ഇന്ത്യന്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തില്ല; 1500 വിദ്യാര്‍ഥികള്‍ യുക്രെയ്‌നിലേക്ക് മടങ്ങി

ന്യൂദല്‍ഹി- റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഫെബ്രുവരിയില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ആയിരത്തി അഞ്ഞൂറോളം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ യുക്രെയ്‌നിലേക്ക് മടങ്ങി. റഷ്യന്‍ സൈനിക ആക്രമണത്തില്‍ അപകട സാധ്യതയെ കുറിച്ചുള്ള തിരിച്ചറിവുണ്ടെങ്കിലും മടങ്ങാന്‍ വിദ്യാര്‍ഥികള്‍ തയ്യാറെടുക്കുകയായിരുന്നു. മാസങ്ങളോളം കാത്തിരുന്നിട്ടും ഇന്ത്യയില്‍ തുടര്‍ പഠനത്തിന് സാഹചര്യം ഇല്ലാതായതോടെയാണ് എംബസി നിര്‍ദ്ദേശം പരിഗണിക്കാതെ വിദ്യാര്‍ഥികള്‍ മടക്ക യാത്രയ്ക്ക് തയ്യാറെടുത്തത്. 

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ആക്ട് 2019 പ്രകാരം മടങ്ങിയെത്തിയ വിദ്യാര്‍ഥികളെ ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചിരുന്നു. സെപ്റ്റംബറിലായിരുന്നു കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇത്തരം ഇളവുകള്‍ നല്‍കുന്നത് രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ ആവശ്യം നിരാകരിച്ചത്. വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജികള്‍ നവംബര്‍ ഒന്നിന് പരിഗണിക്കാനായി സുപ്രിം കോടതി പട്ടികപ്പെടുത്തിയിട്ടുണ്ട്.

യുദ്ധത്തില്‍ തകര്‍ന്ന രാജ്യം വിട്ടുപോകാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. മള്‍ഡോവ വഴിയാണ് വിദ്യാര്‍ഥികള്‍ യുക്രൈനിലേക്ക് തിരിച്ചെത്തിയത്. വളരെ ഉയര്‍ന്ന വില നല്‍കിയാണ് ഭക്ഷണം വാങ്ങേണ്ടിവരുന്നതെങ്കിലും കരിയര്‍ പ്രധാനമായതിനാല്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
 

Latest News