ഭാരത് ജോഡോ യാത്രയിൽ ബോളിവുഡ് താരം പൂജാ ഭട്ടും; നാടിനുവേണ്ടിയുള്ള യാത്രയെന്ന് നടി, നന്ദി അറിയിച്ച് രാഹുൽ

ഹൈദരാബാദ് - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിനിരന്ന് നടിയും സംവിധായികയുമായ പൂജാ ഭട്ട്. യാത്രയിൽ പങ്കുചേരുന്ന ആദ്യ ബോളിവുഡ് താരമാണ് ഇവർ. ഹൈദരാബാദിൽ വച്ചാണ് പൂജ യാത്രയ്‌ക്കൊപ്പം ചേർന്നത്. 
  രാഹുൽ ഗാന്ധിക്കൊപ്പം നടന്ന പൂജ ഏറെ നേരം അദ്ദേഹവുമായി സംസാരിച്ചു. നാടിനുവേണ്ടിയുളള ഈ യാത്രയിൽ പങ്കാളിയാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് അവർ പ്രതികരിച്ചു. രാഷ്ട്രീയ വിഷയങ്ങളിൽ അടക്കം നിലപാടുകൾ തുറന്നുപറയുന്ന ഇവർ സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെടാറുണ്ട്. സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളായ പൂജ 1989ൽ ഡാഡിയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. പൂജയുടെ സാന്നിധ്യത്തിലും പിന്തുണയിലും രാഹുൽഗാന്ധി നന്ദിയും സന്തോഷവും അറിയിച്ചു.
 സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര തമിഴ്‌നാട്, കേരളം, കർണാട, ആന്ധ്ര എന്നീ സംസ്ഥാനങ്ങൾ പിന്നിട്ടാണ് തെലങ്കാനയിൽ എത്തിയത്. ആവേശകരമായ സ്വീകരണമാണ് വിവിധ സംസ്ഥാനങ്ങളിൽ രാഹുലിനും യാത്രാംഗങ്ങൾക്കും ലഭിക്കുന്നത്. ഇത് കോൺഗ്രസിന് ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
 

Latest News