ഖത്തര്‍ ലോകകപ്പ് ആരവങ്ങളിലേക്ക്, ഫുട്‌ബോള്‍ പ്രേമികള്‍ എത്തിത്തുടങ്ങുന്നു

ദോഹ- അന്താരാഷ്ട്ര ഫുട്‌ബോള്‍ പ്രേമികള്‍ ഇന്നുമുതല്‍ ഖത്തറില്‍ എത്തിത്തുടങ്ങും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തുന്ന ആരാധകരെ സ്വീകരിക്കുന്നതിനുളള വിപുലമായ തയ്യാറെടുപ്പുകളുമായി കാത്തിരിക്കുകയാണ് രാജ്യം.
രാജ്യത്തെ ടവറുകളും ബഹുനില കെട്ടിടങ്ങളുമൊക്കെ ലോകകപ്പ് ബ്രാന്‍ഡിംഗില്‍ അണിഞ്ഞൊരുങ്ങിയത് മൊത്തത്തില്‍ ഉല്‍സവത്തിന്റെ അന്തരീക്ഷമൊരുക്കുന്നു. പൊതു ഇടങ്ങളിലും ശ്രദ്ധേയമായ വേദികളിലും സ്ഥാപിച്ച ശില്‍പങ്ങളും സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നവയാണ്. വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്നതുമുതല്‍ തന്നെ ലോകകപ്പിന്റെ മനോഹരമായ പശ്ചാത്തലങ്ങളിലേക്ക് സന്ദര്‍ശകരെ കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലാണ് ദോഹയുടെ വീഥികള്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

ഖത്തര്‍ മ്യൂസിയങ്ങളും ഖത്തര്‍ നാഷണല്‍ ലൈബ്രറിയും സന്ദര്‍ശകര്‍ക്ക് ആകര്‍ഷകമായ പരിപാടികളൊരുക്കിയിട്ടുണ്ട്. കത്താറ കള്‍ചറല്‍ വില്ലേജും ആസ്പയര്‍ സോണും കോര്‍ണിഷുമെല്ലാം ഫുട്‌ബോള്‍ ആരാധകര്‍ക്ക് സവിശേഷമായ കാഴ്ചയൊരുക്കിയാണ് കാത്തിരിക്കുന്നത്. ഇന്നുമുതല്‍ ദോഹയിലെത്തി തുടങ്ങുന്ന സന്ദര്‍ശകര്‍ക്ക് ഖത്തറിന്റെ ലോകകപ്പിന് വിസിലുയരുന്ന നവംബര്‍ 20 വരെയും ഖത്തറിന്റെ സാംസ്‌കാരിക പാരമ്പര്യവും പ്രകൃതി ദൃശ്യങ്ങളുമൊക്കെ ആസ്വദിക്കാനാകും.

 

 

Latest News