സൗദിയിലെ പുതിയ പ്രഖ്യാപനം തൊഴിലാളികളെ എങ്ങനെ ബാധിക്കും, വിശദ വിവരങ്ങള്‍

റിയാദ് - വിവിധ കാരണങ്ങളാല്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവും ഫൈനല്‍ എക്‌സിറ്റും എളുപ്പമാക്കുന്ന പുതിയ ഇളവുകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു.
തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള തൊഴില്‍ കരാര്‍ ബന്ധം മെച്ചപ്പെടുത്താനും മുഴുവന്‍ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും സൗദി തൊഴില്‍ വിപണിയുടെ ആകര്‍ഷണീയതയും വഴക്കവും വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് മന്ത്രാലയം പറഞ്ഞു.
സ്വകാര്യ മേഖലാ ജീവനക്കാര്‍ ജോലിക്ക് ഹാജരാകാത്തതുമായി ബന്ധപ്പെട്ട നടപടികളും വ്യവസ്ഥകളും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പരിഷ്‌കരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതുപ്രകാരം തൊഴിലാളി ജോലിക്ക് ഹാജരാകാത്ത കാരണത്താല്‍ തൊഴില്‍ കരാര്‍ ബന്ധം അവസാനിപ്പിക്കാന്‍ തൊഴിലുടമ അപേക്ഷ നല്‍കിയാല്‍ ആ സ്ഥാപനവുമായുള്ള വിദേശ തൊഴിലാളിയുടെ ഡാറ്റാ ബന്ധം അവസാനിക്കുകയും തൊഴില്‍ മന്ത്രാലയ സിസ്റ്റത്തില്‍ തൊഴിലാളിയുടെ സ്റ്റാറ്റസ് 'ജോലിക്ക് ഹാജരാകാത്തവന്‍' എന്നായി മാറുകയും ചെയ്യും. ഇതോടെ തൊഴിലാളിയുമായി ബന്ധപ്പെട്ട പേയ്‌മെന്റുകളുടെ ഉത്തരവാദിത്തങ്ങള്‍ തൊഴിലുടമ വഹിക്കേണ്ടിവരില്ല.
ഇത്തരം സാഹചര്യങ്ങളില്‍ 60 ദിവസത്തിനുള്ളില്‍ തൊഴിലാളിക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുകയോ ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുകയോ ചെയ്യാവുന്നതാണ്. ഈ രണ്ടില്‍ ഒരു ഓപ്ഷനും സ്വീകരിക്കാതെ 60 ദിവസം പിന്നിട്ടാല്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ തൊഴിലാളിയുടെ സ്റ്റാറ്റസ് 'ജോലിസ്ഥലത്തു നിന്ന് ഒളിച്ചോടിയവന്‍' (ഹുറൂബ്) എന്നായി മാറും.
ഇപ്പോള്‍ പ്രഖ്യാപിച്ച പരിഷ്‌കരണത്തിനു മുമ്പായി ഹുറൂബാക്കപ്പെട്ടവരുടെ സ്‌പോണ്‍സര്‍ഷിപ്പ് പുതിയ തൊഴിലുടമകളുടെ പേരിലേക്ക് മാറ്റാന്‍ അനുവദിക്കും. ഇത്തരം തൊഴിലാളികളുടെ പേരിലുള്ള ലെവി കുടിശ്ശിക പുതിയ തൊഴിലുടമയുടെ പേരിലേക്ക് മാറ്റും. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അനുമതി നല്‍കി 15 ദിവസത്തിനകം സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ നടപടികള്‍ പൂര്‍ത്തിയാക്കാത്ത പക്ഷം തൊഴിലാളിയുടെ സ്റ്റാറ്റസ് ഹുറൂബ് ആയി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

 

 

Latest News