ഹുറൂബായവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ പുതിയ വ്യവസ്ഥ; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

റിയാദ്- സ്‌പോണ്‍സര്‍മാര്‍ തൊഴിലാകളികളെ ഒളിച്ചോടിയതായി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ചെയ്ത് ഹുറൂബ് റജിസ്റ്റര്‍ ചെയ്തത് കാരണം ഇഖാമ പുതുക്കാനോ സ്‌പോണ്‍സര്‍ഷിപ്പ് മാറാനോ കഴിയാത്തവര്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം. തൊഴില്‍ ദാതാക്കളും തൊഴിലാളികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇരുവിഭാഗത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമാണിതെന്ന് മന്ത്രാലയം വിശദീകരിച്ചു.
ഇന്നലെ (ഈ നിയമപരിഷ്‌കരണം പ്രഖ്യാപിക്കുന്നതിന് മുമ്പ്) വരെ ഹുറൂബാക്കപ്പെട്ട തൊഴിലാളികള്‍ക്ക് അവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അവസരം നല്‍കും. ഇഖാമ പുതുക്കാത്ത കാലത്തെ ലെവി കുടിശ്ശിക പുതിയ സ്‌പോണ്‍സര്‍ അടക്കണമെന്ന നിബന്ധനയോടെയായിരിക്കും ഈ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം. 15 ദിവസത്തിനകം സ്‌പോണ്‍സര്‍ഷിപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണം. ഇല്ലെങ്കില്‍ മന്ത്രാലയത്തിന്റെ എകൗണ്ടില്‍ ഈ തൊഴിലാളിയുടെ സ്റ്റാറ്റസ് ഹുറൂബ് (മുതഗയ്യിബുന്‍ അനില്‍ അമല്‍) എന്ന് അവശേഷിക്കും. അഥവാ ഹുറൂബ് നീങ്ങുകയില്ലെന്നര്‍ഥം.

തൊഴിലാളികള്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനുളള മാനദണ്ഡങ്ങളും പുതിയ പ്രഖ്യാപനത്തിലുണ്ട്. തൊഴിലാളി വിട്ടുനില്‍ക്കുകയാണെങ്കില്‍ അവരുമായുളള തൊഴില്‍ കരാര്‍ അവസാനിപ്പിച്ചതായി തൊഴിലുടമ ഖിവ പോര്‍ട്ടല്‍ വഴി മന്ത്രാലയത്തെ അറിയിക്കണം. അതോടെ സ്ഥാപനവും തൊഴിലാളിയും തമ്മില്‍ യാതൊരു ബന്ധവുമുണ്ടാകില്ല. മന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ തൊഴിലാളിയുടെ സ്റ്റാറ്റസ് മുന്‍ഖതിഉന്‍ അനില്‍ അമല്‍ (തൊഴിലാളി ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നു) എന്നായിരിക്കും. ഈ സമയത്ത് നിലവിലെ തൊഴിലുടമക്ക് ഈ തൊഴിലാളിയുമായി ബന്ധപ്പെട്ട ഒരു കാര്യവും ചെയ്യാനാവില്ല. എന്നാല്‍ ഈ സമയത്ത് തൊഴിലാളിക്ക് മറ്റൊരു സ്‌പോണ്‍സറിലേക്ക് മാറാനോ ഫൈനല്‍ എക്‌സിറ്റില്‍ പോകാനോ സാധിക്കും. ഇത് 60 ദിവസത്തിനകം പൂര്‍ത്തിയാക്കണം. 60 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ മന്ത്രാലയം അവരെ ഹുറൂബ് ഗണത്തിലേക്ക് മാറ്റും.

Latest News