നക്ഷത്രപ്പൊലിമയോടെ മിന്നാമിന്നികൾ

പുസ്‍തകത്തിന്റെ പ്രകാശന ചടങ്ങ്

റിയാദിൽ ജോലി ചെയ്യുന്ന ശിവരാജൻ കോവിലഴികത്തിന്റെ 'മിന്നാമിന്നികൾ ' എന്ന ബാലകവിതാ സമാഹാരം, ഇളംമനസ്സുകളിൽ പുതിയൊരു സർഗ സംവേദനം പകരുന്നു

കവി ശിവരാജൻ കോവിലഴികത്തിന്റെ ബാലസാഹിത്യ കൃതി,  'മിന്നാമിന്നികൾ' അക്ഷരാർത്ഥത്തിൽ ഇളം മനസ്സുകളിൽ നക്ഷത്രശോഭ പരത്താൻ പ്രാപ്തമായതാണ്. ബാലസാഹിത്യം എന്നത് ഇതര സാഹിത്യ ശാഖകൾക്കൊപ്പമോ, അതിലേറെയോ പ്രസക്തിയുള്ളവയാണെന്ന തിരിച്ചറിവ് പൂർവ്വസൂരികളായ സാഹിത്യകാരന്മാരിലും രൂഢമൂലമായിരുന്നു.
 'കാക്കേ കാക്കേ കൂടെവിടെ.. കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ.. കുഞ്ഞിനുതീറ്റ കൊടുക്കാഞ്ഞാൽ കുഞ്ഞു വിശന്നുകരയില്ലേ..?' എന്ന കുട്ടിപ്പാട്ട് കേൾക്കാത്തവരായി ലോകമലയാളത്തിൽ ആരുംതന്നെ ഉണ്ടാവുകയില്ലെങ്കിലും, മഹാകവി ഉള്ളൂർ എസ്്്. പരമേശ്വരയ്യരുടെ വരികളാണ് മേലുദ്ധരിച്ചിരിക്കുന്നത് എന്ന അറിവ് ഭൂരിഭാഗം മലയാളികൾക്കും ഇല്ലെന്നെതാണ് വസ്തുത. ഉള്ളൂരിനെപ്പോലെ പരിണതപ്രജ്ഞനായ ഒരു കവി ഇത്രയും ലളിതമായ ഒരു രചന നടത്തുമോ എന്ന് ഒരുവേള നാം അത്ഭുതം കൂറാറുണ്ട്. ഉള്ളൂരും, വള്ളത്തോളും കുമാരനാശാനും തുടങ്ങി കൈരളിയുടെ സാഹിത്യലോകത്ത് വിരാജിച്ച ബഹുഭൂരിഭാഗം കവികളും ബാലസാഹിത്യരചനയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നവരാണെന്ന തിരിച്ചറിവ് തന്നെയാണ് ബാലസാഹിത്യത്തെ വേറിട്ടുനിറുത്തുന്ന ഘടകവും. ലോകസാഹിത്യത്തിൽ പോലും ബാലസാഹിത്യത്തിന് മുന്തിയ പരിഗണനയാണ് ലഭിച്ചിട്ടുള്ളത്.
ബാലസാഹിത്യരചന ആയാസരഹിതമായ ഒന്നാണെന്നുള്ള കാഴ്ചപ്പാട് നമുക്കുണ്ട്. എന്നാൽ നമ്മുടെ കാഴ്ചപ്പാടുകൾ ഒട്ടും ശരിയല്ലെന്നതാണ് വസ്തുത. ഇതര സാഹിത്യ ശാഖകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ബാലസാഹിത്യം എന്നുള്ള യാഥാർഥ്യത്തിലേക്ക് നാം കടന്നെത്തേണ്ട കാലമാണിത്. വരും തലമുറകൾക്കുവേണ്ടി രചിക്കപ്പെടുന്ന ബാലസാഹിത്യങ്ങളിൽ ശ്രദ്ധിക്കേണ്ടുന്ന ഒട്ടനവധി ഘടകങ്ങളുണ്ട്. എഴുത്തിലെ ലാളിത്യം തന്നെയാണ് പ്രഥമ ഘടകം. ഇളം മനസ്സുകൾകൗതുകപൂർവ്വം നോക്കിക്കാണും വിധമുള്ള പ്രമേയവും, ഗുണപാഠങ്ങളും, ചൊൽവടിവുമൊക്കെ ബാലസാഹിത്യ രചയിതാക്കൾ ശ്രദ്ധചെലുത്തേണ്ട കാര്യങ്ങളാണ്. 
മിന്നാമിന്നികൾ എന്ന ബാലകവിതാവലി മുകളിൽ പരാമർശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടുള്ളതാണ്. അറുപത്തിനാല് കവിതകൾ ഉൾപ്പെടുന്ന മിന്നാമിന്നികൾ, നമ്മുടെ ചുറ്റുപാടുമുള്ള ഒട്ടേറെക്കാര്യങ്ങൾ ലളിതമായ ഭാഷയിൽ മനോഹരമായ ഈണങ്ങളുടെയും, ആശയത്തോട് അങ്ങേയറ്റം ചേർന്നുനിൽക്കുന്ന ചിത്രങ്ങളുടെയും സഹായത്താൽ കുട്ടികളുടെയും ഒപ്പം മുതിർന്നവരുടെയും മനസ്സ് കീഴടക്കുവാൻ പ്രാപ്തമാണ്. അമ്മയിൽ തുടങ്ങി അക്ഷരങ്ങളിലൂടെ പക്ഷിമൃഗാദികളിലേക്കും, സസ്യലതാദികളിലേക്കും, പടർന്നുകയറുന്ന കുഞ്ഞു കവിതകളിൽ ബഹുഭൂരിഭാഗവും ഗുണപാഠങ്ങൾ ഉൾക്കൊണ്ടിരിക്കുന്നവയുമാണ്.
സത്യസന്ധതയും, സഹജീവിസ്‌നേഹവും, കരുതലും, കാരുണ്യവുമൊക്കെ ഇളം മനസ്സുകളിലേക്ക് ആയാസരഹിതമായി സന്നിവേശിപ്പിക്കാൻ പ്രാപ്തമായരീതിയിലാണ് കവി, തന്റെ സൃഷ്ടികളെ ഓരോന്നും ശ്രദ്ധാപൂർവ്വം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഈണത്തിനും താളത്തിനും ഇടമൊരുക്കുന്നതിലും മിന്നാമിന്നികൾ വിജയം വരിച്ചിട്ടുണ്ട്. സാഹിതീപബ്ലിക്കേഷൻസ് പുറത്തിറക്കിയിരിക്കുന്ന മിന്നാമിന്നികൾ എന്ന ബാലകവിതാ സമാഹാരം വരുംതലമുറയ്ക്ക് മുതൽക്കൂട്ടാകുവാൻ പ്രാപ്തമായ വരികളാലും, ആശയത്താലും സമ്പുഷ്ടമാണ്. ബാലസാഹിത്യം എന്നപേരുകേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് കുഞ്ഞുണ്ണിമാഷിന്റെ രൂപവും വരികളുമാണ്. കുഞ്ഞുവരികളാൽ വല്യലോകം സൃഷ്ടിച്ച കുഞ്ഞുണ്ണിമാഷിന്റെ വരികളോളം തന്നെ ചേർത്തുവെയ്ക്കാവുന്നവയാണ് ശിവരാജൻ കോവിലഴികത്തിന്റെ വരികളും. ശരി തെറ്റുകൾക്കിടയിൽ സംഘർഷഭരിതമായ ജീവിതം നയിക്കുന്ന മാതാപിതാക്കൾക്ക്, തങ്ങളുടെ കുഞ്ഞുങ്ങൾക്ക് സന്തോഷപൂർവ്വം സമ്മാനിക്കാൻ കഴിയുന്നൊരു പുസ്തകമാണ് മിന്നാമിന്നികൾ.
സമ്മർദ്ദങ്ങളിൽ പെട്ടുഴലുന്ന ഇളംമനസ്സുകൾക്ക് അറിവിനൊപ്പം ആശ്വാസവും, ആഹ്ലാദവും പ്രദാനംചെയ്യുന്ന കൃതിയെന്നനിലയിൽ മിന്നാമിന്നികളും, രചയിതാവായ ശിവരാജൻ കോവിലഴികവും നിർലോഭമായ അഭിനന്ദനം അർഹിക്കുന്നു.

 

Latest News