിൽ കഴിഞ്ഞ ആ കുട്ടിക്കാലം!        
 ഈ കഥകളൊക്കെ ആരായിരിക്കും ഉമ്മയ്ക്ക് പകർന്നു കൊടുത്തിരിക്കുക? താവഴിയായി കിട്ടിയ ആത്മീയതയാവുമോ? ഒരിക്കൽ അയാൾ ഇക്കാര്യം ഉമ്മയോട് ചോദിച്ചപ്പോൾ അക്കാലത്ത് പഠിക്കാൻ ഇന്നത്തെ സൗകര്യം ഇല്ലാത്തതും പതിമൂന്നും പതിനാലും വയസ്സിൽ  മംഗല്യവതിയാവുന്നതും ഒക്കെ പറഞ്ഞു. ഇത്തരം അറിവുകൾ കിട്ടാൻ ആകെ ഉണ്ടായിരുന്ന ഏക ആശ്രയം അക്കാലത്ത് നടത്തപ്പെടുന്ന ''വയള്'' ആണത്രേ. മൗലവിമാർ ഭക്തിപുരസ്സരം ഇത്തരം കഥകൾ കേൾപ്പിക്കുമത്രേ, ഖണ്ഡിച്ചു പറയാൻ മറുപ്രസ്ഥാനങ്ങളൊന്നും നാമ്പെടുത്തിരുന്നില്ല. അതാവാം വേദവാക്യം പോലെ ഇത്തരം കെട്ടുകഥകൾ മനസ്സിൽ രൂഢമൂലമായത്. അല്ലാഹുവേ.. ഞങ്ങളുടെ മാതാപിതാക്കൾക്ക് സ്വർഗം നൽകിയനുഗ്രഹിക്കേണമേ..
അയാൾ പ്രാർഥിച്ചു.

Latest News