തിരൂരങ്ങാടി സ്വദേശി മുസ്തഫ എന്ന മാനു കരവിരുതിൽ പണിതുയർത്തിയത് ദൃശ്യവിസ്മയം തീർക്കുന്ന താജ്മഹൽ. മൂന്നു വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഇത്രയേറെ വലുതും മനോഹരവുമായ മാതൃകയുടെ പണിതീർത്തത്. ഓട്ടോ ഡ്രൈവറായ മുസ്തഫ നാട്ടുകാരുടെയെല്ലാം മാനുവാണ്. പൂർണ്ണമായും മൾട്ടിവുഡ് ഉപയോഗിച്ചാണ് താജ്മഹലിന്റെ നിർമ്മിതി. തിരൂരങ്ങാടി ഈസ്റ്റ് ബസാറിൽ പരേതരായ മനറിക്കൽ സൈദലവിയുടെയും ആമിനയുടെയും ഏഴുമക്കളിൽ രണ്ടാമനായ മുസ്തഫ കുടുംബസമേതം ഇപ്പോൾ അബ്ദുറഹ്മാൻ നഗറിലെ കൊളപ്പുറത്താണ് താമസിക്കുന്നത്.
ഏതാനും വർഷം മുമ്പ് ഏകദേശം മൂന്നര അടി നീളവും രണ്ടടി വീതിയും ഒന്നര അടി ഉയരത്തിലുമുള്ള ഒരു ആധുനിക വീടിന്റെ രൂപം മൾട്ടിവുഡ് ഉപയോഗിച്ച് നിർമ്മിച്ചതാണ് തന്റെ ആദ്യത്തെ നിർമ്മിതിയെന്നു മുസ്തഫ പറയുന്നു. ഒന്നാമത്തേതെങ്കിലും പരിചയ സമ്പന്നനായ ഒരു കലാകാരന്റെ എല്ലാകരവിരുതുകളും സംഗമിക്കുന്ന ഒന്നാണ് വീടിന്റെ രൂപം. പിന്നീട് പഴമയുടെ തനിമ ദൃശ്യമാക്കി ഒരു കാളവണ്ടിയും നിർമ്മിച്ചു. പുതുതലമുറക്ക് പഴയകാല ജീവിതത്തെ ഓർമ്മിപ്പിച്ചു കൊടുക്കാനുള്ള എളിയ ശ്രമമാണ് കാളവണ്ടി നിർമ്മാണമെന്നും മുസ്തഫ വിവരിച്ചു.
ഓട്ടോ ഓടിക്കുന്നതിനിടെ ലഭിക്കുന്ന സമയം മുഴുവനും താജ്മഹൽ നിർമ്മാണത്തിനായി ചെലവഴിച്ചാണ് ഇത്രയും വലിപ്പത്തിലുള്ള താജ്മഹൽ ദൃശ്യമൊരുക്കിയിട്ടുള്ളത്.
രണ്ടരമീറ്റർ സമചതുരത്തിലാണ് താജ്മഹലിന്റെ തറനില നിർമിച്ചിട്ടുള്ളത്. നൂറ്റി എഴുപതു സെന്റിമീറ്റർ ഉയരത്തിലാണ് പ്രധാന ഖുബ്ബ ഉൾപ്പെടുന്ന ഒന്നാംനിലയുടെ രൂപകല്പന.
ലോകാത്ഭുതങ്ങളിൽ പ്രഥമ സ്ഥാനത്തു നിൽക്കുന്ന താജ്മഹലിന്റെ ചുമരുകളും പ്രവേശന കവാടങ്ങളും ജനവാതിലുകളുടെയുമെല്ലാം വലിപ്പവും സ്ഥാനവുമെല്ലാം തന്റെ നിർമ്മിതിയിൽ തീർക്കുമ്പോൾ അളവുകളും കോണുകളും ആനുപാതികമായി കൃത്യത വരുത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് മുസ്തഫ പറയുന്നു. എ.ആർ നഗർ കൊളപ്പുറത്തെ കറുത്തോൻ അബ്ദുൽ അസീസിന്റെ വീട്ടുമുറ്റത്ത് വർണശോഭയോടെ സജ്ജമാക്കിയ താജ്മഹൽ കാണാനായി നിത്യവും വൈകുന്നേരത്തോടെ നാട്ടുകാരും സുഹൃത്തുക്കളും മറ്റുമായി നിരവധി ആളുകളാണ് എത്തുന്നത്. താജ്മഹലിന്റെ പാർശ്വത്തിൽ നിന്ന് മാത്രമല്ല മുകളിൽ നിന്നുള്ള ദൃശ്യവും കാണാൻ സാധിക്കും. ഒന്നാം നിലയിൽ കയറി നിന്ന് ആകാശദൃശ്യം പോലെ മുകൾ ഭാഗം കാണാവുന്നതാണ്. വൈദ്യുതി വിളക്കുകളുടെ വർണ്ണ ഭംഗിയിൽ ആഗ്രയിലെ താജ്മഹലിന്റെ നിർമ്മാണചരിത്രം വിവരിക്കുന്ന ശബ്ദസന്ദേശവും മുസ്തഫയുടെ താജ്മഹലിൽ ഒരുക്കിയിട്ടുണ്ട്.
ചുറ്റുമുള്ള നാല് മിനാരങ്ങളും മധ്യത്തിലുള്ള ഖുബ്ബയും ഒരേ ഉയരത്തിലാക്കിയെടുക്കാൻ ഏറെ പണിപ്പെട്ടിട്ടുണ്ട്.
പതിനാലു വർഷം മുമ്പ് മരണപ്പെട്ട തന്റെ മാതാവിനും കലാവാസനയുണ്ടായിരുന്നുവെന്നും അവരിൽ നിന്നുള്ള കഴിവാണ് തന്നിലേക്കു പകർന്ന് ഇത്തരം നിർമ്മിതികൾ സൃഷ്ടിച്ചെടുക്കാൻ സാധിക്കുന്നതെന്നും മുസ്തഫ പറയുന്നു.
മിനാരങ്ങളും രണ്ടു നിലകളും പൂർണ്ണമായി വേർതിരിച്ചെടുക്കാൻ സാധിക്കുമെന്നതിനാൽ എക്‌സിബിഷൻ പോലുള്ള പരിപാടികളിൽ ദൃശ്യവിരുന്നൊരുക്കാൻ ഈ താജ്മഹൽ കൊണ്ട് സാധിക്കുമെന്ന പ്രതീക്ഷയിലാണ് മുസ്തഫ.






