പാരിസ്- റഷ്യൻ ലോകകപ്പിനുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിക്കുന്നത് ഈ മാസം 16ന് നടക്കുന്ന യുവേഫ യൂറോപ്പ കപ്പ് ഫൈനലിനു ശേഷം. കലാശ പോരാട്ടത്തിൽ ഏറ്റുമുട്ടുന്ന മാഴ്സെയിലും അത്ലറ്റിക്കോ മഡ്രീഡിലുമായി എട്ട് ഫ്രഞ്ച് താരങ്ങൾ കളിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ടീം പ്രഖ്യാപനം മെയ് 16നു ശേഷമാക്കാൻ ഫ്രഞ്ച് കോച്ച് ദിദിയർ ദെഷോം തീരുമാനിച്ചത്. ഫൈനൽ കളിക്കുന്ന താരങ്ങൾക്ക് വേണ്ട സാവകാശം നൽകാനാണിതെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.
നേരത്തെ മെയ് 15ന് ടീമിനെ പ്രഖ്യാപിക്കാനായിരുന്നു ദെഷോമിന്റെ തീരുമാനം. 2010ൽ മാഴ്സെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായത് ദെഷോമിന്റെ പരിശീലനത്തിലാണ്.
മാഴ്സെയിൽ നിന്ന് ഗോളി സ്റ്റീവ് മണ്ടാണ്ട, ഡിഫന്റർ ആദിൽ റാമി, മിഡ്ഫീൽഡർമാരായ ദിമിത്രി പായറ്റ്, ഫ്ളോറിയാൻ തൗവിൻ എന്നിവരും അത്ലറ്റിക്കോയിൽ നിന്ന് സ്ട്രൈക്കർമാരായ അന്റോയിൻ ഗ്രീസ്മാൻ, കെവിൻ ഗമീറോ, ഡിഫന്റർ ലൂക്കാസ് ഹെർണാണ്ടസ് എന്നിവരും ഫ്രഞ്ച് ടീമിലെ സ്ഥിരം സാന്നിധ്യമാണ്.
ലോകകപ്പിനുള്ള തയാറെടുപ്പിന്റെ ഭാഗമായി ഫ്രാൻസ് ഏതാനും സന്നാഹ മത്സരങ്ങൾ കളിക്കും. അയർലന്റ്, ഇറ്റലി, യു.എസ്.എ എന്നിവരാണ് എതിരാളികൾ.