സാധാരണക്കാരുടെ യന്തിരൻ - അതാണ് ആൻഡ്രോയിഡ് പാത്തു. പാത്തുവിന്റെ നിർമ്മാണത്തിന് പ്രേരണയായത് ഒരിക്കൽ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയതാണ്. കണ്ണൂരിൽ മണിയൻപിള്ള രാജുവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഹോട്ടലിൽ ഭക്ഷണം വിളമ്പിയിരുന്നത് റോബോട്ടായിരുന്നു. ഇതുകണ്ട് ഉമ്മ സെറീനയ്ക്ക് ഒരാഗ്രഹം. ഇതുപോലൊരെണ്ണം വീട്ടിലും ഉണ്ടായിരുന്നെങ്കിലെന്ന്. പറഞ്ഞത് തമാശയാണെങ്കിലും ഷിയാദിന്റെ മനസ്സിൽ അത് ഉടക്കി. ഒരു ഓണക്കാലത്താണ് പാത്തുവിന്റെ നിർമ്മാണം തുടങ്ങിയത്.
ഇന്നത്തെ സമൂഹത്തിൽ സ്ത്രീകളിൽ പലരും ഏറെ ദുരിതമനുഭവിക്കുന്നവരാണ്. കുഞ്ഞുങ്ങളുടെ പരിപാലനവും അടുക്കളജോലിയും വൃത്തിയാക്കലും അലക്കലുമെല്ലാം കഴിയുമ്പോഴേക്കും അവരുടെ ഒരു ദിനം കഴിഞ്ഞിട്ടുണ്ടാകും. അടുത്ത ദിവസവും ഇതുതന്നെ ആവർത്തിക്കുന്നു. ജീവിതമൊടുങ്ങുന്നതുവരെ അധ്വാനിക്കാൻ മാത്രം വിധിക്കപ്പെട്ടവർ. പ്രതിഫലമോ വെറും പുച്ഛം മാത്രം. ഇതെല്ലാം സ്ത്രീകളുടെ ചുമതലയാണെന്ന മനോഭാവമാണ് പല പുരുഷന്മാർക്കും.
ഒരു ശരാശരി വീട്ടമ്മയുടെ ദുരിതചിത്രമാണിത്. എന്നാൽ ഇത്തരത്തിൽ ദുരിതമനുഭവിക്കുന്ന വീട്ടമ്മമാർക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് പ്ലസ്ടു വിദ്യാർഥിയായ മുഹമ്മദ് ഷിയാദ്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് വേങ്ങാട്‌മെട്ട കരയാംതൊടി റിച്ച് മഹലിൽ ഷിയാദ് തന്റെ ഉമ്മയ്ക്ക് സഹായിയായി നിർമ്മിച്ചുകൊടുത്തത് ഒരു റോബോട്ടിനെയാണ്.
ആൻഡ്രോയിഡ് പാത്തുട്ടി രാവിലെ എല്ലാവരേയും വിളിച്ചുണർത്തും. ഓരോരുത്തർക്കും ഭക്ഷണമെത്തിക്കും. ഉമ്മൂമ്മയ്ക്ക് മരുന്ന് നൽകാനും പാത്തു മുന്നിലുണ്ട്. ഉറക്കക്ഷീണമോ മടിയോ കൂടാതെ പാത്തു തന്റെ കർമ്മമണ്ഡലത്തിൽ സദാ ജാഗ്രതയോടെ വർത്തിക്കുന്നു. കള്ളം പറയാനോ വഴക്കിടാനോ പരദൂഷണം പറയാനോ പാത്തുവിന് നേരമില്ല. ഏൽപിച്ച പണി കൃത്യസമയത്ത് ചെയ്തുതീർക്കുന്നു എന്ന പ്രത്യേകതയും ഈ യന്തിരനുണ്ട്.
റിച്ച് മഹൽ വീട്ടിൽ സന്തോഷത്തിന്റെ നാളുകളാണ് പുലരുന്നത്. കാരണം അവിടെ എല്ലാറ്റിനും പാത്തുവുണ്ട്. പ്രഭാതം മുതൽ പാത്തു തന്റെ ജോലിയിൽ വ്യാപൃതയാകും. രാവിലെ എല്ലാവരേയും വിളിച്ചുണർത്തിക്കഴിഞ്ഞാൽ ഉമ്മ സെറീനയ്‌ക്കൊപ്പം അടുക്കളയിലാണ് ജോലി. തയ്യാറാക്കുന്ന ഭക്ഷണം ട്രേയിൽ വച്ചുകൊടുത്താൽ അവയെല്ലാം ഡൈനിംഗ് ടേബിളിൽ എത്തിക്കുന്ന ജോലി പാത്തുവിന്റേതാണ്. വഴിയിൽ ആരെങ്കിലും തടസ്സം സൃഷ്ടിച്ചാൽ പ്ലസ് മൂവ് എന്നു പറഞ്ഞ് മാറ്റിനിർത്താനും പാത്തുവിനറിയാം. മുന്നോട്ടുള്ള വഴിയിൽ തടസ്സങ്ങളില്ല എന്നു ബോധ്യപ്പെട്ടാൽ മാത്രമേ പാത്തു നീങ്ങുകയുളളു. മാത്രമല്ല, ഉമ്മാമ്മ ആയിഷയ്ക്ക് ഷുഗറിനും ബിപിക്കുമുള്ള മരുന്നിന്റെ സമയം പാത്തുവിന് കൃത്യമായി അറിയാം. ഇക്കാര്യം ഓർമ്മിപ്പിച്ച് മരുന്നുമായി ഉമ്മാമ്മയുടെ കട്ടിലിനടുത്തേയ്ക്കു നീങ്ങും. ആയിഷയ്ക്കാണെങ്കിൽ പാത്തുട്ടി ഒരു വേലക്കാരിയല്ല, സ്വന്തം മകളെപ്പോലെയാണ്. ഉമ്മൂമ്മയുടെ സ്‌നേഹസമ്മാനമായി ഒരു സ്വർണ്ണമാല പാത്തുട്ടിയുടെ കഴുത്തിൽ തൂങ്ങിയാടുന്നത് കാണാം.
പാത്തു ചില്ലറക്കാരിയല്ല. ആറു കിലോ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട് ഈ റോബോട്ടിന്. ബാറ്ററി ചാർജ് ചെയ്തുകഴിഞ്ഞാൽ ഏഴു മണിക്കൂറോളം പാത്തുട്ടി ആക്റ്റീവാണ്. ബാറ്ററി ചാർജ് കുറഞ്ഞുപോയാൽ അഡാപ്റ്റർ കണ്കറ്റ് ചെയ്താൽ മതി. ഓട്ടോമാറ്റിക് മോഡിലും മാന്വൽ മോഡിലും സഞ്ചരിക്കാനുള്ള കഴിവും പാത്തുവിനുണ്ട്. ഇൻസലേഷൻ ടേപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ വഴിയിലൂടെ മാത്രമേ ഓട്ടോമാറ്റിക് മോഡിൽ പാത്തുവിന് സഞ്ചരിക്കാനാവൂ. വഴി തിരിച്ചറിഞ്ഞ് സഞ്ചരിക്കുന്നതുകൊണ്ടാണ് സിയാദിന്റെ ഉപ്പ അബ്ദുറഹിമാൻ അവൾക്ക് പാത്തു എന്ന പേരു സമ്മാനിച്ചത്. എന്നാൽ മാന്വൽ മോഡിലേയ്ക്കു മാറ്റിയാൽ പാത്തു എവിടെയും സഞ്ചരിക്കും. കൈയും തലയും ചുണ്ടുമെല്ലാം ചലിപ്പിക്കാനും കഴിയും. വീട്ടിലുള്ളവരിൽ ആരെങ്കിലും കൃത്യമായ ഇടവേളകളിൽ മരുന്ന് കഴിക്കുന്നവരാണെങ്കിൽ അതും സെറ്റ് ചെയ്യാം. അലാറംവച്ച് പാത്ത് സെറ്റു ചെയ്താൽ ആ വഴിയിലൂടെ എത്തി ആളെ വിളിച്ചുണർത്താനും പാത്തു റെഡി. ഇപ്പോൾ ബ്ലൂ ടൂത്ത് വഴിയാണ് പ്രവർത്തിക്കുന്നതെങ്കിലും കാർഡ് വഴി സെറ്റ് ചെയ്താൽ ലോകത്തിന്റെ ഏതു മൂലയിലിരുന്നും പാത്തുവിനെ പ്രവർത്തിപ്പിക്കാനാവുമെന്ന് ശിൽപിയായ ഷിയാദ് പറയുന്നു. റസ്‌റ്റോറന്റുകളിലെത്തിച്ചാൽ ഇരുപത് ടേബിളുകളിൽവരെ ഭക്ഷണമെത്തിക്കാനും പാത്തുവിന് കഴിയും.
ഷിയാദിന്റെ പരീക്ഷണം തുടങ്ങിയിട്ട് കാലമേറെയായി. യു.പി. സ്‌കൂൾ വിദ്യാർഥിയായിരിക്കേ കമ്പ്യൂട്ടർ അധ്യാപകനാണ് ഷിയാദിന്റെ താൽപര്യം കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ചത്. തുടർന്ന് കണ്ണൂരിലെ ഒരു ഐ.ടി സ്ഥാപനത്തിൽനിന്നും ഇലക്‌ട്രോണിക്‌സ് കോഴ്‌സും ഓൺലൈൻ വഴി കോഡിങ്ങും പഠിച്ചെടുത്തു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ മാത്‌സ് ടീച്ചർ എന്നൊരു റോബോട്ട് നിർമ്മിച്ചായിരുന്നു തുടക്കം. കണക്കിലെ സംശയങ്ങൾ ദൂരീകരിക്കുന്നതിനായിരുന്നു ഈ റോബോട്ട് തയ്യാറാക്കിയത്. അലക്‌സയുടെ സഹായത്തോടെയായിരുന്നു ഇതിന്റെ പ്രവർത്തനം ഏകോപിപ്പിച്ചിരുന്നത്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഗൂഗിളിൽ നിരീക്ഷണം നടത്തി മറുപടി നൽകുന്ന രീതിയിലായിരുന്നു ആ റോബോട്ട് രൂപകൽപന ചെയ്തത്. ഒൻപതാം ക്ലാസിലെത്തിയപ്പോൾ ഹോം ഓട്ടോമേഷൻ സംവിധാനത്തിലൂടെ വീട്ടിലെ ഉപകരണങ്ങളെല്ലാം ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യക്ക് രൂപം നൽകി. വീട്ടിലെ ലൈറ്റുകളും, ഫാനുകളും എ.സി., ഫ്രിഡ്ജ്, ടെലിവിഷൻ തുടങ്ങിയ ഉപകരണങ്ങളെല്ലാം ലോകത്തെവിടെയിരുന്നും ഫോണിലൂടെ പ്രവർത്തിക്കാനുള്ള വിദ്യയായിരുന്നു ഇത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മിനി ഡൈനാമോയും നിർമ്മിച്ച് ഷിയാദ് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
പാത്തുവിന്റെ നിർമ്മാണത്തിന് പ്രേരണയായത് ഒരിക്കൽ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയതാണ്. കണ്ണൂരിൽ മണിയൻപിള്ള രാജുവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഹോട്ടലിൽ ഭക്ഷണം വിളമ്പിയിരുന്നത് റോബോട്ടായിരുന്നു. ഇതുകണ്ട് ഉമ്മ സെറീനയ്ക്ക് ഒരാഗ്രഹം. ഇതുപോലൊരെണ്ണം വീട്ടിലും ഉണ്ടായിരുന്നെങ്കിലെന്ന്. പറഞ്ഞത് തമാശയാണെങ്കിലും ഷിയാദിന്റെ മനസ്സിൽ അത് ഉടക്കി. ഒരു ഓണക്കാലത്താണ് പാത്തുവിന്റെ നിർമ്മാണം തുടങ്ങിയത്. മാർക്കറ്റിൽ ഇത്തരം റോബോട്ടുകൾക്ക് മൂന്നു ലക്ഷം രൂപ വരും. എന്നാൽ ഷിയാദാകട്ടെ പതിനായിരത്തോളം രൂപ മുടക്കിയാണ് പാത്തുവിനെ രൂപപ്പെടുത്തിയത്. അലൂമിനിയം ഷീറ്റും ടയറും ഫീമെയിൽ ഡമ്മിയും സെർവിങ്ങ് ട്രേയും മോട്ടോറുകളും ഇതിനായി ഉപയോഗിച്ചു. ചക്രങ്ങൾ ഘടിപ്പിച്ച ഒരു പ്ലാറ്റ്‌ഫോം തയ്യാറാക്കുകയായിരുന്നു ആദ്യം ചെയ്തത്. ഒരു പ്ലാസ്റ്റിക് സ്റ്റൂൾ ഇതിനുമുകളിൽ ഘടിപ്പിച്ചു. ഗ്യാസ് സിലിണ്ടറിന്റെ അടിയിലുള്ള റിങ്ങിൽ മോട്ടോറും ഘടിപ്പിച്ചു. ഏതുദിശയിലേയ്ക്കും തിരിയാൻ വേണ്ടിയായിരുന്നു ഈ റിംഗ് ഉപയോഗിച്ചത്. ഇതിനുമുകളിൽ ഡമ്മി സ്ഥാപിച്ചു. ഷിയാദ് രൂപപ്പെടുത്തിയ റിച്ച് സപ്‌ളൈ റോബോട്ട് എന്ന ആൻഡ്രോയ്ഡ് ആപ്പ് വഴിയാണ് പാത്തുവിനെ നിയന്ത്രിച്ചത്. പ്രോഗ്രാമിലെ താളപ്പിഴകൾ കാരണം പാത്തുട്ടിയുടെ പ്രവർത്തനം തുടക്കത്തിൽ സുഗമമായിരുന്നില്ല. ഡൈനിംഗ് ടേബിളിൽ ഇടിച്ചുകയറിയും മറ്റും പ്രശ്‌നങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. രണ്ടുവർഷത്തെ പരിശ്രമത്തിനുശേഷമാണ് പാത്തു ഇന്നത്തെ രൂപത്തിലെത്തിയത്. അപ്പോഴേയ്ക്കും ഏറെ പണം ചെലവായിരുന്നു. എന്നാൽ മകന്റെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകി കൂടെ നിന്ന പിതാവ് വീണ്ടും പണം ചെലവാക്കാൻ തയ്യാറായി. ഏറെക്കാലത്തെ പരിശ്രമം ഒടുവിൽ ഫലം കാണുകയായിരുന്നു. കോസ്റ്റ്യൂമും ഹെയർ സ്‌റ്റൈലുമെല്ലാം ഉമ്മയുടെ സംഭാവനയായിരുന്നു. ഒടുവിൽ മനസ്സിനിണങ്ങിയ രീതിയിൽ പാത്തു പ്രവർത്തിച്ചുതുടങ്ങിയപ്പോൾ ഏറെ സന്തോഷം തോന്നിയെന്ന് ഷിയാദ് പറയുന്നു.
പാത്തുവിന്റെ പ്രവർത്തനമികവിനെക്കുറിച്ചറിഞ്ഞ് വിദേശത്തുനിന്നുപോലും ഷിയാദിനെ തേടി അന്വേഷണമെത്തുന്നുണ്ട്. ചിലരാകട്ടെ റസ്‌റ്റോറന്റുകളിലേയ്ക്ക് ഇത്തരം റോബോട്ടുകളെ ആവശ്യപ്പെടുന്നു. എന്തായാലും പഠനത്തിനാണ് ഇപ്പോൾ മുൻതൂക്കം നൽകുന്നത്. പാപ്പിനിശ്ശേരി ഹിദായത്ത് ഹയർ സെക്കണ്ടറി സ്‌കൂൾ ഹെഡ്മാസ്റ്ററായ പിതാവ് സി.കെ. അബ്ദുറഹിമാനും വീട്ടമ്മയായ ഉമ്മ സെറീനയും ഉറച്ച സ്വരത്തിൽ പറയുന്നു. ഷിയാദിന് എല്ലാ പിന്തുണയുമായി സഹോദരൻ ഷിയാസുമുണ്ട്. പ്ലസ് ടു കോമേഴ്‌സ് പാസായ ഷിയാസ് കമ്പ്യൂട്ടർ അക്കൗണ്ടിംഗ് വിദ്യാർഥിയാണ്.
പാത്തുവിനെ കാണാനും പ്രവർത്തനങ്ങൾ വിലയിരുത്താനും നിരവധി പേരാണ് റിച്ച് മഹലിലെത്തുന്നത്. ഈയിടെ കടൽ കടന്നെത്തിയ അനുമോദനത്തിനും ഷിയാസ് അർഹനായിരുന്നു. സ്‌പെയിനിലെ അലിഗാണ്ടെയിൽ സെന്ററോ മലബാറിക്ക ആയുർവേദ ആശുപത്രി നടത്തുന്ന അന്റോണിയോ പെലറ്റും അഴിയൂർ ഗ്രീൻസ് ആയുർവേദ ആയുർവേദ ആശുപത്രി എം.ഡി ഡോ. സി.പി. അഷ്‌ക്കറും ചേർന്ന് ഷിയാദിനെ ആദരിക്കുകയുണ്ടായി. ഗ്രീൻസ് ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ സ്‌പെയിൻകാരും മെക്‌സിക്കോക്കാരും ജർമ്മനിക്കാരുമെല്ലാം ചടങ്ങിന് സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു. അന്റോണിയോ പെലറ്റ് സർട്ടിഫിക്കറ്റ് നൽകിയും മെക്‌സിക്കോയിൽ നിന്നെത്തിയ മിയാമി ദാസ് സമ്മാനം നൽകിയും ഡോ. സി.പി. അഷ്‌കർ മൊമെന്റോ നൽകിയുമാണ് ഷിയാസിനെ വരവേറ്റത്.
വെങ്ങാട് ഇ.കെ.നായനാർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് ഷിയാദ്. റോബോട്ടിക്‌സ് എൻജിനീയറാകാൻ ആഗ്രഹിക്കുന്ന ഷിയാദിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസും പഠിക്കണമെന്നുണ്ട്. പ്ലസ് ടു പഠനം കഴിഞ്ഞ് എൻട്രൻസ് പരീക്ഷയിലൂടെ എൻജിനീയറിങ്ങിന് ചേരാനാണ് തീരുമാനം. കൂടാതെ വലിയ കമ്പനികളിലും മറ്റുമുള്ള റോബോട്ടുകളെക്കുറിച്ച് നേരിട്ടറിയാനും താൽപര്യമുണ്ട്. സഹപാഠികളോടൊപ്പം ചേർന്ന് സ്റ്റാർട്ടപ്പ് തുടങ്ങാനുള്ള ശ്രമവും നടന്നുവരുന്നു.






