അബ്ദുസ്സമദ് - ദ അയേൺ മാൻ

സമദ് അയേൺമാൻ ബാഡ്ജുമായി        
മൗണ്ട് എൽബ്രസിൽ                  
സമദ് കശ്മീർ അതിർത്തിയിൽ
കിളിമഞ്ചാരോ മലമുകളിൽ

ജീവിതത്തിൽ സാഹസികതകൾ ഇഷ്ടപ്പെടുന്നവരേറെയാണ്. പലരും പല തരത്തിലുളള സാഹസിക കൃത്യങ്ങൾ നടത്തി  സായൂജ്യമടയുന്നതോടൊപ്പം മറ്റുള്ളവരെ പ്രചോദിപ്പിക്കാനും ശ്രദ്ധിക്കാറുണ്ട്. കോഴിക്കോട് ജില്ലയിലെ വാണിമേൽ സ്വദേശിയായ അബ്ദുസ്സമദ് ജീവിത സപര്യകളിലൂടെ സാഹസികതയുടെ വ്യത്യസ്ത തലങ്ങളിൽ തിളങ്ങുമ്പോൾ ആത്മവിശ്വാസവും വ്യവസ്ഥാപിതമായ തയ്യാറെടുപ്പുകളും പ്രൊഫഷണൽ പരിശീലനവും നേടിയാൽ ആർക്കും ഉയരങ്ങൾ കീഴടക്കാമെന്ന മഹത്തായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.
വാണിമേലിലെ ഗ്രാമീണ പരിസരത്ത് ജനിച്ച് വളർന്ന സാധാരണക്കാരനായ വിദ്യാർഥിയായിരുന്നു അബ്ദുസ്സമദ്. 
സ്‌കൂൾ, കോളേജ് ജീവിത കാലത്തൊന്നും കായിക രംഗത്തോ മറ്റേതെങ്കിലും മേഖലയിലോ കാര്യമായ സാഹസികതകളൊന്നും കാണിച്ചില്ല. പ്ലസ് ടു പാസായ ശേഷം ബംഗളൂരുവിൽ നിന്നു എയർലൈൻ മെയിന്റനൻസ് എഞ്ചിനീയറിംഗിൽ ഡിപ്ളോമയെടുത്ത് ദൽഹിയിൽ ആറു മാസത്തെ പരിശീലനവും പൂർത്തിയാക്കിയാണ് 2011 ൽ ഖത്തറിലെത്തിയത്. എയർലൈൻ മെയിന്റനൻസ് മേഖലയിൽ ജോലിക്ക് ശ്രമിച്ചെങ്കിലും നടന്നില്ല.
അങ്ങനെയാണ് 2013 ൽ ഖത്തറിന്റെ കായിക കേന്ദ്രമായ ആസ്പയറിൽ ഹെൽപ് ഡെസ്‌ക് ജീവനക്കാരനായി ജോലിക്ക് ചേർന്നത്. ക്രമേണ സപ്പോർട്ട് സ്റ്റാഫായി ഉയർന്ന അദ്ദേഹം പ്രവാസത്തിന്റെ സുഖലോലുപതയിൽ ആകൃഷ്ടനായി മടിയനാവാതെ കൂടുതൽ ക്രിയാത്മകമായാണ് ജീവിതം ധന്യമാക്കിയത്.
2019 ൽ വാണിമേലിൽ നിന്നും ലഡാക്കിലേക്ക് ബുള്ളറ്റിൽ സോളോ യാത്ര നടത്തിയാണ് സമദ് നാട്ടുകാരേയും കൂട്ടുകാരെയുമൊക്കെ ഞെട്ടിച്ചത്. സമദിലെ ഉറങ്ങിക്കിടന്ന സാഹസികന്റെ ഉയർത്തെഴുനേൽപ്പായിരുന്നു അത്. 26 ദിവസം ബുള്ളറ്റിൽ സഞ്ചരിച്ചാണ് തന്റെ കാശ്മീർ യാത്ര സമദ് പൂർത്തിയാക്കിയത്.
2018 ൽ നടത്തിയ മണാലി ട്രിപ്പിൽ നിന്നുമാണ് കശ്മീർ യാത്രയെന്ന ആശയമുദിച്ചതെന്നും കാശ്മീരിലേക്ക് ബൈക്ക് യാത്ര നടത്തിയ പല ചെറുപ്പക്കാരുടേയും അനുഭവം തനിക്ക് പ്രചോദനം നൽകിയെന്നും സമദ് പറഞ്ഞു.
കശ്മീർ യാത്ര കഴിഞ്ഞ് വന്ന സമദ് തീർത്തും ഒരു പുതിയ മനുഷ്യനായിരുന്നു. ജീവിതത്തിൽ എന്തൊക്കെയോ നേടാനുണ്ടെന്നും ഇതാണ് അതിന്റെ സമയമെന്നും തിരിച്ചറിഞ്ഞ അദ്ദേഹം ഓരോ ഘട്ടത്തിലും പുതിയ സാഹസികതകളുമായി നമ്മെ വിസ്മയിപ്പിക്കുകയായിരുന്നു. 
ഖത്തറിന്റെ പ്രധാന കായിക കേന്ദ്രങ്ങളിലൊന്നായ ആസ്പയറിലെ കായികാന്തരീക്ഷവും സമദെന്ന സാഹസികനെ രൂപപ്പെടുത്തുന്നതിൽ പങ്ക് വഹിച്ചെന്ന് വേണം കരുതാൻ. കായിക ലേകത്തെ വിസ്മയങ്ങളും നേട്ടങ്ങളുമൊക്കെ ആഘോഷിക്കുന്ന ആസ്പയറിലെ കരിയർ സമദിനെ എന്തൊക്കെയോ അദ്ഭുതങ്ങൾക്ക്് സജ്ജമാക്കുന്നുണ്ടായിരുന്നു.
ഖത്തറിലെ മലയാളി മോട്ടിവേഷണൽ സ്പീക്കറും സാഹസികനുമായ അയൺമാൻ അബ്ദുന്നാസറിന്റെ അനുഭവങ്ങൾ സമദിനെ ഏറെ പ്രചോദിപ്പിച്ചുവെന്നുവേണം കരുതാൻ. 2020 ൽ ലോകം കോവിഡ് മഹാമാരിയുടെ പിടിയലമരുകയും പൊതുജീവിതം നിശ്ചലമാവുകയും ചെയ്തപ്പോൾ സമദ് ലോകം കീഴടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ട്രയത്‍ലൺ വിജയിച്ച് അയൺമാനാകണമെന്ന മോഹം മനസിലുദിച്ചു. 
ദോഹ ട്രയത്‍ലൺ ക്ളബ്ബിൽ ചേർന്ന് പരിശീലനമാരംഭിച്ചു. ദീർഘദൂരം പ്രൊഫഷണലായി നീന്താനും ഓടാനും സൈക്കിൾ ചവിട്ടാനുമൊക്കെ സമയം കണ്ടെത്തി. 
നല്ല ട്രെയിനറെ കിട്ടിയതിനാൽ ലക്ഷ്യം നിശ്ചയിക്കാനും അതിനായി തയ്യാറാവാനും എളുപ്പമായി. അങ്ങനെ ചെറിയ ക്ളബ്ബ് ഈവന്റുകളിൽ പങ്കെടുത്ത് ആത്മവിശ്വാസവും തന്റേടവും സ്വന്തമാക്കുകയും 2022 മാർച്ചിൽ ദുബായിയിൽ 70.3 കിലോമീറ്ററിന്റെ ഹാൽഫ് അയൺമാൻ പൂർത്തിയാക്കി.ലുസൈലിൽ നടന്ന സ്പ്രിന്റ് ട്രയത്ലണിലും ദുബൈ ട്രയത്‌ലണിലും പങ്കെടുത്ത പരിചയവും ആത്മവിശ്വാസവും കൈമുതലാക്കി 6 മാസത്തിന് ശേഷമാണ് ഇറ്റലിയിൽ നടന്ന ഫുൾ അയൺമാൻ മൽസരത്തിൽ വിജയിച്ച് ലോകാംഗീകാരം നേടിയത്.
കരയിലും കടലിലും കരവിരുതോടെ സഞ്ചരിച്ചാണ് ഏറെ വെല്ലുവിളി നിറഞ്ഞ ട്രയത്‍ലൺ പൂർത്തിയാക്കേണ്ടത്. ഈ സാഹസിക അങ്കം പൂർത്തിയാക്കുന്നവർക്കാണ് അയൺമാൻ സർട്ടിഫിക്കറ്റ് ലഭിക്കുക. മനസും ശരീരവും ഇരുമ്പിന്റെ കരുത്തും ചടുലതയും പ്രകടിപ്പിക്കുമ്പോൾ ഏത് വെല്ലുവിളിയും അതിജീവിക്കാനാകുമെന്നാണ് ഈ മൽസര വിജയികൾ ലോകത്തോട് വിളിച്ച് പറയുന്നത്.
3800 മീറ്റർ നീന്തുക, തുടർന്ന് 180 കിലോമീറ്റർ സൈക്കിൾ ചവിട്ടുക, തുടർന്ന് 42.2 മീറ്റർ ഓടുക എന്നതായിരുന്നു അയൺമാൻ മൽസരത്തിനുണ്ടായിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2300 പേരുള്ള മൽസരത്തിൽ ഇരുപത്തൊന്ന് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നു. ഈ സംഘത്തിലെ മലയാളി സാന്നിധ്യം എന്ന നിലക്ക് അബ്ദുസ്സമദ് ഏറെ ശ്രദ്ധിക്കപ്പെട്ടു. 16 മണിക്കൂർ കൊണ്ട് പൂർത്തിയാക്കേണ്ട ദൗത്യം 14 മണണിക്കൂറിൽ പൂർത്തിയാക്കി സമദ് വിജയക്കൊടി പാറിച്ചു.
2021 ൽ പർവതാരോഹണ രംഗത്തും ഭാഗ്യം പരീക്ഷിച്ച സമദ് ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലും ഏറ്ററവും ഉയരം കൂടിയ കിളിമഞ്ചാരോ കൊടുമുടി കീഴടക്കി. 2022 ൽ യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ റഷ്യയിലെ മൗണ്ട് എൽബ്രസിലെത്തി പർവതാരോഹണവും തനിക്ക് കഴിയുമെന്ന് തെളിയിച്ചു.
ജീവിതത്തിലെ ഏത് രംഗത്ത് വിജയിക്കണമെങ്കിലും ആത്മവിശ്വാസവും പ്രൊഫഷണൽ പരിശീലനവുമാണാവശ്യം. സമയം കാര്യക്ഷമമായി ഉപയോഗപ്പെടുത്തുകയും പ്രൊഫഷണൽ ട്രെയിനിംഗ് നേടുകയും ചെയ്യുന്നതോടൊപ്പം ശാരീരിക ക്ഷമതയും ഉറപ്പുവരുത്തണം. ഫിറ്റ്നസും സ്റ്റാമിനയും നിലനിർത്തിയാൽ വിസ്മയകരമായ പ്രകടനങ്ങൾ സാക്ഷാൽക്കരിക്കാൻ എളുപ്പമാകുമെന്ന് സമദ് പറഞ്ഞു. 
വാണിമേലിലെ അമ്മദ് ഹാജിയുടെയും ഖദീജയുടേയും മൂത്ത മകനാണ് അബ്ദുസ്സമദ്. ഹഫ്സത്താണ് ഭാര്യ. നഷ നെർമിൻ, നാദിഷ് അഹ് മദ് എന്നിവർ മക്കളാണ്.

Latest News