ന്യൂദല്‍ഹി - ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായുടെ അപ്രതീക്ഷിത പ്രസ്താവനയുടെ പ്രത്യാഘാതം കുറക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. 2023 ല്‍ പാക്കിസ്ഥാന് അനുവദിച്ച ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം അവിടേക്ക് പോകില്ലെന്നും ടൂര്‍ണമെന്റ് വേദി മാറ്റേണ്ടി വരുമെന്നും ജയ് ഷാ പറഞ്ഞിരുന്നു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷന്‍ കൂടിയായ ജയ് ഷാ എ.സി.സി യോഗം ചേരാതെ ഇക്കാര്യം പ്രഖ്യാപിച്ചത് പാക്കിസ്ഥാനില്‍ വന്‍ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ഏകദിന ലോകകപ്പിന് ടീമിനെ അയക്കുന്ന കാര്യം പുനഃപരിശോധിക്കുമെന്ന് പാക്കിസ്ഥാനും പ്രഖ്യാപിച്ചു. ഇതോടെയാണ് മുന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ കൂടിയായ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി അനുരാഗ് താക്കൂര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.
പാക്കിസ്ഥാനില്‍ കളിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരാണ് തീരുമാനിക്കുകയെന്ന് താക്കൂര്‍ വിശദീകരിച്ചു. ഇന്ത്യയിലെ ലോകകപ്പില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ പാക്കിസ്ഥാന്‍ ടീം കളിക്കുമെന്ന കാര്യം എഴുതി നല്‍കാമെന്ന് മുന്‍ ഇന്ത്യന്‍ ഓപണര്‍ ആകാശ് ചോപ്രയും പ്രഖ്യാപിച്ചു. ലോകകപ്പിലൂടെ പാക്കിസ്ഥാന് കിട്ടേണ്ട സാമ്പത്തിക സഹായം അവഗണിക്കാനാവില്ലെന്നതാണ് ചോപ്രയുടെ പ്രസ്താവനയുടെ അടിസ്ഥാനം.
ലോകകപ്പിനായി യോഗ്യത നേടിയ എല്ലാ ടീമുകളെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി താക്കൂര്‍ പറഞ്ഞു. മുമ്പും പാക്കിസ്ഥാന്‍ ടീം ഇന്ത്യയില്‍ വരികയും കളിക്കുകയും ചെയ്തിട്ടുണ്ട്. ആരുടെ ഭീഷണിക്കു മുന്നിലും വഴങ്ങേണ്ട രാജ്യമല്ല ഇന്ത്യ. അതിന്റെ ആവശ്യവുമില്ല. എല്ലാ രാജ്യങ്ങളും ഇവിടെ വരികയും കളിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. എന്നാല്‍ എന്തുകൊണ്ട് ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കുന്നില്ലെന്ന ചോദ്യത്തിന് ആഭ്യന്തര മന്ത്രാലയം എടുക്കേണ്ട തീരുമാനമാണ് അതെന്നും കളിക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും താക്കൂര്‍ വിശദീകരിച്ചു. മറ്റ് ഇന്റര്‍നാഷനല്‍ ടീമുകള്‍ പാക്കിസ്ഥാനില്‍ കളിക്കാന്‍ തുടങ്ങിയല്ലോയെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം മറുപടി നല്‍കാന്‍ തയാറായില്ല. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനാണ് ജയ് ഷാ.