മുംബൈ - സ്ഥലമില്ലെന്ന് പരാതി വേണ്ട. ഗൂഗിൾ വ്യക്തിഗത വർക്ക്‌സ്‌പേസ് അക്കൗണ്ടിലെ സംഭരണശേഷി 15 ജി.ബിയിൽ നിന്ന് 1000 ജി.ബി ആയി ഉയർത്തുന്നു. ഔദ്യോഗിക ബ്ലോഗിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. പുതിയ മാറ്റം വരുന്നതോടെ എല്ലാ അക്കൗണ്ടുകളും ഓട്ടോമാറ്റിക്കായി അപ്‌ഗ്രേഡ് ചെയ്യപ്പെടും. സുരക്ഷിതമായ ക്ലൗഡ് സ്‌റ്റോറേജ് സംവിധാനമാണ് ലഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
ജിമെയിൽ, ഗൂഗിൾ ഡ്രൈവ് എന്നിവയിൽ സ്ഥലമില്ലെന്നോർത്തുള്ള ആശങ്കകൾക്കാണ് ഇതോടെ വിരമമാകുക. ഗൂഗിൾ വികസിപ്പിച്ചതും വിപണനം ചെയ്യുന്നതുമായ ജിമെയിൽ, ക്ലൗഡ് കംപ്യൂട്ടിങ്, കോണ്ടാക്ട്‌സ്, ഗൂഗിൾ കലണ്ടർ, മീറ്റ്, ചാറ്റ്‌സ്, ഓഫീസ് സ്യൂട്ട് തുടങ്ങിയ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമാണ് ഗൂഗിൾ വർക്ക്‌സ്‌പേസ്. നേരത്തെ ജി സ്യൂട്ട് എന്നാണ് ഇതറിയപ്പെട്ടത്. ഇതിന്റെ അടിസ്ഥാന പതിപ്പ് ഉപഭോക്താക്കൾക്ക് സൗജന്യമാണ്. മാൽവേർ, സ്പാം, റാൻസംവേർ ആക്രമണങ്ങളിൽ നിന്നുള്ള സുരക്ഷ, പല വ്യക്തികൾ ഒരേ സന്ദേശം ഒരേ സമയം അയക്കാനുള്ള മെയിൽമെർജ് സംവിധാനം എന്നിവ പുതിയതായി ഉൾപ്പെടുത്തുമെന്നും അറിയിപ്പിലുണ്ട്. പുതിയ പ്രഖ്യാപനത്തിന് വൻ കയ്യടിയാണ് സോഷ്യൽ മീഡിയയിൽനിന്നും ലഭിക്കുക. അത്രത്തോളം ആശ്വാസകരവും സന്തോഷകരവുമായിരിക്കും ഗൂഗിളിന്റെ പുതിയ തീരുമാനം.






