Sorry, you need to enable JavaScript to visit this website.

ശ്രുതിമധുരം, ദാനയുടെ ആലാപനം

ഒരു ഗായിക എന്ന നിലയിൽ ഇതിനകം സിനിമയിലേയ്ക്കും ദാന ചുവടുവെച്ചുകഴിഞ്ഞു. ഈയിടെ ഒരു ചിത്രത്തിൽ പാടാൻ അവസരം ലഭിച്ചിരുന്നു. ഇതുവരെ പാടാത്ത തരത്തിലുള്ള പാട്ടാണ് പാടിയത്. മറ്റൊരു ചിത്രത്തിലേയ്ക്കും ക്ഷണം ലഭിച്ചുകഴിഞ്ഞു. സംഗീതലോകത്ത് സ്വന്തമായ ഒരു ഇടം നേടണമെന്നാണ് മോഹം. സ്വതന്ത്രമായി സംഗീതമൊരുക്കുന്ന  തലത്തിലേയ്ക്ക് വളരണമെന്നാണ് ആഗ്രഹം. സ്വന്തമായി പാട്ടുകളൊരുക്കുകയും പാടുകയും ചെയ്യുന്ന ഒരു രീതി സംജാതമാവുന്നുണ്ട്. എങ്കിലും സിനിമാമേഖലയിലൂടെ പല തരത്തിലുള്ള സംഗീത സംവിധായകരെ പരിചയപ്പെടാനും അവരുടെ സൃഷ്ടികളെക്കുറിച്ച് അടുത്തറിയാനും കഴിയുന്നത് ഭാവിയിൽ ഗുണകരമാകുമെന്നും കണക്കുകൂട്ടുന്നു.

ദാന എന്നാൽ അറബിയിൽ മുത്ത്. മുത്തും പവിഴവും കോർത്തുവച്ചതുപോലുള്ള ആലാപനവിശുദ്ധിയാണ് ദാനാ റാസിഖിന്റെ പാട്ടുകൾക്ക്. കാതുകളിൽനിന്നും ഹൃദയത്തിലേയ്ക്ക് ഒഴുകിയെത്തുന്ന ആലാപനവിസ്മയത്തിൽ ആണ്ടുപോകുന്ന അവസ്ഥ. അത്രയും മാന്ത്രികതയുണ്ട് ദാനയുടെ ശബ്ദത്തിന്. സോഷ്യൽമീഡിയയിൽ വമ്പൻ ഹിറ്റുകളാണ് ദാനയുടെ ഓരോ ഗാനവും. തീരമേ... തീരമേ..., വാതുക്കല് വെള്ളരിപ്രാവ്, സുന്ദരനായവനേ..., റാഹത്ത് ഫത്തേഹ് അലിഖാന്റെ ആഫ്രീൻ... തുടങ്ങിയ മെലഡികൾ ദാനയുടെ ശബ്ദത്തിൽ പുനർജനിച്ചപ്പോൾ സൈബർ ലോകം ഹൃദയംകൊണ്ടാണവ സ്വീകരിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ലക്ഷക്കണക്കിന് ആരാധകരേയാണ് ഈ ഗായിക നേടിയെടുത്തത്. ശ്രോതാക്കളുടെ കാതും മനവും കുളിർപ്പിക്കുന്ന നാദവിസ്മയവുമായി മുന്നേറുകയാണ് ഈ ബിരുദവിദ്യാർഥിനി. പുത്തൻ ചുവടുവയ്പുകളിലൂടെ സംഗീതലോകത്ത് തന്റേതായ ഇരിപ്പിടമുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ യുവഗായിക.


കഥകളുറങ്ങുന്ന എറണാകുളം മഹാരാജാസ് കോളേജിലെ തണൽവിരിച്ച മരച്ചുവട്ടിലിരുന്ന് ദാന തന്റെ സംഗീതജീവിതത്തെക്കുറിച്ച് മനസ്സു തുറക്കുകയായിരുന്നു. തലശ്ശേരിയിലെ ബ്രണ്ണൻ കോളേജിനടുത്താണ് വീട്. ഒരു സംഗീതകുടുംബമാണ് ഞങ്ങളുടേത്്. ഉപ്പ അബ്ദുൾ റാസിക്കും ഉമ്മ താഹിറയും നന്നായി പാടുമായിരുന്നു. ഉപ്പയുടെയും ഉമ്മയുടെയും വീട്ടുകാരും പാടിയിരുന്നു. ഉമ്മയാണ് ഞങ്ങളെ പാട്ടുലോകത്തേയ്ക്ക് നയിച്ചതെന്നു പറയാം. ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും പാട്ട് പഠിപ്പിച്ചിരുന്നത് ഉപ്പയായിരുന്നു. കുട്ടിക്കാലത്ത് ഉപ്പ പാടിയിരുന്ന ഓത്തുപള്ളീലന്നു നമ്മൾ പോയിരുന്ന കാലം... തുടങ്ങിയ പാട്ടുകളെല്ലാം ഇന്നും മനസ്സിലുണ്ട്. പാട്ടുലോകത്തെ വഴികാട്ടികളായിരുന്നു അവർ. സഹോദരിമാരായ റാഫ റാസിക്കും തൂബ റാസിക്കും സഹോദരനായ ദുർറയുമെല്ലാം നന്നായി പാടും. കുടുംബത്തിലെ വിശേഷാവസരങ്ങളിൽ ഞങ്ങൾതന്നെ കമ്പോസ് ചെയ്ത പാട്ടുകളായിരുന്നു അവതരിപ്പിച്ചിരുന്നത്. പാട്ടുലോകത്തേയ്ക്കുള്ള ചുവടുവയ്പ് അങ്ങനെയായിരുന്നു.


എട്ടാം ക്ലാസിലെത്തിയപ്പോഴാണ് സംഗീതത്തെ ഗൗരവമായി കണ്ടുതുടങ്ങിയത്. സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ പങ്കെടുത്തുതുടങ്ങി. ഉർദു ഗസൽ, ഉർദു പദ്യം, മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിലായിരുന്നു മത്‌സരിച്ചിരുന്നത്. സ്‌കൂൾ പഠനകാലത്ത് അഞ്ചുവർഷവും സംസ്ഥാന കലോത്സവവേദിയിൽ മത്സരാർഥിയായിരുന്നു. അക്കാലത്ത് ഉർദു പദ്യത്തിനായിരുന്നു സമ്മാനങ്ങൾ ലഭിച്ചിരുന്നത്. പ്ലസ് ടു പഠനകാലത്താണ് സംഗീത ഉപകരണങ്ങളുടെ അകമ്പടിയില്ലാതെ പാട്ടുകൾ ആലപിച്ചത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്. തുടർന്ന് ചില പാട്ടുകളുടെ ശീലുകൾ പാടി ഇൻസ്റ്റഗ്രാമിലിട്ടു. ആരും ശ്രദ്ധിക്കുകയില്ലെന്നാണ് കരുതിയിരുന്നതെങ്കിലും സംഗതി മറിച്ചായിരുന്നു. മധുപോലെ പെയ്ത മഴയേ... എന്ന ഗാനം ഒരുപാട് ആരാധകരെയാണ് നേടിത്തന്നത്. നടിമാരായ സംവൃത സുനിലും അഹാന കൃഷ്ണയുമെല്ലാം ആ പാട്ട് ഷെയർ ചെയ്തത് അംഗീകാരമായി. കവർ വേർഷനിൽനിന്നും മാറി സ്വന്തമായി ഒരു പാട്ടുപാടി പുറത്തിറക്കണമെന്ന ചിന്തയാണ് ലൈലാ മിഹ്‌റാജ് എന്ന ഭക്തിഗാനം പാടിയത്. ബദറുദ്ദീൻ പാറന്നൂരിന്റെ വരികൾക്ക് മുഹ്‌സിൻ കുരിക്കൾ ഈണമിട്ട ഈ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഒന്നര മില്യണിലേറെ ആളുകളാണ് ഈ പാട്ട് യൂട്യൂബിലൂടെ കണ്ടത്. ഇതോടെയാണ് പാട്ടിനെ പ്രൊഫഷണലായി കാണാൻ തുടങ്ങിയത്.
പ്ലസ് ടു പരീക്ഷക്കാലത്ത് പാട്ടുകൾക്ക് അവധി നൽകി പഠനത്തിൽ മുഴുകി. ഭക്ഷണംപോലും കഴിക്കാതെ കുത്തിയിരുന്നു പഠിച്ചു. അതിന് ഫലമുണ്ടായി. പാട്ടിന്റെ പേരിൽ ഉഴപ്പിയെന്ന പേരുദോഷമുണ്ടാക്കിയില്ലെന്നു മാത്രമല്ല. 1200 ൽ 1200 മാർക്ക് നേടിയാണ് പ്ലസ് ടു പാസായത്.
തുടർന്നായിരുന്നു ലോക് ഡൗൺ എത്തിയത്. കോവിഡുകാലത്തെ അടച്ചുപൂട്ടൽ കാലത്താണ് പാട്ടുലോകത്തേയ്ക്ക് വീണ്ടും കടന്നുചെന്നത്. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിൽ ഇൻസ്റ്റഗ്രാമിൽ വീണ്ടും പാട്ടുകൾ പോസ്റ്റ് ചെയ്തുതുടങ്ങി. ഫോണിൽ റെക്കോഡ് ചെയ്ത്  പോസ്റ്റ് ചെയ്യുന്നതായിരുന്നു അന്നത്തെ രീതി. പിന്നീട് സ്റ്റുഡിയോ റെക്കാഡിംഗ് പരീക്ഷണം തുടങ്ങി. കണ്ണുംകണ്ണും കൊള്ളയടിത്താൽ എന്ന ചിത്രത്തിലെ കനവേ നീ നാൻ..., ഉയരേയിലെ നീ മുകിലോ... തുടങ്ങിയ ഗാനങ്ങൾക്കും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. ഇർഫാൻ ഏറൂത്തിനോടൊപ്പം പാടിയ വാതുക്കല് വെള്ളരിപ്രാവ് എന്ന പാട്ടിന്റെ കവർ വേർഷൻ അഞ്ചുലക്ഷത്തിലേറെ പേരാണ് കണ്ടത്. ഹലാൽ ലവ് സ്‌റ്റോറി എന്ന ചിത്രത്തിലെ സുന്ദരനായവനേ... സുബ്ഹാനല്ലാഹ്... എന്ന ഗാനത്തിന്റെ കവർ വേർഷനായിരുന്നു അടുത്തത്. നാല്പതുലക്ഷത്തിലേറെ ആളുകളാണ് ആ പാട്ടു കേട്ടത്. അതോടെ ആവേശമായി. പലതരത്തിലും ഈണത്തിലുമുള്ള പാട്ടുകൾ പാടി ഇൻസ്റ്റയിലിട്ടു. മലയാളത്തിലെ ശ്രേയാ ഘോഷാൽ എന്നുവരെ ആസ്വാദകർ വിളിച്ചുതുടങ്ങി. എന്നാൽ പലതരത്തിലുള്ള പാട്ടുകൾ പാടിയതോടെ അത്തരം വിശേഷണങ്ങളിൽനിന്നും മുക്തയായി.


വീട്ടിലെത്തിയാൽ എല്ലാവരുമൊത്ത് പാട്ടു പാടലാണ് ഹോബി. എന്നാൽ മൂത്ത സഹോദരങ്ങൾ വിവാഹിതരായതോടെ അത്തരം സന്ദർഭങ്ങൾ അപൂർവ്വമായി. മൂത്ത സഹോദരി റഫ ഭർത്താവിനും മകൾക്കുമൊപ്പം ദുബായിലാണ്. രണ്ടാമത്തെ സഹോദരിയായ തൂബയും വിവാഹിതയായി ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയിൽ ജോലി നോക്കുന്നു. ഇളയ സഹോദരൻ ദുർറ പ്ലസ് ടു വിദ്യാർത്ഥിയാണ്. എല്ലാവർക്കും പാട്ടിൽ വ്യത്യസ്ത അഭിരുചികളാണ്. ഹിന്ദുസ്ഥാനിയും സിനിമാപ്പാട്ടുകളുമാണ് എനിക്ക് പ്രിയം. റഫക്ക് ഗസലുകളും അറബിപാട്ടുകളുമാണ് ഇഷ്ടം. ദുർറയാകട്ടെ പല ജോണറിലുള്ള പാട്ടുകൾ ഇഷ്ടപ്പെടുന്നവനാണ്.
പാട്ടിനെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും വീട്ടിൽ ആരും സംഗീതം അഭ്യസിച്ചിട്ടില്ല എന്നതാണ് കൗതുകം. റഫ കുറച്ചുകാലം സംഗീതം പഠിച്ചെങ്കിലും തുടർന്നില്ല. ഞാനിപ്പോൾ ഹിന്ദുസ്ഥാനിയോടുളള ഇഷ്ടം കൊണ്ട് രണ്ടുവർഷമായി അഭ്യസിക്കുന്നു. ഉസ്താദ് ഫയാസ് ഖാനാണ് ഗുരു. എറണാകുളത്തെ പഠനത്തിനൊപ്പം സംഗീതപഠനവും ഒരുമിച്ചുകൊണ്ടുപോവുകയാണ്. മഹാരാജാസ് കോളേജിൽ മൂന്നാംവർഷ പൊളിറ്റിക്കൽ സയൻസ് ബിരുദ വിദ്യാർഥിയാണിപ്പോൾ. നിയമപഠനത്തിനായിരുന്നു താല്പര്യം. പിന്നീടാണ് ഇഷ്ടവിഷയമായ പൊളിറ്റിക്കൽ സയൻസിലേയ്ക്കു വഴിമാറിയത്. ഒരുകാലത്ത് സിവിൽ സർവ്വീസ് എന്ന മോഹവുമുണ്ടായിരുന്നു. ഒടുവിൽ പാട്ടും പഠനവും ഒന്നിച്ചുനടത്തണമെന്ന ചിന്തയാണ് എറണാകുളം മഹാരാജാസിലെത്തിച്ചത്. കാൽ നൂറ്റാണ്ടോളം ദുബായിൽ ജോലി നോക്കിയിരുന്ന ഉപ്പ നാട്ടിലെത്തിയിട്ട് പത്തുവർഷത്തോളമായി. ചെറിയ രീതിയിലുള്ള ബിസിനസ് നടത്തി കഴിയുകയാണ്.
സംഗീതസംവിധായകനായ എം.ജയചന്ദ്രൻ സാറിനെ കണ്ടത് ഏറെ സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു സമ്മാനിച്ചത്. വാതുക്കല് വെള്ളരിപ്രാവ് എന്ന പാട്ടു കേട്ട് മെലഡി ഗാനങ്ങൾക്ക് അനുയോജ്യമായ ഏറ്റവും സുന്ദരമായ ശബ്ദമെന്നാണ് പറഞ്ഞത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു അത്. കൂടാതെ സംവിധായകൻ അനിൽ രാധാകൃഷ്ണൻ സാർ വിളിച്ച് അഭിനന്ദിച്ചിരുന്നു. അടുത്ത പ്രോജക്ടിൽ അവസരം നൽകാമെന്നും പറഞ്ഞിരുന്നു. സംഗീത സംവിധായകൻ കൈലാസ് മേനോൻ, ഗായകൻ സിയ ഉൾ ഹക്ക് തുടങ്ങിയവരെല്ലാം പിന്തുണയറിയിച്ചിരുന്നു. സംഗീത സംവിധായകൻ അഫ്‌സൽ യൂസഫിന്റെ വീണ്ടും എന്ന സംഗീത വീഡിയോയിൽ പാടാനും അവസരം ലഭിച്ചിരുന്നു.
എല്ലാത്തരം പാട്ടുകളും ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ് ദാന. എ.ആർ. റഹ്മാനാണ് ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ. കെ.എസ്. ചിത്രയുടെ തമിഴ് പാട്ടുകൾ ഏറെയിഷ്ടമാണ്. ഹിന്ദിയിൽ ലത മങ്കേഷ്‌ക്കറും മുഹമ്മദ് റഫിയും അരിജിത് സിങ്ങുമെല്ലാമാണ് പ്രിയപ്പെട്ടവർ. കൂടാതെ സന്തോഷ് നാരായണൻ, പ്രദീപ് കുമാർ, വിഷ്ണു വിജയ് എന്നിവരുടെ പാട്ടുകളും ഇഷ്ടമാണ്.
ഒരു ഗായിക എന്ന നിലയിൽ ഇതിനകം സിനിമയിലേയ്ക്കും ദാന ചുവടുവച്ചുകഴിഞ്ഞു. ഈയിടെ ഒരു ചിത്രത്തിൽ പാടാൻ അവസരം ലഭിച്ചിരുന്നു. ഇതുവരെ പാടാത്ത തരത്തിലുള്ള പാട്ടാണ് പാടിയത്. മറ്റൊരു ചിത്രത്തിലേയ്ക്കും ക്ഷണം ലഭിച്ചുകഴിഞ്ഞു. സംഗീതലോകത്ത് സ്വന്തമായ ഒരു ഇടം നേടണമെന്നാണ് മോഹം. സ്വതന്ത്രമായി സംഗീതമൊരുക്കുന്ന ഒരു തലത്തിലേയ്ക്ക് വളരണമെന്നാണ് ആഗ്രഹം. സ്വന്തമായി പാട്ടുകളൊരുക്കുകയും പാടുകയും ചെയ്യുന്ന ഒരു രീതി സംജാതമാവുന്നുണ്ട്. എങ്കിലും സിനിമാമേഖലയിലൂടെ പല തരത്തിലുള്ള സംഗീത സംവിധായകരെ പരിചയപ്പെടാനും അവരുടെ സൃഷ്ടികളെക്കുറിച്ച് അടുത്തറിയാനും കഴിയുന്നത് ഭാവിയിൽ ഗുണകരമാകുമെന്നും കണക്കുകൂട്ടുന്നു.
കവർ സോങ്ങുകളിൽ മാത്രം, നിലയുറപ്പിക്കാൻ താല്പര്യമില്ല. ഒരു ഗായിക എന്ന നിലയിലുള്ള മേൽവിലാസം ലഭിക്കണമെങ്കിൽ സ്വന്തമായും സ്വതന്ത്രമായും എന്തെങ്കിലും ചെയ്യണം. അത്തരം പദ്ധതികളും മനസ്സിൽ ആവിഷ്‌കരിക്കുന്നുണ്ട്. മെലഡി ഗാനങ്ങളാണ് പാടിയതേറെയെങ്കിലും ഫാസ്റ്റ് നമ്പറുകൾ കേൾക്കാനും ദാന ഇഷ്ടപ്പെടുന്നു. എല്ലാ ദിവസവും ഒരു പാട്ടെങ്കിലും പാടുന്നത് ശീലമാക്കിയിരിക്കുകയാണിപ്പോൾ. ദാന പറഞ്ഞുനിർത്തുന്നു.

Latest News