റോം ഒരു ത്രില്ലർ സിനിമയെ വെല്ലുന്ന എല്ലാ വൈകാരിക തീവ്രതയും സമ്മാനിച്ച സെമി ഫൈനലിൽ റോമയെ മറികടന്ന് ലിവർപൂൾ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലിൽ കടന്നു. ആദ്യ പാദത്തിൽ ലിവർപുൾ 5 0 ന് മുന്നിലെത്തിയപ്പോൾ ഇതെന്ത് കുട്ടിക്കളിയെന്ന് തോന്നിയ മത്സരം റോമിലെ സ്‌റ്റേഡിയൊ ഒളിപിക്കോയിൽ അവസാന നിമിഷങ്ങളിലേക്ക് കടന്നപ്പോൾ ആരും ജയിക്കാമെന്ന അവസ്ഥയായിരുന്നു.
ഏതാനും സെക്കന്റുകൾ കൂടി കിട്ടിയെയെങ്കിലെന്ന് റോമാ ആരാധകർ ആഗ്രഹിച്ചു പോയ നിലയിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ലിവർപുൾ ആരാധകർ ആശ്വാസത്തിന്റെ ദീർഘനിശ്വാസം വിട്ടു. രണ്ടാം പാദം 4 2 ന് ജയിച്ച റോമ ഒരു ഗോൾ കൂടി അടിച്ചിരുന്നുവെങ്കിൽ കളി എകസ്ട്രാ ടൈമിലേക്ക് നീട്ടാമായിരുന്നു. ഈ മാസം 26 ന് ഉക്രൈനിലെ കിയേവിൽ നടക്കുന്ന ഫൈനലിൽ റയൽ മഡ്രീഡുമായി ലിവർപൂൾ ഫൈനൽ കളിക്കും.
ലിവർപൂളിലെ ആദ്യ പകുതിയിലെ വൻ തിരിച്ചടിയിൽ നിന്ന് റോമ തിരിച്ചുവന്ന രീതി ഫുട്‌ബോൾ ആരാധകരെ ത്രസിപ്പിക്കുന്നതായിരുന്നു. അവസാന നിമിഷങ്ങളിൽ രണ്ടു ഗോൾ തിരിച്ചടിച്ച് ലിവർപൂളിന്റെ ലീഡ് 2 5 ആക്കിയാണ് അന്നവർ റോമയിലേക്ക് മടങ്ങിയത്.
ബുധനാഴ്ച രാത്രി സാദിയൊ മാനെയിലൂടെ ലിവർപൂൾ ആദ്യം ഗോളടിച്ചപ്പോൾ വീണ്ടും കഥ ആവർത്തിക്കുകയാണെന്ന് തോന്നി. എന്നാൽ ജെയിംസ് മിൽനറുടെ സെൽഫ് ഗോൾ റോമക്ക് പ്രതീക്ഷയേകി. പക്ഷെ ഇരുപത്തഞ്ചാം മിനിറ്റിൽ ജോർജ് വൈനാൾഡം ലിവർപൂളിനെ 2 1 ന് മുന്നിലെത്തിച്ചു. ഇടവേള കഴിഞ്ഞയുടനെ എഡിൻ സെക്കൊ സ്‌കോർ 2 2 ആക്കി. എവേ ഗ്രൗണ്ടിൽ രണ്ടു ഗോളടിച്ചതോടെ ലിവർപൂൾ ആശ്വസിച്ചു. റോമ വിട്ടുകൊടുത്തില്ല. എൺപത്താറാം മിനിറ്റിൽ റാജ നൈൻഗുലാൻ സ്‌കോർ ചെയ്തു. ഇഞ്ചുറി ടൈമിൽ കളി മുറുകി. ചെംഗിസ് അണ്ടറിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൽട്ടി നൈൻഗുലാൻ വീണ്ടും ലക്ഷ്യത്തിലെത്തിച്ചു. വീണ്ടുമൊരു ഗോളിന് പക്ഷെ സമയമുണ്ടായിരുന്നില്ല.