പ്രിൻസിയുടെ തേനീച്ചകൾ 

പ്രിൻസി തേനീച്ച പരിചരണത്തിൽ.
പ്രിൻസി മകനൊപ്പം.
പ്രിൻസി തന്റെ ഉൽപന്നങ്ങളുമായി
പ്രിൻസിയും ഭർത്താവ് ജയനും മുൻ കൃഷി മന്ത്രി വി.എസ്. സുനിൽ കുമാറിനൊപ്പം.
പ്രിൻസിയുടെ ഭർത്താവ് ജയൻ തേനീച്ചക്കൂടിനരികെ.


പാലക്കാട് ജില്ലയിലെ കരിമ്പ അയ്യപ്പൻകോട്ടയിലെത്തിയാൽ തേനിന്റെ നറുമണവും തേനീച്ചകളുടെ മൂളലുമായിരിക്കും നിങ്ങളെ എതിരേൽക്കുക. തേനീച്ച കൃഷിയിൽ പുതിയ ഉയരങ്ങൾ തേടുന്ന ഒരു കുടുംബമുണ്ട് ഇവിടെ. പ്രിൻസിയും ഭർത്താവ് ജയനും ഭർതൃപിതാവ് മണിയുമെല്ലാം തേനീച്ചകൾക്കൊപ്പം ജീവിതം തുടങ്ങിയിട്ട് വർഷം നാൽപതു കഴിഞ്ഞു. 


കന്യാകുമാരിയിൽനിന്നു ജയന്റെ സഹധർമ്മിണിയായി എത്തിയതാണ് പ്രിൻസി. കോഴിവളർത്തലും സ്വന്തം ആവശ്യങ്ങൾക്കുള്ള പച്ചക്കറി കൃഷിയുമെല്ലാം നോക്കിനടത്തിയിരുന്ന പ്രിൻസി ഭർത്തൃവീട്ടിലെത്തിയപ്പോഴും പതിവുശീലങ്ങൾ മാറ്റിയില്ല. ബിരുദധാരിയെങ്കിലും ജോലിക്കൊന്നും ശ്രമിക്കാതെ ഭർത്താവിനോടൊപ്പം കൃഷിയിൽ പങ്കാളിയാകുകയായിരുന്നു. പതിനാലുവർഷമായി പ്രിൻസി തേനീച്ചകൾക്കു പിറകെയാണ്. 
കാരാകുർശ്ശി, കരിമ്പ, തച്ചമ്പാറ തുടങ്ങി മൂന്നു പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ പ്രിൻസിയുടെ തേൻകൂടുകൾ നിറഞ്ഞുനിൽക്കുകയാണ്. തേനിന് ആവശ്യക്കാരേറിയതോടെ കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ വീട്ടമ്മ. പാലക്കാട് ജില്ലയിലെ മികച്ച തേനീച്ച കർഷകയ്ക്കുള്ള പോയവർഷത്തെ സംസ്ഥാന പുരസ്‌കാരം പ്രിൻസിക്കായിരുന്നു. മാത്രമല്ല, സംസ്ഥാനതലത്തിൽ മികച്ച രണ്ടാമത്തെ കർഷകയ്ക്കുള്ള പുരസ്‌കാരത്തിനും ഈ വീട്ടമ്മ അർഹയായി.
തികച്ചും അവിചാരിതമായാണ് തേനീച്ച കൃഷിയിലെത്തിയതെന്ന് പ്രിൻസി പറയുന്നു. സ്വന്തമായി അധ്വാനിച്ച് എന്തെങ്കിലും നേടണമെന്ന ചിന്തയും ഒപ്പം ഭർത്താവിനെ സഹായിക്കാനുള്ള മനസ്സുമാണ് ഈ രംഗത്തേയ്ക്ക് വഴിനടത്തിയത്. ഭർത്തൃപിതാവായ മണി കഴിഞ്ഞ നാല്പത്തഞ്ചു വർഷമായി തേനീച്ച കൃഷിയിലൂടെയാണ് ജീവിതം നയിക്കുന്നത്. തിരുവനന്തപുരം പാറശ്ശാലയിൽനിന്നും തേനീച്ച കൃഷിക്കായാണ് മണിയും കുടുംബവും പാലക്കാട്ടേക്ക് ചേക്കേറിയത്. കരിമ്പയിലെത്തി കുറച്ചു ഭൂമി വാങ്ങി ഇവിടെ സ്ഥിരതാമസം തുടങ്ങി. രണ്ടു പതിറ്റാണ്ടുമുമ്പ് ജയന്റെ ഭാര്യയായി പ്രിൻസിയുമെത്തിയതോടെ കൃഷി കൂടുതൽ വിപുലമാക്കാനായിരുന്നു കുടുംബത്തിന്റെ തീരുമാനം.
കൃഷിഭവൻ ഒരുക്കിയ ക്ലാസുകളിലൂടെയും മറ്റുമാണ് തേനീച്ചകൃഷിയെക്കുറിച്ച് അടുത്തറിഞ്ഞതെന്ന് പ്രിൻസി പറയുന്നു. ആദ്യകാലത്ത് തുച്ഛമായ വിലയേ തേനിന് ലഭിച്ചിരുന്നുള്ളു. പിന്നീട്  കൃഷിഭവൻ മുഖാന്തിരം നടത്തുന്ന ആഴ്ചചന്തകളിലൂടെയും എക്‌സിബിഷനുകളിലൂടെയും കൂടുതൽ വിപണനം ചെയ്തുതുടങ്ങി. കൂടുതൽ ആളുകളുമായി പരിചയപ്പെട്ടതോടെയാണ് തേനിന് മര്യാദവില കിട്ടിത്തുടങ്ങിയത്. ഇപ്പോൾ വർഷത്തിൽ പതിനഞ്ച് ടണ്ണോളം തേൻ ഉൽപാദിപ്പിക്കുന്നുണ്ട്. ഖാദി ബോർഡിനും ഹോർട്ടികോർപ്പിനുമാണ് തേൻ കൂടുതലും വിൽക്കുന്നത്. ബാക്കിയുള്ളവ സംസ്‌കരിച്ച് നാടൻ വിപണിയിൽ വിൽക്കുന്നു. വീട്ടിൽവച്ചും വില്പന നടത്തുന്നുണ്ട്. ബൃന്ദാവൻ ഹണി ആന്റ് ഫുഡ് പ്രൊഡക്ട്‌സ് എന്ന സ്വന്തം ബ്രാൻഡിലാണ് വില്പന നടത്തുന്നത്. തേനിനു പുറമെ മെഴുക്, വാക്‌സ്, ഫേഷ്യൽ ക്രീം എന്നിവയും വില്പനയ്‌ക്കൊരുക്കിയിട്ടുണ്ട്. മാത്രമല്ല, കായ വറുത്തതും ശരക്കര വരട്ടിയും അച്ചാറും കൊണ്ടാട്ടവും കുന്നൻകായപ്പൊടിയും കുരുമുളകുമെല്ലാം ഈ ബ്രാൻഡിലൂടെ വില്പന നടത്തുന്നു. ആദ്യകാലത്ത് വിപണനം കാര്യക്ഷമമായി നടന്നിരുന്നില്ലെങ്കിൽ ഇന്ന് സ്ഥിതിയാകെ മാറി. ആവശ്യക്കാർക്ക് സാധനങ്ങൾ എത്തിച്ചുനൽകാൻ കഴിയാത്ത പ്രശ്‌നങ്ങളാണ് ഇന്ന് നേരിടുന്നതെന്ന് പ്രിൻസി പറയുന്നു.
മഴക്കാലത്താണ് തേനീച്ചകൾക്ക് കൂടുതൽ സുരക്ഷയൊരുക്കേണ്ടത്. ഈ സമയം മഴ നനയാതെ തീറ്റ നൽകി സംരക്ഷിക്കണം. പഞ്ചസാര ലായനിയാണ് പ്രധാന ഭക്ഷണം. മഴ കഴിയുന്നതോടെ അതായത് സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവ് പ്രജനന കാലമാണ്. ഈ സമയത്താണ് കോളനികൾ തിരിക്കുന്നതും കൂടുതൽ പെട്ടികൾ സ്ഥാപിക്കുകയും ചെയ്യേണ്ടത്. 
ഒരു കോളനിയിലുള്ളവയെ രണ്ടു കോളനികളിലായി വളർത്തിക്കൊണ്ടുവരണം. ഒരു ഏക്കറിൽ അൻപത് തേനീച്ച കോളനികൾ സ്ഥാപിക്കാൻ കഴിയും. ഒരു കിലോമീറ്റർ അകലത്തിൽ മാത്രമേ അടുത്ത കോളനികൾ സ്ഥാപിക്കാനാവൂ. ഇപ്പോൾ 1700 ഓളം കോളനികൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഈ വർഷം 2000 കോളനികൾ സ്ഥാപിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. ഭർത്താവും ഞാനും മാത്രമല്ല, കൂടുതൽ ജോലിക്കാരും ഇത്തരുണത്തിൽ ആവശ്യമാണ്. ജനുവരിയിൽ തേനെടുക്കാൻ തുടങ്ങും. ആ സമയത്ത് തേനീച്ചകൾ പഞ്ചസാര പാനീയം ഒഴിവാക്കി പുറത്തുനിന്നുള്ള തേൻ ശേഖരിച്ചുതുടങ്ങും. ഫെബ്രുവരി, മാർച്ച് മാസത്തോടെയാണ് തേൻകൂടുകളിൽനിന്നും തേൻ ശേഖരണം പൂർത്തിയാകുന്നത്. ഇക്കാലത്ത് പത്തോളം ജോലിക്കാരും കൂട്ടിനുണ്ടാകും.
തേൻ ശേഖരിച്ചുകഴിഞ്ഞാൽ സംസ്‌കരണമാണ് അടുത്ത ഘട്ടം. ഇപ്പോൾ കൈകൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങൾ നിറവേറ്റുന്നത്. ഭാവിയിൽ ഒരു പ്ലാന്റ് സ്ഥാപിക്കണമെന്ന് ലക്ഷ്യമിടുന്നുണ്ട്. അതിനുള്ള പ്രോജക്ട് ജോലികൾ നടന്നുവരികയാണ്. കൃഷിഭവന്റെ സഹായം എടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ചും കരിമ്പ കൃഷിഭവൻ ഓഫീസർ സാജിദലിയാണ് എല്ലാ കാര്യങ്ങൾക്കും മാർഗ്ഗനിർദ്ദേശം നൽകി ഞങ്ങളെ സഹായിക്കുന്നത്. സംസ്ഥാന അവാർഡ് ലഭിച്ചതിനു കാരണവും അദ്ദേഹത്തിന്റെ സഹായം കൊണ്ടാണ്. കൂടാതെ കുടുംബശ്രീ മേളകൾക്കും ആഴ്ചചന്തകൾക്കും എക്‌സിബിഷനുകൾക്കുമെല്ലാംവേണ്ട നിർദ്ദേശങ്ങളും അദ്ദേഹത്തിൽനിന്നുമാണ് ലഭിക്കുന്നത്- പ്രിൻസി പറയുന്നു.
ഭാവിയിൽ തേനീച്ചകൃഷിക്ക് വലിയ സാധ്യതയാണുള്ളതെന്നും പ്രിൻസി കൂട്ടിച്ചേർക്കുന്നു. വനിതകൾക്ക് പ്രത്യേകിച്ച് വീട്ടമ്മമാർക്ക് ഈ രംഗത്തേയ്ക്കു എളുപ്പത്തിൽ കടന്നുവരാവുന്നതാണ്. ആഴ്ചയിൽ രണ്ടു മണിക്കൂർ നീക്കിവയ്ക്കാൻ കഴിയുന്ന ഏതൊരു വീട്ടമ്മയ്ക്കും ഇരുപത്തഞ്ച് തേനീച്ച പെട്ടികൾ സ്ഥാപിച്ച് നല്ലൊരു വരുമാനം ഉറപ്പാക്കാൻ കഴിയും. ഒരു പെട്ടിയിൽനിന്നും ശരാശരി പത്തു കിലോ മുതൽ പതിനഞ്ചു കിലോവരെ തേൻ ലഭിക്കും. ഒരു കിലോ തേനിന് 150 രൂപയാണ് വില. പൊതുവിപണിയിൽ ഇത് മുന്നൂറു രൂപയാകും. അത്തരത്തിൽ നല്ലൊരു വരുമാനത്തിന് സാധ്യതയൊരുക്കുന്നതാണ് തേനീച്ച കൃഷി.
കൊറോണക്കാലത്ത് തേനീച്ച കൃഷിയിൽ വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞിരുന്നു. ലോക് ഡൗൺ കാലത്ത് വീട്ടിൽ അടച്ചിരിക്കുന്ന സമയം നിരവധി പേർ പരീക്ഷണമെന്നോണം ഈ രംഗത്ത് എത്തിയിരുന്നു. എന്നാൽ ലോക് ഡൗൺ കഴിഞ്ഞതോടെ പലരും ഈ രംഗത്തുനിന്ന് പിന്മാറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കുറച്ചുപേരെങ്കിലും ഈ രംഗത്ത് തുടർന്നിരുന്നെങ്കിൽ തേൻ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേനെ.
രോഗസാധ്യതകൾ കുറവാണ് എന്നതാണ് തേനീച്ച കൃഷിയിലെ പ്ലസ് പോയന്റ്. റബർ തോട്ടങ്ങളിൽ പ്രയോഗിക്കുന്ന കീടനാശിനികൾ മൂലം തേനീച്ചകൾക്ക് വളർച്ചക്കുറവ് അനുഭവപ്പെടുന്നതാണ് പ്രധാന വെല്ലുവിളി. എന്നാൽ അതിന് പ്രതിവിധിയായി നാടൻ പ്രയോഗങ്ങളാണ് കൂടുതലായും ഉപയോഗിക്കുന്നത്. മഞ്ഞൾപൊടി, ഉള്ളി, വെളുത്തുള്ളി എന്നിവ ഇടിച്ചുപിഴിഞ്ഞ് തീറ്റയോടൊപ്പം നൽകുന്നതോടെ പല പ്രതിസന്ധികളെയും അവ അതിജീവിക്കുന്നു. ഉറുമ്പ്, ചിതൽ, എട്ടുകാലി എന്നിവയുടെ ആക്രമണവും കരുതിയിരിക്കണം.
തേനീച്ച പെട്ടികൾ സ്ഥാപിച്ചിട്ടുളള തോട്ടങ്ങളിൽ കാട്ടാനശല്യം ഉണ്ടാകുന്നില്ല എന്നതാണ് ഈ രംഗത്തെ പുതിയ കണ്ടുപിടിത്തം. അതുകൊണ്ടുതന്നെ റബർതോട്ടങ്ങളിൽ തേനീച്ച പെട്ടികൾ സ്ഥാപിക്കുന്നതിൽ ഉടമകൾ സങ്കോചം പ്രകടിപ്പിക്കാറില്ല. തേനീച്ചയുടെ മുരൾച്ച ആനകൾക്ക് അസഹനീയമായതിനാൽ അവ തോട്ടങ്ങളിലേയ്ക്ക് കടക്കില്ല. അത്തരത്തിൽ വന്യമൃഗശല്യം നിയന്ത്രിക്കുന്നതിൽ തേനീച്ചകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും പ്രിൻസി കണ്ടെത്തി.
ഇന്ത്യൻ ഹണീബി എന്ന ഞൊടിയൻ തേനീച്ചകളെയാണ് കൃഷിക്കാർ കൂടുതലും ആശ്രയിക്കുന്നത്. ഇവയുടെ പരിചരണവും തേൻ ശേഖരണവും സുഗമമാണെന്നതുതന്നെ കാരണം. ചെറുതേനീച്ചകൾക്ക് തേൻ കുറവായിരിക്കും എന്നതാണ് ന്യൂനത. ഇറ്റാലിയൻ തേനീച്ചകൾക്ക് വലിപ്പക്കൂടുതലുള്ളതിനാൽ പക്ഷികളുടെ ആക്രമണത്തെയും കരുതിയിരിക്കണം.
തേനീച്ചകൾ ആക്രമകാരികളല്ലെന്നാണ് പ്രിൻസിയുടെ കണ്ടെത്തൽ. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ജോലിയാണിത്. ധൃതിപിടിച്ച് ഇവയെ പരിചരിക്കാൻ ശ്രമിച്ചാൽ കുത്തേൽക്കേണ്ടിവരും. തേനീച്ചകൾ ദൂരദിക്കുകളിൽ തേൻ ശേഖരിക്കാനായി പോയി തിരിച്ചുവരുന്നത് വൈകിയാൽ അവ വെളിച്ചം കാണുന്നിടത്തേയ്ക്കു പോകും. അങ്ങനെയും ചിലർക്ക് കുത്തേൽക്കാറുണ്ട്.
തേനീച്ച വളർത്തലിന് താല്പര്യമുള്ളവർക്കായി തേനീച്ചക്കൂടുകളൊരുക്കി നൽകാനും പ്രിൻസി മുൻപന്തിയിലുണ്ട്. കോളനികൾ ഒരുക്കിനൽകാനും കൃഷിക്കാർക്ക് സൗജന്യമായി മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും ഈ കർഷക ഒരുക്കമാണ്. കൃത്യമായ പരിശീലനം നൽകിയാൽ കൊച്ചുകുട്ടികൾക്കുപോലും തേനീച്ചകൃഷി സാധ്യമാകും. ജയന്റെയും പ്രിൻസിയുടെ മക്കളായ ഒൻപതാം ക്ലാസുകാരൻ അക്ഷിത്തും ഏഴാം ക്ലാസുകാരൻ അർഷിതും ഒഴിവുസമയങ്ങളിൽ തേനീച്ചകൃഷിയിൽ മാതാപിതാക്കളെ സഹായിക്കുന്നുണ്ട്. കരിമ്പ ഗവൺമെന്റ്    ഹൈസ്‌കൂൾ വിദ്യാർഥികളാണിവർ. 
കല്ലടിക്കോട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് മികച്ച ബാലകർഷകനുള്ള അവാർഡ് അക്ഷിത് നേടിയിരുന്നു. തേനീച്ച കൃഷിയെക്കുറിച്ച് അറിയാൻ താല്പര്യമുള്ളവർക്കും തേൻ ആവശ്യമുള്ളവർക്കും പ്രിൻസിയെ വിളിക്കാം. നമ്പർ 09539306612.

Latest News