1970 ലെ ലോകകപ്പിൽ മെക്സിക്കോയും സോവിയറ്റ് യൂനിയനും തമ്മിലുള്ള കളിയുടെ നാൽപത്തഞ്ചാം മിനിറ്റിലാണ് ആ ചരിത്ര നിമിഷം പിറന്നത്. ഇടവേളക്കു ശേഷം സോവിയറ്റ് കോച്ച് ഗാവ്റിൽ കചാലിൻ ഒരു പകരക്കാരനെ കളത്തിലിറക്കി. ലോകകപ്പ് അന്നു വരെ കണ്ടിട്ടില്ലാത്ത സംഭവമായിരുന്നു. പരിക്കേറ്റവർ പരിക്കുമായി തുടരുകയോ പത്തു പേരുമായി കളി തുടരുകയോ മാത്രമായിരുന്നു അന്നു വരെ കണ്ട രീതി. എന്നാൽ ആ ലോകകപ്പിൽ ആദ്യമായി സബ്സ്റ്റിറ്റിയൂഷൻ അനുവദിക്കപ്പെട്ടു. വിക്ടർ സെറിബ്രിയാനിക്കോവിനു പകരം ഇറങ്ങിയ അനതോലി പുസാച്ചായി ചരിത്രത്തിലെ ആദ്യത്തെ പകരക്കാരൻ.
ലോകകപ്പ് യോഗ്യതാ ടൂർണമെന്റിലുൾപ്പെടെ മുമ്പ് പലതവണ പകരക്കാരെ അനുവദിച്ചിരുന്നുവെങ്കിലും ഫൈനൽ റൗണ്ടിൽ അത് ആദ്യ സംഭവമായിരുന്നു. സബ്സ്റ്റിറ്റിയൂട്ടുകളുടെ എണ്ണവും രൂപവും ഭാവവുമൊക്കെ പിന്നീട് പലതവണ മാറി.
ഇപ്പോൾ സൂപ്പർ സബ്സ്റ്റിറ്റിയൂട്ടുകളുടെ കാലമാണ്. ചെറിയ സമയത്ത് പരമാവധി അപകടം വിതക്കാവുന്ന സൂപ്പർ സബ്സ്റ്റിറ്റിയൂട്ടുകൾ കളികളെ കീഴ്മേൽ മറിക്കും. സബ്സ്റ്റിറ്റിയൂട്ടുകളെ തന്ത്രപൂർവം ഇറക്കുന്നത് കോച്ചുമാരുടെ പ്രധാന ദൗത്യമാണ് ഇന്ന്.
കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ജർമനിയും അർജന്റീനയും തമ്മിലുള്ള കളി ഗോൾരഹിതമായി അവസാനിക്കാനിരിക്കെയാണ് ജർമൻ കോച്ച് ജോക്കിം ലോവ് പകരക്കാരനായി മാരിയൊ ഗോട്സെയെ ഇറക്കിയത്. എക്സ്ട്രാ ടൈമിൽ വിജയ ഗോളടിച്ച് ഗോട്സെ ജർമനിയുടെ ഓമനയായി. പകരക്കാരന് ചിലപ്പോൾ പകരമില്ല.