Sorry, you need to enable JavaScript to visit this website.

ചൊറിച്ചു മല്ലുന്ന മലയാള സിനിമ 

മലയാള സിനിമയുടെ സുവർണ യുഗം  ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളുടെ കാലമായിരുന്നു. സത്യൻ, നസീർ, മധു, കെ.പി ഉമ്മർ, ശാരദ, ഷീല തുടങ്ങിയ താരങ്ങളുടെ കാര്യം അവിടെ നിൽക്കട്ടെ. അന്നത്തെ പിന്നണിയും ഒന്നിനൊന്ന് മികച്ചതായിരുന്നു. വയലാർ, പി. ഭാസ്‌കരൻ, ശ്രീകുമാരൻ തമ്പി പോലുള്ള പ്രതിഭാധനന്മാർ രചിച്ച പാട്ടുകൾക്ക് ദേവരാജൻ മാഷും എം.എസ് ബാബുരാജും ഈണം പകർന്നപ്പോൾ നിരവധി ഹിറ്റുകൾ പിറന്നു. എസ്.എൽ.പുരം സദാനന്ദന്റെ സംഭാഷണത്തിന് വിമർശകർ കണ്ടെത്തിയ പ്രധാന ദൂഷ്യം മിക്ക ചിത്രങ്ങളിലും ദ്വയാർഥ പ്രയോഗങ്ങളുടെ അതിപ്രസരമുണ്ടെന്നതായിരുന്നു. 
കാത്തു കാത്തിരുന്ന് തിയേറ്ററുകളിലെത്തിയ ലാലേട്ടന്റെ മോൺസ്റ്ററിന് തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.  മോഹൻലാൽ ആരാധകർ ചിത്രം വൻ വിജയമെന്ന് അവകാശപ്പെടുമ്പോൾ (അതവരുടെ കർത്തവ്യമാണല്ലോ)  ചിത്രം പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ലെന്നാണ് മറുവാദം.  ചിത്രത്തിലെ സ്ത്രീവിരുദ്ധ കോമഡികളും ഡബിൾ മീനിങ്ങുകൾക്കുമെതിരെ വ്യാപക വിമർശനവും ഉയർന്നു.   കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവി എഡിറ്റേഴ്‌സ് അവറിൽ ഇത് ചർച്ച ചെയ്യുകയുമുണ്ടായി.  ഈ ചർച്ചയിൽ പുതിയ കാലത്തെ സംവിധായകൻ ഒമർലുലു നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമായി. സിനിമാ വ്യവസായത്തിൽ എല്ലാ തരത്തിലുള്ള സിനിമകളും വരണം. അഡൽറ്റും കോമഡിയുമൊക്കെ വേണം. ബോളിവുഡും ഹോളിവുഡും അടക്കമുള്ള ഏത് മേഖലകൾ എടുത്ത് നോക്കിയാലും അവിടെയൊക്കെ എല്ലാ തരത്തിലുള്ള സിനിമകളും ഇറങ്ങുന്നുണ്ട്. ഒരു തിയേറ്റർ നിലനിൽക്കേണ്ടത് സിനിമ വ്യവസായത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പലതരം അഭിരുചികളുള്ള ആളുകളുണ്ടാവാം. അതുകൊണ്ട് തന്നെ റിയലിസ്റ്റിക് സിനിമയും മാസ് സിനിമയും അഡൽറ്റ് കോമഡിയും വേണം. സിനിമയെ സിനിമയായിട്ട് കാണാൻ പ്രേക്ഷകർക്കറിയാം. ഇതിപ്പോൾ നിരൂപകർ എന്ന് പറയുന്ന ആളുകൾ വന്നിട്ട് അവർക്ക് റീച്ചുണ്ടാക്കാൻ വേണ്ടി എന്തെങ്കിലുമൊക്കെ പറയുന്ന പദ്ധതിയായിട്ട് മാറുകയാണ്. ഇവർക്കൊക്കെ പൈസ കിട്ടുന്നുണ്ട്- ഒമർലുലു ഇൻഡസ്ട്രി രഹസ്യം വെളിപ്പെടുത്തി. നല്ല ആളാണ് ഇതൊക്കെ പറയുന്നത്. ഏതാനും വർഷങ്ങൾക്കപ്പുറം ചങ്ക്‌സ് എന്ന ടൈറ്റിലിൽ ഒരു സിനിമയെടുത്ത സംവിധായകനാണ്. ഈ സിനിമയുടെ റിവ്യൂവിൽ മുതിർന്ന പെൺകുട്ടികളേയും കൂട്ടി കഴിവതും കുടുംബങ്ങൾ തിയേറ്ററിൽ ചിത്രം കാണാനെത്തരുതെന്നാണ് പ്രമുഖ ഇംഗ്ലീഷ് പത്രത്തിലെ റിവ്യൂ കേരളത്തിലെ കുടുംബങ്ങളെ പ്രത്യേകം ഓർമിപ്പിച്ചത്. 

***  ***  ***

ജിദ്ദ സൈക്കിൾ റൗണ്ട് എബൗട്ടിനടുത്ത് അറബി വീട്ടിൽ  ഒരു മലയാളി കുട്ടി ഒറ്റപ്പെട്ടു പോയത് ഏഴെട്ട് വർഷങ്ങൾക്കപ്പുറമാണ്. സമൂഹ മാധ്യമങ്ങൾ കൂടി കുട്ടിയെ കുടുംബത്തിന് തിരിച്ചു കൊടുക്കുന്ന ദൗത്യം ഏറ്റെടുത്തു. ഇത് ചരിത്രം. വാട്ട്‌സപ്പിൽ ഇപ്പോഴും മറ്റു പണിയൊന്നുമില്ലാത്തവർ ഒറ്റപ്പെട്ട മലയാളി കുട്ടിയുടെ കാര്യം ഫോർവേഡ് ചെയ്തു കൊണ്ടേയിരിക്കും. ഇത്തരം പോസ്റ്റുകൾക്ക് ചുവട്ടിൽ തീയതിയും മാസവും കൊല്ലവും രേഖപ്പെടുത്തുകയല്ലാതെ മറ്റു വഴികളില്ല. ഇതു പോലെ എന്തോ ഒരു പണി നമ്മുടെ ജിയ്ക്ക് കിട്ടിയ പോലുണ്ട്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ മോഡിജി രംഗത്തെത്തി. ദേശീയ തലത്തിൽ ആശങ്കകൾ സൃഷ്ടിക്കാൻ വ്യാജ വാർത്തകൾക്ക് കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏതൊരു വാർത്തയും മറ്റുള്ളവർക്ക് അയക്കുന്നതിനു മുമ്പ് അതിന്റെ യാഥാർഥ്യത്തെ കുറിച്ച് അന്വേഷിക്കുകയും ചിന്തിക്കുകയും ചെയ്യണമെന്നും മോഡി കൂട്ടിച്ചേർത്തു. ഹരിയാനയിൽ നടന്ന ചിന്തൻ ശിബിരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. 'ഏതൊരു വാർത്തയുടെയും സത്യസന്ധത തിരിച്ചറിയാനുള്ള നിരവധി സാധ്യതകൾ ഉണ്ട്. വ്യത്യസ്ത ഇടങ്ങളിൽ തിരയുകയാണെങ്കിൽ അതിനെ കുറിച്ചുള്ള വ്യക്തമായ ധാരണ നമുക്ക് ലഭിക്കും. 
ഏതൊരു വിവരവും ഫോർവേഡ് ചെയ്യുന്നതിനു മുമ്പ് പത്തുവട്ടമെങ്കിലും ചിന്തിക്കണം. അതിലെ വ്യക്തത ഉറപ്പുവരുത്തുകയും വേണം. അതിന് സാങ്കേതിക വിദ്യകൾക്ക് വലിയ പങ്കു വഹിക്കാനാകും. കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുമ്പ് തൊഴിൽ മേഖലയിലെ സംവരണത്തെ കുറിച്ച് പ്രചരിച്ച വ്യാജ വാർത്തയെ തുടർന്ന് രാജ്യത്തിന് പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് വാർത്തകളിലെ വിശ്വാസ്യത ഉറപ്പാക്കാനുള്ള സംവിധാനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ സ്ഥാപനങ്ങൾ പലതിനും ഇപ്പോൾ ഫാക്റ്റ് ചെക്കിംഗ് സംവിധാനമുണ്ട്. 

***  ***  ***

മുഖ്യധാരാ മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്താൻ വിമുഖത പ്രകടിപ്പിക്കാറുള്ള സ്റ്റോറികൾ പലതും ആളുകളറിയുന്നത് ദ വയർ പോലുള്ള മാധ്യമങ്ങളിലൂടെയാണ്. എന്നാൽ ഇവരുടെ കഷ്ടകാലം തീരുന്നില്ലെന്നാണ് സൂചന. ദി വയർ മാധ്യമത്തിനെതിരെ നിയമനടപടിക്കൊരുങ്ങി ബി.ജെ.പി ഐ.ടി വിഭാഗം മേധാവി അമിത് മാളവ്യ. തനിക്കെതിരായി നൽകിയ വ്യാജവാർത്തയിൽ മാധ്യമസ്ഥാപനത്തിനെതിരെ സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് മാളവ്യ പറഞ്ഞു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ ഉടമയായ മെറ്റയുടെ 'എക്സ് ചെക്കർ' അംഗമാണ് അമിത് മാളവ്യയെന്നും കേന്ദ്രസർക്കാരിനെയോ ബി.ജെ.പിയെയോ  വിമർശിക്കുന്ന പോസ്റ്റുകൾ മാളവ്യയ്ക്ക് ഉടൻ നീക്കം ചെയ്യാൻ കഴിയുമെന്നും  വയർ പ്രസിദ്ധീകരിച്ചിരുന്നു.  എന്നാൽ ഈ വാർത്തയ്‌ക്കെതിരെ  മെറ്റ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ ഗൈ റോസൻ രംഗത്തെത്തി. അത്യന്തം വിചിത്രവും അസത്യങ്ങളാൽ നിറഞ്ഞതുമായ വാർത്തകളാണ് 'ദി വയർ' പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നാണ് ഗൈ റോസൻ പ്രതികരിച്ചത്. ക്രോസ്-ചെക്ക് വിഭാഗത്തെ കുറിച്ച് അവർ തന്നെ ഉണ്ടാക്കിയ കഥകളാണ് അതിൽ പറയുന്നതെന്നും റോസൻ പറയുന്നു.

***  ***  ***

പോരാളികൾക്ക് ഗതികേടിന്റെ നാളുകളാണെങ്കിൽ സ്തുതി പാഠകരുടെ സുവർണ ദിനങ്ങളാണ് കടന്നു പോകുന്നത്. കർണാടക മുഖ്യമന്ത്രി ഇതാ പാവം പിടിച്ച മാധ്യമ പ്രവർത്തകരുടെ കഷ്ടകാലം കണ്ടറിഞ്ഞ് രംഗത്തിറങ്ങിയിരിക്കുന്നു. 
സർക്കാരിനെ വാഴ്ത്തിപ്പാടാൻ മാധ്യമ മേധാവികൾക്കും മാധ്യമ പ്രവർത്തകർക്കും  കർണാടകയിലെ ബിജെപി സർക്കാർപണം കൈമാറി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലാണ് മാധ്യമ പ്രവർത്തകർക്ക് ദീപാവലി സമ്മാനമായി ലക്ഷങ്ങൾ കൈമാറിയത്. ഈ മാസം 24ന് നടന്ന ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി വിതരണം ചെയ്ത മധുര പലഹാരങ്ങളുടെ പൊതിക്കൊപ്പം പണവും ഉണ്ടായിരുന്നുവെന്നാണ്  റിപ്പോർട്ടുകൾ. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹൻഡിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. രാഷ്ട്രീയ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കാണ് സർക്കാർ തെരഞ്ഞ് പിടിച്ച് പണം കൈമാറിയിരിക്കുന്നത്.ദീപാവലി സമ്മാനമായി 1 ലക്ഷം മുതൽ 2.5 ലക്ഷം രൂപവരെ ലഭിച്ചതായി ചില മാധ്യമ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടുണ്ട്. സമ്മാനപ്പൊതിയിൽ പണമാണെന്ന് കണ്ടതോടെ ചില മാധ്യമ പ്രവർത്തകർ പണം തിരിച്ച് നൽകിയിരുന്നുവെന്ന് ന്യൂസ് മിനിട്ട് റിപ്പോർട്ട് ചെയ്തു.  ചിലർ ഔദ്യോഗിക ഇ-മെയിൽ വിലാസത്തിൽനിന്നും മെയിൽ അയച്ച് സമ്മാനപ്പൊതികൾ നിരസിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. ഇതൊക്കെ എന്ത്? തെലങ്കാനയിലെ ഫാം ഹൗസിൽ എം.എൽ.എമാരെ വാങ്ങാനെത്തിയത് കോടികളുമായാണ്. 

***  ***  ***

ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ് അതോറിറ്റി കർണാടകയിലെ ഹിജാബ് പ്രതിഷേധത്തിൽ പങ്കെടുത്തവരെ അപമാനിച്ചു എന്ന പരാതിയിൽ ന്യൂസ് 18 ഇന്ത്യയ്ക്ക് പിഴ ചുമത്തി. 50000 രൂപയാണ് പിഴ ചുമത്തിയത്. ടെലിവിഷൻ വാർത്താ ചാനലുകളുടെ സ്വതന്ത്ര സ്ഥാപനമാണ് എൻ ബി ഡി എസ് എ. ഹിജാബുമായി ബന്ധപ്പെട്ട ചാനൽ ചർച്ചക്കിടെ അവതാരകൻ അമൻ ചോപ്ര അനാദരവോടെ പെരുമാറിയെന്നും ഹിജാബ് ധരിക്കണം എന്നാവശ്യപ്പെട്ട അഞ്ച് വിദ്യാർഥിനികളെ അൽ ഖാഇദ എന്ന് വിശേഷിപ്പിച്ചുവെന്നുമുള്ള പരാതിയെ തുടർന്ന് ഷോ പിൻവലിക്കാൻ അതോറിറ്റി ചാനലിനോട് ആവശ്യപ്പെട്ടു.
വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നതിനെ അനുകൂലിക്കുന്ന പാനലിസ്റ്റുകളെ അൽ ഖാഇദ നേതാവ് സവാഹിരിയുമായി ബന്ധപ്പെടുത്തി അവരെ സവാഹിരി സംഘാംഗങ്ങൾ, സവാഹിരിയുടെ അംബാസഡർ എന്നിങ്ങനെ മുദ്രകുത്തുകയും ചെയ്യുന്ന പ്രവണതയെ അതോറിറ്റി അപലപിച്ചു. ഹിജാബിനെ പിന്തുണയ്ക്കുന്ന പാനലിസ്റ്റുകളെ അൽ ഖാഇദയുമായി  ബന്ധിപ്പിക്കുന്നതിൽ ഒരു ന്യായീകരണവുമില്ല.
വാർത്താ ചാനലുകളിലെ തെറ്റായ വിവരങ്ങൾക്കെതിരെ പോരാടുന്ന ടെക് എത്തിക്‌സ് പ്രൊഫഷണലായ ഇന്ദ്രജീത് ഘോർപഡെ ആണ് ഇതിനെതിരെ പരാതി നൽകിയത്. ഏപ്രിൽ ആറിന് സംപ്രേഷണം ചെയ്ത പരിപാടിക്കെതിരെ ഏപ്രിൽ 10 ന് ആണ് ഇന്ദ്രജീത് പരാതി നൽകിയത്.  ഏഴ് ദിവസത്തിനകം എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും സംപ്രേഷണം നിർത്തലാക്കാൻ ന്യൂസ് 18 ഇന്ത്യയോട് നിർദ്ദേശിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ കാര്യങ്ങളിൽ എങ്ങനെ സംവാദങ്ങൾ നടത്തണമെന്ന് അമൻ ചോപ്രയെ പരിശീലിപ്പിക്കാൻ ന്യൂസ് 18-നെ അതോറിറ്റി ഉപദേശിച്ചു. ഇതെല്ലാം കുറച്ചുകാലം മുമ്പേ ചെയ്യേണ്ടതായിരുന്നു. 

***  ***  ***

ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രിയായത് ഏതായാലും നന്നായി. മുൻ പോലീസ് മേധാവി ഋഷിരാജ് സിങിന്റെ പേരെഴുതാൻ മാത്രമാണ് വല്ലപ്പോഴെങ്കിലും ഋ എന്ന മലയാള അക്ഷരം ഉപയോഗിച്ചിരുന്നത്. നിർത്തി അപമാനിച്ചു കഴിഞ്ഞെങ്കിൽ പോയ്‌ക്കോട്ടെ എന്നു ട്രോളന്മാർ പറയാറുള്ളതാണിത്. ഇന്ത്യൻ വംശജനാണോ അല്ലയോ എന്ന തർക്കം ഒരു വശത്ത്. ഇപ്പോൾ പാക്കിസ്ഥാനിലെ പഞ്ചാബിലുൾപ്പെടുന്നതാണ് പോലും സുനകിന്റെ പൂർവീകരുടെ നാട്. പണ്ടെങ്ങോ കെനിയയിലേക്ക് പോയവർ. അതു വഴി ബ്രിട്ടനിലെത്തി. ഋഷി ജനിച്ചതും വളർന്നതും രാഷ്ട്രീയക്കാരനായതും യു.കെയിൽ. ഇതാണ് ദുഷ്ടന്മാരുടെ കുഴപ്പം. ഇന്ത്യയ്ക്ക് ഗുണമുള്ള ഒരു കാര്യം പറഞ്ഞപ്പോഴേക്കും റിസർച്ച് നടത്തി കണ്ടുപിടിച്ചത് കണ്ടില്ലേ? ഇത്തരക്കാരുടെ കൂട്ടാളികൾ അങ്ങ് ബ്രിട്ടനിലുമുണ്ട്. 
സുനകിന്റെ പ്രധാനമന്ത്രി പദവിയിൽ ഹാലിളകിയ ബ്രിട്ടീഷ് മാധ്യമങ്ങളുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയിൽ ആദ്യമായി ഒരു ഏഷ്യാക്കാരൻ എത്തുന്നതിന്റെ അനിഷ്ടം അവർ പ്രകടിപ്പിക്കുന്നു. മുൻ മത്സരങ്ങളിൽ സുനകിന്റെ മുന്നേറ്റം തടഞ്ഞ മാധ്യമങ്ങൾക്ക് ഇക്കുറി ഒന്നും ചെയ്യാനായിരുന്നില്ല. അതുകൊണ്ട് കൂടിയാണ് വിമർശനം. 'നമ്മുടെ പുതിയ (തെരഞ്ഞെടുക്കപ്പെടാത്ത) പ്രധാനമന്ത്രി എന്നാണ് മിറർ പത്രം പരിഹാസത്തോടൊപ്പം ചേർത്ത വിമർശനത്തിനായി മുൻപേജിൽ തലക്കെട്ട് നൽകിയത്. ഇതോടൊപ്പം കിക്കറായി 'ആരാണ് തനിക്ക് വോട്ട് ചെയ്തത്'  എന്നൊരു ചോദ്യവും മിറർ ഉന്നയിക്കുന്നു. സ്‌കോട്‍ലാന്റിലെ ഡെയ്‍ലി മെയിൽ കുറച്ചു കൂടി കടുപ്പിച്ചാണ്  വിമർശനം ഉന്നയിച്ചത്. 'ജനാധിപത്യത്തിന്റെ മരണം' എന്നാണ് സുനകിന്റെ എതിരില്ലാത്ത ജയത്തെ കുറിച്ച് പത്രം തലക്കെട്ട് കുറിച്ചത്. അദ്ദേഹത്തിന്റെ സ്വന്തം പാർട്ടി ഏതാനും ആഴ്ച മുൻപാണ് ഇദ്ദേഹത്തെ തള്ളിയത്. ഇപ്പോൾ 100 എംപിമാരുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയായി സുനക് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയാകുന്നു'  ഡെയ്‍ലി മെയിൽ പരിഹസിച്ചു.

***  ***  ***
സംസ്ഥാന സർക്കാരുകൾക്ക് ടെലിവിഷൻ ചാനലുകൾ സ്വന്തം നിലക്ക് പ്രക്ഷേപണം ചെയ്യാനോ വിതരണം ചെയ്യാനോ ഉള്ള അനുമതി ഇല്ല എന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. നിലവിൽ പ്രവർത്തിക്കുന്ന ചാനലുകൾ പ്രസാർ ഭാരതിയ്ക്ക് കീഴിൽ ക്രമപ്പെടുത്തണം എന്ന നിർദേശവും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നൽകിയിട്ടുണ്ട്. ഇതിനായി 2023 ഡിസംബർ 31 വരെ സമയം നൽകിയിട്ടുണ്ട്. പുതിയ നിർദേശം ആന്ധ്രാപ്രദേശ് സർക്കാരിന്റെ ഐപിടിവി, തമിഴ്‌നാട്ടിലെ കൽവി ടിവി, അരസു കേബിൾ എന്നിവയേ ബാധിച്ചേക്കും. പ്രക്ഷേപണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും നോഡൽ ഏജൻസിയാണ് ഐ ആൻഡ് ബി മന്ത്രാലയം എന്നാണ് ഉത്തരവിൽ പറഞ്ഞത്. വയർലെസ്, ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയവയ്ക്കുള്ള ലൈസൻസ് നൽകാനുള്ള പ്രത്യേകാവകാശം കേന്ദ്രത്തിൽ നിക്ഷിപ്തമാണ്. 

***  ***  ***

തീവണ്ടി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ താരമാണ് സംയുക്ത മേനോൻ. പലപ്പോഴും തന്റെ സിനിമാ ജിവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും വെളിപ്പെടുത്തലുകൾ നടത്താറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ 
തന്റെ പ്രണയത്തെ പറ്റിയും താരം വെളിപ്പെടുത്തി. ടോക്‌സിക്കായൊരു റിലേഷൻഷിപ്പായിരുന്നു എന്റേത്. ഒരു ബന്ധം മുന്നോട്ട് പോവണമെങ്കിൽ രണ്ടുപേരും ചേരുന്നവരായിരിക്കണം. അങ്ങനെയല്ലെങ്കിൽ മറ്റേയാൾ കുഴപ്പക്കാരനാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല.- സംയുക്ത പറഞ്ഞു.
സിനിമയിലെത്തി തുടക്കകാലത്ത് നേരിട്ട മോശം അനുഭവങ്ങളും തുറന്നു പറഞ്ഞു.  തുടക്കകാലത്ത് ഷൂട്ടിങ് സെറ്റിൽ മര്യാദയ്ക്ക് ബാത്ത് റൂം പോലും ലഭിച്ചിരുന്നില്ല. ഡോർ പോലുമില്ലാത്ത വാഷ് റൂം കാണിച്ച്, ഇതാണ് വാഷ് റൂം എന്ന് പറഞ്ഞാൽ, അന്നൊക്കെ ഒകെ പറയുമായിരുന്നുവെന്ന് നടി പറഞ്ഞു. അത് ഒകെ അല്ലെന്ന് പിന്നീടാണ് മനസിലായതെന്നും സംയുക്ത പറയുന്നു. തമിഴിലും തെലുങ്കിലും നടിമാർക്ക് കൂടുതൽ ബഹുമാനം ലഭിക്കാറുണ്ടെന്ന് നടി പറഞ്ഞു. അവിടെ ആർട്ടിസ്റ്റുകളെ  ബഹുമാനിക്കുന്ന സ്ഥിതിയാണ് ഷൂട്ടിങ് സെറ്റിലുള്ളത്. 

Latest News