Sorry, you need to enable JavaScript to visit this website.

റിയാലിറ്റി ഷോകളിലെ റിയൽ ഹീറോ

സ്റ്റീഫൻ ദേവസ്സി, ശിവമണി എന്നിവർക്കൊപ്പം
ഉണ്ണികൃഷ്ണൻ എ.ആർ. റഹ്മാനോടൊപ്പം.
ജില്ലകൾ തമ്മിൽ മത്സരിച്ച ഫ്ലവേഴ്‌സ്, ഇന്ത്യൻ മ്യൂസിക് ലീഗിന്റെ വിധികർത്താക്കൾക്കും ജില്ലാ ക്യാപ്റ്റൻമാരോടുമൊപ്പം, ഉണ്ണികൃഷ്ണൻ.
ഗിന്നസ് വേൾഡ് റെക്കോർഡ് വേദിയിൽ ഫ്ളവേഴ്സ് ഡയറക്ടർമാരായ ആലുങ്ങൽ മുഹമ്മദ്, ഡോ. വിദ്യാ വിനോദ് എന്നിവരിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങുന്നു.

മലയാളം ടി.വി ചാനലുകളിലെ റിയാലിറ്റി ഷോകളിൽ ഏറ്റവുമധികം ജനപ്രീതി നേടിയ പരിപാടി കൊച്ചുകുട്ടികളുടെ തകർപ്പൻ പ്രകടനങ്ങളാണ്. ഇളംപ്രതിഭകളുടെ ഗാനാലാപനത്തിലെ ജന്മസിദ്ധമായ വൈഭവം, കലാലോകത്തിന്റെ ചരിത്രമെഴുതുന്നവരെ മുഴുവൻ വിസ്മയിപ്പിക്കും. പ്രേക്ഷകരെ അദ്ഭുതപരതന്ത്രരാക്കുന്ന സർഗസിദ്ധിയുള്ള നൂറുകണക്കിനു കുട്ടികളെ രംഗത്ത് അവതരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഫ്ലവേഴ്‌സ്- 24 ചാനലിന്റെ ന്യൂസ് ആന്റ് പ്രോഗ്രാംസ് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ സി. സ്റ്റുഡിയോയ്ക്കകത്തും പുറത്തുമുള്ള അനുഭവങ്ങൾ മലയാളം ന്യൂസുമായി പങ്ക് വെക്കുന്നു.

തൃശൂർ മെഡിക്കൽ കോളേജിനടുത്ത ഇടക്കുളം എൽ.പി സ്‌കൂളിലും മണിത്തറ യു.പി സ്‌കൂളിലും അവണൂർ ഹൈസ്‌കൂളിലും പഠിക്കുന്ന കാലത്ത് അനുഭവിക്കേണ്ടി വന്ന ഇല്ലായ്മയുടെ ആധിയും ആകുലതകളും, ഇടക്കുളത്ത് നാരായണൻ നായരുടേയും പത്മാവതിയമ്മയുടേയും മകൻ ഉണ്ണിക്കൃഷ്ണനെ ഏറെക്കാലം പിന്തുടർന്നു. എട്ടാം ക്ലാസിലാകുമ്പോൾ തന്നെ പുലർച്ചെ സൈക്കിളിൽ പത്രവിതരണം നടത്തിയും മറ്റ് ചെറുജോലികൾ ചെയ്തും വീട്ടുകാരെ സഹായിച്ചു. അച്ഛൻ കിടപ്പിലായതോടെ കഷ്ടപ്പാടുകളുടെ കാലമായി. പത്രവിതരണം കൊണ്ട് പക്ഷേ മറ്റൊരു ഗുണം കൂടിയുണ്ടായി. വായനയോടുള്ള ആർത്തി. ആനുകാലികങ്ങളിലെ കഥകളും ലേഖനങ്ങളും വായിച്ച് ഹരം കൊണ്ട കൗമാരം. വടക്കാഞ്ചേരി ശ്രീവ്യാസ കോളേജിലും തൃശൂർ കേരളവർമ കോളേജിലും പഠനം തുടരുമ്പോൾ എഴുത്തുകാരുടെയും ചലച്ചിത്രകാരന്മാരുടേയും ജീവിതം ഉണ്ണിക്കൃഷ്ണന്റെ മുമ്പിൽ ആലീസിന്റെ അദ്ഭുതലോകമായി നിറഞ്ഞു. കുറെശ്ശെ എഴുതാനും തുടങ്ങി. കഥയെഴുത്തുകാരോട് പ്രിയമായി. വായനയും എഴുത്തും 
പത്രപ്രവർത്തനത്തിലേക്കെത്തിച്ചു. തുടർന്ന് ഭാരതീയ വിദ്യാഭവനിൽ നിന്ന് ജേണലിസത്തിൽ ബിരുദമെടുത്തു. 
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റേയും ഭാഷാപോഷിണിയുടേയും എഡിറ്ററായിരുന്ന
കെ.സി നാരായണൻ അന്ന് മാതൃഭൂമിയുടെ തൃശൂർ ബ്യൂറോ ചീഫായിരുന്നു. അദ്ദേഹവുമായുള്ള അടുപ്പമാണ് ഉണ്ണിക്കൃഷ്ണനെ മാതൃഭൂമിയുടെ മെഡിക്കൽ കോളേജ് ലേഖകനാക്കിയത്. മാധ്യമപ്രവർത്തനത്തിന്റെ ഹരിശ്രീ കുറിച്ച നാളുകളിൽ നിരവധി ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറികൾ ചെയ്യാൻ ഉണ്ണിക്കൃഷ്ണന് സാധിച്ചു. ക്യാംപസ് ലൈൻ എന്ന പംക്തി കൈകാര്യം ചെയ്യാനുള്ള അവസരവും കിട്ടി. മെഡിക്കൽ കോളേജിലെ കിടപ്പുരോഗികളുടെ ജീവിതമെഴുതിയപ്പോൾ ഉണ്ണിക്കൃഷ്ണന്റെ ഉള്ള് പിടഞ്ഞു. പലപ്പോഴും രോഗബാധിതനായ അച്ഛൻ മനസ്സിൽ നിറഞ്ഞു. പല രോഗികളുടെയും മുഖം ഇപ്പോഴും ഓർമകളെ വേട്ടയാടാറുണ്ടെന്ന് ഉണ്ണി പറയുന്നു. 
മാതൃഭൂമി വിട്ട് മനോരമയിലെത്തിയതോടെ പത്രപ്രവർത്തനത്തിന്റെ പ്രൊഫഷണൽ പാഠങ്ങൾ കുറെക്കൂടി ഉൾക്കൊള്ളാനായി. അച്ചടിമാധ്യമത്തിന്റെ സാധ്യതയെക്കുറിച്ചുള്ള അവബോധം മനസ്സിൽ സൂക്ഷിച്ചുകൊണ്ടു തന്നെ ദൃശ്യമാധ്യമരംഗത്തേക്കൊരു ചുവടുവെപ്പ് നടത്തിയതും ഇക്കാലത്താണ്. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിച്ച എൻ.ടി.വി എന്ന പ്രൊഡക്ഷൻ ഹൗസിലേക്ക്  കൂട് മാറി. വാർത്തകൾക്കൊപ്പം സഞ്ചരിക്കുമ്പോൾ തന്നെ അവയുടെ വിഷ്വലൈസേഷൻ, ഉണ്ണിക്കൃഷ്ണനിൽ പുതിയ ജിജ്ഞാസകളുടെയും അന്വേഷണങ്ങളുടേയും മാർഗം തെളിയിച്ചു. എൻ.ടി.വിയിൽ നിന്ന്  ഇന്ത്യാവിഷനിലിലെത്തി. 
തുടക്കം തൊട്ടേ വേറിട്ടു സഞ്ചരിച്ചിരുന്ന ഇന്ത്യാവിഷൻ ചാനലിലെ ജോലി, നന്നായി ആസ്വദിച്ച് ചെയ്തു. എൻ.ടി.വിയിലാകുമ്പോൾ ചെയ്ത 'അണിയറ ' എന്ന പ്രോഗ്രാമിന്റെ പിറകിൽ ഉണ്ണിക്കൃഷ്ണനായിരുന്നു. ചാനൽ ക്യാമറകളിലേക്ക് ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറികളുടെ തുടിക്കുന്ന കഥകൾ പകർത്താമെന്നും അവയ്ക്ക് നല്ല ഇംപാക്ടുണ്ടാക്കാനാവുമെന്നും പഠിപ്പിച്ച പരിപാടിയായിരുന്നു അണിയറ. അത്തരം കഥകളുടെ എക്‌സ്റ്റൻഷനായിരുന്നു പിന്നീട് ചെയ്ത പല പരിപാടികളും. 
ബ്രോഡ്കാസ്റ്റ് ജേണലിസത്തിന്റേയും ടി.വി ജേണലിസത്തിന്റേയും മലയാളത്തിലെ ആധികാരികനാമം എന്ന് നിസ്സംശയം പറയാവുന്ന ആർ. ശ്രീകണ്ഠൻ നായരുമായുള്ള അകം നിറഞ്ഞ സൗഹൃദം ഉണ്ണിക്കൃഷ്ണന്റെ കരിയറിൽ പ്രകാശം വിതറി. തന്റെ ഓരോ യാത്രയിലും വഴികാട്ടിയായി മാറിയ സ്‌നേഹനിധിയായ ഗുരുനാഥനാണ് ശ്രീകണ്ഠൻ നായരെന്ന്്് ഉണ്ണിക്കൃഷ്ണൻ പറയുന്നു. ശ്രീകണ്ഠൻ നായരുടെ പ്രേരണയിൽ, 2004 ൽ ഉണ്ണിക്കൃഷ്ണൻ ഏഷ്യാനെറ്റിലെത്തി. അതാകട്ടെ, മാധ്യമജീവിതത്തിലെ പുതിയ വഴിത്തിരിവായി മാറി. 
വാർത്തകളുടെ ലോകത്ത് നിന്ന് വിനോദങ്ങളുടെ ലോകത്തേക്കുള്ള മാറ്റം കൂടിയായിരുന്നു അത്. എന്റർടെയ്ൻമെന്റുകളുടെ വൈവിധ്യം പകർന്ന സുപ്രഭാതം പരിപാടിയുടെ പ്രൊഡ്യൂസർ ഉണ്ണിക്കൃഷ്ണനായിരുന്നു. ഇടക്കാലത്ത് ഏഷ്യാനെറ്റ് എഫ്.എം. തൃശൂരിന്റെ ചുമതല കൂടി വഹിക്കേണ്ടി വന്നു. ഏഷ്യാനെറ്റ് ചാനലിൽ എം.ജി ശ്രീകുമാർ അവതരിപ്പിച്ച സരിഗമ, സിനിമാ ഡയറി, മഞ്ച് സ്റ്റാർ സിംഗർ എന്നീ പോപ്പുലർ പരിപാടികൾക്ക് പിന്നിലും ഉണ്ണിക്കൃഷ്ണന്റെ ആശയമുണ്ടായിരുന്നു. ഗോപിനാഥ് മുതുകാട്, ജി. വേണുഗോപാൽ, സുജാത എന്നിവരുടെയൊക്കെ ഉറച്ച പിന്തുണയും ലഭിച്ചു. പ്രേക്ഷകരെ വൻവിസ്മയങ്ങളുടെ ലോകത്തേക്ക് നയിച്ച ഐഡിയാ സ്റ്റാർ സിംഗർ ഈ രംഗത്തെ പുതിയൊരു ചരിത്രമായി. സ്റ്റാർ ടി.വിയുടെ സ്റ്റാർ ഓഫ് സ്റ്റാർ, ഏഷ്യാനെറ്റിന്റെ ബെസ്റ്റ് പെർഫോമർ അവാർഡ് ഇതൊക്കെ ഉണ്ണിക്കൃഷ്ണന്റെ പ്രൊഫഷനിലെ വിജയത്തിന്റെ തൂവലുകളായി. ആറു വർഷത്തെ സർഗസമ്പന്നമായ ഏഷ്യാനെറ്റ് ജീവിതം അവസാനിക്കുകയായിരുന്നു.
2010 മുതൽ നാലു വർഷം മഴവിൽമനോരമയിലായിരുന്നു ഉണ്ണിക്കൃഷ്ണൻ. മനോരമ ന്യൂസ് ചാനൽ, വിനോദ ചാനലായി മഴവിൽമനോരമ തുടങ്ങുമ്പോൾ കൺസൾട്ടന്റായി ക്ഷണിക്കപ്പെട്ട ശ്രീകണ്ഠൻനായരോടൊപ്പമാണ് ഉണ്ണിക്കൃഷ്ണനും മനോരമയിലെത്തിയത്. മഴവിൽമനോരമ അവതരിപ്പിച്ച വ്യത്യസ്തതയുള്ള നിരവധി പ്രോഗ്രാമുകളുടെ ശിൽപി ഉണ്ണിക്കൃഷ്ണനായിരുന്നു. അവയിൽ പലതും ഇന്ന് മഴവിൽമനോരമ സംപ്രേഷണം ചെയ്യുന്നുണ്ട്. 
പിയാനോയിലും കീബോർഡിലും രാഗപ്രപഞ്ചം സൃഷ്ടിക്കുന്ന സ്റ്റീഫൻ ദേവസ്സി സംഗീത വിഭാഗം കൈകാര്യം ചെയ്ത ഇന്ത്യൻ വോയ്‌സ് എന്ന പരിപാടി, മഴവിൽമനോരമയ്ക്ക് ഉണ്ണിക്കൃഷ്ണൻ നൽകിയ ഏറ്റവും നല്ല സംഭാവനകളിലൊന്നാണ്. ശങ്കർമഹാദേവ്, ശ്രേയാഘോഷാൽ എന്നിവരൊക്കെ ഇതിൽ പാടി. പല സീസണുകളായി നടത്തിയ സംഗീത റിയാലിറ്റി ഷോകളുടെ പിറകിലെ ശക്തിയെന്ന് പറയാവുന്ന രീതിയിലാകും എക്കാലത്തും മൽസരാർഥികളും അവയുടെ രക്ഷിതാക്കളും ഉണ്ണിക്കൃഷ്ണനെ നന്ദിപൂർവം ഓർമിച്ചെടുക്കുക. സ്റ്റുഡിയോ ഫ്‌ളോറുകൾക്ക് പിറകിലെ കൺട്രോൾ പാനൽക്യാബിനുകളിലിരുന്ന് നിർദേശങ്ങൾ നൽകുന്നവർകൂടി ഒത്ത്‌ചേരുമ്പോഴാണ് ഒരു പ്രോഗ്രാം പൂർണതയിലെത്തുകയെന്ന് അറിവുള്ളവർക്കേ ഉണ്ണിക്കൃഷ്ണനെപ്പോലുള്ളവരുടെ ഈ സംരംഭത്തിന്റെ പിന്നിലുള്ള സമർപ്പണം മനസ്സിലാവുകയുള്ളൂ.
മലയാളത്തിന്റെ വാനമ്പാടി ചിത്രയേയും പ്രമുഖ സംഗീതജ്ഞൻ ശരത്തിനേയും മറ്റും ഉൾപ്പെടുത്തി അവതരിപ്പിച്ച സീസൺ ടു സംഗീത റിയാലിറ്റിഷോയിലും നിരവധി കുരുന്നുകൾ മാറ്റുരച്ചു. സംഗീതലോകത്ത് ഇത്രയും സമ്പന്നമായ ഒരു തലമുറ, വളർന്നുവരുന്നുണ്ടെന്നത് മലയാളഗാനശാഖയെ ഇഷ്ടപ്പെടുന്ന ഓരോരുത്തരിലും രോമാഞ്ചം വിതറുമെന്നുറപ്പ്. അഞ്ഞൂറ് എപ്പിസോഡുകൾ പൂർത്തിയാക്കിയ സംഗീത റിയാലിറ്റി ഷോ ഒരു പക്ഷേ ലോകറെക്കാർഡ് തന്നെയാകും.  
ഇതിനിടയ്ക്കായിരുന്നു മിമിക്രി താരങ്ങളെ അണിനിരത്തി സിനിമ, ചിരിമ എന്ന പരിപാടിക്ക് തുടക്കമായത്. സംവിധായകൻ സിദ്ദീഖാണ് മഴവിൽമനോരമയ്ക്ക് ഈ ടൈറ്റിൽ നൽകിയത്. രവീന്ദ്ര സംഗീതസന്ധ്യ എന്ന പേരിലുള്ള ഷോയുടെ ഉത്തരവാദിത്തവും ഇക്കാലത്താണ് വഹിച്ചത്. വലിയ വിജയമായിരുന്നു അത്. സാമ്പത്തികമായി പിന്നോക്കം നിന്ന പല മിമിക്രി താരങ്ങളും പുതിയ അവസരങ്ങളിലൂടെ അഭിവൃദ്ധി കൈവരിച്ചു. അവരെല്ലാം നന്ദിയോടെ ഓർക്കുന്ന പേരാണ് ഉണ്ണിക്കൃഷ്ണന്റേത്. 
മനോരമ വിട്ട് ശ്രീകണ്ഠൻ നായർ ഫ്ലവേഴ്‌സ് ചാനലും തുടർന്ന് 24 ന്യൂസ് ചാനലും ആരംഭിച്ചപ്പോൾ അതിന്റെ പിന്നിലെ ചാലകശക്തികളൊരാളായി, സ്വാഭാവികമായും ഉണ്ണിക്കൃഷ്ണനും മാറുകയാണുണ്ടായത്. 2014 തൊട്ടാണ് ഫ്ലവേഴ്‌സിനൊപ്പം കലയുടെ പരിമളം പരത്തി ഉണ്ണിക്കൃഷ്ണൻ സഞ്ചരിക്കുന്നത്. പതിനാലു ജില്ലകളിലേയും സംഗീതജ്ഞരെ മൽസരത്തിന്റെ സ്പിരിറ്റിൽ ഇന്ത്യൻ മ്യൂസിക് ലീഗ് എന്ന ശീർഷകത്തിൽ അണിനിരത്തിയത് പുതുമയുള്ള പരിപാടിയായിരുന്നു. നിവാസിന്റെ നേതൃത്വത്തിലുള്ള ഇടുക്കി ടീമാണ് മ്യൂസിക് ലീഗിൽ അന്ന് വിജയിച്ചത്. 
നിരവധി യുവപ്രതിഭകൾ കഴിവ് തെളിയിച്ച പരിപാടിയാണിത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കലാകാരന്മാരെ സഹായിക്കുന്ന പരിപാടികൾക്കും ഫ്ലവേഴ്‌സ് നേതൃത്വം നൽകിയത് ഇക്കാലത്താണ്. ഫ്ലവേഴ്‌സ് സ്വപ്‌നഗ്രാമം എന്ന പേരിൽ പാവപ്പെട്ടവർക്ക് ഇരുപത് വീടുകൾ ഇടുക്കി പൈനാവിൽ നിർമിച്ച് കൊടുത്തതോടെ ഫ്ലവേഴ്‌സിന്റെ പ്രവർത്തനപഥം, ജീവകാരുണ്യരംഗത്ത് കൂടി നന്മ നിറഞ്ഞ ശ്രേയസ്സും യശസ്സുമുയർത്തി. തുടർന്ന് ഈവന്റുകളുടെ പുതുലോകം, ആഗോളതലത്തിൽ തുറക്കപ്പെടുകയെന്ന റെക്കാർഡ് കൂടി ഫ്ലവേഴ്‌സിനും ഉണ്ണിക്കൃഷനുൾപ്പെടെയുള്ള സംഘത്തിനും സ്വന്തമായി. കേരളത്തിലും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങൾക്കും ശേഷം അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ഗൾഫ് നാടുകൾ എന്നിവിടങ്ങളിലേക്ക് കലാകാരന്മാരുടേയും കലാകാരികളുടേയും സാങ്കേതിക വിദഗ്ധരുടേയും വലിയ ടീമുകളുമായുള്ള സഞ്ചാരങ്ങൾക്കൊപ്പം ഈവന്റ്‌സ് ഹെഡ് എന്ന നിലയിലും അല്ലാതെയും ഉണ്ണിക്കൃഷ്ണനും നേതൃപാടവത്തോടെ ചേർന്നുനിന്നു. എല്ലാം മെഗാഹിറ്റുകളായി മാറിയ പ്രോഗ്രാമുകൾ. 
2018 ൽ ഫ്ലവേഴ്‌സ്, 24 ന്യൂസ് ചാനൽ തുറന്നപ്പോൾ അവിടേയും ഉണ്ണിക്കൃഷ്ണന്റെ കരസ്പർശമുണ്ടായി. പഴയ ന്യൂസ്‌റൂമുകളുടെ ഓർമകളിലേക്കൊരു പിൻനടത്തം. അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിൽ വഴിത്തിരിവുണ്ടാക്കിയ പല സ്റ്റോറികളുടേയും പിന്നിൽ ഉണ്ണിക്കൃഷ്ണനുണ്ടായിരുന്നു. അതിനായി സഹപ്രവർത്തകരോടൊപ്പം വിശ്രമമില്ലാതെ എത്ര അലയാനും ഉണ്ണിക്കൃഷ്ണന് മടിയില്ല.
- വാർത്താ മാധ്യമപ്രവർത്തനത്തിൽ അനുഭവിക്കുന്ന ത്രിൽ പറഞ്ഞറിയിക്കാനാവാത്തതാണ്. റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിക്കുന്ന കുട്ടികളുടേയും രക്ഷിതാക്കളുടേയും മനസ്സിൽ നിറഞ്ഞ് വിടരുന്ന സംതൃപ്തി പോലെയാണ്, നമ്മൾ ചെയ്ത ഒരു സ്‌റ്റോറിയുടെ ഇംപാക്ടിനെക്കുറിച്ച് ഏതെങ്കിലും ഒരു പ്രേക്ഷകൻ വിളിച്ചഭിനന്ദിക്കുമ്പോൾ ഞാനും അനുഭവിക്കുന്നത്. 
എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ വാർഷികത്തിൽ പബ്ലിക് റിലേഷൻസ് വകുപ്പ്് പുറത്തിറക്കിയ ലഘുലേഖയുടെ മുഖചിത്രത്തിൽ നിറചിരിയോടെ നിൽക്കുന്ന മൽസ്യത്തൊഴിലാളി സ്ത്രീയെ അന്വേഷിച്ച് ക്യാമറാമാനേയും കൊണ്ട് അർത്തുങ്കൽ കടപ്പുറത്ത് പോയപ്പോൾ കണ്ടത് പട്ടിണിയും പരിവട്ടവുമായി, പാർക്കാനിടമില്ലാതെ, ശൗചാലയം പോലുമില്ലാതെ കഴിയുന്ന സൂസി എന്ന മൽസ്യത്തൊഴിലാളിയെയാണ്. അവരുടെ ഫോട്ടോയെടുത്ത് ജീവിതം ഇവിടെ സുഖം എന്ന അർഥത്തിൽ അച്ചടിച്ച ആ ലഘുലേഖയിലെ അസംബന്ധം വെളിച്ചത്ത് കൊണ്ടുവന്നത് ഉണ്ണിക്കൃഷ്ണന്റെ കരിയറിലെ ചരിത്രമായി. 
അധികാരികളുടെ കാപട്യം തുറന്നുകാട്ടിയ ഈ വാർത്ത ഭരണക്കാരിൽ അലോസരമുണ്ടാക്കിയെങ്കിലും വലിയൊരു വിഭാഗം ആളുകളുടെ അഭിനന്ദനം ഏറ്റുവാങ്ങുകയും സുരേഷ് ഗോപി മുൻകൈയെടുത്ത് സൂസിക്ക് ശുചിമുറിയും പിന്നീട് ചില സഹൃദയർ പാർപ്പിടവും പണിത് കൊടുക്കാനുള്ള നിമിത്തമായി ആ സ്റ്റോറി മാറുകയും ചെയ്തു. 
ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവുമധികം ചോദ്യങ്ങളിലൂടെ (ആറു മണിക്കൂറിൽ 670 ചോദ്യങ്ങൾ) ഗിന്നസ് റെക്കാർഡ് നേടിയെടുത്ത ടി.വി ടോക്‌ഷോയുടെ സംവിധായകൻ എന്ന നിലയിൽ ഫ്ലവേഴ്‌സും ഉണ്ണിക്കൃഷ്ണനും ആദരിക്കപ്പെടുകയുണ്ടായി. മാധ്യമജീവിതത്തിലെ സംഭവബഹുലമായ ട്രാക്ക് റെക്കാർഡുമായി ഉണ്ണിക്കൃഷ്ണന്റെ സർഗസഞ്ചാരം തുടരുന്നു.

 

Latest News