Sorry, you need to enable JavaScript to visit this website.

വസ്ത്രം കീറിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ അറബ് വനിത അറസ്റ്റില്‍

ഷാര്‍ജ- വസ്ത്രം കീറിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ അറബ് വനിതയെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെന്ന യു.എ.ഇ പൗരന്റെ ഓഡിയോ ക്ലിപ്പ് പിന്തുടര്‍ന്നാണ് പോലീസ് യുവതിയെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.
ടാക്‌സിക്ക് പോകാന്‍ പണമില്ലെന്ന് പറഞ്ഞ് ലിഫ്റ്റ് ചോദിച്ച യുവതി കാറില്‍ കയറിയ ശേഷം സ്വന്തം വസ്ത്രം കീറിയ ശേഷം പണം തന്നില്ലെങ്കില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് വിളിച്ചുകൂവുമെന്ന് ഭീഷണിപ്പെടുത്തിയ യുവതിയെ കുറിച്ച് തന്റെ പേരും വിവരങ്ങളൊന്നുമില്ലാതെയാണ് യു.എ.ഇ പൗരന്‍ ഓഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നത്. 850 ദിര്‍ഹം നല്‍കിയ ശേഷമാണ് യുവതിയില്‍നിന്ന് രക്ഷപ്പെട്ടതെന്നും ഓഡിയോയില്‍ വെളിപ്പെടുത്തിയിരുന്നു.
റെക്കോര്‍ഡിംഗ് ശ്രദ്ധയില്‍ പെട്ട പോലീസ് പുരുഷനേയും സ്ത്രീയേയും കണ്ടെത്താന്‍ അന്വേഷണ സംഘത്തെ നിയോഗിച്ചു.
യുവതിയെ കണ്ടെത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചുവെന്നും പ്രതിയെ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൈമാറിയിരിക്കയാണെന്നും ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ്  മേജര്‍ ജനറല്‍ സൈഫ് അല്‍ ശംസി പറഞ്ഞു.
തന്റെ പ്രതിഛായയെ ബാധിക്കുമെന്നതിനാലാണ് പോലീസില്‍ പരാതിപ്പെടുകയോ ഓഡിയോയില്‍ വിലാസം നല്‍കുകയോ ചെയ്യാതിരുന്നതെന്ന് യു.എ.ഇ പൗരന്‍ പറഞ്ഞു.
എന്നാല്‍ ഇത്തരം രീതികള്‍ പ്രോത്സാഹിപ്പിക്കാനാവില്ലെന്നും പോലീസിനെയാണ് അറിയിക്കേണ്ടിയിരുന്നതെന്നും വ്യക്തമാക്കിയ ഷാര്‍ജ പോലീസ് ഇത്തരം പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അഭ്യാര്‍ഥിച്ചു.
യുവതി നടത്തിയത് ഒറ്റപ്പെട്ട സംഭവമാണെന്നും ഇരയാക്കപ്പെട്ടയാള്‍ ഉടന്‍ പോലീസിനെ അറിയിക്കുകയാണ് വേണ്ടിയിരുന്നതെന്നും പോലീസ് വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ നിയമപരമായി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

 

Latest News