Sorry, you need to enable JavaScript to visit this website.

കളിയാസ്വാദകർക്കായി 'ഖൽബിലെ ഖത്തർ'

ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള 'ഖൽബിലെ ഖത്തർ' മുൻ ഇന്ത്യൻ ഗോൾ കീപ്പർ വിക്ടർ മഞ്ഞിലക്ക് നൽകി പ്രകാശനം ചെയ്യുന്നു.
ഗ്രന്ഥകാരൻ ഡോ. മുഹമ്മദ് അഷ്‌റഫ്


കാൽപന്ത് കളിയുടെ ലോകാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം ഖത്തറിൽ നടക്കാനിരിക്കേ കായികാസ്വാദകർക്കായി പ്രമുഖ കളി എഴുത്തുകാരൻ ഡോ. മുഹമ്മദ് അഷ്‌റഫ് സമ്മാനിക്കുന്ന പുസ്തകം 'ഖൽബിലെ ഖത്തർ' കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അറബ് മണ്ണിൽ വിസ്മയമായി മാറുന്ന ലോക കായിക മാമാങ്കത്തിന് ദിനങ്ങളെണ്ണി കഴിയുന്ന കാൽപന്ത് പ്രേമികളുടെ ഖൽബിലേക്ക്  ഇതിനകം തന്നെ എത്തിയിരിക്കുകയാണ് കോഴിക്കോട് ട്രെൻഡ്  ബുക്‌സ്  പ്രസിദ്ധീകരിച്ച 'ഖൽബിലെ ഖത്തർ'
പതിനൊന്നു വർഷത്തെ ഖത്തറികളുടെ കഠിനാധ്വാനം ഒടുവിൽ ഒരു വിസ്മയ കാഴ്ച തന്നെയാവുകയാണ് ഖത്തർ ലോകകപ്പിലൂടെ. കളിക്കളങ്ങൾ കളിക്കാനും അത് കാണുവാനും ഉള്ള ഇടങ്ങൾ എന്ന വിശേഷണങ്ങൾക്കുമപ്പുറം അതൊരു കാഴ്ചാനുഭവവും സൗന്ദര്യ ആസ്വാദനവും അതിസങ്കീർണ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സമന്വയവുമാണെന്ന് അവർ പടുത്തുയർത്തിയ എട്ട് കളിക്കളങ്ങളും ലുസയ്ൽ എന്ന പുതുനഗരവും കാലത്തിനു കാണിച്ചുകൊടുക്കുകയാണ്.
ചരിത്രത്തിലെ ഏറ്റവും മികച്ച കായിക പ്രകടനമായി ഇരുപത്തിരണ്ടാം വിശ്വകപ്പ് മാറുമ്പോൾ അതിൽ പങ്കെടുക്കുന്ന മുപ്പത്തി രണ്ട് വമ്പന്മാരെയും അവരുടെ കേളീമികവിനെയും അവരുടെ ഇതുവരെയുള്ള നേട്ടങ്ങളെയും നോക്കിക്കാണുന്നതോടൊപ്പം മത്സരക്രമങ്ങൾ അടക്കമുള്ള വിശദാംശങ്ങൾ സാധാരണ കളിയാസ്വാദകന്റെ ഖൽബിൽ കൊണ്ടെത്തിക്കുകയാണ് ഖൽബിലെ ഖത്തറിലൂടെ.
ലോകകപ്പിലെ വൻശക്തികളുടെയും അവിടെ ആദ്യമെത്തുന്നവരുടെയും ശക്തിയും കരുത്തും മികവും പരിശോധിക്കുന്നതോടൊപ്പം അവർ എവിടെയൊക്കെ ചെന്നെത്തുമെന്നൊരു പ്രവചനത്തിനു കൂടി വഴിയൊരുക്കുകയാണ് ഈ പുസ്തകം.
അതോടൊപ്പം ഖത്തർ ലോകകപ്പിന്റെ സമ്പൂർണ കളിവിവരങ്ങളും കളിക്കളങ്ങളും കളി ദിവസങ്ങളും ആദ്യം മുതലുള്ള ഫലങ്ങൾ രേഖപ്പെടുത്താനുള്ള ഒരു ഫിക്‌സ്ചറും ഇതോടൊപ്പം വായനക്കാരുടെ കൈകളിൽ എത്തുന്നുണ്ട്. ഖത്തർ ലോകകപ്പ് ചരിത്രത്തിന്റെ ഭാഗമാകുമ്പോൾ  യുവതലമുറയിലെ ഏറ്റവും പ്രതിഭ സമ്പന്നനായ കളി എഴുത്തുകാരനും കാൽപന്തുകളിയെ  ഒരുപാട് സ്‌നേഹിച്ച  യു.എച്ച്. സിദ്ദീഖ് ഒരു നൊമ്പരമായി പെട്ടെന്നൊരു ദിവസം കളികളുടെ ലോകത്ത് നിന്നു യാത്ര പറഞ്ഞു പോയി. ഖത്തറിൽ നിന്നു നേരിട്ടു ലോകകപ്പ് വിശേഷങ്ങൾ ആരാധകരുടെ ഖൽബിൽ കൊണ്ടെത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്ന യു.എച്ച.് സിദ്ദീഖിന് സമർപ്പിക്കുകയാണ് ഗ്രന്ഥകാരനായ ഡോ. മുഹമ്മദ് അഷ്‌റഫിന്റെ ഖൽബിലെ ഖത്തർ എന്ന പുസ്തകം. 
ഡിസംബർ പതിനെട്ടിന്  വിശ്വ ലോകകപ്പ് ആരുടെ കൈകളിലായിരുന്നാലും അവർ മാത്രമായിരിക്കില്ല ഖത്തർ ലോകകപ്പിലെ വിജയികൾ. ചരിത്രത്തിൽ ആദ്യമായി ഒരു സഹജേതാക്കൾ കൂടിയുണ്ടാകും. അത് ക്ഷമയോടെ കാത്തിരുന്ന് പരിഭവങ്ങളും പരാതികളും ഇല്ലാതെ മത്സരം സംഘടിപ്പിച്ച ഖത്തർ എന്ന ആ കൊച്ചുരാജ്യമായിരിക്കും. 
ഒരു പന്തിനൊപ്പം ഒന്നായിട്ട് ഇവിടെ ഒഴുകിയെത്തിയ ലോകം ഡിസംബർ പതിനെട്ടിന് തിരികെ പോകുന്നത് ഖത്തറിന്റെ ഖൽബുമായിട്ടായിരിക്കും, തീർച്ച!
കോഴിക്കോട്ട് വെച്ച് നടന്ന പ്രകാശന ചടങ്ങിൽ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള മുൻ ഇന്ത്യൻ ഗോൾ കീപ്പർ വിക്ടർ മഞ്ഞിലക്ക് നൽകിയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്.
ലോകം ഒരു പന്തിനു പിറകെ ഖത്തറിൽ എത്തുമ്പോൾ സ്വാഗതമോതുവാൻ ഖൽബിലെ ഖത്തറിന് പുറമെ രണ്ട് ഉപഹാരങ്ങൾ കൂടി ഡോ. മുഹമ്മദ് അഷ്‌റഫ് വായനക്കാർക്കായി സമ്മാനിച്ചിട്ടുണ്ട്. കനൽ വഴികൾ താണ്ടിയ വിസ്മയവും, മാന്ത്രിക ബൂട്ടുകളും. 
ഇതിനകം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'കനൽ വഴികൾ' ലോക കപ്പ് ഫുട്‌ബോളിന്റെ ചരിത്ര വഴികളിലൂടെയുള്ള ഒരു ഓട്ട പ്രദക്ഷിണവും പശ്ചാത്തല അവതരണവും കളിനഗരങ്ങൾ പരിചയപ്പെടുത്തലും എന്നതിനുമപ്പുറം ഇരുപത്തിരണ്ടാമതു ലോക കപ്പിന്റെ സംഘാടക അവകാശം ഖത്തർ എന്ന കൊച്ചു രാജ്യത്തിനു അനുവദിച്ചു കിട്ടയപ്പോൾ മുതൽ അവർ അനുഭവിച്ച സമാനതകളില്ലാത്ത എതിർപ്പുകളും അവഹേളനങ്ങളും അതിസാഹസികമായി സ്‌പോർട്‌സ്മാൻ സ്പിരിറ്റിന്റെ പര്യായമായിക്കൊണ്ടവർ അതൊക്കെ അതിജീവിച്ചതുമായ അദ്ഭുത കാഴ്ചകൾ അക്കമിട്ടു നിരത്തുക കൂടിയാണ് കനൽ വഴികളിലൂടെ.
ലോകകപ്പിലെ വിശ്വ വിഖ്യാതരുടെ ഒരു നിരയെ അവതരിപ്പിക്കുന്ന ഡോ. മുഹമ്മദ് അഷ്‌റഫിന്റെ മറ്റൊരു പുസ്തകമായ 'മാന്ത്രിക ബൂട്ടുകൾ' കേരള ഭാഷ ഇൻസ്റ്റിറ്റിയൂട്ട് വായനക്കാരുടെ കൈകളിലെത്തിക്കും.
ഗ്രന്ഥകാരനായ ഡോ. മുഹമ്മദ് അഷ്‌റഫ് ജർമനിയിലെ ലൈപ്‌സിഷ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് സ്‌പോർട്‌സ് അഡ്മിനിസ്‌ട്രേഷനിൽ മാസ്‌റ്റേഴ്‌സ്, ഡോക്ടറേറ്റ് ബിരുദങ്ങൾ നേടിയിട്ടുണ്ട്. ഇപ്പോൾ ജർമനിയിലാണ് സ്ഥിരതാമസം. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുൻ അത് ലറ്റിക് കോച്ച്, കേരള സംസ്ഥാന സ്‌പോർട്‌സ്, യുവജനകാര്യ മുൻ ഡയരക്ടർ, കേരള സ്‌പോർട്‌സ് കൗൺസിൽ മുൻ സെക്രട്ടറി തുടങ്ങിയ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. ഏഷ്യൻ ഗെയിംസ്, ഒളിംപിക്‌സ്, യൂത്ത് ഒളിംപിക്‌സ്, ലോകകപ്പ്, വിംബിൾഡൺ ടെന്നിസ് എന്നിവ നേരിട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
 

Latest News