Sorry, you need to enable JavaScript to visit this website.

കമലദളങ്ങളിൽ വിടർന്ന കഥകളിമുദ്ര

വനിതകളുടെ കഥകളി അരങ്ങേറ്റം
കലാമണ്ഡലം രവികുമാർ

കഥകളിയിലെ പെണ്ണരങ്ങേറ്റം. കേരള കലാമണ്ഡലത്തിലെ വിദ്യാർഥിനികൾ  കഥകളിക്കോപ്പണിയുന്നു. ചമയങ്ങളുടെ ചാരുതയിൽ കലയുടെ ശ്രീകോവിൽ പ്രശോഭിക്കുന്നു. കളിവിളക്കിന്റെ പ്രഭയിൽ പെൺതിളക്കം. മാറ്റത്തിന്റെ പുതിയ കേളികൊട്ട്. കഴിഞ്ഞ വർഷം മുതലാണ് എട്ടാം ക്ലാസിൽ പെൺകുട്ടികൾക്കും കഥകളി പഠിക്കാമെന്ന നിയമം വന്നത്. 'പച്ച'യിലും 'കത്തി'യിലുമെല്ലാം ഇനി മഹിളകൾ വേഷമണിയും. 


ഭാരതീയ നൃത്തകലകളുടെ ഈറ്റില്ലമെന്നു വിശേഷിപ്പിക്കാവുന്ന ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം ചരിത്രത്തിൽ ഇടം നേടുകയാണ്. ഭാരതപ്പുഴയുടെ തീരത്തുള്ള, നവതിയുടെ നിറവിൽ നിൽക്കുന്ന ഈ കലാലയത്തിൽ പഠിക്കുന്ന നാലു പെൺകുട്ടികൾ ആദ്യമായി കഥകളി അവതരിപ്പിച്ചുകൊണ്ടാണ് ശ്രദ്ധേയരായത്. കേരളത്തിന്റെ അഭിമാനകലയെന്നു വിശേഷിപ്പിക്കുന്ന കഥകളിയിൽ പുതിയൊരധ്യായം എഴുതിച്ചേർത്തിരിക്കുകയാണിവർ. കഥകളിരംഗത്ത് സ്ത്രീകളുടെ സാന്നിധ്യമുണ്ടെങ്കിലും കലാമണ്ഡലത്തിൽ കഥകളിപഠനത്തിന് പെൺകുട്ടികൾക്ക് അനുമതി ലഭിച്ചത് ഈയിടെയാണ്. കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയാശാനെപ്പോലുള്ള പ്രഗത്ഭർ നയിക്കുന്ന ഭരണസമിതിയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ.
തുടക്കമെന്നോണം എട്ടാം ക്ലാസിൽ പെൺകുട്ടികൾക്ക് കഥകളി പരിശീലനം ആരംഭിച്ചു. പിന്നീട് കേരള കലാമണ്ഡലത്തിലെ മോഹിനിയാട്ടം ഐച്ഛിക വിഷയമാക്കി ബിരുദാനന്തര ബിരുദ വിദ്യാർഥികളായ നാലു പെൺകുട്ടികളും കഥകളി പഠിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. പഠനത്തിന്റെ ഭാഗമായുള്ള ഉപവിഷയമായി ഇഷ്ടവിഷയം തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടായപ്പോൾ ഇവർ തെരഞ്ഞെടുത്തത് കഥകളിയായിരുന്നു. കലാമണ്ഡലത്തിന്റെ തന്നെ ചരിത്രപരമായ കാൽവെപ്പിന് അത് തുടക്കമാവുകയായിരുന്നു. തെക്കൻകളരിയിലുള്ള കഥകളിയാണ് ഇവർ പരിശീലിച്ചത്.
കെ.എസ്. അഞ്ജലി, എൻ.കെ. രേഷ്മ, ദേവിക ആർ. പിള്ള, എൻ.കെ. സ്‌നേഹ എന്നിവരാണ് കഥകളിവേഷത്തിലെ തെക്കൻ കളരി വിഭാഗം വകുപ്പു മേധാവിയായ കലാമണ്ഡലം രവികുമാറിന്റെ കീഴിൽ ശിക്ഷണം നേടിയത്. ഇക്കഴിഞ്ഞ സെപ്തംബർ ഇരുപത്തിയാറിന് കലാമ ണ്ഡലം കൂത്തമ്പലത്തിൽ കഥകളി അവതരിപ്പിക്കുകയും ചെയ്തു. പാഞ്ചാലിയുടെ സ്ത്രീസഹജമായ മോഹത്തെയും അത് സാധിച്ചുകൊടുക്കാനുള്ള പരാക്രമിയായ ഭീമന്റെ പൗരുഷത്തേയും വിദ്യാർഥികൾ അവതരിപ്പിച്ചപ്പോൾ അതൊരു ചരിത്രസംഭവമായി മാറുകയായിരുന്നു. കോട്ടയത്തു തമ്പുരാന്റെ കല്യാണ സൗഗന്ധികം ആട്ടക്കഥയിലെ ഭാഗമാണ് ഇവർ തിരഞ്ഞെടുത്തത്.
ഭീമനെപ്പോലെ പരാക്രമിയായ കഥാപാത്രത്തെ പെൺകുട്ടികൾ അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന പരിമിതികളുണ്ടായെങ്കിലും ആത്മസമർപ്പണത്തിലൂടെ ഓരോ ഭാവവും അവർ ഭംഗിയാക്കുകയായിരുന്നു. ഭാഷയിലും മുദ്രയിലും വേഷഭൂഷാദികളിലുമെല്ലാം കഥകളി മോഹിനിയാട്ടത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ്. മോഹിനിയാട്ടത്തിൽ ലളിതവേഷമാണെങ്കിൽ കഥകളിയിലെത്തുമ്പോൾ പ്രത്യേകിച്ചും പുരുഷകഥാപാത്രങ്ങൾക്ക് സങ്കീർണതയേറെയാണ്. 
വസ്ത്രത്തിനും കിരീടത്തിനുമെല്ലാം ഭാരം കൂടും. മാത്രമല്ല, മോഹിനിയാട്ടത്തിൽ വസ്ത്രങ്ങൾ ശരീരത്തോടു ചേർന്നുനിൽക്കുമ്പോൾ കഥകളിയിൽ വിസ്താരമുള്ള ഉടുത്തുകെട്ടാണ് പതിവ്. എങ്കിലും ഉപാസനയിലൂടെ ഇത്തരം വൈതരണികളെയെല്ലാം അതിജീവിച്ചാണ് അവരോരോത്തരും തങ്ങളുടെ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയത്.
കഥകളി പഠനത്തിനിടയിൽ ഏറെ വെല്ലുവിളികൾ നേരിടേണ്ടിവന്നുവെന്ന് വിദ്യാർഥികളും സാക്ഷ്യപ്പെടുത്തുന്നു. പഠനത്തിനായി ഒരുങ്ങുമ്പോഴായിരുന്നു കോവിഡ് വില്ലനായെത്തിയത്. ഒടുവിൽ ഏറെക്കാലം ഓൺലൈൻ പഠനമായിരുന്നു. മുദ്രകളെല്ലാം ഓൺലൈനായാണ് പരിശീലിച്ചത്. വെള്ളിയാഴ്ചകളിൽ രാവിലെ മുതൽ ഉച്ച വരെയായിരുന്നു ക്ലാസ്. ആറുമാസത്തെ പരിശീലനത്തിനിടയിൽ ഇരുപത്തിനാല് ക്ലാസുകളാണ് ലഭിച്ചത്. നേരിട്ടുള്ള പഠനം സാധ്യമായില്ലെങ്കിലും കഥകളിയോടുള്ള താൽപര്യം അത്തരത്തിലുള്ള കുറവുകളെല്ലാം പരിഹരിക്കുകയായിരുന്നു. ദേവികയും സ്‌നേഹയും പുരുഷവേഷത്തിൽ ഭീമന്റെ പരാക്രമഭാവങ്ങളാണ് അവതരിപ്പിച്ചതെങ്കിൽ അഞ്ജലിയും രേഷ്മയും പാഞ്ചാലിയുടെ മുഗ്ദ്ധഭാവത്തെയാണ് വേദിയിൽ വെളിവാക്കിയത്. മോഹിനിയാട്ടത്തിന്റെ ലാസ്യഭാവം കഥകളിയിൽ ഇടകലരാതെ കാത്തുസൂക്ഷിക്കാനും ഇവർക്ക് കഴിഞ്ഞു. കഥകളി സംഗീതവുമായെത്തിയത് സഹപാഠികളായ വിഘ്‌നേഷ്, നവീൻ, ലക്ഷ്മിപ്രിയ എന്നിവരായിരുന്നു.
മാതാപിതാക്കളുടെയും ഗുരുവിന്റെയും അകമഴിഞ്ഞ പിന്തുണയാണ് ഈ കലാരൂപം അരങ്ങിലെത്തിക്കാൻ പ്രാപ്തമാക്കിയതെന്ന് വിദ്യാർഥികൾ ഒന്നടങ്കം പറയുന്നു. നോർത്ത് പറവൂർ കേദാരംമഠത്തിൽ പഴവൂർ ദേവശിവയിൽ രാജീവ്കുമാറിന്റെയും സരസ്വതിയുടെയും ഏക മകളാണ് ദേവിക ആർ. പിള്ള. കുട്ടിക്കാലംതൊട്ടേ ഭരതനാട്യം പരിശീലിച്ചുപോന്ന ദേവിക കലാമണ്ഡലത്തിൽ പ്ലസ് വൺ മുതൽ മോഹിനിയാട്ടം അഭ്യസിക്കുന്നുണ്ട്. മലപ്പുറം മക്കരപ്പറമ്പ് നൂറൻകുന്നത്ത് വീട്ടിൽ ബാബുമോന്റെയും ജ്യോതിയുടെയും മകളാണ് സ്‌നേഹ. അങ്ങാടിപ്പുറം   കലാക്ഷേത്ര വിദ്യാർഥിയായിരുന്ന സ്‌നേഹ മോഹിനിയാട്ടം ബിരുദപഠനത്തിനാണ് കലാമണ്ഡലത്തിലെത്തിയത്. അഞ്ജലിയാകട്ടെ കൂത്താട്ടുകുളം പാലക്കുഴ കൊച്ചുപിലാക്കൽ സേതുരാജിന്റെയും എൽസിയുടെയും മകളാണ്. എട്ടാം ക്ലാസ് മുതൽ കലാമണ്ഡലത്തിലെ വിദ്യാർഥിയാണ്. മലപ്പുറം പോരൂർ പുത്രക്കോവ് നെല്ലിക്കുന്ന് വീട്ടിൽ രാധാകൃഷ്ണന്റെയും ശ്രീജയുടെയും മകളാണ് രേഷ്മ. കുട്ടിക്കാലംതൊട്ടേ നൃത്തം പരിശീലിച്ചുപോന്ന രേഷ്മ മോഹിനിയാട്ടം ബിരുദപഠനത്തിനായാണ് കലാമണ്ഡലത്തിലെത്തിയത്.
കലയുടെ ഈ ശ്രീകോവിലും മാറ്റത്തിന്റെ പാതയിലാണിപ്പോൾ. മോഹിനിയാട്ടം ബിരുദാനന്തര ബിരുദപഠനത്തിൽ നേരത്തെ ചെണ്ടയും കർണാടക സംഗീതവും സബ്‌സിഡിയറി വിഷയങ്ങളായി അഭ്യസിക്കുന്നവരുണ്ടായിരുന്നു. എം.എ വിദ്യാർഥികളുടെ മൂന്നാം ബാച്ച് മുതലാണ് ഇഷ്ടവിഷയം തിരഞ്ഞെടുക്കാനുള്ള അവസരം ലഭിച്ചത്. ഇതിൽ കഥകളിയും ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം മുതലാണ് എട്ടാം ക്ലാസിൽ പെൺകുട്ടികൾക്കും കഥകളി പഠിക്കാമെന്ന നിയമം പ്രാബല്യത്തിലെത്തിയത്. ഇപ്പോൾ കഥകളിയിൽ ബിരുദപഠനത്തിനും അവസരം നൽകാനുള്ള ശ്രമത്തിലാണ് കലാമണ്ഡലം ഭരണസമിതി. ഈയിടെ കലാമണ്ഡലത്തിലെ വിദ്യാർഥിനികൾ തിമിലയിൽ അരങ്ങേറ്റം നടത്തിയതും വാർത്തയായിരുന്നു. കലാമണ്ഡലം അധ്യാപകനായ കരിയന്നൂർ നാരായണൻ നമ്പൂതിരിയുടെ ശിക്ഷണത്തിലാണ് പെൺകുട്ടികൾ തിമിലയുമായി അരങ്ങിലെത്തിയത്.
കുറഞ്ഞ കാലയളവിനുള്ളിൽ കഥകളി വിദ്യാർഥിനികളെ അരങ്ങിലെത്തിക്കാൻ കഴിഞ്ഞതിനു പിന്നിൽ അക്ഷീണം പ്രയത്‌നിച്ച കലാമണ്ഡലം രവികുമാറും ശ്രദ്ധേയനാവുകയാണ്. തോടയം കഥകളിയോഗത്തിന്റെ 2022 ലെ പി.കെ.എസ്. രാജ സ്മാരക പുരസ്‌കാരത്തിന് ഇദ്ദേഹം അർഹനായിരുന്നു. കൊല്ലം ഓയൂർ സ്വദേശിയായ അദ്ദേഹം പതിനെട്ടാം വയസ്സിലാണ് കഥകളി അഭ്യസിക്കാനായി കലാമണ്ഡലത്തിലെത്തിയത്. തെക്കൻ കളരിയിൽ പരിശീലനം നേടിയ അദ്ദേഹം കഥകളി ബിരുദാനന്തര ബിരുദത്തിന് ഒന്നാം റാങ്ക് നേടി കലാമണ്ഡലത്തിൽ തന്നെ താൽക്കാലിക അധ്യാപകനായി. പിന്നീട് സ്ഥിരനിയമനം ലഭിച്ച അദ്ദേഹം രണ്ടുവർഷമായി വകുപ്പ് അധ്യക്ഷൻ കൂടിയാണ്.
കോട്ടയം തമ്പുരാന്റെ കല്യാണ സൗഗന്ധികത്തിൽ പാഞ്ചാലിയുടെ ഒരു പദം മാത്രമേ പഠിക്കാനുള്ളുവെങ്കിലും അതിൽ ഭീമന്റെ ഭാഗം കൂടി ചേർത്താണ് അരങ്ങിലെത്തിച്ചത്. കോവിഡിനെ തുടർന്ന് ക്ലാസുകൾ പലതും നഷ്ടമായെങ്കിലും അർപ്പണ മനോഭാവത്തോടെയുള്ള പഠനമാണ് ഈ വിദ്യാർഥികൾക്ക് തുണയായത്. പ്രത്യേകിച്ചും മോഹിനിയാട്ടം വിദ്യാർഥികളായതുകൊണ്ട് പഠനം എളുപ്പമായെന്നും ഈ ഗുരുനാഥൻ സാക്ഷ്യപ്പെടുത്തുന്നു.

Latest News