തിരിച്ചറിവിന്റെ സാന്ത്വന യാത്രകൾ

പതിറ്റാണ്ടുകളായി അകത്തളങ്ങളിൽ  കുടുങ്ങിയവർക്കൊപ്പം ഒരു സന്തോഷ ദിനം. അവരും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന്  ഒരു യാത്ര, ഒന്നിച്ചിരുന്ന് ഭക്ഷണം, ഒന്നായി ചേർന്ന് പാട്ടും മേളവും. പാലിയേറ്റീവ് ക്ലിനിക്കുകൾ ഒരുക്കുന്ന, ഒന്നിച്ചൊന്നായ്....
അന്ധനായ ഒരാൾ സുഹൃത്തിനെ സന്ദർശിക്കാൻ പോയി. തിരിച്ചു വരുമ്പോൾ രാത്രിയായതുകൊണ്ടു സുഹൃത്ത് അയാൾക്ക് ഒരു വിളക്കു കൊടുത്തു. അന്ധനായ സഹോദരൻ പറഞ്ഞു.
''വിളക്കിന്റെ ആവശ്യം എനിക്കില്ല. വെളിച്ചമുണ്ടെങ്കിലും എനിക്കൊന്നും കാണാനാവില്ലല്ലോ'' -സുഹൃത്തു മറുപടി പറഞ്ഞു.
വിളക്കില്ലാതെ നടന്നാൽ ആരെങ്കിലും ഇരുട്ടിൽ നിങ്ങളെ തട്ടി വീഴ്ത്തും.
അന്ധൻ വിളക്കു വാങ്ങി യാത്ര തുടങ്ങി. പക്ഷേ, കുറച്ചു ദൂരം നടന്നപ്പോൾ ഒരാൾ അന്ധന്റെ ദേഹത്തു വന്നു മുട്ടി.
താങ്കൾക്ക് എന്റെ കൈയിലെ വിളക്കു കണ്ടുകൂടേ? അത്ഭുതത്തോടെ അയാൾ ചോദിച്ചു. അപരിചിതന്റെ മറുപടി താങ്കളുടെ വിളക്കിലെ വെളിച്ചം അണഞ്ഞു പോയിരിക്കുന്നു.
വിളക്കല്ല, വെളിച്ചമാണ് പ്രധാനം.
വെളിച്ചം നൽകാത്ത ഒന്നിനെ വിളക്ക് എന്നു വിളിക്കാനും പറ്റില്ല. ഏതു വിളക്കിനും ഉപയോഗിക്കുന്നതിനനുസരിച്ചു ജ്വലനശേഷി കുറയും. ഇടക്കിടെ ഇന്ധനമൊഴിക്കണം, ചില സമയത്തെങ്കിലും തിരി മാറണം, മാറ്റണം. ആളിക്കത്തിക്കണം.
പോകുന്ന സ്ഥലങ്ങളിലെല്ലാം വെളിച്ചമുണ്ടെന്നു നമുക്ക് ഉറപ്പു വരുത്താനാവില്ല. ഇരുട്ടിലൂടെയും നമുക്കു സഞ്ചരിക്കേണ്ടി വന്നേക്കാം. എതിരെ വരുന്നവർ വിളക്കുമായി നടക്കണമെന്നു വാശിപിടിക്കാനും പറ്റില്ല. സ്വയം വെളിച്ചം കരുതുന്നതാണ് എളുപ്പം.
പരസ്പര സഹകരണമില്ലാതെ ഭൂമിയിൽ ആർക്കും ജീവിക്കാൻ കഴിയില്ല. സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രമായി ആർക്കും ഒന്നും ഉണ്ടാകരുത്. അതു വിളക്കായാലും വെളിച്ചമായാലും. അറിവും അനുഗ്രഹവും മുതൽ നമ്മുടെ കൈയിലെ വിളക്ക് ചുറ്റുമുള്ളവർക്കു കൂടി വെളിച്ചവും കാഴ്ചയും നൽകുന്നു.
സ്വയം വെളിച്ചമാകുന്നവരാണ് സാന്ത്വനമേകുന്ന പാലിയേറ്റീവ് വളണ്ടിയർമാരും കരുതലോടെ ഓടി വരുന്ന ട്രോമ കെയർ ഭടന്മാരും.
അതിജീവന കാലത്ത് വേറിട്ട മാതൃകകളിലൂടെ ശ്രദ്ധേയരായ മക്കരപ്പറമ്പ്്, പുഴക്കാട്ടിരി പാലിയേറ്റീവ് വളണ്ടിയർമാരും മങ്കട ട്രോമ കെയർ യൂനിറ്റ് വളണ്ടിയർമാരും മലപ്പുറം ജില്ലയുടെ അഭിമാനമായി മാറുകയാണ്.
ജീവിത യാത്രയിലെ  തിരിച്ചറിവിന്റെ മണിക്കൂറുകൾ പിന്നിടുന്ന സാന്ത്വന യാത്രകളിലൂടെ വേറിട്ട കാഴ്ചയൊരുക്കുന്ന തിരക്കിലാണ് പാലിയേറ്റിവ് വളണ്ടിയർമാരും ട്രോമ കെയർ ഭടൻമാരും.
നാല് ചുമരുകളിലെ അതിരുകളിൽ  തളച്ചിട്ട് ദിനങ്ങൾ എണ്ണി എടുക്കുന്നവർക്ക് ആശ്വാസ നെടുവീർപ്പിന്റെ പുറംലോക കാഴ്ചയിലേക്കാണ് സാന്ത്വന യാത്രകൾ സംഘടിപ്പിച്ച് പാലിയേറ്റീവ് കെയർ കൂട്ടായ്മകൾ മാതൃകയാകുന്നത്.
അതിരുകളില്ലാത്ത അനിർവചനീയമായ സഹായ ഹസ്തം നീണ്ടപ്പോൾ രോഗികളിൽ അതൊരു പുത്തൻ ഉണർവായിരുക്കുന്നു. 
ഉള്ളിലെ സങ്കടങ്ങളും ശരീരത്തിന്റെ വേദനകളും അൽപ സമയത്തേക്കെങ്കിലും ഇറക്കിവെക്കുന്ന രോഗികൾ, പാട്ടുകളും പൊട്ടിപ്പൊളിഞ്ഞ ഏച്ചുകൂട്ടിയ പല്ലവികളുമായി കാഴ്ചകൾ ലക്ഷ്യമാക്കിയുള്ള യാത്ര.
അലസത അകറ്റാൻ ചായയും എണ്ണക്കടികളും പഴവുമെല്ലാം സഹായത്തിനുണ്ടായിരുന്നു. രോഗികളുടെ പ്രയാസങ്ങളെ തൊട്ടറിയാൻ കർമനിരതരായ ആരോഗ്യ പ്രവർത്തകർ, വളണ്ടിയർമാർ ജാഗ്രതയോടെ.
 ആശ്വാസത്തോടെ തങ്ങൾക്കായി ഒരുക്കിയ പരിമിതമായ സൗകര്യങ്ങളിൽ എല്ലാവരും  വിശ്രമത്തിനും ഭക്ഷണത്തിനുമായി തയാറാകുന്നവർ. വിശാലമായ ചുറ്റുപാടുകളിൽ തമാശ പറഞ്ഞും അനുഭവങ്ങളും പരിഭവങ്ങളും തുല്യദുഃഖങ്ങളും പങ്കുവെക്കാനും രോഗികളും അവരുടെ കൂടെയുളളവരും പരസ്പരം ശ്രമിക്കുന്ന രംഗങ്ങൾ കണ്ണിനെ ഈറനണിയിച്ചു.
ഗാർഡനിലേക്കുള്ള യാത്ര. വീൽചെയർ  വിശാലമായ മരത്തണലിൽ തങ്ങളുടെ വ്യാധികളും ആധികളുമെല്ലാം തൽക്കാലത്തേക്കെങ്കിലും മറക്കാൻ ശ്രമിക്കുകയായിരുന്നു. മരത്തിൽ നിന്ന് വീണും വാഹനം മറിഞ്ഞും കാൽ വേദനയ്ക്ക് സർജറി ചെയ്തും അരക്കു താഴെ തളർന്ന് വർഷങ്ങളായി വീൽചെയറിൽ ജീവിതത്തെ തളളിനീക്കുന്നവർ പുഞ്ചിരിക്കുന്ന കാഴ്ച അവർണനീയമായിരുന്നു.  പരിചയപ്പെടലുകൾക്കു ശേഷം  കാലത്തിന്റെ പിന്നാമ്പുറങ്ങളിൽ മറന്നുവെച്ച കഥകളും പാട്ടുകളും പലർക്കും തികട്ടിവരുന്നുണ്ടായിരുന്നു. ടീച്ചർ ചെവിക്കു പിടിച്ച് മനഃപാഠമാക്കിയ ഹിന്ദി പദ്യവും രോദനങ്ങളും വിരഹവും കൂട്ടത്തിലെ ചിരികളും.  എല്ലാവരും തങ്ങളുടെ സാന്നിധ്യം കൊണ്ട് മറ്റുള്ളവർക്ക് ആവേശം നൽകി. ആശ്വാസത്തിന്റെ  തലോടലേകാനും ഓരോ വളണ്ടിയർമാരും ഒരുക്കമാണന്നറിയിച്ചാണ് മലമ്പുഴയിൽ നിന്നും കോട്ടക്കുന്നിൽ നിന്നും മടങ്ങിയത്.

Latest News