കോഴിക്കോട്-ലോകം ഉറ്റുനോക്കുന്ന ഖത്തര്‍ ഫിഫ ലോകകപ്പ് ഫുട്ബാള്‍ 2022ന് ആവേശം പകരാന്‍ മലയാളികളുടെ സമ്മാനമായി കൂറ്റന്‍ ബൂട്ട്. പതിനേഴടി നീളവും ആറടി ഉയരവും 450 കിലോ ഭാരവുമുള്ള ഭീമന്‍ ബൂട്ടാണ് ചരിത്രമുറങ്ങുന്ന കോഴിക്കോട് ലോകത്തെ കാല്‍പ്പന്തു പ്രേമികള്‍ക്കായി സമര്‍പ്പിച്ചത്.
ലെതര്‍, ഫൈബര്‍, റെക്‌സിന്‍, ഫോംഷീറ്റ്, ആക്രിലിക് ഷീറ്റ് എന്നിവ കൊണ്ടാണ് ബൂട്ട് നിര്‍മിച്ചത്. രാജ്യത്തെ പ്രമുഖ ബിരിയാണി, ജീരക അരി നിര്‍മാതാക്കളായ ഐ മാക്‌സ് ഗോള്‍ഡിനുവേണ്ടി ക്യുറേറ്റര്‍ എം ദിലീഫിന്റെ മേല്‍നോട്ടത്തിലാണ് ബുട്ട് നിര്‍മിച്ചതെന്ന് യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണലിന്റെ ഭാരവാഹികള്‍ പറഞ്ഞു.
ലോക റെക്കോഡിനൊരുങ്ങുന്ന ബൂട്ട് കാണാന്‍ ഇന്ന് വൈകീട്ട് കോഴിക്കോട് ബീച്ചിലേക്കൊഴിയത് നൂറുകണക്കിന് ആളുകളാണ്. ബീച്ച് കള്‍ച്ചറല്‍ സ്‌റ്റേജില്‍ പ്രദര്‍ശിപ്പിച്ച ബൂട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവിലില്‍നിന്ന് അസ്‌ക്കര്‍ റഹിമാന്‍ ഏറ്റുവാങ്ങി. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, കേരള സന്തോഷ് ട്രോഫി മുന്‍ നായകന്‍ ആസിഫ് സഹീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഈ ലോകകപ്പും ബൂട്ടും ലോകസമാധാനത്തിനുള്ളതാവട്ടെ എന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ആശംസിച്ചു. ലോകത്തിലെ ഏറ്റവും വലിയ ബൂട്ട് കോഴിക്കോട്ടുനിന്ന് അയക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഡെപ്യൂട്ടി മേയര്‍ വി മുസാഫര്‍ അഹമ്മദ് പറഞ്ഞു.
ആരോഗ്യവും ഉല്ലാസവുമുള്ള സമൂഹത്തിന്റെ സൃഷ്ടിക്കായാണ് ഫോക്കസ് ഇന്റര്‍നാഷണല്‍ ഈ ഉദ്യമത്തില്‍ പങ്കാളിയായതെന്ന് സംഘാടകര്‍ അറിയിച്ചു.