Sorry, you need to enable JavaScript to visit this website.

സജി - ബിജി ദമ്പതികളുടെ സേവനപഥം

പരസ്‌നേഹ സാന്ത്വനങ്ങളും അന്യരോടുള്ള കരുതലുമായി  ജിദ്ദ സമൂഹത്തിൽ അനുഭവധന്യമായ മൂന്നു പതിറ്റാണ്ടും കുടുംബജീവിതത്തിൽ രജതജൂബിലിയും പിന്നിട്ട സജി കുറുങ്ങാട്ട്, ബിജി എന്നിവരുടെ ആശുപത്രി ജീവിതവും കലാജീവിതവും...

ജിദ്ദയിലെ അറിയപ്പെടുന്ന സാമൂഹിക, കല, സാംസ്‌കാരിക, പൊതു പ്രവർത്തകരായ സജിയും ബിജിയും തങ്ങളുടെ ഒന്നിച്ചുള്ള   ജീവിതത്തിലും, ജിദ്ദ സമൂഹത്തിലും കാൽ നൂറ്റാണ്ടു പിന്നിട്ടു. പത്തനംതിട്ട ജില്ലയിൽ മാക്കാംകുന്നിൽ കുറുങ്ങാട്ട് സജി വില്ലയിൽ  പരേതനായ കെ. ജി. കൊച്ചിട്ടിയുടെയും പൊന്നമ്മ കൊച്ചിട്ടിയുടെയും മൂത്ത മകനാണ് സജി കുറുങ്ങാട്ട് ജോർജ്. പരുമല  പുതുപ്പറമ്പിൽ വീട്ടിൽ പരേതനായ പി. പി. തോമസിന്റെയും കുഞ്ഞമ്മ തോമസിന്റെയും മകളാണ് ബിജി.  
സഹജീവികളെ സഹായിക്കുന്നത് മഹാപുണ്യമാണെന്ന് തിരിച്ചറിഞ്ഞ് അത് ജീവിതത്തിൽ പകർത്തിയവരാണ് ഇരുവരും. 
ആശുപത്രി ജീവിതത്തിൽ  സമയകാല വ്യത്യാസമില്ലാതെ സേവന വഴി തീർക്കുകയാണ് ഇവർ. ഇൻഷുറൻസ് പരിരക്ഷ അത്ര  പ്രചാരമില്ലാതിരുന്ന കാലഘട്ടത്തിൽ പ്രവാസികൾക്ക് വിദഗ്ധ ചികിത്സക്ക് വേണ്ടി മുന്നിട്ടിറങ്ങുന്നവരായിരുന്നു ഇവർ. സജിയും ബിജിയും ഒരു മനസ്സോടെ നിന്ന് ജിദ്ദയിലുള്ള ഒട്ടുമിക്ക രാജ്യത്തുമുള്ള  അസുഖബാധിതർക്ക്  താങ്ങും തണലും നൽകി. ജിദ്ദയിൽ അപകടങ്ങളോ അതുപോലെ അടിയന്തര സഹായം വേണ്ടിവരുന്ന സമയത്ത് പെട്ടെന്ന് മലയാളികളുടെയും മറ്റ് ഇന്ത്യക്കാരുടേയുമെല്ലാം മനസ്സിലോട്ടു ഓടിവരുന്ന പേരാണ് ഇവരുടേത്. രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ തങ്ങളെ സമീപിക്കുന്നവർക്ക് വേണ്ട ചികിത്സ നേടിക്കൊടുക്കുവാനും, മരുന്നുകൾ എത്തിക്കുവാനും രണ്ടു പേരും ഒരു പോലെ പ്രവർത്തിക്കുന്നു. ആവശ്യമുള്ള ഡോക്ടർമാർക്കിടയിൽ രോഗികളെ 
ഇവർ പരിചയപ്പെടുത്തുന്നു. ആവശ്യമായ ഉപദേശങ്ങൾ തേടുന്നു. കോവിഡ് കാലത്തെ ഇരുവരുടെയും പ്രവർത്തനം നേരിൽ അനുഭവിച്ചവർക്കു ഒരിക്കലും മറക്കാനാകാത്ത സ്‌നേഹസാന്ത്വനങ്ങളുടെ കൈയൊപ്പ് അവിടെയെല്ലാം പതിഞ്ഞുകിടപ്പുണ്ട്.
ഒ.ഐ.സി.സി, പി.ജെ.എസ്, ജെ.ടി.എ, വേൾഡ് മലയാളി ഫോറം, പത്തുമണിക്കാറ്റ് തുടങ്ങിയ സംഘടനകളുടെ മെഡിക്കൽ വിംഗിന്റെ കൺവീനറായി സജി ഏറെ വർഷങ്ങളായി പ്രവർത്തിച്ചു വരുന്നു. കോവിഡ് കാലത്തെ ജനസേവനത്തിനു പല സംഘടനകളുടെയും പുരസ്‌കാരവും ആദരവും സജിക്കും ബിജിക്കും ലഭിച്ചിട്ടുണ്ട്. ജിദ്ദയിൽ അറിയപ്പെടുന്ന നാടകനടീനടന്മാരുമാണ് ഈ ദമ്പതികൾ.
തിരക്കേറിയ പ്രവാസ  ജീവിതത്തിനിടയിലും തനതായ അഭിനയ ശൈലി കൊണ്ട്  ചെറുതും  വലുതുമായ   അൻപതോളം കഥാപാത്രങ്ങൾക്കു  ജീവൻ  നൽകുവാൻ  സാധിച്ചത് രണ്ടുപേരും ഭാഗ്യമായി  കരുതുന്നു. അതിനുപുറമെ ഹൃദയസ്പർശിയായ ടെലിഫിലിമുകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.  കഥാപാത്രങ്ങൾക്ക്  ചമയം  നൽകി  സ്‌റ്റേജിൽ  എത്തിക്കുവാൻ   ഇവർക്ക്  അസാമാന്യ  മിടുക്കുണ്ട്. 
ഇവർ അഭിനയിച്ച കഥാപാത്രങ്ങൾ ജിദ്ദ പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. ഈ വർഷത്തെ ഇന്ത്യൻ കോൺസുലേറ്റിൽ വച്ച് നടന്ന ഓണാഘോഷത്തിലും മറ്റു കലാ സാംസ്‌കാരിക സംഘടനകളുടെയും ഓണാഘോഷങ്ങളിലും  മാവേലിയായും സജി മികവ് തെളിയിച്ചു.
കാൽ നൂറ്റാണ്ടിലധികം ജിദ്ദയിലെ പ്രസിദ്ധമായ സുലൈമാൻ ഫഖീഹ് ഹോസ്പിറ്റലിൽ സി. ടി സ്‌കാൻ /എം. ആർ. ഐ  ഡിപ്പാർട്ട്‌മെന്റിൽ  മാനേജരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്, സജി. ഹോസ്പിറ്റലിൽ ഏതെങ്കിലും വിധത്തിലുള്ള സഹായം വേണ്ടവർക്ക് കൈത്താങ്ങായി 'ജോർജേട്ടൻ'  മുൻനിരയിൽ എപ്പോഴും ഉണ്ടാവുകയും ചെയ്തിരുന്നു. 
ബിജി കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ക്വാളിറ്റി സ്‌പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യുന്നു. കൂടാതെ ഒ.ഐ.സി.സി പത്തനംതിട്ട കമ്മിറ്റി, പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ (പി.ജെ.എസ്) മഹിളാ വിഭാഗം പ്രസിഡന്റ്, വേൾഡ്മലയാളി ഫോറം എന്നിവയിലും സജീവ സാന്നിധ്യമാണ് ബിജി.
പ്രവർത്തന മികവിന് അംഗീകാരമായി നിരവധി തവണ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റിയിൽനിന്നും ബിജി എക്‌സെലൻസി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട് .
മകൾ മെർലിൻ ജോർജ്  കലാ സാംസ്‌കാരിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ ബെസ്റ്റ്  സ്പീക്കറും ബെസ്റ്റ് ഡിബേറ്ററും  സ്റ്റുഡന്റസ് കൗൺസിൽ മെംബറുമായിരുന്നു. അതുപോലെ ജിദ്ദ ടോസ്റ്റ് മാസ്റ്റർ ക്ലബ്ബിലെ ബെസ്റ്റ് സ്പീക്കറുമായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഹാർവാഡ് യൂണിവേഴ്‌സിറ്റി നടത്തിയ മോഡൽ 
യു എന്നിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്, മെർലിൻ. ഇപ്പോൾ അവസാന വർഷ  മെഡിക്കൽ ബിരുദ വിദ്യാർത്ഥിനിയാണ്. പഠനത്തോടൊപ്പം ഹെഡ് ഓഫ് മെഡിക്കൽ സ്റ്റുഡന്റ് റെപ്രസെന്റേറ്റീവുമാണ്. കെൻഹബ് ജർമനി സ്‌കോളർഷിപ്പ് നേടിയിട്ടുണ്ട് മെർലിൻ.  
സജിയുടേയും ബിജിയുടേയും മകൻ സ്റ്റീവ് ജോർജ് ബാംഗ്ലൂരിൽ ബി.ബി.എ ബിസിനസ്സ്  അനലിസ്റ്റ് കോഴ്‌സിനു പഠിക്കുന്നു. സ്റ്റീവും മാതാപിതാക്കളെപ്പോലെത്തന്നെ നല്ല  അഭിനേതാവും ഫുട്‌ബോൾ താരവുമാണ്. 
പത്തനംതിട്ട കമ്മിറ്റിയുടെ ജവാഹർ ബാലവേദി വിഭാഗംപ്രസിഡന്റായും സ്റ്റീവ് പ്രവർത്തിച്ചിട്ടുണ്ട്. സേവനപാതയിലെ നിരവധി അനുഭവസമ്പത്തുമായാണ് 
ഇരുവരുടേയും പ്രവാസം. അവനവനാത്മസുഖത്തിനായാചരിക്കുന്നവ, അപരന് സുഖത്തിനായി വരണമെന്ന മഹദ്വചനം അക്ഷരാർഥത്തിൽ പ്രവാസലോകത്ത് പ്രാവർത്തികമാക്കുന്നവരാണ് ഈ ദമ്പതികളെന്ന് അവരുടെ ട്രാക്ക് റെക്കാർഡ് തെളിയിക്കുന്നു.

Latest News